UPDATES

പൃഥ്വിരാജിനെയും ആര്‍ എസ് വിമലിനെയും എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യണം

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകനായ ആര്‍.എസ്.വിമലിനെയോ നായകനായ പൃഥ്വിരാജിനെയോ നായികയായ പാര്‍വതിയെയോ  പൊലീസിന് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. ഒന്നാമത്തെ കാരണം ഹിന്ദുവും മുസ്ലീമും പ്രേമിച്ചാല്‍, അതിന്റെ പേരില്‍ ഒരു ദുരഭിമാനക്കൊല ഉണ്ടായിക്കൂടെന്നില്ല. അത് സംഭവിച്ചില്ലെങ്കില്‍ വര്‍ഗീയകലാപമെങ്കിലും ഉണ്ടാവാം. ഇതെന്ത് സംഭവിച്ചാലും പ്രേരണക്കുറ്റം ചുമത്തി പൊലീസിന് ഈ സിനിമയുടെ സംവിധായകനെയും നായികാനായകന്‍മാരെയും അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസ്സങ്ങളൊന്നുമില്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. അതിന്റെ ശരിതെറ്റുകള്‍ എത്രയോ വര്‍ഷം കഴിഞ്ഞ് കോടതികള്‍ തീരുമാനിക്കും. അപ്പോഴേക്കും പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞിരിക്കും.

‘ദൃശ്യ’വും ‘പ്രേമ’വും കേരളത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂട്ടിയതായി കുറ്റപ്പെടുത്തി ഈ സിനിമകള്‍ക്കെതിരെ ഡി.ജി.പി സാക്ഷാല്‍ ടി.പി.സെന്‍കുമാര്‍ തന്നെ രംഗത്തുവന്ന നാടാണിത്.  ‘ഗാന്ധി’ സിനിമകണ്ട് പ്രേക്ഷകര്‍ മുഴുവന്‍ അഹിംസാവാദികളായ ഗാന്ധിയന്‍മാരായ നാട്ടില്‍നിന്ന് കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന സിനിമകള്‍ക്കെതിരെ ഡി.ജി.പിക്ക് വാളെടുക്കാന്‍ അവകാശമുണ്ട്! ‘പ്രേമ’ത്തിന് മുമ്പ് നിവിന്‍പോളി നായകനായ ‘ഓം ശാന്തി ഓശാന’ കണ്ട് കേരളീയര്‍ മുഴുവന്‍ കര്‍ഷകരായതിനാലല്ലേ കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ തമിഴ്‌നാട് പച്ചക്കറി ആര്‍ക്കും വേണ്ടാത്ത അവസ്ഥ വന്നത്!

ടി.പി.സെന്‍കുമാറിനെ ഒരുമാതിരി ന്യായബോധവും നീതിബോധവുമുള്ള പൊലീസ് ഉദ്യോഗസ്ഥനായാണല്ലോ പരക്കെ പരിഗണിച്ചുപോരുന്നത്. പല കേസുകളും മുമ്പ് ‘സെന്‍കുമാര്‍ അന്വേഷിക്കണം’ എന്ന ആവശ്യമുയര്‍ന്നതിനും കാരണം മറ്റൊന്നല്ല. അഴിമതി ഉള്‍പ്പെടെ സകല തിന്‍മകളും പൊലീസിന്റെ മേല്‍ത്തട്ടില്‍ വലിയൊരളവോളം വേരുകളാഴ്ത്തപ്പെട്ട സാഹചര്യത്തില്‍ പൊലീസില്‍ ഇങ്ങനെ പേരെടുക്കാന്‍ ഏറെ പ്രയാസമാണ്.സരിത കേസ് അന്വേഷണത്തിലൂടെ എ.ഹേമചന്ദ്രനും ബാര്‍ കോഴ കേസും ഐസ്‌ക്രീം കേസും മുഖേന വിന്‍സന്‍ എം പോളും അതുവരെ ഉണ്ടാക്കിവച്ച വിശ്വാസ്യത നഷ്ടപ്പെടുത്തിയത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.തന്റെ സ്വത്തുവിവരം വെളിപ്പെടുത്തരുതെന്നും അത് മാവോയിസ്റ്റുകള്‍ക്ക് ഗുണം ചെയ്യുമെന്നും മുന്നറിയിപ്പുനല്‍കിയ ആളാണ് സെന്‍കുമാറിന്റെ മുന്‍ഗാമിയെന്നത് അറിയുമ്പോള്‍ പൊലീസിനെക്കുറിച്ച് കേട്ടതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ നടന്നത് എന്ന് നമ്മള്‍ വിശ്വസിക്കേണ്ടി വരും. ഭാര്യയുടെ കാമുകനെ വെട്ടി പല തുണ്ടുകളാക്കി പലേടത്തായി കൊണ്ടുക്കളയുക എന്നൊക്കെ മുമ്പ് ആരെങ്കിലും പറഞ്ഞാല്‍ അല്ലെങ്കില്‍ ഏതെങ്കിലും സിനിമയില്‍ കണ്ടാല്‍ വിശ്വസിക്കുമായിരുന്നോ? ‘അവിശ്വസനീയം’ എന്നുപറഞ്ഞ് തള്ളിക്കളയുമായിരുന്ന അത് യാഥാര്‍ത്ഥ്യമാണെന്ന് കാട്ടിത്തന്നത് ഡിവൈ.എസ്.പി ആയിരിക്കേ ഷാജി എന്ന പൊലീസ് ഓഫീസറാണ്. മണല്‍ കടത്തിന് എസ്.പി എസ്‌കോര്‍ട്ട് പോവുമെന്ന് ഏതെങ്കിലും സിനിമയില്‍ കണ്ടാല്‍ അത് സുരാജ് വെഞ്ഞാറമൂടിന്റെ കോമാളിക്കളിയെന്നു പറഞ്ഞ് തള്ളിക്കളയില്ലായിരുന്നോ? പിടിച്ച പ്രതിയെ പൊലീസ് വെടിവച്ചുകൊന്നത് ഏതെങ്കിലും  സിനിമകളിലായിരുന്നെങ്കില്‍ അത് ചിത്രീകരിച്ചവര്‍ പരിഹാസ്യരാവുമായിരുന്നു! വര്‍ഗീസിനെ കൊന്നത് ഉന്നത പൊലീസ് ഓഫീസര്‍മാരുടെ സമ്മര്‍ദ്ദത്താല്‍ നിവൃത്തിയില്ലാതെയാണെന്ന് ഏറ്റുപറഞ്ഞ രാമചന്ദ്രന്‍നായര്‍ അതിന് നിമിത്തമായിരുന്ന ഒരു ഓഫീസര്‍ക്കെങ്കിലും ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു. അതെ,പലപ്പോഴും യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ വിചിത്രവും സങ്കീര്‍ണവുമാണ്. അത് പൊലീസ് മേധാവിയെങ്കിലും തിരിച്ചറിയണം.

‘എന്ന് നിന്റെ മൊയ്തീന്‍’ യാഥാര്‍ത്ഥ്യത്തെക്കാള്‍ ഒട്ടും വിചിത്രമല്ല എന്നതാണ് അതിന്റെ സവിശേഷത.  യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ. ഇങ്ങനെയും പ്രണയമാവാം എന്ന് മലയാളിയെ കാട്ടിത്തരുന്ന സിനിമ. അതായത്, ഇതുവരെ നമ്മള്‍ ഭാവനയില്‍ കണ്ടതിനെക്കാള്‍ അമ്പരപ്പിക്കുന്ന, വ്യത്യസ്തതകളോടുകൂടിയ പ്രണയം നമുക്കുചുറ്റുമുണ്ടെന്ന് ഓരോ മലയാളിയെയും ഓര്‍മ്മപ്പെടുത്തുന്ന ചലച്ചിത്രമാണിത്. ‘പ്രേമം’ സിനിമ കണ്ട് കുറേ കോളേജ്‌വിദ്യാര്‍ത്ഥികള്‍ കറുത്ത ഷര്‍ട്ടിട്ടതോടെ  ലോകം ഇടിഞ്ഞു വീണുവെന്ന മട്ടിലായിരുന്നല്ലോ നമ്മില്‍ പലരുടെയും നിലപാടുകള്‍. ‘നരസിംഹം’ മുണ്ടുകളും ‘അനിയത്തിപ്രാവ്’ ചുരീദാറുകളും ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ സാരികളും വിപണിയില്‍ തരംഗമായത് മറക്കാറായോ? അത് സാധാരണമാണ്. വിജയിക്കുന്ന സിനിമകളിലെ ആകര്‍ഷണീയമായവ അനുകരിക്കാന്‍ പ്രേക്ഷകര്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്, ഇനിയും ശ്രമിക്കും.

സിനിമ കണ്ട് കുറ്റം ചെയ്തു എന്നു വരുന്നതിന് പിന്നില്‍ ഒരു എളുപ്പ വഴിയുണ്ട്. ചില ‘മിട്ടായിക്കുട്ടപ്പന്‍’മാരായ കാക്കിക്കാരാണ് അതിന്റെ പ്രയോക്താക്കള്‍. ഒരു കേസ് പിടിക്കുമ്പോള്‍ പതിവ് ക്രൈം തലക്കെട്ടില്‍ ഒതുങ്ങാതിരിക്കാന്‍ ഏറ്റവും പുതിയ സിനിമയിലെ ചില സീനുകളാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് കുറ്റവാളി മൊഴി നല്‍കിയിട്ടുണ്ടെന്ന് വച്ചുകാച്ചും. അതോടെ അതിന് കൂടുതല്‍ മാദ്ധ്യമ ശ്രദ്ധ ലഭിക്കും.

ഇന്നത്തെ കാലത്ത് സ്വന്തം ജാതിയും മതവും വിട്ടുള്ള  പ്രേമവും വിവാഹവുമൊക്കെ വലിയ പാതകമാണ്. അത്തരക്കാരെ വീട്ടുകാര്‍ പിടികൂടി കൊലപ്പെടുത്തുന്നതാണല്ലോ ദുരഭിമാനക്കൊല. ആദ്യമൊക്കെ ഇത് ‘അഭിമാനക്കൊല’യായാണ് മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള കൊല! പാവം, പ്രണയികള്‍ക്ക് അഭിമാനവുമില്ല, സ്വപ്‌നവുമില്ല, എന്തിന് ജീവിതംപോലുമില്ല! കേരളത്തില്‍ ഇതുവരെയും അത്തരം ‘ദുരഭിമാനക്കൊല’കള്‍ ഉണ്ടാകാത്തത് ഭാഗ്യം. അങ്ങനെ ഉണ്ടായാല്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രേമം കണ്ട് തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ പ്രേമിച്ചതാണെന്നും അതിനാല്‍ ‘എന്ന് നിന്റെ മൊയ്തീന്റെ’ രചയിതാവുകൂടിയായ സംവിധായകന്റെയും നായകരുടെയും പേരില്‍ കേസെടുക്കണമെന്നും ആവശ്യം ഉയരാം. കേരള പൊലീസാണെങ്കില്‍ അതിന് എപ്പോള്‍ തുനിഞ്ഞെന്നുമാത്രം ചോദിച്ചാല്‍ മതി. ജൈവകൃഷി നടത്തിയത് മാവോയിസമാണെന്നു ‘കണ്ടെത്തി’ അതിനുതുനിഞ്ഞ ചെറുപ്പക്കാരനെ അറസ്റ്റ്‌ചെയ്ത് ജയിലിലടച്ച കഥ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ട് അധികകാലമായിട്ടില്ലല്ലോ.

‘എന്ന് നിന്റെ മൊയ്തീന്‍’ പറയുന്നത് പഴയൊരു കാലയളവിലെ ജീവിതമാണ്, അന്നത്തെ പ്രണയമാണ്. ആ പ്രണയത്തെയും ജീവിതത്തെയും എത്ര ആവേശപൂര്‍വ്വമാണ് ഇന്നത്തെ തലമുറക്ക് തിരിച്ചറിയാനാവുന്നത്! അരനൂറ്റാണ്ടോളം മുമ്പത്തെ പ്രണയവും ത്യാഗവും സഹനവുമൊക്കെ എത്ര മതിപ്പോടെയാണെന്നോ ഇന്നത്തെ തലമുറ നെഞ്ചേറ്റുന്നത്. ഇന്നത്തെ തലമുറയെ തൊട്ടതിനും പിടിച്ചതിനും ഒക്കെ നിങ്ങള്‍ക്ക് കുറ്റം പറയാം. എല്ലാക്കാലത്തെയും ചെറുപ്പം അതിനുമുന്നിലെ തലമുറയുടെ കണ്ണിലെ കരടായിരുന്നു എന്ന് മനസ്സിലാക്കണം. അതുകൊണ്ടാണ് തന്റെ ആത്മസുഹൃത്ത് കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയെ് പ്രണയിക്കുന്ന ബി.പി.മൊയ്തീന്‍ എന്ന മകനെ കുത്തിക്കൊല്ലാന്‍പോലും പഞ്ചായത്തുപ്രസിഡന്റായ മുക്കത്തെ സുല്‍ത്തന്‍ എന്നറിയപ്പെടുന്ന ഉണ്ണിമൊയ്തീന്‍ സാഹിബ് തുനിയുന്നത്. ആ  തലമുറയുടെ സത്യസന്ധതയെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ‘എന്ന് നിന്റെ മൊയ്തീനെ’ ഹൃദയംകൊണ്ട് സ്വീകരിച്ച് ഏറ്റവും വലിയ വാണിജ്യവിജയമാക്കുന്നത്.

ഇപ്പോഴും ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ മൊയ്തീന്റെ മരണാനന്തരമുള്ള സാമൂഹികപ്രവര്‍ത്തനം ഈ സിനിമ കാണാതെ പോയി എന്ന കുറ്റപ്പെടുത്തലുകള്‍ ഉയരുന്നുണ്ട്. നമ്മള്‍ ഇപ്പോള്‍ കാണുന്നത് ആര്‍.എസ്.വിമല്‍ എന്ന സംവിധായകന്റെ സിനിമയാണ്. ആ സംവിധാകന്‍ മൊയ്തീന്‍ – കാഞ്ചനമാല പ്രണയത്തിന്റെ ഒരു കഥ പറഞ്ഞു. ഇനി മറ്റൊരാളിന് വേറൊരു കഥ പറയാം. അതാണല്ലോ സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യം. അതും നന്നായി ആവിഷ്‌കരിച്ചാല്‍ മലയാളത്തിലെ പ്രേക്ഷകസമൂഹം ഏറ്റെടുക്കുമെന്നുറപ്പാണ്. ഏത് കാലത്തായാലും കെടാത്ത പ്രണയത്തിന്റെ നിത്യസത്യത്തിന് വിപണിമൂല്യമുണ്ട്. അത് പറയേണ്ടപോലെ പറയണം. അങ്ങനെ പറഞ്ഞാല്‍ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന്റെ കഠിനസപര്യക്കൊടുവില്‍ സ്വപ്‌നതുല്യമായ വിജയം വിമലിനെപ്പോലെ പിന്നാലെ വരുന്നവര്‍ക്കും സ്വന്തമാക്കാം. മൊയ്തീനും കാഞ്ചനമാലയും ഇനിയും പ്രണയിക്കട്ടെ, അവരുടെ പ്രണയം ഇരുവഴിഞ്ഞിപ്പുഴയും പാടിത്തിമിര്‍ക്കട്ടെ…ആ പ്രണയം പുതിയ തലമുറയുടെ ഹൃദയങ്ങളിലും പെയ്തുനിറയട്ടെ..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍