UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടക് ജനത പ്രതിഷേധിക്കുമ്പോള്‍ വയനാട് മരം മുറിക്കൊരുങ്ങുന്നു

Avatar

രമേഷ് കുമാര്‍ വെള്ളമുണ്ട

കൈഗ-കോഴിക്കോട് അന്തര്‍ സംസ്ഥാന 400 കെ വി വൈദ്യുതി ലൈനിനെതിരെ കുടക് ജനത എന്തിനാണ് പ്രതിഷേധിക്കുന്നത്? ചോദ്യം ന്യായമാണ്. വികസനവും പരിസ്ഥിതിയും ഏറ്റുമുട്ടുമ്പോള്‍ ആരു ജയിക്കും എന്നാണ് കുടകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.വൃക്ഷ നിബിഡമായ കൃഷിത്തോട്ടത്തിന്  നടുവിലൂടെ വന്‍ മരംകൊള്ള ലക്ഷ്യമിട്ട് ഹരിതഭൂമിയെ നെടുകെ മുറിക്കുന്ന വൈദ്യുത ലൈന്‍ ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ നാട്ടിലൂടെ വഴി അന്വേഷിക്കുന്നത്. കര്‍ഷരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും ബദല്‍ നിര്‍ദ്ദേശങ്ങളും  പാലിക്കാതെയാണ് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ ലൈന്‍ വലിക്കുന്നതിനുള്ള ശ്രമം നടത്തുന്നതെന്നാണ് ആരോപണം. കേരളത്തിലെ ആറന്മുള പദ്ധതിക്കെതിരായ തരത്തിലുള്ള എതിര്‍പ്പുകളാണ് കര്‍ണ്ണാടകയില്‍ 400 കെ.വി ലൈന്‍ വലിക്കുന്നതിനെതിരെ നിലനില്‍ക്കുന്നത്. രാത്രി യാത്രാനിരോധനത്തിനുശേഷം കര്‍ണ്ണാടകയും കേരളവും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ ഒരു തര്‍ക്ക വിഷയം കൂടി സുപ്രീം കോടതിയില്‍ എത്തുകയാണ്.

ഗോവയുടെ  തീരപ്രദേശമായ കൈഗയില്‍ നിന്നും മൈസൂര്‍, ഹുന്‍സൂര്‍, കുടക്, വയനാട് വഴി കോഴിക്കോടേക്ക് ലൈന്‍ എത്തിച്ച് കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 2005ല്‍ 729 കിലോമീറ്റര്‍ ദൂരമുള്ള വൈദ്യുത ലൈന്‍ പ്രൊജക്ടിന് അനുമതി ലഭിച്ചു. എന്നാല്‍ വനഭൂമിയെയും കൃഷിത്തോട്ടങ്ങളെയും സ്പര്‍ശിക്കാതെ ഇത്രയധികം ദൂരമില്ലാതെ തീരപ്രദേശത്തുകൂടി ലൈന്‍ വലിക്കാവുന്നതാണെങ്കിലും ഇതിനെ ഒഴിവാക്കി വയനാട്ടിലെയും കുടകിലെയും വനത്തിലൂടെയും കൃഷി ഭൂമിയിലൂടെയുമാണ് ലൈന്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 40 ഹെക്ടറും കര്‍ണ്ണാടകത്തിലെ 24 ഹെക്ടറും നിത്യഹരിത വനങ്ങളെയും ഇതിനുവേണ്ടി ഇല്ലാതാക്കേണ്ടിവരും. മൊത്തം ആയിരത്തോളം ഹെക്ടര്‍ കൃഷിത്തോട്ടത്തെയും ഇത് ബാധിക്കും. തിരുനെല്ലിയിലെ ബ്രഹ്മഗിരി വനാന്തര്‍ഭാഗത്തുകൂടിയാണ് ഈ ലൈന്‍ കടന്നുപോകുന്നത്. ലൈനിനടിയില്‍ 80 മുതല്‍ 110 മീറ്റര്‍ വീതിയിലെ മരങ്ങളും അടിക്കാടുകളും മുറിച്ചുനീക്കാനാണ് ഉത്തരവില്‍ പറയുന്നത്. ബദല്‍ മാര്‍ഗ്ഗത്തിലൂടെ 167 കിലോമീറ്റര്‍ ലാഭിച്ച് കൈകയില്‍ നിന്നും കോഴിക്കോട് വൈദ്യുതി എത്തിക്കാമെങ്കിലും അധികൃതര്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്.

വൈദ്യുതിയുടെ പേരിലുള്ള വന്‍ മരം കൊള്ളയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന്  കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി അംഗങ്ങള്‍ പറയുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗ ശല്യം നേരിടുന്ന കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഇത്രയധികം വനം വെളുപ്പിക്കുമ്പോള്‍ വന്യജീവികളുടെ നാട്ടിലേക്കുള്ള വരവിനും വേഗതയേറും. കര്‍ണ്ണാടകയിലെ ഹുന്‍സൂര്‍ മൈസൂര്‍ ജില്ലകളിലും കേരളത്തിലെ കോഴിക്കോട് വയനാട് ജില്ലകളിലും ഇതിനകം വൈദ്യുതി ലൈന്‍ വലിച്ചുകഴിഞ്ഞു. എന്നാല്‍ ഇതിനടിയിലുള്ള മരം മുറി ലൈന്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് നടത്തുക. ഇതിനുള്ള ടെണ്ടര്‍ നടപടി വനംവകുപ്പ് തുടങ്ങിക്കഴിഞ്ഞു.

കുടകിലെ 55 കിലോമീറ്റര്‍ ഒഴികെ 674 കിലോ മീറ്റര്‍ ദൂരത്തില്‍ വൈദ്യുതി ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് പി.ജി.സി.എല്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുടകിലെ കര്‍ഷക സംഘടനകളും പരിസ്ഥിതി സംഘടനകളും ചേര്‍ന്ന് ചെന്നൈ ഹരിത ട്രൈബൂണലില്‍ നിന്നും ലൈന്‍ വലിക്കുന്നതിനെതിരെ താല്‍ക്കാലിക സ്റ്റേയും നേടിയിരിക്കുകയാണ്. കര്‍ണ്ണാടക ഹൈക്കോടതിയിലും പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നോ ദേശീയ ഹരിത ട്രൈബൂണലില്‍ നിന്നോ അനുകൂല വിധിയുണ്ടായാല്‍ മാത്രമാണ് പി.ജി.സി.എല്ലിന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുക. എന്നാല്‍ കുടക് നാട് ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ട്. പദ്ധതി അനിശ്ചിതത്ത്വത്തിലായിരിക്കുമ്പോഴും വയനാട്ടില്‍ ലൈനിനടിയിലൂടെ വനഭൂമിയില്‍ മരം മുറിക്കുള്ള തിടുക്കങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ 2011 ല്‍ മരം മുറി ഇതിനുവേണ്ടി തുടങ്ങിയതാണ്.15 ഹെക്ടര്‍ വനഭൂമിയിലെ ഇരുപതിനായിരത്തോളം മരങ്ങള്‍ കൈഗ-കോഴിക്കോട് 400 കിലോവാട്ട് ലൈനിന് വേണ്ടി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.

കര്‍ണ്ണാടകയിലെ ല്ഷമണ തീര്‍ത്ഥയുടെ ഉറവിടമടക്കം നശിക്കുമെന്നും പാരിസ്ഥിതിക പഠനമുണ്ട്. കാലാവസ്ഥാ വ്യതിയാനം താളം തെറ്റിക്കുന്ന വയനാടിനും ഇത് കനത്ത തിരിച്ചടിയാവും. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് നിലവിലുള്ള 220 കെ.വി ലൈന്‍ ശേഷി ഉയര്‍ത്തിയാല്‍ മാത്രം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെങ്കിലും പുതിയ ലൈന്‍ എന്ന പിടിവാശിയാണ് ഒട്ടേറെ പേരെയും പരിസ്ഥിതിയെയും വെട്ടിലാക്കുന്നത്. കുടക് ഹുന്‍സൂര്‍ ജില്ലകളെ വേര്‍തിരിക്കുന്ന 60 മീറ്റര്‍ വീതിയില്‍ നീണ്ടുകിടക്കുന്ന ശ്യൂനസ്ഥലമായ ഡി ലൈനിലൂടെ വൈദ്യുതി കമ്പി വലിച്ചാലും കൂര്‍ഗിലെ വനനശീകരണം ഒഴിവാക്കാം. ഇതൊന്നും കണക്കിലെടുക്കാതെയുള്ള പിടിവാശിയാണ്  എതിര്‍പ്പുകള്‍ക്ക് ശക്തിപകരുന്നത്. രാത്രി യാത്രാ നിരോധനമടക്കമുള്ള കാര്യങ്ങളില്‍ എടുത്ത പരിസ്ഥിതി സംരക്ഷണത്തിന്റെ കര്‍ക്കശ നിലപാടുകള്‍ മറികടന്ന് വനത്തിലൂടെയുള്ള വൈദ്യുതി ലൈനിനുള്ള അനുമതി നല്കിയത് കോടതിയില്‍ ചോദ്യചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മറ്റൊരു കേരള-കര്‍ണ്ണാടക പോരിനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍