UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ചൈനക്കാരാകാന്‍ മോഹിക്കുന്ന ഇന്ത്യന്‍ സംരംഭകര്‍, ജെഎന്‍യു ബാക്കി വയ്ക്കുന്നത്, വിരാട് കോലി… – ഹരീഷ് ഖരെ എഴുതുന്നു

ഒരു രാജ്യമെന്ന നിലയില്‍ നാം നമുക്കുതന്നെ നമ്മെ പെരുപ്പിച്ചു വില്‍ക്കുകയാണ്

ഹരീഷ് ഖരെ

കഴിഞ്ഞ ആഴ്ച്ച ചണ്ഡീഗഡിലെ സംരംഭകരുടെ ഒരു വേദിയായ TIE എന്നെ സംസാരിക്കാന്‍ ക്ഷണിച്ചു. സംഘാടകര്‍ക്ക് അബദ്ധം പറ്റിയതാകുമെന്ന് തുടക്കത്തിലെ ഞാന്‍ സദസ്യരോടു പറഞ്ഞു. കാരണം ഇന്ത്യയില്‍ സംരംഭകത്വം, ഈ സംരംഭകര്‍ എന്നുവിളിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. സംരംഭകന്റെ എക്കാലത്തെയും നിര്‍വ്വചനം-അപായസാധ്യതകള്‍ എടുക്കുന്ന, നൂതനത്വത്തിന് ആഗ്രഹിക്കുന്ന ഒരാള്‍- യോജിക്കുന്ന വ്യാപാരികളെയും വ്യവസായ ഭീമന്‍മാരെയും ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. തട്ടിപ്പും തരികിടയുമല്ല സംരംഭകത്വം എന്നു ചണ്ഡീഗഡിലെ സദസ്സിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഞാന്‍ നിര്‍ത്തിയത്.

ഇതിനെക്കുറിച്ച് എഴുതണമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് 15 വര്‍ഷം പഴക്കമുള്ള ഒരു സിനിമ കാണാനിടയായി-Serendipity. അതിലെ ഒരു രംഗത്തില്‍ ഒരു കഥാപാത്രത്തോട് കോടീശ്വരനെ നിര്‍വ്വചിക്കാന്‍ ആവശ്യപ്പെടുന്നു. ഇതാണാ നിര്‍വ്വചനം: “ഒരു മൂര്‍ത്തമായ ഉത്പന്നവും ഉണ്ടാക്കാത്ത, ഒരു ആവശ്യമുള്ള സേവനവും നാല്‍കാത്ത, എന്നാലും അലസമായ പകല്‍ ഓഹരിവ്യാപാരം നടത്തുന്ന അതിന്റെ നായിന്റെ മക്കളായ ഓഹരിയുടമകള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഇന്‍റര്‍നെറ്റ് കമ്പനികള്‍ ഉണ്ടാക്കി അനാരോഗ്യകരമായ ഒരുപാട് കാശുണ്ടാക്കിയ, കോളേജില്‍ നിന്നും കൊഴിഞ്ഞുപോന്ന ഒരാള്‍.”

കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി നമ്മള്‍ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നത് വിപണിക്ക് ഒരു മാന്ത്രികവടിയുണ്ടെന്നും അത് ഒറ്റരാത്രികൊണ്ടു ഒരാളെ കോടിപതിയാക്കുമെന്നുമാണ്. മിടുക്കന്‍മാര്‍ക്ക് ചാടിവീണെടുക്കാന്‍ പാകത്തില്‍ കൊടിക്കണക്കിന് ഡോളര്‍ ചുറ്റും വെറുതെ കിടക്കുകയാണെന്ന് ‘പരിഷ്കര്‍ത്താക്കളും’ ആഖ്യാന നിര്‍മ്മാതാക്കളും നമ്മെ വിശ്വസിപ്പിക്കുന്നു. അതിനു വേണ്ടത് മിടുക്കും സാമര്‍ത്ഥ്യവും സാഹസികതയും പിന്നെ സ്വന്തം അമ്മൂമ്മയുടെ നെഞ്ചത്തുകൂടെയും ചവിട്ടിപ്പോകാനുള്ള മടിയില്ലായ്മയും ആണ്. എല്ലാ ഇന്ത്യക്കാരിലും ഒളിഞ്ഞുകിടക്കുന്ന ഒരു സംരംഭകനുണ്ടെന്നും സര്‍ക്കാരും വ്യവസായവും സമൂഹവും ഇയാളെ സ്വന്തം നിലയിലെത്താന്‍ സഹായിക്കുകയാണ് വേണ്ടതെന്നുമാണ് മോഹിപ്പിക്കുന്ന മിഥ്യ.
കഠിന പ്രയത്നം, ഗുണം, ഉള്ളടക്കം, സത്യസന്ധത ഇവയിലേക്കൊന്നും എളുപ്പവഴികളില്ലെന്ന് ഞാന്‍ എന്റെ ചണ്ഡീഗഡ് സദസ്സിനോട് പറഞ്ഞു. നമ്മുടെ വ്യാപാര നേതാക്കളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ അവരാരും ജര്‍മ്മന്‍ സംരംഭകന്‍ റോബര്‍ട് ബോഷ് ഒരിക്കല്‍ പറഞ്ഞ പോലെയല്ല; അയാള്‍ “എല്ലായ്പ്പോഴും തന്റെ ഉത്പന്നങ്ങള്‍ ആരെങ്കിലും പരിശോധിക്കുകയും അവ കുറഞ്ഞ നിലവാരത്തില്‍ ഉള്ളതാണെന്ന് തെളിയിക്കുകയും ചെയ്യുമോ എന്ന നിരന്തര ഭീതിയിലായിരുന്നു.”

ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ വ്യവസായത്തില്‍ വിജയിച്ചവര്‍ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി നല്ല ബന്ധം ഉണ്ടാക്കിയവരാണ്. എന്തിനേറെ, നമ്മള്‍ വ്യാജ സ്വപ്നങ്ങള്‍ പോലും ഉണ്ടാക്കുന്നു. ഒറ്റ രാത്രികൊണ്ടു കോടിപതിയായ ഒരാളുണ്ടെങ്കില്‍ ആയിരക്കണക്കിനാളുകള്‍ പരാജയപ്പെട്ട സ്വപ്നങ്ങളുമായി നിരാശരായ മനുഷ്യരുണ്ട്. വിജയിയായ ഓരോ IIM ബിരുദധാരിക്കും, നമുക്ക് വിദ്യാഭ്യാസം കുറഞ്ഞ, ജോലിക്കെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള വ്യാജ, തട്ടിപ്പ് ‘ബിസിനസ് സ്കൂളുകളില്‍’ നിന്നും വന്ന ആയിരക്കണക്കിനാളുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘Make in India’ വിജയിക്കാതെ പോകുന്നതിന്റെ യഥാര്‍ത്ഥ കാരണം, ഇന്ത്യയില്‍ എന്തെങ്കിലും സാധനം ഉണ്ടാക്കുന്നതിന് പകരം ചൈനീസ് ചരക്കുകള്‍ വില്‍ക്കുന്ന പഞ്ചനക്ഷത്ര വില്‍പ്പനക്കാരന്‍ ആകാന്‍ താത്പര്യമുള്ള പൊള്ളയായ സംരംഭകരാണ് നമുക്കുള്ളത് എന്നതിനാലാണ്.

ഒരു വര്‍ഷം മുമ്പ് ദേശീയത സംബന്ധിച്ച വ്യാജ വ്യാഖ്യാനങ്ങളില്‍ കുടുങ്ങിയ ജെഎന്‍യുവിലെ വൃത്തികെട്ട സംഘര്‍ഷത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഒന്നോ രണ്ടോ ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ ഈ എടുപ്പുകള്‍ മുഴുവന്‍ തകര്‍ക്കും എന്നുതോന്നുന്ന തരത്തില്‍ പൊടുന്നനെയാണ് നമ്മള്‍ ദുര്‍ബലരായത് എന്ന പ്രതീതി. ആഴ്ച്ചകളോളം വാര്‍ത്താ അവതാരകര്‍ ദേശീയതയുടെ ക്ഷുഭിതമായ നിര്‍വ്വചനങ്ങള്‍ അലറിക്കൊണ്ടിരുന്നു. രാഷ്ട്രീയ മേലാളന്മാരുടെ മനസ് വായിച്ച ഡല്‍ഹി പോലീസ് കമ്മീഷണറും സംഘവും സര്‍വകലാശാല വളപ്പില്‍ കടന്നുകയറി. ഇടത്, ഉദാര നിലപാടുകളുള്ളവരെ സംഘപരിവാര്‍ ഭയപ്പെടുത്താന്‍ തുടങ്ങി. ആരാണ് ദേശഭക്തനെന്നും ആരാണ് ദേശദ്രോഹിയെന്നും പറയാന്‍ തങ്ങള്‍ക്ക് മാത്രമാണ് അര്‍ഹതയെന്ന് പൊലീസും സംഘപരിവാറും ആള്‍ക്കൂട്ടവും വാശിപിടിച്ചു.

ഒരു വര്‍ഷം കഴിയുമ്പോള്‍ ജെഎന്‍യുവിലെ ഈ സംഘര്‍ഷം ആരോ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാണ്. വിമര്‍ശനത്തിനും സ്വയംഭരണത്തിനുമുള്ള അവകാശം തറപ്പിച്ചു പറയുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വൈസ് ചാന്‍സലര്‍മാരെയും ഭരണകൂടത്തിന്റെ ആസുരശക്തി അവര്‍ക്ക് മേല്‍ അഴിച്ചുവിടുമെന്ന് ബോധ്യപ്പെടുത്താനായിരുന്നു അത്. ദേശീയതയുടെ പേരില്‍ വഴങ്ങിക്കൊടുക്കാനായിരുന്നു അവരോടാവശ്യപ്പെട്ടത്.

സര്‍ക്കാര്‍ വിജയിച്ചു, പക്ഷേ സര്‍വകലാശാലകള്‍ തോറ്റു. പൊലീസുകാര്‍ നിയന്ത്രണം നേടി, വിദ്യാഭ്യാസ വിദഗ്ധര്‍ മെരുക്കപ്പെട്ടു. പോലീസ് സ്റ്റേഷന്‍ നടത്തിപ്പുകാരെപ്പോലെയാകാന്‍ നിര്‍ബന്ധിതരായ വൈസ് ചാന്‍സലര്‍മാര്‍ക്ക് ധാര്‍മ്മിക അധികാരം നഷ്ടമായി.
ഇതെല്ലാം ദേശീയതയുടെ പേരിലായിരുന്നതുകൊണ്ട് ജെഎന്‍യു അദ്ധ്യാപകര്‍ ദേശീയതയെക്കുറിച്ച്, അതിന്റെ അര്‍ത്ഥം, മൂല്യങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി-മാര്‍ച്ച് 2016-ല്‍ അവര്‍ പുറംസദസ്സില്‍ പഠിപ്പിച്ചു; വിഖ്യാതരായ പണ്ഡിതര്‍- റൊമില ഥാപ്പര്‍, നിവേദിത മേനോന്‍, തനിക സര്‍ക്കാര്‍, ഗോപാല്‍ ഗുരു, അപൂര്‍വ്വാനന്ദ്, പ്രഭാത് പട്നായിക്, അങ്ങനെ പലരും- ദേശീയതയെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെച്ചു.ഈ പ്രഭാഷണങ്ങള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ ഇറക്കിയിരിക്കുന്നു: What the Nation Really Needs to Know.

ഇതിന്റെ പിന്നിലുള്ള കാരണത്തെക്കുറിച്ച് സംഗ്രഹം ഇറക്കിയവര്‍ പറയുന്നുണ്ട്; “ ഈ പ്രഭാഷണങ്ങള്‍ കാണിച്ചത്, ഞങ്ങള്‍ ജെഎന്‍യുവില്‍ ചര്‍ച്ച, സംവാദം, വിയോജിപ്പ് എന്നിവയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മികച്ച അര്‍ത്ഥത്തില്‍ വിലമതിക്കുകയും കേള്‍ക്കാനുള്ള നമ്മുടെ അവകാശത്തെ മാനിക്കുന്ന വിധത്തില്‍ സംസ്കാരസമ്പന്നവും മാന്യവുമായ രീതിയില്‍ കേള്‍ക്കുന്നതിന്റെ പ്രാധാന്യത്തെയും വിലമതിക്കുന്നു എന്നാണ്.” ഓരോ പ്രഭാഷണവും ദേശീയതയെക്കുറിച്ചുള്ള ഉയര്‍ന്ന ആശയങ്ങളും സങ്കുചിത വികാരങ്ങളുടെ പൊള്ളത്തരവും വെളിവാക്കുന്നു. ആള്‍ക്കൂട്ടത്തിനെ ഇതിന്റെ കാവലേല്‍പ്പിച്ചാല്‍ അത് ഈ വൈശിഷ്ട്യത്തെ തീര്‍ത്തൂം ക്ഷുദ്രമാക്കിക്കളയും.

മാതൃ/പിതൃ ഭൂമിയോടുള്ള സ്നേഹം കൊണ്ട് കാണിച്ച ക്രൂരതകള്‍ നിറഞ്ഞതാണ് കഴിഞ്ഞ നൂറ്റാണ്ട്. ആ ഭീകരതകളുടെ ചെറിയ രൂപങ്ങള്‍ 21-ആം നൂറ്റാണ്ടില്‍ വീണ്ടും കാണുകയാണ്. ഇന്ത്യയിലും നാം ജാഗരൂകരാകണം. അല്ലെങ്കില്‍ ഈ പുസ്തകത്തില്‍ പറഞ്ഞപോലെ ‘നമ്മുടെ പൊതുവിടങ്ങളെ ഇരയ്ക്കുന്ന ഇരുണ്ട നവദേശീയതയുടെ വേരുകളെയും, നമ്മുടെ ജീവിതങ്ങളെ ഭരിക്കുന്ന അടിച്ചമര്‍ത്തുന്ന, ഭൂരിപക്ഷ പതിപ്പിനെയും’ നാം തിരിച്ചറിയണം. ഇത് ഓരോ ഇന്ത്യക്കാരനും സൂക്ഷിച്ചുവെക്കേണ്ട, മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും മാതാപിതാക്കള്‍ക്കും സമ്മാനമായി നല്‍കേണ്ട പുസ്തകമാണ്. വരുംദിനങ്ങളില്‍ നമുക്കതിനെ ആശ്രയിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു.

വിരാട് കോലിയുടെ സംഘത്തിനെ ആസ്ട്രേലിയക്കാര്‍ പൂനെയില്‍ വെറും മൂന്നു ദിവസം കൊണ്ട് ഭൂമിയിലെത്തിച്ചു. ഇന്ത്യന്‍ ടീം 150 കടക്കില്ലെന്ന് വാദിച്ച ഒരു സുഹൃത്തിനോട്, കോലിയും സംഘവും ഒരു പോരാട്ടം കൂടാതെ കീഴടങ്ങില്ലെന്ന് കരുതിയ എനിക്ക് ഒരു പന്തയത്തില്‍ തോല്‍ക്കേണ്ടി വന്നു. എന്തുകൊണ്ടാണ് തോറ്റതെന്നതിന് വിദഗ്ധന്‍മാര്‍ക്ക് ഒരുപാട് കാരണങ്ങള്‍ നിരത്താനുണ്ടാകും.

പൂനയിലെ ദുരന്തത്തെ ഞാന്‍ ഒരു വിശാല കാഴ്ച്ചപ്പാടിലാണ് കാണുന്നത്. സ്വയം കെണിതീര്‍ത്തു അതിലേക്കു നടന്നുകയറുന്നതില്‍ നാം മിടുക്കരാവുകയാണ്. ഒരു രാജ്യമെന്ന നിലയില്‍ നാം നമുക്കുതന്നെ നമ്മെ പെരുപ്പിച്ചു വില്‍ക്കുകയാണ്. ധീരതയ്ക്ക് അതിന്റെ ഉപയോഗങ്ങളുണ്ട്, പക്ഷേ അത് അനര്‍ഹമായ സ്വയംപൊക്കലാകരുത്. രാജ്യത്തിനകത്ത് ബുദ്ധിയുടെയും, കണ്ടുപിടുത്തങ്ങളുടെയും സത്യസന്ധതയുടെയും പെരുപ്പിച്ച അവകാശവാദങ്ങള്‍ മുഴക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പുറം ലോകത്തിന് നമ്മുടെ സൌകര്യത്തിനനുസരിച്ച് നിന്നു തരാന്‍ ഒരു ബാധ്യതയുമില്ല. കോലിയെ നേരിടാന്‍ തങ്ങള്‍ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് ഓസീസ് നായകന്‍ പറഞ്ഞിരുന്നു; പൂനയിലാ മികവ് തെളിഞ്ഞു.

നമ്മുടെ അല്‍പന്മാരായ രാഷ്ട്രീയ നേതാക്കള്‍ ദേശീയതാ മായക്കാഴ്ച്ചകളും വ്യാജ നേട്ടങ്ങളും പൊക്കിക്കാട്ടുന്നതില്‍ മത്സരിക്കുകയാണ്. അത് ആദ്യതവണ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി മാറ്റുരയ്ക്കുമ്പോഴേ പൊളിയാന്‍ തുടങ്ങും. നമ്മള്‍ വീട്ടില്‍ പരസ്പരം ബഹളം വെച്ചു ഇഷ്ടപ്പെടാത്ത ശബ്ദത്തെ ഒതുക്കും. എന്നാല്‍ ലോകം മിണ്ടാതിരിക്കുകയോ മറ്റെ കവിള്‍ കാണിച്ചു തരികയോ ഇല്ല. ഇന്ത്യക്കാരെയും അവരുടെ പൊള്ളയായ പൊങ്ങച്ചത്തെയും സ്വീകരിക്കാന്‍ പാകത്തില്‍ ആരും നിലാവര മാനദണ്ഡങ്ങള്‍ താഴ്ത്തിവെക്കില്ല.
പൂനെയിലെ തോല്‍വിയില്‍ നിന്നും തങ്ങള്‍ പാഠം ഉള്‍ക്കൊള്ളും എന്നു കോലി സൂചിപ്പിച്ചു.

നമുക്ക് കാണാം. അതുവരെ, ഒരു കപ്പ് കാപ്പിയുമായി നമുക്കൊന്ന് ഉഷാറാകാം, വരൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍