UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യവസായ വകുപ്പിലെ ‘ഭരണത്തുടര്‍ച്ച’ മുറിഞ്ഞപ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

ഇ പി ജയരാജന്റെ രാജിയോടെ വ്യവസായവകുപ്പിൽ ഇല്ലാതായത് ഒന്നര പതിറ്റാണ്ടു നീണ്ട ‘തുടർഭരണം’. പികെ കുഞ്ഞാലികുട്ടി – എളമരം കരീം – പികെ കുഞ്ഞാലിക്കുട്ടി – ഇ പി ജയരാജൻ എന്നിങ്ങനെ നീണ്ടുപോയ്‌ക്കൊണ്ടിരുന്ന ചങ്ങലയാണ് മുറിഞ്ഞത്. മലബാർ സിമന്റ്‌സിലെ അഴിമതി ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ ഒരേ നയമാണ് ഇവരൊക്കെ അധികാരത്തില്‍ ഇരുന്നപ്പോള്‍ പിന്തുടർന്നിരുന്നത്. മുന്നണി മാറുന്നതനുസരിച്ച് നയം മാറുന്ന രീതിയാണ് കേരളത്തിലേതെങ്കിലും വ്യവസായ വകുപ്പിൽ മാത്രം കാര്യമായ മാറ്റം സംഭവിക്കാറില്ല.

പാർട്ടിഭേദമില്ലാതെ അഴിമതിക്ക് പിന്തുണ നൽകുന്നതുകൊണ്ടാണ് മലബാർ സിമന്റ്‌സിൽ മാറിമാറി വരുന്ന മാനേജിംഗ് ഡയറക്ടർമാരെല്ലാം അഴിമതിക്കാരാകുന്നതും അഴിയെണ്ണേണ്ടി വരുന്നതുമെല്ലാം. വികസനത്തിന്റെ പേര് പറഞ്ഞ് മന്ത്രിസഭയ്ക്ക് മൊത്തം ചീത്തപ്പേര് കേൾപ്പിക്കുന്ന പണിയായിരുന്നു വിഎസ് മന്ത്രിസഭയില്‍ എളമരം കരീം ചെയ്തുകൊണ്ടിരുന്നത്. തെങ്ങിൻ മണ്ടയിൽ വികസനം വരില്ലെന്ന പ്രയോഗമൊക്കെ അന്ന് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

കളമശ്ശേരി എച്എംടി ഭൂമി മറിച്ചു വിൽക്കാനുള്ള തീരുമാനവും അതിനായി മുന്നിൽ നിന്നതും എളമരമായിരുന്നു. വ്യവസായ ആവശ്യത്തിന് മാത്രം ഭൂമി ഉപയോഗിച്ചാൽ മതി എന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കമ്പനി പൊടീം തട്ടി പോയി. കമ്പനിയുടെ ഉദ്ദേശം വ്യവസായമല്ലെന്ന് അതോടെ വ്യക്തമാവുകയും ചെയ്തു.

മലബാർ സിമെന്റ്സിലെ അഴിമതിയെക്കുറിച്ച് ദ്രുതപരിശോധന നടത്തിയ വിജിലൻസ്, പരാതിയിൽ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വഷണം ആരംഭിക്കണമെന്നും ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് വകുപ്പിലേക്ക് പിടിച്ചു വാങ്ങി അതിൽ അടയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്.

മലബാർ സിമന്‍റ്സിൽ പദ്മകുമാർ എം ഡി ആയിരിക്കെ നിരവധി അഴിമതി കേസിലെ പ്രതി കൂടിയായിരുന്നു. കഴിഞ്ഞ മാസം മലബാർ സിമന്‍റ്സിലെത്തിയ അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞത് കേസ്, കള്ളക്കേസ് ആണെന്നായിരുന്നു. എല്ലാം മലബാർ സിമന്റിനെ തകർക്കാൻ പടച്ചുണ്ടാക്കിയതാണെന്ന് ജയരാജൻ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പുകഴ്ത്തൽ പ്രസംഗം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പദ്മകുമാറിനെതിരെ കേസെടുക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ജയരാജനും മന്ത്രിപ്പണി മതിയാക്കേണ്ടി വന്നു.

ജയരാജന് പിൻഗാമിയായി എ.കെ ബാലൻ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. പദ്മകുമാറിനെ ജയരാജൻ  പുകഴ്ത്തിയ യോഗത്തിൽ മന്ത്രി ബാലനും പങ്കെടുത്തിരുന്നു. പ്രതിയെ പുകഴ്ത്തുന്നതിൽ ബാലന് അസ്വസ്ഥതയുള്ളതായി പുറമെ തോന്നിയില്ല. ഉള്ളിലും അസ്വസ്ഥത ഇല്ല എങ്കിൽ വ്യവസായ വകുപ്പിന്റെ ചുമതല ലഭിച്ചാല്‍ ‘ഭരണത്തുടര്‍ച്ച’യുണ്ടാകുമോ എന്നറിയാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍