UPDATES

സിനിമ

ആവര്‍ത്തിച്ച് മഞ്ജു; ക്ലീഷെയായി ലാല്‍; ഒരേ റൂട്ടിലോടുന്ന അന്തിക്കാടും

Avatar

സഫിയ ഒ സി

വര്‍ഷത്തില്‍ ഒന്ന്. അതാണ് ഈ അന്തിക്കാടുകാരന്‍റെ സ്റ്റൈല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സത്യന്‍ അന്തിക്കാട് ഇങ്ങനെയാണ്. 1995ല്‍ ഇറങ്ങിയ നമ്പര്‍1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് മുതല്‍ അതാണ് രീതി. 1997ല്‍ മാത്രം അപവാദമായി രണ്ടു സിനിമ. ഇരട്ടക്കുട്ടികളുടെ അച്ഛനും ഒരാള്‍ മാത്രവും. 2013ല്‍ ഇറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ 2014ലും തകര്‍ത്തോടിയത് കൊണ്ട് കഴിഞ്ഞ വര്‍ഷം സിനിമ ഇറക്കിയില്ല. വേണമെങ്കില്‍ രണ്ടും മൂന്നുമൊക്കെ സിനിമ ചെയ്യാനുള്ള പാങ്ങും ആള്‍ബലവും സത്യന്‍ അന്തിക്കാടിനുണ്ട്. പക്ഷേ മൂപ്പര്‍ അതിനൊന്നും മിനക്കെടാറില്ല. സിനിമയില്ലാത്ത സമയം അന്തിക്കാട്ടെ നാട്ടു വഴികളിലൂടെയും പാട വരമ്പിലൂടെയും ഇളം കാറ്റേറ്റ് നടക്കാനാണ് ഈ ഗ്രാമീണ സംവിധായകനിഷ്ടം. (മലയാളത്തിലെ ഫീച്ചര്‍ എഴുത്തുകാര്‍ എഴുതി എഴുതി ക്ലീഷേയായ പ്രയോഗങ്ങളാണ്. ക്ഷമിക്കുക). അല്ലാത്ത സമയങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പുതിയ പുസ്തകങ്ങളിലായിരിക്കും മൂപ്പരുടെ ശ്രദ്ധ. (മലയാള സാഹിത്യം വായിക്കുന്ന മലയാളത്തിലെ ഏക ജനപ്രിയ സിനിമാ സംവിധായകന്‍ എന്ന്‍ പാണന്‍മാര്‍.) അതുമല്ലെങ്കില്‍ പുതു തലമുറ സംവിധായകര്‍ എടുത്ത സിനിമകള്‍ കാണാന്‍ പോവും. ഇഷ്ടപ്പെട്ടെങ്കില്‍ അതിനെ കുറിച്ച് നല്ല രണ്ട് വര്‍ത്തമാനം പറയാനും സത്യന്‍ അന്തിക്കാട് മടിക്കാറില്ല. (ഇവിടത്തെ മറ്റു പല മുതിര്‍ന്ന സംവിധായകര്‍ക്കും ഉള്ള യുവാക്കളോടുള്ള ആ ഒരു ഇത് ഇല്ലാത്ത സംവിധായകനാണ് ഇദ്ദേഹം). ഇങ്ങനെയൊക്കെയാണ് ഈ സംവിധായകന്‍. എന്നും എപ്പോഴും ഒരുപോലെ.

ഈ വര്‍ഷത്തില്‍ ഒന്ന് എന്ന സ്ട്രാറ്റജിയാണ് സത്യന്‍ അന്തിക്കാടിനെ ഇപ്പൊഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. മറ്റുള്ളവരെപ്പോലെ എപ്പോഴും വന്ന് ബോറടിപ്പിക്കുന്നില്ലല്ലോ. അതുകൊണ്ട് തന്നെ തന്റെ തന്നെ ചില സിനിമകളോ കഥാപാത്രങ്ങളോ മറ്റു സംവിധായകരുടെ സിനിമകളോ ആവര്‍ത്തിച്ചാലും പ്രേക്ഷകര്‍ സത്യന്‍ അന്തിക്കാടിന് മാപ്പുകൊടുക്കും. അതായത് അവര്‍ ആ സിനിമയങ്ങ് വിജയിപ്പിച്ചു കൊടുക്കും. ‘എന്നും എപ്പോഴും’ എന്ന മോഹന്‍ ലാല്‍-മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട് സ്വപ്ന കൂട്ടുകെട്ടും ഇങ്ങനെ ചില ആവര്‍ത്തനങ്ങളിലൂടെയാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. അതിലവര്‍ വിജയിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ പരാജയപ്പെട്ടില്ല എന്നു പറയേണ്ടിവരും. തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

ഇതിലെ നായകനായ വിനീത് എന്‍ പിള്ള എന്ന ജേര്‍ണലിസ്റ്റ് പഴയ ഒരു ബോക്സിംഗ് താരമാണ്. അയാളുടെ വീട്ടിലെ ചുമരില്‍ ഒരു ചിത്രമുണ്ട്, ബോക്സിംഗ് ഗ്ലൌസ് അണിഞ്ഞ് ഇടിക്കാന്‍ നില്‍ക്കുന്ന ചിത്രം. അത് ഏതോ പഴയ ലാല്‍ ഹിറ്റില്‍ നിന്നുള്ള ചിത്രമാണെന്ന് തിയറ്ററില്‍ നിന്നുയര്‍ന്ന കയ്യടിയില്‍ നിന്ന് മനസിലായി. പഴയ ലാലിനെ ആവര്‍ത്തിക്കാനുള്ള നിരന്തരം ഓര്‍മീപ്പിച്ചുകൊണ്ടുള്ള സിനിമയുടെ യാത്ര ഇങ്ങനെ തുടങ്ങുന്നു. കൂട്ട് താമസക്കാരനായ സഹായി മാത്തനുമായുള്ള ഗുസ്തി പഴയ ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അയാള്‍ കഥ എഴുതുകയാണ്, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റുമൊക്കെ ബോധപൂര്‍വം കടന്നു വരുന്നു; പ്രേക്ഷകര്‍ക്ക് അല്പം നോസ്റ്റാള്‍ജിയ പകര്‍ന്ന്. നന്‍മയുള്ള ആ പഴയ പാവത്താന്‍ ലാല്‍ ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആവര്‍ത്തിക്കുന്ന മനറിസങ്ങള്‍ക്കൊണ്ട് ചെടിപ്പിക്കുന്നുണ്ട് മോഹന്‍ലാല്‍ എന്നു പറയാതിരിക്കാന്‍ വയ്യ.

തന്നെത്തന്നെ അവര്‍ത്തിക്കുന്നതില്‍ പിഎച്ച്ഡി ചെയ്യുകയാണോ സത്യന്‍ അന്തിക്കാട് എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ അടുത്തകാലത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും. കഥാ സന്ദര്‍ഭങ്ങള്‍ തുടങ്ങി കഥാപാത്ര രൂപീകരണത്തില്‍ വരെ പലപ്പോഴും ഈ ആവര്‍ത്തനം മുഴച്ചു നില്‍ക്കാറുണ്ട്. അവ ഏതൊക്കെ എന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനപ്പുറം സത്യന്‍ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ധീരയായ പെണ്‍കുട്ടി/സ്ത്രീയെക്കുറിച്ച് ചിന്തിക്കാനാണ് എനിക്കിഷ്ടം. അച്ചുവിന്റെ അമ്മയിലെ അമ്മയും മകളും, ഭാഗ്യദേവതയിലെ കനിഹ അവതരിപ്പിച്ച കഥാപാത്രം, വിനോദയാത്രയിലെ നായകനെ ജീവിതം പഠിപ്പിക്കുന്ന നായിക, ഇന്നത്തെ ചിന്താവിഷയത്തിലെ മീരാജാസ്മിന്‍, പുതിയ തീരങ്ങളിലെ നമിത പ്രമോദ്, ഒരു ഇന്ത്യന്‍ പ്രണയകഥയിലെ അമല പോളിന്റെ കഥാപാത്രം, മനസിനക്കരയിലെയും സ്നേഹവീടിലെയും ഷീലയുടെ കാഥാപാത്രം എന്നിങ്ങനെ മലയാള സിനിമയുടെ ആണ്‍ ആഖ്യാനങ്ങള്‍ക്ക് മേല്‍ സ്ത്രീയെ കയറ്റി നിര്‍ത്താന്‍ സത്യന്‍അന്തിക്കാട് ബോധപൂര്‍വം ശ്രമിക്കുന്നതു കാണാം. മുഖ്യ ധാരയുടെ ഭാഗമായി നിന്ന് താരാധിപത്യത്തിന് ഒപ്പം നടന്ന്‍ ഇങ്ങനെ ചെയ്യുകയും അതില്‍ വിജയിക്കുകയും (കച്ചവടപരമായും, ചിലപ്പോള്‍ കലാപരമായും) ചെയ്യുക എന്നത് ചെറിയ കാര്യമല്ല. പക്ഷേ ഈ കഥാപാത്രങ്ങള്‍ എല്ലാവരും നായകന്റെ/പുരുഷന്റെ കരവലയത്തില്‍ വന്നു വീഴുന്നത് വരെ മാത്രമേയുള്ളൂ ഈ തന്‍റേടമൊക്കെ എന്നിടത്താണ് സത്യന്‍ അന്തിക്കാടിന്റെ ഒരേ റൂട്ടിലോടുന്ന വണ്ടി മടുപ്പിക്കുന്നത്.

‘എന്നും എപ്പോഴും’ കടുത്ത പാതകം ചെയ്തത് മഞ്ജു വാര്യരോടാണ്. മഞ്ജുവിന്റെ രണ്ടാം വരവിനെ ആബാലവൃദ്ധം ജനങ്ങള്‍ മാത്രമല്ല കേരളത്തിലെ കൊടികുത്തിയ ബുദ്ധിജീവികള്‍ വരെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കല്യാണ്‍ സ്വാമിയും, മനോരമ- മാതൃഭൂമി തുടങ്ങിയ മാധ്യമ തമ്പുരാക്കന്‍മാരും തുടങ്ങി പാവപ്പെട്ട സ്ത്രീകള്‍ക്ക് ജീവിതവഴി കണ്ടെത്തിക്കൊടുത്ത സര്‍ക്കാരിന്റെ കുടുംബശ്രീ വരെ മഞ്ജുവിന്റെ ബ്രാന്‍ഡ് വാല്യുവിനെ മത്സരിച്ച് ഉപയോഗിക്കാന്‍ ശ്രമിച്ചത് നമ്മള്‍ കണ്ടതാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓള്‍ഡ് ആര്‍ യു’വിലെ എക്സ്പൈറി ഡേറ്റ് നിശ്ചയിക്കുന്ന പുരുഷനോട്/ഭര്‍ത്താവിനോട് കലഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മ മഞ്ജുവിന്റെ രണ്ടാം വരവിലെ എന്തുകൊണ്ടും ശക്തമായ കഥാപാത്രമായി. അവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി എന്ന പരാതി നിലനില്‍ക്കുമ്പോഴും ഒരു മോട്ടിവേറ്റിംഗ് സിനിമ എന്ന നിലയില്‍ ‘ഹൌ ഓള്‍ഡ് ആര്‍ യു’വിന് പ്രസക്തിയുണ്ട്. പക്ഷേ അതേ ട്രാക്കിലോടുന്ന മറ്റൊരു കഥാപാത്രമായി മഞ്ജു വീണ്ടും പ്രത്യക്ഷപ്പെട്ടതിലെ ആശ്ചര്യമാണ് ‘എന്നും എപ്പോഴും’ കണ്ടിറങ്ങിയപ്പോള്‍ മനസില്‍ നിറയെ. വിവാഹ ബന്ധം വേര്‍പെടുത്തി തന്റെ മകളുടെ അവകാശം നിലനിര്‍ത്തിക്കിട്ടാന്‍ പോരാടുന്ന അഡ്വ. ദീപ എന്ന കഥാപാത്രത്തില്‍ ‘ഹൌ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമയെയും മഞ്ജുവിനേയും കാണുന്ന പ്രേക്ഷകരെ എങ്ങനെ കുറ്റംപറയാന്‍ പറ്റും. റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെ മഞ്ജുവിന്‍റെ വ്യക്തിജീവിതത്തെയും, ഒരു പടികൂടി കടന്ന് അവരിലെ നര്‍ത്തകിയെയും (ഇതൊരു തെറ്റായി കാണേണ്ടതില്ല)  നല്ലൊരു കച്ചവട വസ്തുവാക്കി സത്യന്‍ അന്തിക്കാട് മാറ്റുന്നുണ്ട് ‘എന്നും എപ്പോഴി’ലും. മുന്‍ ഭര്‍ത്താവായ ദിലീപില്‍ നിന്നും വിവാഹ മോചനം നേടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുചര്‍ച്ചയില്‍ കൊണ്ടുവരാതിരിക്കാന്‍ മഞ്ജു വാര്യര്‍ ശ്രമിച്ചിരുന്നു എന്നിടത്താണ് മലയാള സിനിമ അവരുടെ വ്യക്തിജീവിതം ചുറ്റിപ്പറ്റി വീണ്ടും വീണ്ടും കുടുംബ കഥകള്‍ മെനയുന്നത് എന്ന വൈരുദ്ധ്യം തിരിച്ചറിയേണ്ടത്. 

വാല്‍ക്കഷ്ണം: അഡ്വ. ദീപയുടെയും ഹൌ ഓള്‍ഡ് ആര്‍ യുവിലെ നിരൂപമയുടെയും ഭര്‍ത്താവിന്റെ പേര് രാജീവ് എന്നായത് തികച്ചും യാദൃശ്ചികം മാത്രം.  

(സ്വതന്ത്ര പത്രപ്രവര്‍ത്തക,തിരുവനന്തപുരത്ത് താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍