UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയലാർ സിനിമയുടെ സന്ദർഭത്തിന് സ്വപ്നവാങ്മയം തീർത്തയാൾ; വിചാരപരമായി വായിക്കാനറിയില്ലെന്ന് ശരത്ചന്ദ്ര വർമ

കപിക്കാടിന്റെ വിമർശനം കവിതാ വായനക്കാരോ കവിതാ വിമർശകരോ ചർച്ചയാക്കിയില്ലെങ്കിലും വയലാറിന്റെ മകന്‍ മറുപടി നൽകിയതോടെ വിവാദമാകുകയായിരുന്നു.

ഭൗതികമായ ഇന്ത്യയെക്കുറിച്ച് പറയാതെ തന്റെ പാട്ടുകളിൽ അതിഭൗതികമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയെ കൊണ്ടു നടന്നയാളാണ് വയലാർ രാമവർമ എന്ന സണ്ണി കപിക്കാടിന്റെ വിമർശനത്തിന് വയലാറിന്റെ മകൻ ശരത്ചന്ദ്ര വർമയുടെ മറുപടി. സിനിമകളുടെ കഥയും സന്ദർഭവും അനുസരിച്ച് വാക്കുകൾ കൊണ്ട് വർണങ്ങൾ തീർക്കുകയായിരുന്നു വയലാറെന്നും വിചാരം കൊണ്ടു മാത്രം കവിയെ കാണുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വയലാർ തന്റെ ഗാനങ്ങളിൽ സവർണ ബിംബങ്ങളാണ് ഉപയോഗിച്ചതെന്നും ഇവ മലയാളിയുടെ പൊതുബോധത്തെ സവർണമായ രീതിയിൽ നിർമിച്ചെടുക്കുന്നതിന് കാരണമായെന്നുമായിരുന്നു സണ്ണി എം കപിക്കാടിന്റെ വിമര്‍ശനം. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ചരമവാർഷിക ദിനത്തില്‍ വയലാറിന്റെ പാട്ടുകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മുൻനിർത്തി സംസാരിക്കവെയാണ് കപിക്കാട് ഈ വിമർശനമുന്നയിച്ചത്. ഈ വിമർശനം കവിതാ വായനക്കാരോ കവിതാ വിമർശകരോ ചർച്ചയാക്കിയില്ലെങ്കിലും വയലാറിന്റെ മകന്‍ മറുപടി നൽകിയതോടെ വിവാദമാകുകയായിരുന്നു.

വയലാർ നിർമിച്ച സവർണബിംബങ്ങളുടെ പാരമ്പര്യം തന്നെയാണ് ഇന്നും മലയാള സിനിമാഗാനങ്ങളുടെ ശൈലിയെ നിർമിക്കുന്നതെന്നും കപിക്കാട് വിമർശിക്കുകയുണ്ടായി. എന്നാൽ സവർണ കൽപനകളെ എതിർത്ത ധിക്കാരികളുടെ കൂടെയായിരുന്നു വയലാർ എക്കാലവും നിലകൊണ്ടതെന്നും അദ്ദേഹത്തെ സവർണനെന്നു മാത്രം വിളിക്കരുതെന്നും ശരത്ചന്ദ്ര വർമ മറുപടി നല്‍കി. തന്റെ മറുപടി വൈകാരികമായെങ്കിൽ ക്ഷമിക്കണമെന്നും സ്നേഹം കൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ശരത്ചന്ദ്ര വർമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഴിമുഖത്തിൽ ശ്രീ: സണ്ണി കപിക്കാടെനിക്കു് നൽകിയ മറുപടി വ്യക്തമാണു്. സവർണ്ണ ബിംബങ്ങളുപയോഗിച്ച 40 കൊല്ലങ്ങൾക്കു് മുമ്പുള്ള ,13 വർഷങ്ങൾ മാത്രം സജീവമായ ഗാനരചനാകാലം. അതു് സിനിമയുടെ കഥയും സന്ദർഭവും വിനിയോഗിച്ചു് സ്വപ്നാന്തരീക്ഷം സൃഷ്ടിച്ച ഗാനങ്ങളായിരുന്നു.പ്രണയം അങ്ങനെയുള്ള ഒരു സ്വപ്നലോകം തേടുമ്പോൾ വർണ്ണങ്ങൾക്കു് ഏഴിനു് പകരം എഴുനൂറു് തരം ചായം ചേർത്തതു് അപരാധമാണെന്നു് പറഞ്ഞതായി തോന്നിയlല്ല. വിചാരങ്ങൾ കൊണ്ടു് വയലാറിനെ കാണുന്ന കാര്യങ്ങളിൽ ഞാനേറ്റവും പിറകിലാണു്. അടുത്തധികം കിട്ടാത്തതു കൊണ്ടും നഷ്ടപ്പെട്ടതിനു് പകരമില്ലാത്തതു കൊണ്ടും (അച്ഛനെന്നു് ഒരാളെ മാത്രമല്ലേ വിളിക്കാനാവൂ) വികാരപരമായി തോന്നിയെന്റെ മറുപടിയെങ്കിൽ താങ്കൾ ക്ഷമിക്കുക. വിരിഞ്ഞ പൂവിനും, വീണ പൂവിനും വിരുന്നൊരുക്കുമ്പോൾ, കൊഴിഞ്ഞ പീലികൾ ശ്രദ്ധിച്ചു വേണം പെറുക്കിയടുക്കി കൂടൊരുക്കാൻ എന്നെന്നെ മനസ്സിലാക്കിച്ചതിനു് വലിയ നന്ദി.

വയലാര്‍ എന്താണ് ചരിത്രത്തില്‍ നിര്‍മിച്ചത്? വിമര്‍ശനം ആ നിലയ്ക്ക് കാണാന്‍ ശരത്ചന്ദ്ര വര്‍മയോട് സണ്ണി എം കപിക്കാട്

‘വിമർശിച്ചോളൂ, പക്ഷെ പൂണൂൽ മുറിച്ച വയലാറിനെ സവർണവാദിയെന്ന് വിളിക്കരുത്’: സണ്ണി എം കപിക്കാടിനോട് ശരത് ചന്ദ്രവർമ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍