UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നമ്പ്യാര്‍ മഹാസഭക്കാരും ഭരണത്തിന്റെ ശോഭ കെടുത്തുന്ന നിയമനങ്ങളും

Avatar

കെ എ ആന്റണി

സര്‍ക്കാരുകള്‍, ഭരണത്തുടര്‍ച്ച എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ രസമുള്ള കാര്യങ്ങള്‍ തന്നെ. ഒരു പരിധി വരെ അതൊക്കെ ശരിയാണുതാനും. ഒരു പരിധി വരെ എന്ന കാര്യം ഓരോരോ സര്‍ക്കാരും ഓര്‍ത്തുവെക്കുന്നതു വളരെ നന്നായിരിക്കുമെന്നു തോന്നുന്നു. ഭരണത്തുടര്‍ച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ അച്ചട്ടായി പിന്തുടരുക എന്നതല്ല. അങ്ങനെ ആണെകില്‍ ഭരണമെന്ന ഭാരമാറ്റം ആവശ്യമില്ല. മുന്‍ സര്‍ക്കാര്‍ ശരിയല്ല എന്നു ജനങ്ങള്‍ക്ക് തോന്നുന്നതുകൊണ്ടാണു പുതിയ സര്‍ക്കാര്‍ ഉണ്ടാവുന്നത്. പഴയ സര്‍ക്കാര്‍ പോരെന്നു തോന്നുമ്പോഴാവുമല്ലോ പുതിയൊരു സര്‍ക്കാരിനെ ജനം വിഭാവനം ചെയ്യുന്നതും അങ്ങനെയൊന്നു സംഭവിക്കുന്നതും.

ഒരു സര്‍ക്കാരും; അത് പ്രതേകിച്ചു പ്രതിപക്ഷത്തിന്റേതാകുമ്പോള്‍ പഴയതിന്റെ തനിയാവര്‍ത്തനം ആകുന്നത് ഒട്ടും ശരിയല്ല. ഏറെ പ്രതീക്ഷ നല്‍കിയ പിണറായി സര്‍ക്കാരില്‍ നടക്കുന്ന ശോഭ കെടുത്തുന്ന ചില നിയമനങ്ങള്‍ സൂചിപ്പിക്കുന്നത് ഇതു സ്വന്തക്കാര്‍ക്കുവേണ്ടി ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്ന ഒരു സര്‍ക്കാര്‍ ആണെന്ന ദുഃസൂചനയും! അതോടോപ്പം വളര്‍ന്നുവരുന്ന ഒരു തരം ഓക്കനവും ആണെന്നു പറയാതെ നിവര്‍ത്തിയില്ല. 

ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും കേരളത്തിന് ഒരു പുതിയ പരിപ്രേഷ്യം നല്‍കുമെന്നു പറഞ്ഞു വന്‍ ഭൂരിപക്ഷത്തിലേറിയ പിണറായി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്ന ഒന്നായിപ്പോയി ഇതെന്നു പറയേണ്ടിവരുന്നു എന്നോര്‍ത്ത് ഇത് എഴുതുന്നയാളും ലജ്ജിച്ചു മുഖം താഴ്ത്തുന്നു. 

ചര്‍ച്ചക്കാര്‍ ചാനല്‍ ചാര്‍ച്ചികരെന്നു പറഞ്ഞു തടിയൂരാന്‍ പറ്റില്ലല്ലോ. അവര്‍ അയക്കുന്ന ഓരോ അസ്ത്രവും ഏതൊരു പാവം കമ്മ്യൂണിസ്‌റുകാരെനെയും മുള്‍മുനയിലാണ് നിര്‍ത്തുന്നത്. പഴയ കോണ്‍ഗ്രസ് ലീഗ് മാണി സഖ്യം കാട്ടിക്കൂട്ടിയ വിക്രിയകള്‍ തന്നെ തുടരാന്‍ വേണ്ടിയാണോ ഈ പുതിയ സര്‍ക്കാര്‍ എന്ന ചോദ്യത്തിന് മുന്‍പില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം നല്‍കിയ വിനീത സഖാക്കളോടും വോട്ടര്‍മാരോടും ആണ് ഈ കൊടും ക്രൂരത! എന്നൊക്കെ പ്രതിപക്ഷം പറയുമ്പോള്‍ അവമതിപ്പു സഹിക്കേണ്ടിവരുന്നവര്‍ എന്താണ് മറുപടി പറയേണ്ടതെന്ന് ഇത്തരം മണ്ടയില്ലാത്ത നിയമനകള്‍ക്കു ചൂട്ടു പിടിക്കുന്നവര്‍ ഓര്‍ത്തിരുന്നോ ആവോ?

എന്നാലും ഇത് വേണ്ടായിരുന്നു എന്നുതന്നെയാണ് വ്യവസായ മന്ത്രി ഇ പി ജയരാജനോട് പറയാനുള്ളത്. അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന്‍ അജിത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയി നിയമനം നല്‍കിയത് വലിയ വിവാദം ആക്കിയവര്‍ തന്നെ ഇപ്പോള്‍ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒക്കെ പിന്‍വാതില്‍ നിയമനം നല്‍കുമ്പോള്‍ സത്യത്തില്‍ വോട്ടു ചെയ്തു തങ്ങളെയൊക്കെ ഭരണത്തില്‍ കയറ്റിയ ജനം മൂക്കത്തു വിരല്‍ വെച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 

ഭരണം കൈയ്യില്‍ കിട്ടിയാല്‍ എന്തും ആകാം എന്ന ചിന്ത തന്നെയാണ് ഇത്തരം നിയമങ്ങള്‍ക്കു മുതിര്‍ന്നവരുടെ മനസ്സില്‍. ഭാര്യയുടെ ചേച്ചിയുടെ മകന്‍, ജ്യേഷ്ഠന്റെ മകന്റെ ഭാര്യ, മറ്റുചില പാര്‍ട്ടിനേതാക്കളുടെ മക്കളും ബന്ധുക്കളും ഇങ്ങനെപോകുന്നു വ്യവസായ വകുപ്പുമായി അടുത്തിടെ നടന്ന ചില വിവാദ നിയമങ്ങള്‍. കൂട്ടത്തില്‍ ഏറെ കഷ്ടമായിപ്പോയത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരും ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് ആ വലിയ മനുഷ്യന്റെ സല്‍പേരിനുകൂടി കളങ്കം ചാര്‍ത്തിയെന്നതാണ്. 

ഇടപെടലിലൂടെ ഒരാള്‍ പുറത്തായി. ആള്‍ മറ്റാരുമല്ല കണ്ണൂര്‍ പ്രദേശത്തു നമ്പ്യാര്‍ മഹാസഭ ശക്തമായപ്പോള്‍ പേരിനൊപ്പം നമ്പ്യാര്‍ കൂടി വേണമെന്ന് തോന്നിയ ഒരാള്‍. ‘അമ്മ ശ്രീമതി ടീച്ചര്‍ക്ക് തോന്നാത്ത ഒരു ബുദ്ധി മോനു തോന്നി എന്ന ചിന്തക്കപ്പുറം സിപിഎം നേതാക്കളുടെ മക്കള്‍ ജാതിപ്പേരുകൂടി തിരികെ കൊണ്ടുവരുന്നതില്‍ എന്തൊക്കെയോ അപകടം മണക്കുന്നില്ലേ എന്ന് കൂടി സംസാരിക്കേണ്ടിയിരിക്കുന്നു. ഇതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വ്യവസായ മന്ത്രി ഇ പി ജയരാജനും നമ്പ്യാരാണ്. ഒരു മേലേത്തു വീട്ടില്‍ രാഘവന്‍ എന്ന എംവിആറും തനിക്കോ മക്കള്‍ക്കോ ഈ ജാതിപ്പേര് പൊതുസമൂഹത്തിനു മുമ്പില്‍ ചാര്‍ത്തി കൊടുത്തിരുന്നില്ല. അതുകൊണ്ടു തന്നെയാവണം പിടിഐ ലേഖകനായ എം വി ഗിരീഷ് കുമാറും എം വി രാജേഷ് കുമാറും ചാനല്‍ പ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാറും ഏക സഹോദരി എം വി ഗിരജയും പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കാതിരുന്നത്. ഇവര്‍ക്കാര്‍ക്കും തോന്നാത്ത ഈ ജാതി ഭ്രാന്ത് എന്തിനാണ് ഇപ്പോള്‍ മക്കള്‍ക്ക് എന്ന ചോദ്യത്തിന് നമുക്കില്ല ജാതി എന്ന് പറയുന്ന സിപിഎം എങ്ങനെ മറുപടി പറയും എന്ന ചോദ്യം ചര്‍ച്ചയായി ബാക്കി വെയ്ക്കുന്നു.

ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് ഈ എം എസിനും കൃഷ്ണപിള്ളയ്ക്കും പിന്നീട് കോണ്‍ഗ്രസില്‍ തന്നെ നിന്നുപോയ മറ്റു ചിലര്‍ക്കും മാത്രമെ ജാതിപ്പേര് ഉണ്ടായിരുന്നുള്ളൂ. അയിത്തോച്ഛാടനത്തിന്റെ ഭാഗമായി ജാതിപ്പേര് ഉപാധിയാക്കിയ ഒരു രാഷ്ട്രീയത്തെ എത്രപെട്ടെന്നാണ് കേരളവും കേരളത്തിന്റെ നവോഥാനത്തിന് തിരിതെളിയിച്ചവരും അവരില്‍ പ്രധാനികളായിരുന്ന കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും ഇത്രപെട്ടെന്നു മറന്നു പോകുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ജാതിയില്‍ കുറവുള്ളവരാണ് ഭരണം നയിക്കുന്നതെന്ന അഹന്ത ആര്‍ക്കൊക്കെയോ ഇപ്പോഴും ബാക്കി നില്‍ക്കുന്നതുപോലെ തോന്നുന്നു. ടിപ്പണി പാടാന്‍ കെ സുരേന്ദ്രനും കൃഷ്ണദാസുമൊക്കെ ഉണ്ടാകുമ്പോള്‍ ചെന്നിത്തലയും അതോടു ചേര്‍ന്നു പാടുമെന്ന് കമ്യൂണിസ്റ്റുകള്‍ക്കിടയിലെ നമ്പ്യാര്‍ മഹാസഭ പ്രസ്ഥാനക്കാര്‍ തിരിച്ചറിയുന്നില്ല. ഇത് ഒട്ടൊരു വേവലാതി ഉണ്ടാക്കുന്ന കാര്യമാണ്. പഴയ സ്വാതന്ത്ര്യസമരകാലത്തിനൊടുവില്‍ വര്‍ഗീയമായി സൃഷ്ടിക്കപ്പെട്ട ചേരിതിരിവുകളുടെ പ്രത്യാഘാതങ്ങള്‍ നാം കണ്ടുമടുത്തതാണ്. തീ്യ്യനാണെങ്കിലും കോമളാംഗന്‍ എന്ന നിലയിലെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കാണുന്ന ആരും ഈ പുതുഭരണത്തിന്റെ ശോഭ കെടുത്താതിരിക്കട്ടെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍