UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദക്ഷിണാഫ്രിക്കന്‍ റണ്‍മല കീഴടക്കി ഇംഗ്ലണ്ട്

അഴിമുഖം പ്രതിനിധി

ട്വന്റി-20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയൊരുക്കിയ റണ്‍മല കീഴടക്കി ഇംഗ്ലണ്ടിന് ഉജ്ജ്വല വിജയം. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ 229 എന്ന വമ്പന്‍ ടോട്ടല്‍ രണ്ടു പന്തു ബാക്കി നില്‍ക്കെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ടി-20 ചരിത്രത്തിലെ സ്‌കോര്‍ പിന്തുടര്‍ന്നു നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യമത്സരത്തില്‍ ഗെയിലിന്റെ അടിയേറ്റു വീണതിന്റെ നാണക്കേട് ഇംഗ്ലണ്ട് ഇനി മറക്കാം. പക്ഷേ ദക്ഷിണാഫ്രിക്കയെ ഈ തോല്‍വി ഏറെനാള്‍ വേട്ടയാടും.

ബാറ്റ്‌സ്മാന്‍മാരുടെ വിളയാട്ടമായിരുന്നു മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഓവര്‍ തൊട്ടെ അവരുടെ ലക്ഷ്യമെന്താണെന്ന് വെളിവാക്കിയിരുന്നു. ഓപ്പണര്‍മാരായ ആംലയും ഡി കോക്കും ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലി തകര്‍ക്കുയായിരുന്നു. ആദ്യവിക്കറ്റില്‍ ഇരുവരും നേടിയത് 96 റണ്‍സിന്റെ കൂട്ടുകെട്ട്. ഏഴാമത്തെ ഓവറില്‍ ഡി കോക്ക് പുറത്താകുമ്പോള്‍ അവര്‍ സ്‌കോര്‍ ബോര്‍ഡില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 24 പന്തില്‍ ഏഴും ഫോറും മൂന്നു സിക്‌സുമടക്കം 52 റണ്‍സ് നേടിയാണ് ഡി കോക്ക് മടങ്ങിയത്. പിന്നാലെയെത്തിയ ഡിവില്ലിയേഴ്‌സിന് കാര്യമായൊന്നും ചെയ്യാന്‍ പറ്റിയില്ല. 8 പന്തില്‍ 16 റണ്‍സ് നേടി ഡിവില്ലിയേഴ്‌സ് മടങ്ങി. പക്ഷേ അപ്പുറത്ത് അംല ടോപ് ഗിയറില്‍ തന്നെയായിരുന്നു. മൂന്നാം വിക്കറ്റായി അംല മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 11 ഓവറില്‍ 133. 31 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും അടക്കം 58 റണ്‍സ് അംല നേടി. അംലയ്ക്കു പിന്നാലെ വന്ന ഡുപ്ലിസ് 17 റണ്‍സ് നേടി മടങ്ങി. 15 ഓവറില്‍ 169. അല്‍പ്പം ആശ്വസിക്കാമെന്ന് ഇംഗ്ലണ്ട് കരുതിയ സമയം. പക്ഷേ കണ്ടതൊന്നുമല്ല ഇനി കാണാനിരിക്കുന്നതെന്ന് പറഞ്ഞാണ് ഡുമിനി തുടങ്ങിയത്. കൂട്ടിന് മില്ലറും. ഇരുവരും ചേര്‍ന്ന് വീണ്ടും ഇംഗ്ലീഷ് കൂട്ടക്കുരുതി നടത്തി. ഡുമിനി 28 പന്തില്‍ മൂന്നുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 54 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 12 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സ് നേടി. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ മൊയിന്‍ അലിക്കു മാത്രമാണ് ഏറ്റവും കുറവ് തല്ല് കിട്ടിയത്. രണ്ടു വിക്കറ്റും അലി സ്വന്തമാക്കി.

കൂറ്റന്‍ സ്‌കോറിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുന്ന തുടക്കായിരുന്നു ഇംഗ്ലണ്ടിന്റെത്. ജോ റോയും ഹെയ്ല്‍സും ചേര്‍ന്ന ഓപ്പണിംഗ് സഖ്യം തങ്ങളും രണ്ടും കല്‍പ്പിച്ചാണെന്നു വ്യക്തമാക്കിയാണ് തുടങ്ങിയത്. സ്റ്റെയിന്‍ എറിഞ്ഞ ആദ്യ ഓവറില്‍ പിറന്ന് 24 റണ്‍സ്. പക്ഷേ മൂന്നാം ഓവറില്‍ ഹെയ്ല്‍സ് വീണു. അപ്പോള്‍ സ്‌കോര്‍ 48. എന്നാല്‍ ജയിക്കാന്‍ തന്നെയാണ് തങ്ങളുടെ ഉദ്ദേശമെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റ് വീശിയത്. 43 റണ്‍സ് എടുത്ത റോയ് പുറത്തായതിനു പിന്നാലെ പോരാട്ടം ജോ റൂട്ട് ഏറ്റെടുത്തു. ഇതിനിടയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നിട്ടും റൂട്ടിലെ ഇംഗ്ലീഷ് വീര്യം മുന്നോട്ടു കുതിക്കുകയായിരുന്നു. ഒടുവില്‍ വിജയത്തിനടുത്ത് ടീമിനെ എത്തിച്ചാണ് റൂട്ട് വീണത്. 44 പന്തില്‍ ആറു ഫോറും നാലു സിക്‌സും അടക്കം 83 റണ്‍സ് എടുത്ത റൂട്ട് മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 10 പന്തില്‍ 11 റണ്‍സ്. അവസാന ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. ഒടുവില്‍ അര്‍ഹിച്ച വിജയം അലിയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ തലതാഴ്ത്തി മടങ്ങാനെ ദക്ഷിണാഫ്രിക്കന്‍ ടീമിനു കഴിഞ്ഞുള്ളൂ. ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍