UPDATES

വായന/സംസ്കാരം

കഥയില്ലെങ്കിലും നമുക്ക് ജീവിക്കാം; വെള്ളം ഇല്ലാതെയോ? സാറാ ജോസഫ്

പ്രകൃതി നിലനില്‍ക്കണമെങ്കില്‍ ബദലുകള്‍ കണ്ടെത്തിയേ തീരൂ; രാജ്യത്തിന്‍റെ പുരോഗതി നിര്‍ണ്ണയിക്കേണ്ടത് ആളോഹരി വരുമാനത്തിലല്ല ആളോഹരി ആനന്ദത്തിലാണ്

സാറാ ജോസഫ്

സാറാ ജോസഫ്

നമ്മുടെ പാരിസ്ഥിതിക അവബോധം എന്നു പറയുന്നത് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അല്ലെങ്കില്‍ അനുഭവിക്കാന്‍ പോകുന്ന പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് കഥകളില്‍ വരുന്നത്. നമ്മുടെ ചുറ്റുപാടുകള്‍, നമ്മുടെ പരിസ്ഥിതി ഇതിനെയൊന്നും നമ്മള്‍ ഇങ്ങനെയൊന്നുമല്ല കൊണ്ടാടിയിരുന്നത്. കാളിദാസന്‍റേയൊക്കെ കൃതികളിലും മറ്റ് മധ്യകാല കൃതികളിലും ഒക്കെ നമ്മള്‍ കാണുന്നത് പരിസ്ഥിതി എന്നു പറയുന്നത് ഒരു പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒരു സംഗതിയായിട്ടല്ല. മനുഷ്യരും മൃഗങ്ങളും ചെടികളും മറ്റ് ജീവജാലങ്ങളും പക്ഷിപറവകളും മീനുകളും ഒക്കെ അടങ്ങിയ ഒരു ജീവിതത്തിന്‍റെ ഏറ്റവും കുളിര്‍മ്മയുള്ള ആവിഷ്ക്കാരം അവിടെ കാണാം. പാരിസ്ഥിതിക നാശം അനുഭവിക്കാന്‍ തുടങ്ങുന്നത് മുതല്‍ നമ്മളെ സംബന്ധിച്ചിടത്തോളം അതൊരു വേവലാതിയായി മാറുകയാണ്. ജീവിതം എന്നു പറയുന്നതു വലിയ ഒരു വേവലാതിയായി മാറുകയാണ്. ആ വേവലാതികള്‍ ആവിഷ്ക്കരിക്കുന്ന രചനകള്‍ മലയാള സാഹിത്യത്തിലും നമുക്ക് കാണാന്‍ കഴിയും. പ്രകൃതി വര്‍ണ്ണനകളും കൊണ്ടാടലുകളും പ്രകൃതിയുടെ മനോഹാരിതകളും അതിന്‍റെ കുളിരും തണുപ്പും പൂങ്കാറ്റും ഒക്കെ വര്‍ണ്ണിച്ചിരുന്നിടത്ത് നിന്നു ഇന്ന് നമുക്ക് അതൊന്നും വര്‍ണിക്കാന്‍ ധൈര്യം ഇല്ലാതായിരിക്കുന്നു. കാരണം അതൊന്നും അങ്ങനെയല്ല.

നമ്മള്‍ വികസിച്ചു. വികസനം ഏത് രീതിയിലേക്കാണ് നമ്മളെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്? ഇന്ന് നമ്മള്‍ ഒരിറ്റു ശുദ്ധ വായുവിന് വേണ്ടി വിഷമിക്കുന്ന ആളുകളാണ്. കാറ്റില്‍ എന്തുണ്ട് എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ആശങ്ക. വെള്ളത്തിലെന്ത് വിഷമുണ്ട്, ഭക്ഷണത്തിലെന്ത് വിഷമുണ്ട്, കാറ്റിലേത് വിഷമുണ്ട്, എന്തൊക്കെയാണ് നമ്മെ ബാധിക്കുന്നത് എന്ന ആശങ്കയില്‍ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലും, അവരുടെ രാഷ്ട്രീയത്തിലും, അവരുടെ സാമൂഹിക ബോധത്തിലും, അവരുടെ എഴുത്തിലും ഒക്കെ തന്നെ ഈ ആശങ്കകള്‍ വന്നേ പറ്റുകയുള്ളൂ. ഒരു പക്ഷേ ആ തിരിച്ചറിവു സൈലന്‍റ് വാലി പദ്ധതിക്കെതിരെയുള്ള സമരങ്ങള്‍ തൊട്ട് നമ്മുടെ എഴുത്തുകാര്‍ ഏറ്റെടുത്തിട്ടുള്ള ഒരു കാര്യമാണ്. നമ്മള്‍ കൊണ്ടാടിയിരുന്ന നമ്മള്‍ അനുഭവിച്ച് ആനന്ദിച്ചിരുന്ന നമ്മെ കുളിരണിയിപ്പിച്ചിരുന്ന പ്രകൃതിയും ചുറ്റുപാടുകളിലും നിന്ന്, നമ്മുടെ നദികളില്‍ നിന്ന്, നമ്മുടെ വയലുകളില്‍ നിന്ന്, നമ്മള്‍ അകന്ന് പോകുകയാണ്.

ഞാന്‍ അംബികാസുതന്‍റെ നോവലില്‍ തുരങ്ക എന്നുപറയുന്ന കാസര്‍കോട്ടെ ജലാശയങ്ങളെ കുറിച്ച് വായിച്ചപ്പോള്‍ ആ തണുപ്പ് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. അതില്‍ എന്‍ഡോസള്‍ഫാന്‍ കലരുന്നു എന്ന യാഥാര്‍ഥ്യം അറിഞ്ഞു കൊണ്ട് തുരങ്കകളിലെ വെള്ളം നമ്മെ ഭയപ്പെടുത്തുകയാണ് ഇപ്പോള്‍. ഇങ്ങനെ ഭയങ്കരമായ ഒരു കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുകയും നമ്മുടെ ചുറ്റുപാടുകളെ ആ രീതിയില്‍ ആവിഷ്ക്കരിക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്യുകയാണ്.

നേരത്തെ പറഞ്ഞതുപോലെ സൈലന്‍റ് വാലി സമരത്തില്‍ പങ്കെടുത്തത് മുഴുവന്‍ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ആയിരുന്നു. അന്ന് സൈലന്‍റ് വാലി നമ്മള്‍ തടഞ്ഞിരുന്നില്ല എങ്കില്‍ ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള എന്തൊരു ശിക്ഷയായിരിക്കും നമ്മള്‍ ലോകത്തിന് കൊടുക്കുക എന്നു ചിന്തിച്ച് നോക്കുക. നമ്മുടെ മാത്രമല്ല സൈലന്‍റ് വാലി. സൈലന്‍റ് വാലി ലോകത്തിന്‍റെ മുഴുവനും ആണ്. പക്ഷേ നമ്മള്‍ എപ്പോഴും നമ്മുടേത് മാത്രമാണെന്ന ചിന്തയോടെയാണ് അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനുഷ്യരുടെ മാത്രമാണ് എന്ന ചിന്തയോടുകൂടി. സുഗതകുമാരി ടീച്ചറായാലും അയ്യപ്പപ്പണിക്കാരായാലും ഈ കാര്യത്തില്‍ അന്നത്തെ എഴുത്തുകാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അത് ക്രമേണ നമ്മുടെ സാഹിത്യത്തിലും പ്രതിഫലിക്കുന്നതായിട്ട് നമുക്ക് കാണാം.

ഇപ്പോഴാകട്ടെ നമുക്ക് ഒരു വാക്ക് പ്രകൃതിയെ പറ്റി എഴുതാന്‍ കഴിയുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.  ‘ആതി’ എന്ന നോവല്‍ എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള ഒരു വിറയല്‍ ഉണ്ട്. ഞാന്‍ സാന്ദര്‍ഭികമായി പറയാം ഞാന്‍ അത് എഴുതുമ്പോള്‍ വായിച്ചുകൊണ്ടിരുന്നത് മസാറോ ഇമോട്ടോ എന്ന ജാപ്പനീസ് എഴുത്തുകാരന്‍റെ ഒരു നോവലാണ്. അയാള്‍ വെള്ളത്തില്‍ എക്സ്പീരിമെന്‍റ് ചെയ്തിട്ടുള്ള ആളാണ്. വെള്ളത്തിന്റെ ക്രിസ്റ്റലുകള്‍ ഉണ്ടാക്കുമ്പോള്‍ അന്തരീക്ഷം ഏതാണോ അതിനനുസരിച്ച് ക്രിസ്റ്റലുകളുടെ ആകൃതി രൂപപ്പെടുന്നു എന്ന് ഉദാഹരണ സഹിതം യൂണിവേഴ്സിറ്റികളില്‍ ക്ലാസ്സ് എടുക്കുന്ന ആളാണ് മസാറോ ഇമോട്ടോ. അദ്ദേഹം എഴുതിയത് ഏറ്റവും മനോഹരമായ വാക്കുകള്‍ കേള്‍പ്പിച്ചിട്ട് ക്രിസ്റ്റലുകള്‍ ഉണ്ടാക്കുമ്പോള്‍ അതിമനോഹര രൂപങ്ങള്‍ ഉണ്ടാകുന്നു എന്നാണ്. ഏറ്റവും മോശപ്പെട്ട വാക്കുകള്‍ ഏറ്റവും ശബ്ദകോലാഹലങ്ങള്‍ ഉള്ള അന്തരീക്ഷത്തില്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടുത്തുമ്പോള്‍ വളരെ പേടിപ്പെടുത്തുന്ന രൂപം ഉണ്ടാവുന്നു എന്നു പറഞ്ഞ മസാരോ ഇമോട്ടോവിന്റെ ആ നോവലാണ് ഞാന്‍ വായിച്ചു കൊണ്ടിരുന്നത്. ഞാന്‍ ‘ആതി’ എഴുതി അവസാനിപ്പിക്കുന്ന സമയത്താണ് ജപ്പാനിലെ ഭയങ്കരമായ വിസ്ഫോടനം ഉണ്ടാകുന്നത്. ഇപ്പോള്‍ ജപ്പാനിലെ വെള്ളത്തില്‍ നിന്ന് ക്രിസ്റ്റലുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ മസാറോ ഇമോട്ടോവിന് കിട്ടുന്ന ക്രിസ്റ്റലുകള്‍ ഏത് രീതിയില്‍ ഉള്ളതായിരിക്കും ഞാന്‍ ചിന്തിച്ചു .

ഇന്ന് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒരു സംഗതി അടുത്തു തന്നെ വരാന്‍ പോകുന്ന ഒരു വിപത്താണ്. അതായത് വെള്ളം എന്നു പറയുന്നതു ആരുടെയാണ് എന്നൊരു ചോദ്യം നമ്മുടെ മുന്‍പില്‍ ഉയര്‍ന്നു വരികയാണ്. വെള്ളം പ്രകൃതി വിഭവമാണ് എന്ന നിര്‍വ്വചനമാണ് നമുക്ക് ഉണ്ടായിരുന്നത്. പ്രകൃതി വിഭവം എന്നുപറയുമ്പോള്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ, മുഴുവന്‍ സസ്യജാലങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ഉറുമ്പുകള്‍ക്കും ഒക്കെ അവകാശപ്പെട്ടതാണ്. അവിടെ മനുഷ്യന്‍ ഒരു തീരുമാനം എടുക്കാന്‍ പോകുകയാണ്. നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് വെള്ളത്തിന്റെ അവകാശം പ്രകൃതിയില്‍ നിന്നെടുത്ത് മാറ്റി അതൊരു വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന നടപടി അനുവദിച്ചു കൂട. നിങ്ങളാരാണ് ഈ പ്രകൃതി വിഭവത്തിന്‍മേല്‍ കൈവെക്കാന്‍ എന്ന ചോദ്യം നമ്മള്‍ എഴുത്തുകാര്‍ ഉന്നയിച്ചിട്ടുണ്ട്. നമുക്ക് വേണ്ടി മാത്രമല്ല സംസാരിക്കാന്‍ അറിയാത്ത മറ്റ് ജീവജാലങ്ങള്‍ക്ക് വേണ്ടി. അവര്‍ക്ക് വെള്ളം ആവശ്യമാണ്. അവര്‍ ചത്തൊടുങ്ങേണ്ടവരല്ല. പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്താന്‍ അവരും കൂടി ആവശ്യമാണ്. കഥയില്‍ നിന്നു തെന്നിമാറി ഞാന്‍ ഇത് ബോധപൂര്‍വ്വം പറയുന്നതാണ്. കാരണം കഥ നിങ്ങള്‍ വായിക്കും നിങ്ങള്‍ അറിയും നിങ്ങള്‍ അതിനെ വിലയിരുത്തും അത് ഞാന്‍ പറയേണ്ട കാര്യം ഇല്ല. പക്ഷേ എല്ലായ്പ്പോഴും നമ്മള്‍ തിരിച്ചറിയേണ്ട ഒരു കാര്യം ഉണ്ട്. വരാന്‍ പോകുന്ന കൊടും വരള്‍ച്ച. നമ്മള്‍ അനുഭവിക്കാന്‍ പോകുന്ന വെള്ളം ഇല്ല എന്ന ഏറ്റവും വലിയ ദുരന്തം. അപ്പോഴാണ് ഈ ഭരണഘടന ഭേദഗതി വരാന്‍ പോകുന്നത്. അതിനെ ഞാന്‍ വളരെ ആശങ്കയോട് കൂടിയാണ് കാണുന്നത്. എ ഡി ബി വായ്പ എടുക്കുമ്പോള്‍ തൊട്ട് വെള്ളം എഴുതിക്കൊടുക്കുന്നതിനുള്ള അല്ലെങ്കില്‍ അതിന്‍റെ കുത്തക അവകാശം അവര്‍ക്ക് കൊടുക്കുന്നതിനുള്ള നീക്കങ്ങള്‍ പല തവണ പാര്‍ലമെന്റില്‍ ബില്ലുകളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ അതിനു തടസ്സം നിന്നത് നമ്മുടെ നിയമ മന്ത്രാലയമാണ്. ഇന്നു നിയമ മന്ത്രാലയത്തിന്റെ തടസ്സം മാറ്റാന്‍ വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു. ഏഴാം വകുപ്പില്‍ പെടുന്ന സ്റ്റേറ്റിന്റെ അധികാരവും കേന്ദ്രത്തിന്റെ അധികാരവും എന്നു പറയുന്നതില്‍ നിന്നു ഇത് മുഴുവന്‍ എടുത്തിട്ടു ഇരു വിഭാഗങ്ങള്‍ക്ക് അധികാരമുള്ള പൊതു പട്ടികയിലേക്ക് ജലത്തിന്റെ ഡാറ്റ, ജലത്തിന്റെ സുരക്ഷ, ജലത്തിന്റെ നിയന്ത്രണം തുടങ്ങിയിട്ടുള്ള കാര്യങ്ങള്‍ നീക്കാന്‍ പോകുകയാണ്.  പ്രാപ്തരും ടെക്നോളജിയിലെ വിദഗ്ദരും എല്ലാ കഴിവുള്ളവരും അതുപോലെ തന്നെ മിടുക്കരായിട്ട് പ്രവര്‍ത്തിക്കുന്നവരും അലംഭാവം ഇല്ലാത്തവരും എല്ലാം കോര്‍പ്പറേറ്റുകള്‍ ആണെന്നാണ് പല ഉദാഹരണങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതു. അതുകൊണ്ട് രാജ്യത്തെ വെള്ളം പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുക എന്നുള്ളത് സുഗമമായിട്ടുള്ള ഒരു സംഗതിയായിരിക്കും. അതാണ് വരാന്‍ പോകുന്ന അപകടം.

കേരളത്തില്‍ വെള്ളം വളരെ കൂടുതല്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വെള്ളം അധികമായി കിട്ടിയിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് കിട്ടിയിട്ടുള്ള പ്രത്യേക അനുഗ്രഹമായിട്ടൊന്നും കാണേണ്ട. വെള്ളം ഒരു സംസ്ഥാനത്തിന്റെയും സ്വകാര്യ സ്വത്തല്ല എന്നു പറഞ്ഞിട്ടുണ്ട്. നമുക്ക് കഥകള്‍ എഴുതാം. പക്ഷേ അതിനേക്കാലധികം നമ്മള്‍ ആക്ടീവാകണം. ആക്ടീവിസമാണ് ഇവിടെ ആവശ്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കഥയില്ലെങ്കിലും നമുക്ക് ജീവിക്കാം. വെള്ളം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ. അത്തരമൊരു വിപത്തിന്‍റെ മുകളില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചയാണ് നമ്മളിവിടെ നടത്തേണ്ടത്.

നമുക്കറിയാം ജീവിക്കണമെങ്കില്‍ നമുക്ക് ചുറ്റും സാന്ത്വനം ഉള്ള പ്രകൃതി വേണം. ഒരു പച്ചപ്പും ഇല്ലാത്തിടത്ത് ഒരു മരം കണ്ടാല്‍ എന്തൊരു സന്തോഷമാണ് നമ്മുടെ മനസ്സിന്. അയാള്‍ ജ്ഞാനിയോ എഴുത്തുകാരനോ ആകണം എന്നില്ല. വിജനമായ ഒരു മരുഭൂമിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു മരത്തിന്‍റെ അടുത്തേക്ക് എല്ലാവരും ഓടിച്ചെല്ലുന്നത് അതുകൊണ്ട് തന്നെയാണ്. ഒരു മരമോ ഒരു പച്ചപ്പോ ഒരു തുള്ളി വെള്ളത്തിന്റെ ഈര്‍പ്പമോ ഇല്ലാതെയാകുന്നത് മനസ്സിലെ ആര്‍ദ്രത നഷ്ടപ്പെടുമ്പോഴാണ്. നമ്മുടെ മനസ്സ് ആര്‍ദ്രമല്ല. അതുകൊണ്ടാണ് ഇത്രമാത്രം പാറമടകള്‍. ഇത്രമാത്രം പാറമടകള്‍ ഉണ്ടായിട്ടും ആര്‍ദ്രമായ മനസ്സുണ്ടായിട്ടും അതിനോടു പ്രതികരിക്കാതെ ഇത് മുടിഞ്ഞു പോകട്ടെ എന്നുപറയുന്ന നിസ്സംഗത കുറ്റകൃത്യമാണ്. നമ്മളൊക്കെ നിസ്സംഗരായിരിക്കുകയും കഥ വായിച്ചു ആസ്വദിക്കുകയും ചെയ്യുന്നു. പാരിസ്ഥിതിക കഥകള്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. അതൊക്കെ വായിച്ചു സന്തോഷിച്ചാല്‍ മതിയോ? ഇടപെടണ്ടേ, ഓടിക്കൂടണ്ടേ, തടയണ്ടേ? ഇത്രമാത്രം പാറമടകള്‍ എന്തിന്? ഇത്രമാത്രം നഗരവത്ക്കരണം എന്തിന്? ഇത്രമാത്രം മലിനീകരണം എന്തിന്? ഇതൊക്കെ മനുഷ്യ നിര്‍മ്മിതമാണ്. നമ്മള്‍ നിര്‍മ്മിക്കുന്നത് നമ്മള്‍ അനുഭവിച്ചാല്‍ മതി. പാവപ്പെട്ട ജന്തു മൃഗാദികളെയും സസ്യ ജാലങ്ങളെയും അതനുഭവിപ്പിക്കുന്ന കൊടും പാപമാണ് നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ആശാവഹമായ പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്ന നമ്മുടെ തൊട്ടടുത്തുള്ള ഭൂട്ടാന്‍ എന്ന കൊച്ചു രാജ്യത്തെ നോക്കുക. അവരുടെ മുദ്രാവാക്യം തന്നെ ജി എന്‍ എച്ച് ആണ്. അതായത് ഗ്രോസ് നാഷണല്‍ ഹാപ്പിനെസ്സ്. രാജ്യത്തിന്‍റെ പുരോഗതി നിര്‍ണ്ണയിക്കുന്നത് ആളോഹരി വരുമാനത്തിലല്ല ആളോഹരി ആനന്ദത്തിലാണ്. ആളോഹരി ആനന്ദത്തിന് എന്തു വേണം എന്നതിനുള്ള ഉത്തരം നമ്മുടെ രാജ്യം 75% ഫോറെസ്റ്റ് കവറെജില്‍ ആയിരിക്കണം എന്നാണ്. അപ്പോള്‍ മനുഷ്യര്‍ മാത്രമല്ല, ജീവജാലങ്ങളുണ്ടാകും, ക്ലീന്‍ എനര്‍ജി ഉണ്ടാകും. മറ്റ് സകലതും നിലനില്‍ക്കും. മനുഷ്യര്‍ക്ക് സുന്ദരമായിട്ടുള്ള ഒരവസ്ഥയുണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ വിപത്ത് എന്നു പറയുന്നതു പ്രകൃതി വിഭവങ്ങളുടെ ചൂഷണമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ കൊലചെയ്യുന്നത് വീടുണ്ടാക്കാന്‍ വേണ്ടിയിട്ടാണ്. മാഫിയകള്‍ പണമുണ്ടാക്കാന്‍ വേണ്ടി ഫ്ലാറ്റുകളും മറ്റും കെട്ടുന്നു. നമ്മളൊക്കെ ഒരു വീടുണ്ടാക്കുമ്പോള്‍ ഉപയോഗിയ്ക്കുന്ന വിഭവങ്ങള്‍ എത്രമാത്രം എന്നാലോചിച്ചു നോക്കണം. ഇനി അങ്ങനെ ഉപയോഗിക്കാന്‍ ഇല്ല. കെട്ടിയത് കെട്ടിപ്പോയി. അതുകൊണ്ട് ബദല്‍ അന്വേഷണങ്ങള്‍ നടക്കണം. ആക്ടീവിസം എന്നുപറഞ്ഞാല്‍ ബദലുകളുടെ അന്വേഷണവും കൂടിയാണ്. ഒരുപാട് ബദലുകള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രകൃതി ഇനിയെങ്കിലും നിലനില്‍ക്കണമെങ്കില്‍ ബദലുകള്‍ കണ്ടെത്തിയേ തീരൂ.

ഞാന്‍ ഒരിക്കല്‍ ലണ്ടനിലെ ഒരു ഗ്രാമ പ്രദേശത്ത് താമസിക്കാന്‍ ഇടയായി. ഞാന്‍ താമസിച്ച വീട്ടിലെ ഡോക്ടര്‍ പറഞ്ഞത് അവര്‍ക്ക് ആ വീട് വാങ്ങാനായിട്ട് ഏറ്റവും ബുദ്ധിമുട്ടി എഴുതിക്കൊടുക്കേണ്ടി വന്ന പ്രമാണം എന്നു പറയുന്നതു ആ വീടിന്റെ പറമ്പിന്റെ മൂലയിലുള്ള രണ്ട് ഓക്കുമരങ്ങള്‍ മുറിക്കില്ല എന്നുള്ളതായിരുന്നു. അതുപോലെ അതിന്റെ തോട്ടപ്പുറത്തെ വീട്ടില്‍ താമസിക്കുന്ന വയസ്സായ ദമ്പതികള്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്. അവരുടെ വീടിനടുത്തുള്ള ഒരു വലിയ മരത്തിന്റെ വേരോക്കെ വീട്ടിന്നകത്ത് വന്നിട്ട് ഇലകളും മറ്റും അവര്‍ക്ക് ശല്യം. അവര്‍ അവിടത്തെ ട്രീ കൌണ്‍സിലില്‍ ആപ്ലിക്കേഷന്‍ കൊടുത്തു. ഇതൊന്ന് മുറിച്ച് തരണം എന്നു പറഞ്ഞിട്ടു. ട്രീ കൌണ്‍സിലിന്റെ ആളുകളും ട്രീ സര്‍ജനും ഒക്കെ വന്നു. ആദ്യത്തെ തവണ അവര്‍ മരത്തിന് ഒരു കുഴപ്പവും ഇല്ല എന്നെഴുതിപ്പോയി. ഇവര്‍ രണ്ടാമതും അപേക്ഷയും കൊണ്ടുപോയി. മരത്തിനല്ല ഞങ്ങള്‍ക്കാണ് കുഴപ്പം ഞങ്ങളുടെ വീട്ടിലേക്ക് മരത്തിന്റെ വേരുകള്‍ വരുന്നു. ഇലകള്‍ വരുന്നു എന്തായാലും മുറിച്ച് തരണം എന്നു പറഞ്ഞു. മൂന്നും നാലും പ്രാവശ്യം കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു നിങ്ങള്‍ എത്ര നാലായി ഇവിടെ താമസിക്കുന്നു. അപ്പോ അവര് പറഞ്ഞു ഞങ്ങള്‍ പത്തിരുപത്തഞ്ച് കൊല്ലമായി. ഈ മരം എത്രയോ ഇരുപത്തിയഞ്ച് കൊല്ലമായിട്ട് അവിടെ ഉണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം എന്നു അവര്‍ പറഞ്ഞു. ഈ ഒരു കാഴ്ചപ്പാട് നമ്മള്‍ക്കില്ലല്ലോ നമ്മള്‍ വീട് വെക്കുമ്പോള്‍ മുറ്റത്തുള്ള മരങ്ങളെല്ലാം ആദ്യം തന്നെ മുറിക്കും.

നമ്മുടെ കാഴ്ചപ്പാടില്‍ വരുത്തേണ്ട മാറ്റം ഒരു പ്രധാന പ്രശ്നമാണ്. സാമ്പത്തികാനന്തര വികസനത്തെ കുറിച്ച് ചിന്തിക്കേണ്ട കാലമാണിത്. അതിനു ക്രിയേറ്റീവായിട്ടുള്ള ഒരു ഭരണകൂടം നമുക്ക് ആവശ്യമാണ്. ഒപ്പം നില്‍ക്കുന്ന ജനങ്ങളും നമുക്ക് ആവശ്യമാണ്.

(രണ്ടാമത് ഡി സി കേരള സാഹിത്യോത്സവത്തോടനുബന്ധിച്ച്  നടന്ന ‘കഥയും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ചത്. തയ്യാറാക്കിയത് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍