UPDATES

സിനിമ

‘കാഞ്ചന’ തകർത്ത ‘മലർ’പ്പൊടി സ്വപ്നങ്ങൾ

ആര്‍ സുരേഷ് കുമാര്‍

മൊയ്തീൻ നദിയുടെ ചുഴികളിലേക്ക് ആണ്ടുപോവുകയും കാഞ്ചനമാല മൊയ്തീന്റെ ഭാര്യയായി അയാളുടെ വീട്ടിലേക്ക് പോവുകയും ചെയ്തതോടെ ജോർജും മലരും സൃഷ്ടിച്ച യൂസ് ആന്റ് ത്രോ വിപണിയധിഷ്ടിത പ്രേമത്തിന്റെ ഓളങ്ങളാണ് നിശ്ചലമായത്. കൗമാര യൗവനങ്ങളുടെ ചിന്തകളിൽ ബന്ധങ്ങളെ തെറ്റായി നിർവചിക്കാൻ പ്രേരണയായി മാറിയ ഒരു സിനിമയുണ്ടാക്കിയ പുകിലുകൾ ഓണാഘോഷ സമയത്ത് നാം കണ്ടതാണ്. വേഷങ്ങളുടെ അനുകരണം പോലും വികൃതമാക്കി മാറ്റിയ സമകാലികയുവത്വത്തിന് പ്രണയത്തിന്റെ ഭാവതലങ്ങൾ എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്നതാണ് “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമ. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള യുവത്വത്തിന്റെ ഗൃഹാതുരത്വമാണ് ഈ സിനിമയെക്കുറിച്ച് നല്ല വാക്കുകൾ പറയിക്കുന്നതെന്ന് ആക്ഷേപങ്ങൾ ഉണ്ടാകാം. എന്നാൽ പ്രണയമെന്ന വികാരം അതിന്റെ വാണിജ്യപരവും മാംസനിബദ്ധവുമല്ലാത്ത കാഴ്ചപ്പാടുകളിലൂടെ അനുഭവപ്പെടുന്ന ന്യൂ ജെൻകാർക്കും മനസ്സിലൊരു നൊമ്പരം അവശേഷിപ്പിച്ചു കൊണ്ടാവും ഈ സിനിമ അവസാനിക്കുന്നത്.

ഒരു പുതുമുഖ സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത കയ്യടക്കം ഈ സിനിമയിൽ കാണാൻ കഴിഞ്ഞു. എന്നാൽ കഥാപാത്ര സംഭാഷണങ്ങളിലൂടെ കടന്നു വരുന്ന രാഷ്ട്രീയ ചരിത്രത്തിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. ഈ സിനിമയുടെ ഇതിവൃത്തം സത്യസന്ധമാണെന്നു കയ്യൊപ്പ് ചാർത്തുന്ന മൊയ്തീന്റെ സഹോദര സാന്നിധ്യം സിനിമയിൽ അനുഭവപ്പെടാത്തതിന്റെ കാരണവും വ്യക്തമല്ല. അതുപോലെ ‘സെല്ലുലോയിഡ്’ എന്ന സിനിമയുടേതു പോലെ രണ്ടു മണിക്കുറിനുള്ളിൽ ഒതുക്കാമായിരുന്ന പ്രമേയവുമാണ്. പഴയകാല കഥ പറയുമ്പോൾ ദൃശ്യങ്ങൾക്ക് വേഗത വേണ്ടെന്നത് അംഗീകൃത തത്വമാണോയെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. മൊയ്തീൻ നടത്തുന്ന രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകളെ ഗൗരവമായി സിനിമ കണക്കിലെടുക്കുന്നില്ല എന്നത് കല്ലുകടിയായി തോന്നുന്നു. എന്നാൽ പ്രണയമെന്ന അടിസ്ഥാന പ്രമേയത്തിനെ ശക്തിപ്പെടുത്താനുള്ള ഉപാധിയാക്കി മൊയ്തീൻ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളെ തമാശ രൂപത്തിൽ ഉപയോഗിക്കുകയായിരുന്നു എന്നു വേണമെങ്കിൽ വാദിക്കാം.

പ്രണയത്തിന്റെ ഒരു സ്ത്രീപക്ഷ വായനക്ക് കാഞ്ചനമാല വഴി തുറന്നിടുന്നുണ്ട്. ഒരു സംഭവകഥ സിനിമയാകുമ്പോൾ, അതും നായിക അതേ പേരിൽ ജീവിച്ചിരിക്കുമ്പോൾ,  അതിലെന്ത് സ്ത്രീപക്ഷ വായന എന്ന ചിന്തയുണ്ടാകാം. പ്രണയത്തിനു വേണ്ടി കൂടുതൽ ത്യാഗം സഹിക്കേണ്ടി വരുന്നത് സ്ത്രീയാണോ പുരുഷനാണോയെന്ന് ഈ സിനിമയുടെ അടിസ്ഥാനത്തിൽ വിലയിരുത്താവുന്നതാണ്. മൊയ്തീന് പ്രണയത്തിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുമ്പോഴും സ്വന്തം പിതാവിനെ എതിർത്തുകൊണ്ട് തന്നെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയുന്നു. വീട്ടിലടച്ചിടുകയല്ല അവിടെ നിന്ന് സ്വതന്ത്രനാക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രണയത്തിന്റെ വേദന ഉള്ളിൽ പേറുന്നവനാണെങ്കിലും സന്തോഷത്തോടെ തന്നെ വിവിധ രാഷ്ട്രീയ സാംസ്കാരിക  പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നുണ്ട്.  എന്നാൽ കാഞ്ചന മാലയുടെ സ്ഥിതിയോ? വിദ്യാഭ്യാസ ജീവിതം അവസാനിപ്പിച്ച് വീട്ടുതടങ്കലിലാകുന്നു. പ്രണയത്തിന്റെ ജീവിക്കുന്നരക്തസാക്ഷിയായി മാറുകയായിരുന്നു അവൾ. അതികഠിനമായ സമ്മർദ്ദങ്ങൾക്കും മനോവ്യഥകൾക്കും ഇടയിൽ ഓരോ നാൾ കഴിയുംതോറും മൊയ്തീനോടുള്ള പ്രണയ തീവ്രത അവളിൽ വർദ്ധിക്കുകയായിരുന്നു. അതിനിടയിലും സ്വന്തം പ്രണയ സാക്ഷാത്കാരത്തിന്റെ പേരിൽ സഹോദരങ്ങളുടെ സാമൂഹ്യമായ അന്തസ് നഷ്ടമായി ഭാവിഭദ്രത തകരരുതെന്ന ഉറച്ച ചിന്തയോടെയാണ് അവൾ തടങ്കലിൽ തുടരുന്നത്. മൊയ്തീന്റെ മരണശേഷവും ആ പ്രണയത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്ന കാഞ്ചന മാല സിനിമയിലും ജീവിതത്തിലും മൊയ്തീനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം പറഞ്ഞ് പ്രണയ പങ്കാളിയോട് ഗുഡ്ബൈ പറഞ്ഞ് പോകാത്ത എല്ലാ പ്രണയങ്ങളിലും കൂടുതൽ ത്യാഗമനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ്. അതിന് കാലഘട്ട വ്യത്യാസങ്ങളില്ല. കാഞ്ചന മാല അങ്ങനെ പ്രണയത്തിന്റെ സ്ത്രീപക്ഷ പ്രതീകമായി എന്നും വിലയിരുത്തപ്പെടുമെന്നുറപ്പാണ്.

സ്വന്തം കുടുംബാംഗങ്ങളുടെ എതിർപ്പിനപ്പുറം വില്ലന്മാരെ അവതരിപ്പിക്കാത്ത സിനിമ കൂടിയാണിത്. ചില ഏറ്റുമുട്ടലുകൾ പോലും സുഹൃത്തുക്കളുടെ സൗന്ദര്യപ്പിണക്കമായാണ് തോന്നുക. കാഞ്ചന മാലയെ അവളറിയാതെ പ്രണയിക്കുന്ന അപ്പുവും കാണികളുടെ എതിർപ്പല്ല ഇഷ്ടമാണ് നേടിയെടുക്കുന്നത്. പൃഥ്വിരാജ്, പാർവതി, സായ്കുമാർ, സുധീർ കരമന, ലെന എന്നിവരുടെ കഥാപാത്രസന്നിവേശം പറയാതിരിക്കാനാവില്ല. അതുപോലെ അപ്പുവായി രംഗത്തു വന്ന പുതുമുഖ നടൻ റ്റൊവിനൊ തോമസിന്റെ പ്രകടനം ഗംഭീരമായി. മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയകഥ പൊതു ജനസമക്ഷം ആദ്യമവതരിപ്പിച്ചത് പി.ടി.മുഹമ്മദ് സാദിഖ് എന്ന നോവലിസ്റ്റ് ആണെന്നും അദ്ദേഹത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ലെന്നത് മോശമാണെന്നും ഒരു സുഹൃത്ത് ഫെയ്സ് ബുക്കിൽ കമന്റിട്ടിരുന്നത് ശരിയാണെങ്കിൽ അത് പരിഗണിക്കേണ്ടതുതന്നെയാണ്. എന്തായാലും എന്തിന് സിനിമ കാണണം എന്ന് ചിന്തിച്ചു പോകുന്ന കാലഘട്ടത്തിൽ സിനിമ കാണാനുള്ളതു തന്നെയെന്ന് ബോധ്യപ്പെടുത്തിയ ആർ.എസ്. വിമലിന് അഭിനന്ദനങ്ങൾ. ജോർജും മലരുമല്ല മൊയ്തീനും കാഞ്ചനമാലയുമാണ് പ്രണയത്തിന്റെ ഉദാത്ത സങ്കല്പങ്ങളെന്ന് ( യാഥാർത്ഥ്യമെന്ന്) ഒന്നുകൂടി ഉറപ്പിക്കാൻ വിമലിന് കഴിഞ്ഞു. ഒപ്പം പ്രണയത്തിന്റെ, ത്യാഗത്തിന്റെ ജീവിക്കുന്ന ഇതിഹാസം കാഞ്ചനമാല മുത്തശ്ശിയോടുള്ള ആദരവും അർപ്പിക്കുന്നു.

(തിരുവനന്തപുരം അധ്യാപക പരിശീലന കോളേജിലെ അദ്ധ്യാപകനാണ് സുരേഷ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍