UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍

അഴിമുഖം പ്രതിനിധി

ശ്രീലങ്കയെ 10 റണ്‍സിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്ക ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റിന് 171, ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റിന് 161. 

ഇംഗ്ലണ്ടിന്റെ വിജയത്തോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹവും അവസാനിച്ചു. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരം ബാക്കിയുണ്ടെങ്കിലും അതില്‍ വിജയിച്ചാലും ഇംഗ്ലണ്ടിനു പിന്നിലെ ദക്ഷിണാഫ്രിക്ക വരും.

ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാലു റണ്‍സ് മാത്രം സ്‌കോര്‍ബോര്‍ഡില്‍ ഉള്ളപ്പോള്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും റോയും റൂട്ടും ചേര്‍ന്ന് അവരുടെ അടിത്തറ ശക്തമാക്കി. 25 റണ്‍സ് നേടിയ റൂട്ട് മടങ്ങിയതിനു പിന്നാലെ എത്തിയ ബട്‌ലര്‍ ആണ് ഇംഗ്ലണ്ടി നിരയില്‍ ഏറ്റവും വിനാശകാരിയായത്. ബട്‌ലര്‍ 37 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും അടക്കം 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. 16 പന്തില്‍ 22 റണ്‍സ് നേടിയ മോര്‍ഗനും ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ദില്‍ഷനെ നഷ്ടമായി. തൊട്ടു പിന്നാലെ ചന്‍ഡിമാലും പുറത്തായി. സ്‌കോര്‍ 15 ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായതോടെ ശ്രീലങ്ക വന്‍തകര്‍ച്ചയിലേക്ക് വീഴുമെന്നു കരുതി. എന്നാല്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കപുഗേതര, തിസിര പെരേര എന്നിവരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ ലങ്ക ഒരുഘട്ടത്തില്‍ വിജയത്തിലേക്ക് എന്ന തോന്നലുണ്ടായെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ലങ്കയുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ 10 റണ്‍സ് അകലെവച്ച് അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. 54 പന്തില്‍ 3 ഫോറും 5 സിക്‌സും അടക്കം 73 റണ്‍സ് നേടിയ മാത്യൂസ് പുറത്താകാതെ നിന്നു. സെമിയില്‍ ന്യൂസിലന്‍ഡ് ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികള്‍. സെമിയില്‍ കടന്നിട്ടുള്ള വെസ്റ്റിന്‍ഡീസിന്റെ എതിരാളികള്‍ നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരവിജയികളായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍