UPDATES

സിനിമ

സിനിമാക്കാരേ, നിങ്ങളുടെ പബ്ലിസിറ്റി സ്റ്റണ്ടിലേക്ക് കാഞ്ചനമാലയെ വലിച്ചിഴയ്ക്കരുത്

Avatar

ആർ.സുരേഷ് കുമാർ

ജീവിച്ചിരിക്കുന്ന ഒരു വ്യക്തി, അതും ഒരു സ്ത്രീ, അതേ പേരിൽ പ്രണയം പ്രമേയമാകുന്ന സിനിമയിലെ പ്രധാന കഥാപാത്രമാകുക. സിനിമ കണ്ടിറങ്ങുന്നവരുടെയുള്ളിൽ വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടാവുകയും കഥാപാത്രത്തിനപ്പുറം ജീവിതത്തിൽ പ്രണയോൻമുഖമായ ആത്മീയതയുടെ ആരാധനാ വിഗ്രഹമായി ആ പേരിനുടമയായ വ്യക്തിയെ മനസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്യുക തുടങ്ങിയ അത്യപൂർവമായ സവിശേഷതയാണ് ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം മലയാള സിനിമാ ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. കാഞ്ചനമാല എന്ന പേരിനു തന്നെ കാല്പനികതയുണ്ട്. നൊമ്പരത്തിന്റെ, ആദരവിന്റെയൊക്കെ തലത്തിലാണ് കേരളത്തിലെ പ്രേക്ഷകർ കാഞ്ചനമാലയുടെ പേര് പറഞ്ഞു കൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയുമൊക്കെ പിത്തലാട്ടങ്ങൾ അരങ്ങുവാഴുന്ന സമകാലിക സമൂഹത്തിൽ മനസുകളുടെ വിദൂര കോണുകളിൽ പോലും സ്പർധയുടെ കണികപോലും എത്തിനോക്കാത്ത വിധം ഈ ജീവിതകഥ കലാരൂപമായി ഉൾക്കൊള്ളാൻ കേരളീയ സമൂഹത്തിനായിട്ടുണ്ട്. അതിനാൽ തന്നെ സ്വകാര്യതയിൽ ഒതുക്കേണ്ട ഒന്നല്ലാതായി കാഞ്ചനമാലയുടെ സമകാലിക ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു.

നൊമ്പരമുണർത്തുന്ന പ്രണയതീവ്രതയുടെ വൈകാരിക വേലിയേറ്റങ്ങൾക്കൊപ്പം ബോക്സ് ഓഫീസിൽ പണക്കിലുക്കത്തിന്റെ ആഹ്ളാദപ്പെരുമഴയും തുടരുകയാണ്. മൊയ്തീനും കാഞ്ചനമാലയും അഭ്രപാളികളിൽ ഇരുവഴിഞ്ഞിപ്പുഴപോലെ കരകവിഞ്ഞൊഴുകുന്നു. ഇപ്പോൾ കേരളീയർ നിരവധി കാര്യങ്ങളിൽ വ്യക്തതയില്ലാതെ പല പല വ്യാഖ്യാനങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു. ഈ സിനിമാ ചിത്രീകരണം തുടങ്ങിയശേഷം അതിനെതിരെ കാഞ്ചനമാല കോടതിയിൽ പോയതെന്തിന്? മൂകാംബികയിൽ തിരക്കഥ പൂജിക്കാൻ തന്നോടൊപ്പം കാഞ്ചനമാലയും വന്നിരുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ പറയുന്നു. അതിനു ശേഷം എന്തു സംഭവിച്ചു? ദൈവത്തെപ്പോലെ തന്നോടൊപ്പം നിന്നത് ബി.പി.മൊയ്തീന്റെ സഹോദരൻ ബി.പി റഷീദാണെന്ന് സംവിധായകൻ. അദ്ദേഹമില്ലായിരുന്നെങ്കിൽ സിനിമയുണ്ടാകുമായിരുന്നില്ലത്രേ.

സംവിധായകൻ സിനിമ വിജയിച്ച ശേഷം മുക്കത്ത് വന്നപ്പോൾ കാഞ്ചനമാലയെ ഫോണിൽ പോലും വിളിച്ചില്ല എന്ന ആരോപണം ഒരു വശത്ത്. എട്ടുവർഷം ഊണും ഉറക്കവും നഷ്ടപ്പെട്ട് സിനിമക്കുവേണ്ടി നടന്നതിന്റെ കഠിനവഴികളെക്കുറിച്ച് സംവിധായകൻ പറയുന്നു. സിനിമയിറങ്ങിയിരുന്നില്ലെങ്കിൽ, ഇറങ്ങിയിട്ട് ജനം സ്വീകരിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും വിമൽ വ്യക്തമാക്കുന്നു. ഇവിടെ സ്വന്തം ജീവിതം കൊണ്ട് ആരാധനാ വിഗ്രഹമായി മാറിയ കാഞ്ചനമാലയുടെ ത്യാഗമാണോ അവരുടെ ജീവിതകഥയെ സിനിമയാക്കാൻ സംവിധായകൻ സഹിച്ച ത്യാഗമാണോ വലുതെന്ന വിലയിരുത്തൽ നടത്താനാവാതെ പ്രേക്ഷകർ നൊമ്പരത്തോടെ പല വ്യാഖ്യാനങ്ങളും വായിച്ചു കൊണ്ടിരിക്കുന്നു.

‘ജലം കൊണ്ടു മുറിവേറ്റവൾ’ എന്ന പേരിൽ 2006-ൽ ആർ.എസ്. വിമൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ നേരിട്ട് റോൾ അവതരിപ്പിച്ച വ്യക്തിയാണ് കാഞ്ചനമാല. സിനിമയുടെ തിരക്കഥ പൂർത്തിയാക്കുന്നതുവരെ അവർ വിമലിനോടൊപ്പം സഹകരിച്ചിരുന്നുവെന്നും കേൾക്കുന്നു. അതിനുശേഷം എന്ത് സംഭവിച്ചു? കാഞ്ചനമാല സാമൂഹ്യ പ്രവർത്തനത്തിന്റെ കേന്ദ്രമായി ഉപയോഗിച്ചിരുന്ന മൊയ്തീന്റെ വീടും വസ്തുവും അവകാശപ്പെട്ട് മൊയ്തീന്റെ ബന്ധുക്കൾ കോടതിയിൽ പോയതായി ഇപ്പോൾ മനസ്സിലാക്കുന്നു. രണ്ടു വർഷം മുമ്പ് അവയെല്ലാം മൊയ്തീനുമായി രേഖാമൂലമുള്ള ബന്ധുത്വമില്ലാത്ത കാഞ്ചനമാലയുടേതല്ലെന്ന് വ്യക്തമാക്കി കോടതിയുത്തരവു പ്രകാരം ഒഴിപ്പിച്ചു. ഈ സിനിമയും ആ കേസും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നോ? ഹമീദ് ചേന്ദമംഗലൂർ എന്ന സാംസ്കാരിക വ്യക്തിത്വം കാഞ്ചനമാലക്ക് സ്വന്തമായുള്ള വസ്തുവകകൾ മൊയ്തീന്റെ ഓർമ്മക്കായുള്ള സാമൂഹ്യ സ്ഥാപനങ്ങൾക്ക് നൽകാത്തത് എന്താണെന്ന് ചോദിച്ചു കൊണ്ട് രംഗത്തു വരികയുണ്ടായി. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്ന് മനസ്സിലാകുന്നില്ല.

ഒടുവിലെത്തിയ വാർത്ത നടൻ ദിലീപ് കാഞ്ചന മാലയുടെ ബി.പി. മൊയ്തീൻ സേവാ മന്ദിറിന് കെട്ടിടം നിർമ്മിച്ച് നൽകാൻ മുന്നോട്ടു വന്നിരിക്കുന്നുവെന്നാണ്. അതിലും നന്മ നിറഞ്ഞ ഒരു പ്രവൃത്തി എന്നതിനപ്പുറം ചില നീക്കങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നു. സിനിമയിൽ നായികയുടെ റോൾ ഗംഭീരമായി അവതരിപ്പിച്ച പാർവതി മാത്രമാണ് ചിത്രീകരണം തുടങ്ങുമ്പോൾ കാഞ്ചനമാലയെ നേരിട്ട് കണ്ട് അനുവാദം തേടിയത്. സിനിമയുടെ വിജയത്തിന് ശേഷംപോലും മൊയ്തീന്റെ റോൾ അവിസ്മരണീയമാക്കിയ പൃഥ്വീരാജ് തന്റെ നായികയുടെ യഥാർത്ഥ ജീവിത രൂപത്തിനടുത്തെത്തിയില്ലെന്ന വസ്തുത നിലനിൽക്കുന്നു. അപ്പോഴാണ്  സിനിമാരംഗത്ത് പ്രതിയോഗികളുടെ മാനസികാവസ്ഥയിൽ തുടരുന്ന രണ്ടു പേരിലൊരാളായ ദിലീപ് പൃഥ്വീരാജിന്റെ സിനിമയുടെ ജീവിത നായികയെ സഹായിക്കാൻ രംഗത്തുവന്നത്. സ്ത്രീക്കും സ്വന്തമായ കാഴ്ചപ്പാടുകളും നിലനിൽപും പ്രൊഫഷനും സാമൂഹ്യാംഗീകാരവും വേണമെന്നും പുരുഷൻ നിശ്ചയിക്കുന്ന അതിർവരമ്പുകളിൽ ഒതുങ്ങാൻ കഴിയില്ലെന്നും പ്രഖ്യാപിച്ച് വിവാഹമോചനം നേടിയ മഞ്ജു വാര്യരുടെ  ഭർത്താവായിരുന്നു ദിലീപ്. അങ്ങനെയൊരാൾക്ക് കാഞ്ചനമാലയെപ്പോലെയുള്ള, പുഴകവർന്ന പ്രണയനായകന്റെ ഓർമ്മകളെ അരൂപിയായ ഭർത്താവാക്കി ജീവിക്കുന്ന ഇതിഹാസ നായികയുടേതിന് തുല്യയായ സ്ത്രീയോട് അനുകമ്പ തോന്നുന്നതിന്റെ മന:ശാസ്ത്രവും കൗതുകകരമാണ്.

കാഞ്ചനമാലയുടെയും സിനിമാ സംവിധായകന്റെയും ഇടയിലുണ്ടായ പ്രശ്നങ്ങൾ എന്തുമാകട്ടെ, ആ സിനിമ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്ത കേരളീയരുടെ മുന്നിൽ പരസ്പരം ഉൾക്കൊള്ളാൻ കഴിയാത്തവിധം അകന്നുപോകുന്ന കാഴ്ച പ്രദർശിപ്പിക്കരുതായിരുന്നു. ജീവിതകഥ സിനിമയാക്കുമ്പോൾ വാണിജ്യവിജയമെന്ന ലക്ഷ്യംനേടണമെങ്കിൽ സംവിധായകന്റെ മികവ് വലിയൊരു ഘടകമാണ്. ഡോക്യുമെന്ററി അവാർഡ് നേടിയത് കാഞ്ചനമാല സഹകരിച്ചതുകൊണ്ട് കൂടിയാണെന്നതും സത്യമാണ്. അതിനു ശേഷം എന്തൊക്കെയാണ് ഉണ്ടായതെന്നതിന്റെ കൃത്യമായ ധാരണ പ്രേക്ഷകർക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഗൗരവമായ വിഷയങ്ങൾ ഉണ്ടായെങ്കിൽ തന്നെ അത് സിനിമ, ജനം ഏറ്റെടുത്തതോടെ അവസാനിക്കണമായിരുന്നു. തിയേറ്ററുകളിൽ കോടികളുടെ പണക്കിലുക്കം കേട്ടുതുടങ്ങിയപ്പോൾ മുക്കത്ത് ആദ്യമെത്തേണ്ടിയിരുന്നതും ബി.പി.മൊയ്തീൻ സേവാമന്ദിറിന്റെ ദുരവസ്ഥ മാറ്റാനുളള ദൗത്യം ഏറ്റെടുക്കേണ്ടിയിരുന്നതും സംവിധായകനും നിർമ്മാതാവും നായകനും നായികയുമായിരുന്നു. കാഞ്ചനമാലയെ ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായി അവർ സിനിമക്കെതിരെ കോടതിയിൽ പോയെന്നും കേസ് ഇപ്പോഴും നടക്കുകയാണെന്നും കോടതിയലക്ഷ്യമാകുമെന്നതിനാലാണ് ബി.പി.മൊയ്തീൻ സേവാമന്ദിറിനെ സഹായിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതെന്നും വ്യക്തമാക്കി സംവിധായകൻ രംഗത്ത് വന്നിട്ടുണ്ട്. ആ ദൗത്യംഏറ്റെടുത്ത ദിലീപിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു.

എന്നാൽ ചില കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. കാഞ്ചനമാലയെ അവസാന ഘട്ടത്തിൽ തെറ്റിദ്ധരിപ്പിച്ചതാരാണ്? സിനിമ റിലീസ് ചെയ്തശേഷമെങ്കിലും തെറ്റിദ്ധാരണ ഒഴിവാക്കി ഒരുമിച്ച് പോകാനുള്ള ബോധപൂർവമായ ശ്രമം നടക്കാത്തതെന്തുകൊണ്ട്? പൃഥ്വീരാജിനും പാർവതിക്കും കോടതി നിയന്ത്രണമുണ്ടോ? കാഞ്ചനമാലയുടെ ഭാഗത്ത്നിന്ന് ഏതെങ്കിലും വിധത്തിലുള്ള വേദനിപ്പിക്കുന്നനീക്കം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മനസ്സിന് അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടാനുള്ള അവസരമൊരുക്കാൻ സിനിമയുടെ പിന്നണിക്കാർ ശ്രമിക്കേണ്ടതായിരുന്നു. എന്തൊക്കെയായാലും മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനമാലയുടെ ജീവിതമാണ് ഈ സിനിമയുടെ ഉജ്ജ്വലമായ വിജയത്തിന് അന്തർധാരയായി വർത്തിക്കുന്നത്. മൊയ്തീന്റെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് അവർ പോയിരുന്നുവെങ്കിൽ ഇങ്ങനെയൊരു ഡോക്യുമെന്ററിയോ തുടർന്ന് സിനിമയോ സംഭവിക്കുമായിരുന്നില്ല എന്നത് വസ്തുതയാണ്. അതിനാൽ സ്വന്തം ജീവിതം അഭ്രപാളികളിൽ നിറഞ്ഞോടി കോടികൾ കൊയ്യുമ്പോൾ അതുമായി ബന്ധമില്ലാത്തവരുടെ സഹായം സ്വീകരിക്കുന്ന അവസ്ഥയിലേക്ക് അവർ നയിക്കപ്പെടരുതായിരുന്നു. ഈ സിനിമയിൽ പറയുന്നത് പൂർണമായും സത്യമാണെന്ന് ബോധ്യപ്പെടുത്തി പ്രേക്ഷകനെ കാണിച്ച് വികാര വിക്ഷുബ്ധമായ അവസ്ഥയിലേക്ക് നയിച്ചശേഷം സിനിമക്ക് പുറത്ത് സാമാന്യബോധത്തിന് നിരക്കാത്ത ന്യായീകരണത്തിലേക്കും ഈഗോ ക്ലാഷിലേക്കും പോകുന്ന സാഹചര്യം അണിയറ പ്രവർത്തകർ ഒഴിവാക്കണമായിരുന്നു. വരുന്ന വാർത്തകളും അഭിമുഖങ്ങളും വിശകലനങ്ങളും പരസ്പരവിരുദ്ധമായി അനുഭവപ്പെടുന്നു. നൊമ്പരം തോന്നിയ മനസ്സുകളെ സിനിമയുടെ ആൾക്കാരോട് പുച്ഛവും കാഞ്ചനമാലയുടെ ത്യാഗത്തോട് പരിഹാസവും തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കരുതെന്ന് പണം മുടക്കി സിനിമകണ്ടവർക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍