UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയരാജന്റെ രാജി ഉയര്‍ത്തുന്ന നിയമ-രാഷ്ട്രീയ പ്രശ്നങ്ങള്‍; ഒപ്പം ഇനി കാണാനിരിക്കുന്ന നാടകങ്ങളും

ഇപി ജയരാജന്റെ രാജി അയാളുണ്ടാക്കിയ പ്രശ്‌നങ്ങളുടെ ഒടുക്കമല്ല. അത് അനേകം അസുഖകരമായ നിയമ-രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ജയരാജിനെതിരെ ഉയര്‍ന്നത് അഴിമതി ആരോപണമല്ല. അഴിമതി തന്നെയാണ്. പകല്‍ പോലെ വ്യക്തമായ അഴിമതി. അതു മനസ്സിലാക്കാന്‍ അഴിമതി നിരോധനനിയമത്തിന്റെ 15-ാം വകുപ്പ് മാത്രം വായിച്ചാലും മതിയാകും. ഇത് കെഎം മാണിക്കെതിരെയോ കെ ബാബുവിനെതിരെയോ ഉയര്‍ന്ന കോഴ ആരോപണങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കോഴ കൊടുത്തു എന്ന ആരോപണത്തില്‍ പ്രഥമദൃഷ്ടിയാല്‍ വസ്തുതയുണ്ടോ എന്ന് പരിശോധിയ്ക്കാനാണ് ത്വരിത പരിശോധന (Quick Verification). ആ പദപ്രയോഗം അര്‍ത്ഥവത്താകുന്ന വിധം അതൊരു പരിശോധനയാണ്. ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന പരിശോധന. കഴമ്പുണ്ടെങ്കില്‍ മാത്രം എഫ്ഐആര്‍ ഇട്ട് കേസെടുത്താല്‍ മതി. ആരോപണത്തില്‍ കഴമ്പില്ലെന്ന് പരിശോധനയില്‍ ബോധ്യമായാല്‍ ആരോപണം തള്ളിക്കളയാം. ത്വരിത പരിശോധനയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നാണ് കെഎം മാണിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയിലാണ് ‘സീസറിന്റെ പത്‌നി സംശയത്തിന് അതീതയായിരിക്കണമെന്ന്’ കോടതി പരാമര്‍ശിച്ചതും, തുടര്‍ന്ന്, മാണി രാജിവച്ചതും. മാണിയുടെ കാര്യത്തിലും ബാബുവിന്റെ കാര്യത്തിലും അന്വേഷണം തുടരുകയാണ്. അന്വേഷണം പല ഘട്ടത്തിലും അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവും നിലനില്‍ക്കുന്നു. എന്നാലും, അന്വേഷണത്തിനൊടുവില്‍ മാണിക്കോ ബാബുവിനോ എതിരെ കുറ്റപത്രം സമര്‍പ്പിച്ച ശേഷം അതിന്മേല്‍ വിചാരണയുണ്ടാകും. സ്വന്തം ഭാഗം വിശദീകരിക്കാനും സ്വന്തം നിരപരാധിത്വം, നിയമത്തിന്റെ കണ്ണിലൂടെ, വാദിക്കാനും ഇരുവര്‍ക്കും അവകാശമുണ്ട്. വാദത്തിനൊടുവില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ കോടതിക്ക് പ്രതിയെ ശിക്ഷിക്കാം. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍, സംശയത്തിന്റെ ആനുകൂല്യം നല്‍കിക്കൊണ്ട് പ്രതിയെ വെറുതെ വിടാം. ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ, നിയമപരമായി, പ്രതി കുറ്റക്കാരനാകുന്നുള്ളു. ശിക്ഷിക്കപ്പെട്ടാല്‍ രാജിവയ്‌ക്കേണ്ട. അത് സ്വാഭാവികമായി ഉണ്ടായേ മതിയാകൂ. മാത്രമല്ല, ജയില്‍ ശിക്ഷ അനുഭവിക്കുകയും വേണം.

എന്നാല്‍, ജയരാജന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതല്ല. ജയരാജനെതിരെയുള്ളത് അഴിമതി ആരോപണം അല്ല. ജയരാജന്‍, മന്ത്രി എന്ന നിലയില്‍, അഴിമതി നടത്തി എന്നതിന്റെ തെളിവാണ് ആവശ്യമുള്ള യാതൊരു യോഗ്യതയുമില്ലാത്ത ബന്ധുവിന് നല്‍കിയ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍. ഇത് സര്‍ക്കാര്‍ ഫയലാണ്. പേപ്പറുകള്‍ കീറി നഷ്ടപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ഇ – ഫയലാണ്. അതില്‍ സ്വന്തം ലെറ്റര്‍ പാഡില്‍ നിയമനം നടത്തണമെന്ന് ജയരാജന്‍ എഴുതിയ കത്തുണ്ട്. അര്‍ഹതയില്ലാത്തയാള്‍ക്ക്, നിയമവിരുദ്ധമായി, സര്‍ക്കാര്‍ വക സാമ്പത്തികമോ അല്ലാതെയോ ഉള്ള നേട്ടം ലഭ്യമാക്കാനുള്ള നീക്കം നടത്താനുള്ള ശ്രമം (attempt) നടത്തിക്കഴിഞ്ഞാല്‍ തന്നെ അഴിമതി നിരോധന നിയമത്തിന്റെ 15-ാം വകുപ്പനുസരിച്ചുള്ള ക്രമിനല്‍ കുറ്റം ചെയ്തുകഴിഞ്ഞു.

കാര്യങ്ങള്‍ ഇത്ര ലളിതമായിരിക്കേ എന്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസെടുക്കാന്‍ 10 ദിവസം വേണ്ടിവന്നത്? എന്തിനാണ് നിയമോപദേശം തേടാനെന്നു പറഞ്ഞ് അഞ്ചാറ് ദിവസം ജയരാജന് നീട്ടിക്കൊടുത്തത്? അഴിമതി നിരോധന നിയമം വായിച്ചാല്‍ മനസ്സിലാകാത്തയാളാണോ ഐപിഎസും ഡോക്ടറേറ്റുമുള്ള ജേക്കബ് തോമസ്? എന്തിനാണ് ഇക്കാര്യം ബോധ്യപ്പെടുത്താനായി രണ്ടു തവണ മുഖ്യമന്ത്രിയെ കാണാന്‍ പോയത്? എന്തുകൊണ്ടാണ് രണ്ടാമത്തെ പ്രാവശ്യം ഔദ്യോഗിക വാഹനം വേണ്ട എന്നു വച്ച്, രഹസ്യമായി, മുഖ്യമന്ത്രിയെ കണ്ടത്? നിയമപരമായ കാര്യങ്ങള്‍ പല പ്രാവശ്യം പറഞ്ഞാലും മനസ്സിലാകാത്തയാളാണോ മുഖ്യമന്ത്രി? എന്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റു കൂടുന്ന ഒക്‌ടോബര്‍ 14-ന് തന്നെ കേസെടുക്കാനുള്ള തീരുമാനം വിജിലന്‍സ് എടുത്തത്? സെക്രട്ടേറിയറ്റില്‍ എന്തു തീരുമാനം എടുക്കും എന്ന കാര്യം അറിഞ്ഞ ശേഷം മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ തനിക്ക് കിട്ടിയ തെളിവുകള്‍ പകല്‍ പോലെ വ്യക്തമായ പരാതിയില്‍ കേസെടുക്കൂ എന്നാണോ മനസ്സിലാക്കേണ്ടത്? പാര്‍ട്ടി സെക്രട്ടേറിയറ്റും കേരള സര്‍ക്കാരും തമ്മിലെന്തു ബന്ധം? ജയരാജനെയും പിണറായി വിജയനെയും പാര്‍ട്ടിയാണോ നിയമിച്ചത് എന്ന കാര്യം ജനങ്ങള്‍ക്കറിയേണ്ട കാര്യമില്ല. ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു പൗരനെ സംബന്ധിച്ച്  പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിച്ചത് ഗവര്‍ണറാണ്. പിണറായി കൊടുത്ത ലിസ്റ്റ് പ്രകാരമുള്ള മന്ത്രിമാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് ഗവര്‍ണറാണ്. ജയരാജന്‍ അഴിമതി നടത്തിയെന്ന് കണ്ടാല്‍ ജയരാജന്റെ രാജി ആവശ്യപ്പെടേണ്ടത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പറായ പിണറായി വിജയനല്ല. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സാധാരണക്കാരന് യാതൊരു താല്‍പര്യവുമില്ല.

14-ന് കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല; കോടതിവിധിവരെ കാത്തിരിയ്ക്കട്ടെ എന്നായിരുന്നു തീരുമാനമെങ്കില്‍, ജയരാജന്റെ രാജി ഉണ്ടാകുമായിരുന്നില്ല എന്നുകൂടി അതിനര്‍ത്ഥമില്ലേ?

ഇനി, പാര്‍ട്ടിയോഗം കൂടേണ്ട ആവശ്യമുണ്ടെന്ന് കണ്ടാല്‍, ഗുരുതരമായ കുറ്റം ചെയ്ത ജയരാജനെ കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍, പാര്‍ട്ടി അടുത്തദിവസം തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കേണ്ടതായിരുന്നില്ലേ? സെക്രട്ടേറിയറ്റ് അംഗങ്ങളായ ഈ ഏമാന്‍മാരുടെ തിരക്ക്  സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിക്കാന്‍ നമ്മള്‍ അനുവദിക്കണമോ? ഇതൊരു കേഡര്‍ പാര്‍ട്ടിയാണെന്നും ഇതിന് ചില വ്യവസ്ഥകള്‍ ഉണ്ടെന്നും ഇതിനുള്ളില്‍ ഓരോ പ്രശ്‌നവും ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നത് എന്നൊക്കെ വെറും വാദത്തിനുവേണ്ടി വാദിച്ചാല്‍, മൊറാഴ ലോക്കല്‍ കമ്മിറ്റിയും പിന്നെ തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുമല്ലേ ജയരാജന്റെ വഴിവിട്ട നിയമനത്തെക്കുറിച്ച് ആദ്യമായി പരാതി പാര്‍ട്ടിക്ക് നല്‍കിയത്? ആ പരാതി എന്തുകൊണ്ടാണ് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്? മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനു മുമ്പായിരുന്നു ആ പരാതി. എന്നിട്ടും എന്തേ അന്നു തന്നെ തിരുത്തല്‍ നടപടി തുടങ്ങിയില്ല?  മാധ്യമങ്ങള്‍ 10 ദിവസത്തോളം ജയരാജനെയും  പാര്‍ട്ടിയേയും പന്തുരുട്ടി കളിച്ചപ്പോള്‍ ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എന്താണ് ഒരൊറ്റ സഖാവുപോലും രംഗത്തുവരാതിരുന്നത്? ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടിയത്? ഇതാണ് പാര്‍ട്ടിയിലെ അച്ചടക്കമെങ്കില്‍, ഈ അച്ചടക്കം തന്നെയാണ് സ്റ്റാലിനെ ദീര്‍ഘനാള്‍ കൊലയാളിയും ഏകാധിപതിയുമായി വാഴ്ത്തിയത്; ചെഷസ്‌ക്യൂവിനെ അഴിമതിയുടെ ആള്‍രൂപമാക്കി നിലനിര്‍ത്തിയത്; വെറും നാലുകൊല്ലം കൊണ്ട് 8 ദശലക്ഷം ജനസംഖ്യയുള്ള കംബോഡിയയിലെ മൂന്നു ദശലക്ഷത്തോളം പൗരന്‍മാരെ കൊന്നൊടുക്കാന്‍ പോള്‍പോര്‍ട്ടിനെ സഹായിച്ചത്; പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി തന്നെ പിരിച്ചുവിടാന്‍ ഗോര്‍ബച്ചേവിന് കരുത്തുനല്‍കിയത്; പിണറായി വിജയനേയും കോടിയേരിയേയും പി.ജയരാജനെയും ഇപി ജയരാജനേയും എളമരം കരീമിനേയും പോലുള്ളവരെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായി തുടരാന്‍ അനുവദിക്കുന്നത്.

ഈ അച്ചടക്കത്തേക്കാള്‍ എത്രയോ ആശ്വാസകരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുലര്‍ത്തുന്ന രാഷ്ട്രീയ അരാജകത്വം.

ജയരാജന്റെ കേസ് മാണിയുടെയോ ബാബുവിന്റെയോ കേസില്‍ നിന്ന് വ്യത്യസ്തമാകുന്നത്  മറ്റൊരു പ്രധാനകാര്യത്തിലാണ്. മാണിയുടെയും ബാബുവിന്റെയും കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വാഭാവികമായും അവര്‍ കുറ്റപത്രം നിഷേധിക്കും. എന്നാല്‍, ജയരാജന്‍ കേസെടുക്കുന്നതിനു മുമ്പുതന്നെ കുറ്റസമ്മതം നടത്തി (pleading guilty). അത്, പക്ഷെ, കോടതിക്ക് മുന്നില്‍വച്ചല്ല; പാര്‍ട്ടി സെക്രട്ടേറിയറ്റില്‍  വച്ചാണ്. അങ്ങനെയാണ് കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ജയരാജന്‍ നടത്തിയത് കോടതിക്ക് പുറത്തുവച്ചു നടത്തിയ കുറ്റസമ്മതമാണ് (extra judicial confession). അതായത് കുറ്റം ചെയ്തു എന്ന്. എങ്കില്‍പ്പിനെ, വിജിലന്‍സ് ഡയറക്ടര്‍ എന്തിനാണ് കുറ്റം ചെയ്തതായി കരുതാന്‍ പ്രഥമദൃഷ്ട്യാ കാരണമുണ്ടോ എന്ന് പരിശോധിക്കാന്‍ ത്വരിതാന്വേഷണം നടത്തുന്നത്? പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പകര്‍പ്പോടുകൂടി കോടിയേരിയെ ചോദ്യം ചെയ്താല്‍ പോരേ? പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍, മീറ്റിംഗിന്റെ മിനുട്ട്‌സ് എന്നിവ വിജിലന്‍സ് ഡയറക്ടര്‍ക്ക്, ആവശ്യമെങ്കില്‍, പിടിച്ചെടുക്കാന്‍ എന്താണ് നിയമതടസ്സം? ബാബുവിന്റെ സ്വന്തക്കാരുടെയും കൂട്ടുകാരുടെയും വീട്ടില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിന് ജയരാജന്റെ extra judicial confession എന്തുകൊണ്ട് പിടിച്ചെടുത്തുകൂടാ? നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ യജമാനന്റെ അനുവാദത്തിന് വിധേയമായി ചെയ്യുമ്പോഴാണ് പറന്നുനടക്കേണ്ട തത്ത കൂട്ടിലിട്ട കിളിയാകുന്നത്. പിണറായി വിജയന്‍ ചൂണ്ടിക്കാണിക്കുന്ന കാര്‍ഡ് മാത്രമേ ജേക്കബ് തോമസ് എന്ന കൂട്ടിലിട്ട തത്ത കൊത്തിയെടുക്കുകയുള്ളോ എന്നതാണ് ഇനി കാണാനുള്ളത്.

ജയരാജനെതിരെ നടപടിക്ക് പിണറായിക്ക് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ അനുവാദം വേണമെന്ന് വാദിക്കുന്നവരോട് ഒരു ചോദ്യം: എന്തുകൊണ്ട് അന്വേഷണ വിധേയമായി, വ്യവസായ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തില്ല? ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ ഒരു കാര്യം ചെയ്യാന്‍ മന്ത്രി ഫയലില്‍ എഴുതിയാല്‍പ്പോലും അതിലെ ക്രമവിരുദ്ധതയും നിയമവിരുദ്ധതയും ചൂണ്ടിക്കാട്ടി ഫയല്‍ മന്ത്രിയ്ക്കുതന്നെ മടക്കി അയക്കാന്‍ ബാധ്യസ്ഥനാണ് വകുപ്പ് സെക്രട്ടറി. എന്നിട്ടും മന്ത്രി തന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ രേഖാമൂലം നിര്‍ദ്ദേശിച്ചാല്‍ വകുപ്പ് സെക്രട്ടറി അതു ചെയ്യാന്‍ ബാധ്യസ്ഥനാണ്. പക്ഷെ, അതിന്റെ പുറത്തുള്ള സകല ഉത്തരവാദിത്തത്തില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ ഒഴിവാക്കപ്പെടും. ഇവിടെ ജയരാജന്റെ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ നിര്‍ദ്ദേശത്തിനെ എതിര്‍ത്തു കൊണ്ടുള്ള ഒരു കുറിപ്പും വകുപ്പു സെക്രട്ടറി ഫയലില്‍ എഴുതിയിട്ടില്ല. നിയമവിരുദ്ധമായ നിര്‍ദ്ദേശം അപ്പാടെ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ, അഴിമതി നിരോധന നിയമത്തിന്റെ 15-ാം വകുപ്പനുസരിച്ചുള്ള കുറ്റം വ്യവസായ വകുപ്പ് സെക്രട്ടറിയും ചെയ്തുകഴിഞ്ഞു. ജയരാജന്റെ കൂട്ടുപ്രതിയാണ് സെക്രട്ടറി. എന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത്? അതിന് വേറെ പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടണമോ? വകുപ്പ് സെക്രട്ടറിമാരായ ഉയര്‍ന്ന ഐഎഎസ്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരു മന്ത്രിക്കും ഒരഴിമതിയും ചെയ്യാനാകില്ല. എല്ലാ അഴിമതിയുടെയും കൂട്ടുകച്ചവടക്കാരാണ് ഏത് സര്‍ക്കാരുവന്നാലും മാറ്റമില്ലാതെ തുടരുന്ന ഈ കാട്ടുക്കൊള്ളക്കാര്‍.

പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍, പിണറായി വിജയന്‍ ജയരാജനെതിരെ കര്‍ശന നിലപാടെടുത്തു എന്ന വാര്‍ത്തയോടൊപ്പം തന്നെയാണ് സെക്രട്ടേറിയറ്റില്‍ ജയരാജനെ പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നത്. ഇതില്‍ നിന്ന് നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സെക്രട്ടറിയേറ്റ് ജയരാജന്റെ രാജി ആവശ്യപ്പെട്ടത് അംഗങ്ങള്‍ എല്ലാവരും ജയരാജന്‍ ചെയ്തത് തെറ്റാണെന്നു പറഞ്ഞതുകൊണ്ടാണോ അതോ പിണറായി കാര്‍ക്കശ്യ നിലപാട് ജയരാജനെതിരെ എടുത്തതുകൊണ്ടാണോ? അങ്ങനെയാണെങ്കില്‍, പിണറായി ജയരാജനനുകൂലമായി ഒരു കാര്‍ക്കശ്യനിലപാട് എടുത്തിരുന്നെങ്കില്‍, സെക്രട്ടേറിയറ്റിലെ ബാക്കി അംഗങ്ങളുടെ നിലപാടിനെ മറികടക്കാന്‍ പിണറായിക്കു കഴിയുമായിരുന്നു എന്നാണോ? അതോ, പിണറായിയുടെ മനസ്സറിഞ്ഞ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ പിണറായി എടുക്കാന്‍ പോകുന്ന നിലപാട് മുന്‍കൂട്ടി പ്രഖ്യാപിച്ചതാണോ? (ജയരാജനെതിരെ ശക്തമായ നിലപാടിനുവേണ്ടി വാദിച്ച ആനത്തലവട്ടം ആനന്ദന്റെ മകനും ഇത്തരമൊരു അനര്‍ഹമായ പോസ്റ്റിലേക്ക് ഉന്നംവച്ചിരുന്നു എന്നാണ് വാര്‍ത്ത.)

ജയരാജന്റെ രാജി പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ പോകുന്ന അധികാരപ്രശ്‌നങ്ങള്‍ ചെറുതല്ല. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജയരാജനെ സംസ്ഥാന സെക്രട്ടറിയും എസ്ആര്‍പിയെ ജനറല്‍ സെക്രട്ടറിയുമാക്കാനായിരുന്നു പിണറായിയുടെ നീക്കം. അതു പൊളിച്ചുകളഞ്ഞത് യെച്ചൂരി – വി.എസ്. – ബംഗാള്‍ ഘടകം അച്ചുതണ്ടാണ്. പിണറായിയുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ കേരളത്തിലെ ഭരണവും കേരളത്തിലെയും കേന്ദ്രത്തിലെയും സംഘടനാഭരണവും പിണറായിയുടെ പോക്കറ്റിനുള്ളിലാകുമായിരുന്നു. ജയരാജനെ മന്ത്രിയാക്കിയ പിണറായി, മന്ത്രിസഭയില്‍ രണ്ടാമന്‍ എന്ന ധനമന്ത്രിയുടെ അനൗദ്യോഗിക പദവി മാറ്റി. ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസഭയിലെ മറ്റൊരു മന്ത്രി മാത്രം; ജലീലിനെപ്പോലെയോ ശശീന്ദ്രനെപ്പോലെയോ. കാരണം, മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഐസക്കാണെന്ന് കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റുകാരനായ എംപി പരമേശ്വരന്‍ ഒരഭിമുഖത്തിലൂടെ, തിരഞ്ഞെടുപ്പിനുമുമ്പ്, പറഞ്ഞിരുന്നു. അത് ഐസക്കിന് ചെയ്ത ദൂഷ്യം ചെറുതല്ല. തന്റെ അവസരം തട്ടിയെടുക്കാന്‍ സാധ്യതയുണ്ട് എന്ന് സംശയമുള്ള എല്ലാവരേയും വെട്ടിമാറ്റാന്‍ നിപുണനാണ് പിണറായി. അങ്ങനെയാണ് കോടിയേരിക്ക് പകരം പാര്‍ട്ടി സെക്രട്ടറിയായി ജയരാജനെ കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. അതുകൊണ്ട്, ഐസക്കിനെ ആയിരം കാതം അകലെയാണ് പിണറായി നിര്‍ത്തിയിരിക്കന്നത്. ‘ഇനി എന്തു ലാവ്‌ലിന്‍’ തുടങ്ങിയ ഐസക്കിന്റെ പിണറായി പ്രീണനശ്രമങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളായി മാറി. മാത്രമല്ല, സാമ്പത്തികവിദഗ്ധനായ  ധനമന്ത്രിയില്‍ നിന്ന് വിദഗ്‌ധോപദേശം നേടുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഉപദേശം ഗീതാ ഗോപിനാഥില്‍ നിന്ന് കിട്ടുമെന്നും പിണറായി വ്യക്തമാക്കിക്കൊടുത്തു.

ലാവ്‌ലിന്‍ കേസ് ഇപ്പോഴും പിണറായിക്ക് ദുഃസ്വപ്നമാണ്. അതില്‍ അടിതെറ്റിയാല്‍ പകരക്കാരനായി ജയരാജനെ വയ്ക്കാനായിരുന്നു കണക്കുകൂട്ടല്‍. (ജയലളിതയ്ക്കു പകരം പന്നീര്‍ ശെല്‍വം). ആ കണക്കുകൂട്ടലാണ് ഇപ്പോള്‍ തെറ്റിയത്. അതോടെ ഐസക്കിനുള്ള സാധ്യത കൂടി.  അങ്ങനെയൊരു സാഹചര്യം വന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവും അഞ്ചുകൊല്ലം അഭ്യന്തരമന്ത്രിയുമായിരുന്ന താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍ എന്നാണ് കോടിയേരി സ്വയം പറയുന്നത്. പക്ഷെ ആ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍ക്കണം. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമകളാകരുത്.

ഇതെല്ലാം കണ്ടുകൊണ്ട് മനസ്സില്‍ ‘ലഡു’ പൊട്ടിയിരിക്കുന്ന ഒരു സഖാവുണ്ട് പാര്‍ട്ടിയില്‍; കാസ്‌ട്രോ. 94-ാം വയസ്സില്‍ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന പഴയ സമരപോരാളി. വൃദ്ധസദനവും ഭരണസിരാകേന്ദ്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പോലും കഴിയാതെ ഉഴറുന്ന ജനനായകന്‍. പാര്‍ട്ടിക്കുള്ളിലെ പൊറാട്ടുനാടകങ്ങള്‍ കേരളം കാണാനിരിക്കുന്നതേയുള്ളൂ.

തൊണ്ടി മുതലോടെ കള്ളന്‍ പിടിക്കപ്പെടുമ്പോള്‍, താന്‍ കളവു ചെയ്തുവെന്ന് കള്ളന്‍ കുറ്റസമ്മതം നടത്തുമ്പോള്‍, അത് തങ്ങളുടെ യശ്ശസ് വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ സംഘടനയാണ് സിപിഎം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍