UPDATES

രാജീവ് രാമചന്ദ്രന്‍

കാഴ്ചപ്പാട്

Season Finale

രാജീവ് രാമചന്ദ്രന്‍

കാഴ്ചപ്പാട്

അലഞ്ഞവള്‍ അന്വേഷിച്ചവള്‍; വനിതാ കുറ്റാന്വേഷകര്‍ ടെലിവിഷന്‍ പിടിച്ചടക്കുമ്പോള്‍

ബിബിസിയുടെ ദ ഫാള്‍, സിബിഎസിലെ ഹൗ റ്റു ഗെറ്റ് എവേ വിത്ത് എ മര്‍ഡര്‍, നോര്‍വീജിയന്‍ പരമ്പരയായ ഹെയിംബെയ്ന്‍ എന്നിവ അവയെ മുന്നോട്ടുനയിക്കുന്ന നടിമാരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ് മികച്ച ഫെമിനിസ്റ്റ് പരമ്പരകളാകുന്നത്

കുറ്റാന്വേഷകരായ സ്ത്രീകളെ കുറിച്ചാലോചിക്കുമ്പോള്‍ ആദ്യമോര്‍ക്കുന്ന പേര് നിശ്ചയമായും അഗതാ ക്രിസ്റ്റിയുടെ ജെയ്ന്‍ മാര്‍പ്പിളിന്റേതാകും. പക്ഷെ മിസ്സ് മാര്‍പ്പിളിനും ആറുപതിറ്റാണ്ടു മുമ്പ് തന്നെ ബ്രിട്ടീഷ് സാഹിത്യത്തില്‍ വനിതാ കുറ്റാന്വേഷകരുണ്ടായിട്ടുണ്ട്. 1864ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രൂ ഫോറസ്റ്ററുടെ (ജെയിംസ് റെഡിംഗ് വാര്‍ഡ്) ദ ഫീമെയ്ല്‍ ഡിറ്റക്ടീവിലെ മിസ്സ് ഗ്ലെയ്ഡനാണ് ഇത്തരത്തിലുള്ള ആദ്യ കഥാപാത്രമെന്നാണ് കരുതപ്പെടുന്നത്. ആദ്യപതിപ്പിന്റെ നൂറ്റി അമ്പതാം വാര്‍ഷികത്തില്‍ ബ്രിട്ടീഷ് ലൈബ്രറി ഈ പുസ്തകം പുന:പ്രസിദ്ധീകരിച്ചപ്പോള്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബ്രിട്ടീഷ് പൊലീസില്‍ സ്ത്രീകളില്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വേഷപ്രച്ഛന്നയായി കുറ്റാന്വേഷണം നടത്തുന്ന സ്വതന്ത്ര വനിതയായാണ് ഗ്ലെയ്ഡന്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. അഗതാ ക്രിസ്റ്റി, ജെയ്ന്‍ മാര്‍പ്പിളിനെ സൃഷ്ടിക്കുന്നത് അവിടെ നിന്നും അറുപത് വര്‍ഷം കഴിഞ്ഞാണ്. ഏതാണ്ട് അതേ സമയത്താണ് ബ്രിട്ടീഷ് പൊലീസ് സേനയില്‍ ആദ്യമായി സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. മാര്‍പ്പിളിനു മുമ്പ് രണ്ടോ മൂന്നോ വനിതാ ഡിറ്റക്ടീവുകള്‍ കൂടി സാഹിത്യലോകത്ത് ജീവിച്ചിരുന്നതായി കാണാം (മിസ്സിസ് പാസ്‌കല്‍ – Revelations of a lady detective, 1864, മിസ്, മിറിയം ലിയ- Mr.Bazalgette’s agent തുടങ്ങിയവര്‍). മുപ്പതുകള്‍ക്കുശേഷം നാന്‍സി ഡ്ര്യൂ തൊട്ടിങ്ങോട്ട് നിരവധി വനിതാ അന്വേഷകര്‍ കഥാപാത്രങ്ങളായി കുറ്റാന്വേഷണ സാഹിത്യത്തിലെത്തി. ഫെമിനിസം ഒരു ആശയസംഹിതയായി സാമൂഹ്യവ്യവഹാരങ്ങളിലിടം പിടിച്ചതോടെയാണ് കഥാപാത്രങ്ങളില്‍ പലതിനും രാഷ്ട്രീയ സ്വഭാവം കൈവരാന്‍ തുടങ്ങുന്നത്.

ടെലിവിഷനില്‍ കുറ്റാന്വേഷക ആദ്യമായെത്തുന്നത് 1965-ല്‍ ഹണിവെസ്റ്റ് എന്ന എബിസി സീരീസിലൂടെയാണ്. 1957 മുതല്‍ ജി ജി ഫിക്ലിംഗ് എന്ന പേരില്‍ ഗ്ലോറിയാ ഫിക്ലിംഗും ഫോറസ്റ്റ് ഫിക്ലിംഗും എഴുതിയ This girl for Hire എന്ന നോവല്‍ പരമ്പരയാണ് ടെലിവിഷന്‍ സീരീസിന് ആധാരമായത്. ജെയിംസ് ബോണ്ടിന്റെ വനിതാ പതിപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട സ്വതന്ത്ര കുറ്റാന്വേഷകയായ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ആനി ഫ്രാന്‍സിസ് എന്ന നടിയാണ്. കേന്ദ്രകഥാപാത്രമായ ഹണിവെസ്റ്റിനെ ലൈംഗികോപകരണമെന്ന നിലയിലാണ് അവതരിപ്പിച്ചതെന്ന വിമര്‍ശനമാണ് ആദ്യ തലമുറ ഫെമിനിസ്റ്റുകളില്‍ നിന്നും അക്കാലത്തുണ്ടായത്. എന്നാല്‍ പല പില്‍ക്കാല പുനര്‍വായനകളും വസ്തുവത്കൃതമായ കഥാപാത്ര നിര്‍മ്മിതിയെ അട്ടിമറിക്കുന്നതായിരുന്നു ഹണിവെസ്റ്റിന്റെ ആഖ്യാനമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. അല്‍പവസ്ത്രധാരിയായ സുന്ദരി എന്ന സമൂഹബോധത്തെ അന്വേഷണങ്ങളില്‍ അനുകൂലഘടകമാക്കിയിരുന്ന വെസ്റ്റ് പില്‍ക്കാല ഫെമിനിസ്റ്റ് നായികമാര്‍ക്കെല്ലാം പ്രചോദനമായിട്ടുണ്ടെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ ഫ്രാന്‍സിസ് തന്നെ പറയുന്നുണ്ട്. ഹണിവെസ്റ്റ് പത്ത് എപ്പിസോഡു വീതമുള്ള മൂന്ന് സീസണുകളോടെ അവസാനിച്ചെങ്കിലും പ്രൊഡ്യൂസറായ ആരോണ്‍ സ്‌പെല്ലിംഗ് 1976 ല്‍ തിരിച്ചെത്തി, ചാര്‍ലീസ് എയ്ഞ്ചല്‍സ് എന്ന മറ്റൊരു പരമ്പരയുമായി. ഇതു പക്ഷെ അതിലെ സ്ത്രീവിരുദ്ധതയാലാണ് ശ്രദ്ധിക്കപ്പെട്ടത്. ചാര്‍ലി എന്ന് നായകനു വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രൈവറ്റ് ഡിറ്റക്ടീവുകളുമായിരുന്നു നായികമാര്‍. ഇവരെ പരാശ്രിതരായ സ്ത്രീകളായി അവതരിപ്പിച്ചുവെന്നതില്‍ തുടങ്ങിയ വിമര്‍ശനങ്ങളൊന്നും തന്നെ പക്ഷെ ഷോയുടെ റേറ്റിംഗിനെ ബാധിച്ചില്ല. എണ്‍പതുകളോടെ കുറ്റാന്വേഷണ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ന്നതോടെ അത് ടെലിവിഷനിലും പ്രതിഫലിക്കാന്‍ തുടങ്ങി. 1982-ല്‍ സിബിഎസ് അവതരിപ്പിച്ച കുറ്റാന്വേഷണ പരമ്പര, കെയ്ഗ്നി & ലെയ്‌സിയാണ് ഏറ്റവും മികച്ച ഉദാഹരണം. ക്രിസ്റ്റീന്‍ കെയ്ഗ്നിയും മേരി ബെത്ത് ലെയ്‌സിയും എന്‍ വൈ പി ഡി ഡിറ്റക്ടീവുകളായി കേസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്, കുറ്റാന്വേഷണ ടെലിവിഷനിലെ പുതുചരിത്രമായി. സ്വതന്ത്രരും ചിന്താശേഷിയുള്ളവരുമായ സ്ത്രീകള്‍ ഔദ്യോഗികസംവിധാനത്തിലേക്കെത്തുമ്പോള്‍ അതുവരെ അവര്‍ നിറവേറ്റിയിരുന്ന ഗാര്‍ഹിക ചുമതലയുമായുണ്ടാവുന്ന സംഘര്‍ഷങ്ങളാണ് പലപ്പോഴും ഇത്തരം കഥകളില്‍ രണ്ടാമിഴയായി വരാറുള്ളത്. കഥയുടെ ഈ രണ്ടാമിഴയിലൂടെയാണ് കെയ്ഗ്നിയും ലെയ്‌സിയും സ്ത്രീപക്ഷ നിലപാടുകള്‍ ക്രൈം ടെലിവിഷനിലേക്ക് പ്രത്യക്ഷമായി കൊണ്ടു വരുന്നത്.

1991-ലെ ബിബിസി പരമ്പര പ്രൈം സസ്‌പെക്ടാണ് ഫെമിനിസ്റ്റ് ഡിറ്റക്ടീവ് എന്ന ഒരു ഴോനറിന് തന്നെ തുടക്കം കുറിക്കുന്നത്. കുറ്റാന്വേഷണമെന്ന ആണിടത്തിലേക്ക് കയറി വരുന്ന ആദ്യ തലമുറ പെണ്ണെന്ന നിലയിലുള്ള ജെയ്ന്‍ ടെന്നിസന്റെ ജീവിതമാണ് പ്രൈം സസ്‌പെക്ടിനെ ഒരു ലക്ഷണമൊത്ത ഫെമിനിസ്റ്റ് സ്വാഭാവികതയാക്കി മാറ്റിയത്. ലിംഗപദവിയുമായി ബന്ധപ്പെട്ട തൊഴിലിടസംഘര്‍ഷങ്ങളും കേസന്വേഷണവും ഇഴചേര്‍ന്ന് വരുന്ന പ്രൈം സസ്‌പെക്ടിന്റെ ആഖ്യാന രീതി പിന്നീട് വനിതാകുറ്റാന്വേഷക പരമ്പരകളുടെ പൊതുസ്വഭാവമായി മാറി, ഏറെ താമസിയാതെ അതൊരു വാര്‍പ്പുമാതൃകയായി മാറുകയും ചെയ്തു. മാര്‍ച്ചെല്ല, ദ ലോച്ച്, ബ്രോഡ് ചര്‍ച്ച്, ഹാപ്പിവാലി തുടങ്ങിയ പുതിയകാലത്തെ പല സീരീസുകളിലേയും നായികമാരെ അലട്ടുന്നത് ഉദ്യോഗത്തിലിരുന്നു കൊണ്ട് കുടുംബം എന്ന സ്ഥാപനവുമായി നടത്തേണ്ടി വരുന്ന സംഘര്‍ഷഭരിതമായ വിലപേശല്‍ തന്നെയാണ്. ഭര്‍ത്താവുമായുണ്ടാവുന്ന നിരന്തര സംഘര്‍ഷം മൂലം ഇടക്കിടക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നുണ്ട് മാര്‍ച്ചെല്ലക്ക് (അന്നാ ഫ്രയ്ല്‍). ബോധം മറഞ്ഞ വേളയില്‍ താനെന്തെല്ലാമാണ് ചെയ്തതെന്നതിനുകൂടി തെളിവുകള്‍ കണ്ടെത്തേണ്ടി വരുന്നുണ്ട് അവര്‍ക്ക് പലപ്പോഴും. ദ ലോച്ചിലും ബ്രോഡ് ചര്‍ച്ചിലും അന്വേഷിക്കുന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ സ്വന്തം കുടുംബവും വരുന്നതാണ് ആനി റെഡ്‌ഫോഡിനേയും (ലോറ ഫ്രേസര്‍) എലിസബെത്ത് മില്ലറേയും (ഓലീവിയ കോള്‍മാന്‍) പ്രതിസന്ധിയിലാക്കുന്നത്. ഹാപ്പിവാലിയിലെ മധ്യവയസ്സ് പിന്നിട്ട് ഡി എസ് കാതറീന്‍ കേവുഡിന് (സാറാ ലങ്കാഷെയര്‍) തന്റെ പേരക്കുട്ടിയെ ഒപ്പം നിറുത്തി വേണം അവന്റെ അച്ഛനും തന്റെ മകളുടെ ഘാതകനുമായ വില്ലനെ നേരിടാന്‍.

സാലി വെയ്ന്‍ റൈറ്റിന്റെ ഈ പരമ്പര പ്രായം ചെന്ന പോലീസുകാരിയുടെ കുടുംബത്തെ അല്‍പം വ്യത്യസ്തമായാണ് സമീപിച്ചിട്ടുള്ളത്. വെയ്ന്‍ റൈറ്റിന്റെ തന്നെ സ്‌കോട്ട് & ബെയ്‌ലി പക്ഷെ നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത കെയ്ഗ്നി & ലെയ്‌സിയുടെ മാതൃകയാണ് പിന്തുടരുന്നത്. പങ്കാളിയുമായി പിരിഞ്ഞ, കുഞ്ഞിനെ തനിച്ചു വളര്‍ത്തുന്ന അമ്മമാരാണ് ഫെമിനിസ്റ്റ് സ്വഭാവമുള്ള മിക്ക പരമ്പരകളിലും നായികാസ്ഥാനത്തുള്ളതെന്നതും ശ്രദ്ധേയമാണ്. ദ കില്ലിംഗിലെ സാറാ ലിന്‍ഡെനും (മെറില്‍ എനോസ്), ഷെയ്ഡ്‌സ് ഓഫ് ബ്ലൂവിലെ ഹാര്‍ലി സാന്റോസും (ജെന്നിഫര്‍ ലോപ്പസ്) മാര്‍ച്ചെല്ലയുമെല്ലാം കൗമാരക്കാരായ കുട്ടികളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്നവരാണ്. ഇവരുടെയെല്ലാം ജീവിത സംഘര്‍ഷത്തിന്റെ ആണിക്കല്ലാകുന്നത് വ്യവസ്ഥാപിതമായ കുടുംബമാണ്. ഇതിനോടുള്ള അവരുടെ കലഹമാണ് പരമ്പരയുടെ നിലപാടായി മാറുന്നതും.

Also Read: നിക്കോളാ വോക്കര്‍ – ടെലിവിഷനിലെ ഇസബെല്‍ ഹ്യൂപ്പെ

ഗാര്‍ഹികതയ്ക്കും ഉദ്യോഗത്തിനുമിടയില്‍ സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്ന കുറ്റാന്വേഷകരേക്കാള്‍ ഈ അടുത്ത കാലത്ത് എന്നെ ആകര്‍ഷിച്ചത് ജീവിതത്തിലുടനീളം വരച്ചു വച്ച കള്ളികളെ അതിലംഘിക്കാന്‍ ശ്രമിച്ച അതിഗംഭീരരായ ഏതാനും സ്ത്രീകഥാപാത്രങ്ങളാണ്. അവരെ അവതരിപ്പിച്ച നടിമാരാവട്ടെ, അസാധ്യമായ അഭിനയ പാടവത്താല്‍ അതിശയിപ്പിച്ചവരും. ബിബിസിയുടെ ദ ഫാള്‍, സിബിഎസിലെ ഹൗ റ്റു ഗെറ്റ് എവേ വിത്ത് മര്‍ഡര്‍, നോര്‍വീജിയന്‍ പരമ്പരയായ ഹെയിംബെയ്ന്‍ എന്നിവ ഉള്ളടക്കം കൊണ്ടോ അവതരണം കൊണ്ടോ മാത്രമല്ല ഫെമിനിസ്റ്റ് പരമ്പരകളാകുന്നത്, മറിച്ച് അവയെ മുന്നോട്ടുനയിക്കുന്ന നടിമാരുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്.

The most feminist TV show ever എന്നത് The Fall എന്ന ബിബിസി പരമ്പരയുടെ പരസ്യവാചകമായിരുന്നില്ല, മറിച്ച് അത് ലാന്റിക്ക് പോലുള്ള മാധ്യമങ്ങള്‍ നല്‍കിയ വിശേഷണമായിരുന്നു. ഈ വിലയിരുത്തല്‍ തന്നെയാണ് എന്നെ ആ പരമ്പരയിലേക്ക് ആകര്‍ഷിച്ചതും. 2013-ല്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ മുതല്‍ ഫാളിന്റെ ഇതിവൃത്തവും ആഖ്യാനവും പലവിധത്തിലും ചര്‍ച്ചയായതാണ്. സ്റ്റെല്ലാ ഗിബ്‌സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയായി ജില്ലിയന്‍ ആന്‍ഡേഴ്‌സന്‍ അഭിനയിക്കുന്നു എന്നതു മുതല്‍ (ആന്‍ഡേഴ്‌സന്‍ അഭിനയിച്ച എക്‌സ് ഫയല്‍സ് എന്ന പരമ്പര കഴിഞ്ഞിട്ട് ഒരു വ്യാഴവട്ടമായിട്ടുണ്ടായിരുന്നു, അപ്പോഴേക്കും) കഥയിലെ പ്രതിനായകനായ പോള്‍ സ്‌പെക്ടര്‍ സ്ത്രീശരീരത്തോട് കാണിക്കുന്ന ഭയാനകമായ വസ്തുവത്കരണവാഞ്ജ വരെയുള്ളവ വിവാദങ്ങള്‍ക്ക് കാരണമായി. ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേയിലെ നായകന്‍ ജെയ്മി ഡോര്‍നനാണ് സ്‌പെക്ടറെ അവതരിപ്പിക്കുന്നത്. വലിയക്ഷരത്തില്‍ എലഗന്റ് എന്ന വാക്ക് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നതുപോലെയാണ് ദ ഫാളില്‍ ജില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റെല്ലാ ഗിബ്‌സന്‍ നമുക്കു മുന്നിലെത്തുന്നത്; അതിനൊക്കും വിധമാണ് തുടര്‍ക്കൊലയാളിയായ സ്‌പെക്ടറുടേയും അവതരണം. ആരാണ് കൊലയാളിയെന്ന് ആദ്യമേ വ്യക്തമായ കഥയില്‍ ഏതാണ്ട് അവസാനംവരെ പോളും സ്‌റ്റെല്ലയും- അതായത് കൊലയാളിയും അന്വേഷകയും- സമാന്തരമായാണ് നീങ്ങുന്നത്, ഇരുവരുടേയും മനോവ്യാപാരങ്ങള്‍ കൂട്ടിമുട്ടാന്‍ തുടങ്ങുന്നിടത്താണ് പോള്‍ പിടിക്കപ്പെടുന്നത്. പിന്നീട് സ്‌റ്റെല്ല ഗിബ്‌സന്‍ എന്ന സ്ത്രീയെ മാനസികമായി കീഴ്‌പ്പെടുത്തി ആധിപത്യമുറപ്പിക്കാന്‍ പുരുഷോന്മത്തനായ പോള്‍ സ്‌പെക്ടര്‍ നടത്തുന്ന ശ്രമമാണ്. ജോലിചെയ്യുന്ന സ്ത്രീകളെ തിരഞ്ഞു പിടിച്ച് ആസൂത്രിതമായി പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്നയാളാണ് സ്പെക്ടറെന്ന കൊലയാളി. കൊലപാതകത്തിനു ശേഷം അവരുടെ ശരീരം മാനിക്വിനുകളെന്ന പോലെ ഒരുക്കി വയ്ക്കും അയാള്‍. ഓരോ കൊലപാതകവും തന്‍റെ കായികക്ഷമതയുടെ പരീക്ഷണം കൂടിയാണയാള്‍ക്ക്. പകല്‍ നേരത്ത് പക്ഷെ പീഡിതകളായ സ്ത്രീകള്‍ക്ക് കൌണ്‍സെലിംഗ് കടുക്കുന്ന സൌമ്യനായ ആശുപത്രി ജീവനക്കാരനാണ് പോള്‍, വീട്ടില്‍ ശ്രദ്ധാലുവായ അച്ഛനും ഭര്‍ത്താവും. സ്റ്റെല്ലയാവട്ടെ അച്ഛനുമായുള്ള സങ്കീര്‍ണ്ണമായ ബന്ധം ഒരു ഡയറില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള, അതുകൊണ്ടുള്ള മുറിവുകളെ മറയ്ക്കാന്‍ ആഭിജാത്യത്തിന്റേതായ ശരീരഭാഷ വശത്താക്കിയിട്ടുള്ള, ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കാത്ത ഉദ്യോഗസ്ഥയും. ലൈംഗികാസക്തി മറച്ചു വയ്ക്കാത്ത സ്‌റ്റെല്ലക്ക് താല്‍പര്യം തോന്നുന്ന സഹപ്രവര്‍ത്തകരെ തന്റെ മുറിയിലേക്ക് ക്ഷണിക്കാന്‍ വരെ മടിയില്ല. കുടുംബം എന്ന വ്യവസ്ഥയോട് പ്രത്യക്ഷത്തില്‍ തന്നെ കലഹിക്കുന്നവളാണ് സ്റ്റെല്ല, കൊലയാളിയാവട്ടെ തന്റെ പകല്‍ ജീവിതത്തിലെ കുടുംബത്തെ ഒരു പോറല്‍ പോലുമേല്‍ക്കാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവനും. ക്യാറ്റ് ആന്‍ഡ് മൗസ് ഷോ എന്ന് വിളിക്കാവുന്ന പരമ്പര ഈ ദ്വന്ദ്വത്തിലാണ് നിലനില്‍ക്കുന്നതും. ‘ഒരാണിന്റെ ഏറ്റവും വലിയ പേടി പെണ്ണ് തന്നെ നാണം കെടുത്തുമോ എന്നതാണ്, പെണ്ണുങ്ങളുടെ പേടി പക്ഷെ ആണുങ്ങള്‍ കൊന്നു കളയുമോ എന്നതാണ്’ എന്ന മാര്‍ഗരറ്റ് ആറ്റ് വുഡിന്റെ വരിയിലൂടെയാണ് സ്‌റ്റെല്ലാ ഗിബ്‌സന്‍ തന്നെത്താന്‍ സീരീസില്‍ അടയാളപ്പെടുത്തുന്നത്. കൊലയാളിയും അന്വേഷകയും തമ്മിലുണ്ടാവുന്ന അക്രമാസക്തവും വിചിത്രവുമായ മനോബന്ധമാണ് ദ ഫാളിനെ മറ്റെല്ലാ പരമ്പരകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. സ്റ്റെല്ലാ ഗിബ്‌സനെന്ന അധികാരരൂപിണിയായ സ്ത്രീകഥാപാത്രം പുരുഷാധികാരത്തെ നേര്‍ക്കു നേര്‍ ചോദ്യം ചെയ്യുന്നതും.

ഫിലാഡെല്‍ഫിയയിലെ മിഡില്‍ടണ്‍ ലോ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപികയായ ക്രിമിനല്‍ അഭിഭാഷക അനലീസ് കീറ്റിംഗുമാണ് ഹൗ റ്റു ഗെറ്റ് എവേ വിത്ത്‌ മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങള്‍. സൂക്ഷ്മവികാസം പ്രാപിച്ചിട്ടുള്ള അതിസങ്കീര്‍ണ്ണമായ കഥാപാത്രങ്ങളാണ് സീരീസിന്റെ നട്ടെല്ല്. ഓരോ കഥാപാത്രത്തിനുമുണ്ട് നിറഞ്ഞൊതുങ്ങിയ പിന്‍കഥകള്‍. തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ തന്നെ കൊലപാതക കേസുകളില്‍ നിന്ന് രക്ഷപെടുന്നതെങ്ങനെയെന്നതു തന്നെയാണ് പരമ്പരയും പറയുന്നത്. വയോല ഡേവിസിന് എമ്മി അവാര്‍ഡ് നേടിക്കൊടുത്ത ഡോ. അനലീസ് കീറ്റിംഗ് കഴിഞ്ഞ ഒരു ദശകത്തില്‍ അമേരിക്കന്‍ ടെലിവിഷനിലുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നാണ്. ഒരേ സമയം അതിശക്തയും ദുര്‍ബലയുമാണവര്‍. തന്റെ വിജയത്തിനായി ഏതുമാര്‍ഗ്ഗവും സ്വീകരിക്കുന്ന ക്രിമിനല്‍ വക്കീലായ ഡോക്ടര്‍ കീറ്റിംഗ് വ്യക്തിജീവിതത്തില്‍ പക്ഷെ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്കു കൂപ്പുകുത്തുന്ന അനലീസാണ്. എത്ര മനോഹരമായാണ് വയോലാ ഡേവിസ് അവരുടെ ആന്തരികഭാവങ്ങളെ ഉള്‍ക്കൊള്ളുന്നതെന്നത് ആരേയും അത്ഭുതപ്പെടുത്തും. സീരീസിലെ പൊതുമണ്ഡത്തില്‍ സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യമാണ് ‘മര്‍ഡറി’നെ വ്യതിരിക്തമാക്കുന്നത്.

നായികാ പ്രാധാന്യമുള്ള മറ്റ് ചിത്രങ്ങളിലെല്ലാം സഹകഥാപാത്രങ്ങളിലേറെയും പുരുഷന്മാരാകുന്നതു തന്നെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. പക്ഷെ ഇവിടെ യൂണിവേഴ്‌സിറ്റിയിലായാലും കോടതിമുറിയിലായാലും ലോബിയിസ്റ്റുകള്‍ക്കിടയാലായാലും നമുക്ക് ആര്‍ജ്ജവമുള്ള സ്ത്രീകളുടെ വലിയൊരു നിര തന്നെ കാണാം. ഓരോരുത്തരും അവരവരുടെ നിലയില്‍ പൂര്‍ണ്ണതയുള്ളവര്‍. വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രം പോലുമില്ല സീരീസില്‍. കൊലപാതകങ്ങളാണ് തലക്കെട്ടു തന്നെ നിര്‍വചിക്കുന്നതെന്നതിനാല്‍ കൊലക്കേസിലുള്‍പ്പെടാത്ത ആരും തന്നെ മുഖ്യ കഥാപാത്രങ്ങളിലില്ല താനും. എങ്ങനെയാണ് അവര്‍ ധാര്‍മ്മികമായും നിയമപരമായും കുറ്റത്തെ അതിജീവിക്കുന്നതെന്നതാണ് പരമ്പര പറയുന്നത്. അനലീസിന്റെ അമ്മയായി അഭിനയിക്കുന്ന 94 വയസ്സുള്ള സിസിലി ടൈസന്‍ മുതല്‍ നിസ വെയ്‌സലും കാര്‍ലസൂസയും അജ നയോമികിംഗും വരെയുള്ള നടിമാര്‍ ഓരോരുത്തരും അതിഗംഭീരമാണ്. അധികാരവും നിയന്ത്രണവും അവകാശ ബോധവുമെല്ലാമുള്ള സ്ത്രീകഥാപാത്രങ്ങള്‍ക്കൊപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുക എന്ന വെല്ലുവിളിയാണ് സീരീസിലെ നടന്മാര്‍ക്കു മുന്നിലുള്ളത്. ഇത്രയും പറയുമ്പോള്‍ സ്വാഭാവികത ബലികഴിച്ചുകൊണ്ടുള്ള പാത്ര സൃഷ്ടിയാണ് പീറ്റര്‍ നൊവാക്കിന്റേതെന്ന കരുതരുത്. അവരവരുടെ ജീവിത പരിസരത്ത് അതീവ സ്വാഭാവികതയോടെ ആഴത്തില്‍ വേരൂന്നി ജീവിക്കുന്നവരാണ് പരമ്പരയിലെ ഓരോ കഥാപാത്രവും. ആഫ്രിക്കനമേരിക്കന്‍ സ്ത്രീ എന്ന കീഴാള നിലയില്‍ നിന്നുകൊണ്ട് തന്നെത്തന്നെ സ്ഥാപിച്ചെടുക്കാന്‍ അനലീസ് കീറ്റിംഗ് നടത്തുന്ന പോരാട്ടമായും മര്‍ഡറിനെ വായിക്കാന്‍ കഴിയും.

നോര്‍വീജിയന്‍ പരമ്പരയായ ഹെയിംബെയ്ന്‍ (Home Ground) ഇതുവരെ ചര്‍ച്ചചെയ്തു വന്ന വിഷയത്തിനു പുറത്തു നില്‍ക്കുന്ന ഒന്നാണ്. കുറ്റാന്വേഷണമോ കുറ്റകൃത്യമോ ഒന്നുമല്ല അതിന്റെ ഇതിവൃത്തം, മറിച്ച് സ്‌പോര്‍ട്‌സാണ്. കേന്ദ്രകഥാപാത്രമായ ഹെലേന മിക്കെല്‍സന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ്. അത്തവണ,  നോര്‍വേയിലെ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ പുരുഷ ക്ലബ്ടീമിന്റെ കോച്ചായി ഹെലേന എത്തുന്നതാണ് കഥ. അന്നേ വരെ പുരുഷന്റേതു മാത്രമായിരുന്ന ഒരു ലോകത്തെത്തുന്ന ഒരു സ്ത്രീ ആ സാഹചര്യത്തെ നേരിടുന്നതാണ് സീരീസിന്റെ ആദ്യ സീസണ്‍. ഡ്രസ്സിംഗ് റൂമിലേക്കെത്തുന്ന ഹെലേനയെ പരമ പുച്ഛത്തോടെ നോക്കുന്ന പുരുഷ കളിക്കാരുണ്ട്. ഹെലേന വന്നതോടെ നിരാശയുടെ പാതാളത്തിലേക്കു വീണുപോകുന്ന ഫാക്ടറിത്തൊഴിലാളികളായ ആരാധകരുണ്ട്. ഒന്നാം ഡിവിഷനില്‍ നിലനില്‍ക്കുകയെന്ന സ്വപ്‌നം തകര്‍ന്നു കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന കളിക്കാരും. സ്ത്രീയെന്ന നിലയില്‍ പുതിയ ജോലി വെല്ലുവിളി നിറഞ്ഞതാവില്ലേ എന്ന് ചോദിക്കുന്ന മാധ്യമങ്ങളെ ഞാന്‍ കളിക്കാരോടൊപ്പം കിടക്കാനല്ല വന്നതെന്ന മറുപടിയുമായാണ് ഹെലേന നേരിടുന്നത്. ഹെഡ് കോച്ചാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലവിലെ ക്യാപ്റ്റനായ സൂപ്പര്‍ താരത്തിന്റെ ഈഗോ മുതല്‍ (നോര്‍വീജിയന്‍ ഫുട്‌ബോളര്‍ ജോണ്‍ കാരൂവാണ് മൈക്കേല്‍ എംഗേഴ്‌സന്‍ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്) വനിതാകോച്ചിനെ അടിമുടി എതിര്‍ക്കുന്ന ഫാന്‍സ് അസോസിയേഷന്‍ നേതാവിനോടുവരെ പൊരുതേണ്ടി വരുന്നുണ്ട് ഹെലേനക്ക്. ഒക്യൂപൈഡിലൂടെയും 1001 ഗ്രാമിലൂടെയുമെല്ലാം പ്രശസ്തയായ നോര്‍വീജിയന്‍ നടി ആന്‍ ഡാല്‍ ടോര്‍പാണ് ഹെലേനയുടെ വേഷത്തില്‍. അവരുടെ പ്രകടനം നല്‍കുന്ന ഊര്‍ജ്ജമാണ് ഈ അസാധാരണ സീരീസിനെ നിലനിര്‍ത്തുന്നത് തന്നെ. കുറ്റാന്വേഷണമെന്ന മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വന്ന കാലത്തെ അടയാളപ്പെടുത്തിയ സീരീസുകളുടെ ചരിത്ര പ്രാധാന്യത്തിനൊപ്പമാണ് ഈ സ്‌പോര്‍ട്‌സ് പരമ്പരയുടേയും സ്ഥാനം. രണ്ടും പറയുന്നത് രാഷ്ട്രീയമായെങ്കിലും സമാനമായ കാര്യങ്ങളാണ്. കുറ്റകൃത്യത്തിനും പൊലീസ് നടപടികള്‍ക്കുമിടയില്‍ പതിഞ്ഞതാളത്തില്‍ പോകുന്ന പതിവ് നോര്‍ഡിക് നോയ്‌റില്‍ നിന്നുള്ള ആഹ്ലാദകരമായ വ്യതിയാനമാണ് ഹെയിംബെയ്ന്‍ എന്നതു കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഈ എപ്പിസോഡില്‍ പരാമര്‍ശിച്ചിട്ടുള്ള സമകാലിക പരമ്പരകള്‍

Marcella ( ‎ITV)
Happy Valley (BBC One)
The Loch (ITV)
The Killing (AMC- Based on the Danish series, Forbrydelsen)
Shades of Blue (NBC)
The Broad Church (ITV)

The Fall (BBC)
How to get away with murder (ABC)
Heimebane / Home Ground (NRK)

രാജീവ് രാമചന്ദ്രന്‍

രാജീവ് രാമചന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍