UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യം മാധ്യമ കേസരികളോടാണ്; കാള പെറ്റെന്ന് കേൾക്കുമ്പോഴേ ഇങ്ങനെ കയറെടുക്കാമോ?

Avatar

കെ എ ആന്‍റണി

സഖാവ് ഇപി യുടെ കാര്യം മഹാകഷ്ടം തന്നെ. പാവപ്പെട്ടവന്‍ തല മൊട്ടയടിച്ചാൽ കല്ലുമഴ പെയ്യുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇഷ്ടമല്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്നും പറയാറുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയിലാണ് ഇപ്പോൾ നമ്മുടെ ഇപിയും. ബന്ധു നിയമന വിവാദത്തിന്റെ പേരിൽ മന്ത്രിസ്ഥാനം ത്യജിച്ച ആളാണ് ഇപി. വിവാദം ഉണ്ടായ ഉടൻ തന്നെ തീരുമാനങ്ങൾ റദ്ദാക്കി. മുൻ മന്ത്രിസഭയിലെ ചില മന്ത്രിമാരെ പോലെ കടിച്ചു തൂങ്ങാനൊന്നും ശ്രമിച്ചില്ല. രാജി സന്നദ്ധത കാലേക്കൂട്ടിത്തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയേയും മുഖ്യമന്ത്രിയെയും അറിയിച്ചു. സെക്രട്ടേറിയറ്റ് ചേരും വരെ കാത്തിരിക്കാൻ നിർദ്ദേശം ലഭിച്ചതിനാൽ മാത്രമാണ് രാജി വൈകിയത്. 

ഇത്രയൊക്കെ ആയിട്ടും ചില മാധ്യമ പരുന്തുകൾ ഇപി യെ വിടുന്ന മട്ടില്ല.

ഇതിന്റെ തെളിവാണ് ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിവാദം. ഇരിണാവിലെ തന്‍റെ തറവാട് വീടിനടുത്തുള്ള ചുഴലി ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു ആവശ്യമായ തേക്ക് തടി നൽകി സഹായിക്കണമെന്ന് കാണിച്ച് ഇപി വനം വകുപ്പിന് കത്ത് എഴുതി എന്നതാണ് പുതിയ വിവാദം. 

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സഖാവ് ഇപി തന്നെ നലകിയ വിശദീകരണം ഇങ്ങനെ: ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല, അത് ദേവസ്വം ബോര്‍ഡിന്റെതാണ്. ക്ഷേത്രത്തിന്റെ കൊടിമരം, ശ്രീകോവില്‍ തുടങ്ങിയവ പുതുക്കണമെന്നതുള്‍പ്പെടയുള്ള പുന്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപയിലധികം ചെലവു വരുമെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും സൗജന്യമായി തേക്കു തടികള്‍ കിട്ടാനുള്ള സഹായം ചെയ്യണമെന്നും ആവശ്യപ്പെടുന്ന ഒരു കത്ത് ക്ഷേത്രം കമ്മിറ്റിക്കാര്‍ തരികയായിരുന്നു. ആ പ്രദേശത്തുള്ള ഒരാളെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും അവരുടെ ആവശ്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. എന്‍റെ ലെറ്റര്‍ പാഡില്‍ തന്നെയാണ് കത്തെഴുതിയത്. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിക്ക് ഞാന്‍ കത്തെഴുതുമ്പോള്‍ അതെന്റെ ലെറ്റര്‍ പാഡിലല്ലാതെ മറ്റാരുടെ ലെറ്റര്‍ പാഡിലാണ് എഴുതേണ്ടത്. മറ്റു മന്ത്രിമാര്‍ക്കും ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് കാണിച്ച് കത്തെഴുതിയിട്ടുണ്ട്. വനംവകുപ്പ് ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. 

തന്നെ മനഃപൂര്‍വം വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജയരാജന്‍ പറയുന്നു. ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല, അത് ദേവസ്വം ബോര്‍ഡിന്റെതാണ്. ഈ ക്ഷേത്രം സി ഗ്രേഡിൽ വരുന്ന ഒന്നാണെന്നും. ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും ഇപി പറയുന്നു. കമ്മ്യൂണിസ്റ്റുകൾ പണ്ട് ക്ഷേത്ര കാര്യങ്ങളിൽ അൽപ്പം പിന്നോട്ടായിരുന്നു എന്നത് സത്യമാണ്. ഇന്നിപ്പോൾ അവർ ക്ഷേത്രകാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തുന്നതിൽ ആർ എസ് എസ്സുകാർ പ്രകടിപ്പിക്കുന്ന അതൃപ്തി നമ്മൾ മാധ്യമ പ്രവർത്തകർ കാണിക്കേണ്ടതുണ്ടോ?

ഒരുപക്ഷേ എന്നല്ല സത്യം അതുതന്നെയാണെന്ന്‍ സഖാവ് ഇപി യെ നേരിട്ടറിയുന്ന ആർക്കും വ്യക്തമാകും. ബന്ധുക്കളിൽ ചിലർ സഹായം ചോദിച്ചാൽ അത് ചെയ്യാൻ പുറപ്പെട്ട ഒരാളായി മാത്രം സഖാവ് ഇപി യെ വിലയിരുത്തുന്നത് ഒട്ടുമേ ശരിയല്ല എന്ന് തോന്നുന്നു. വെറും ഒരു തടിയനും വിവരമില്ലാത്തവനുമൊക്കെയായി ഒരാളെ വരച്ചു കാട്ടാൻ ആർക്കും എളുപ്പമാണ്. ശരീരത്തിന്റെ വലിപ്പം കൊണ്ട് മാത്രമല്ല ആളുകളെ അളക്കേണ്ടത്. എത്ര വലിയ ശരീരത്തിനുള്ളിലും ഒരു വലിയ ഒരു മനസ്സ് ഉണ്ടാകും. ഇരിണാവ് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഈ പുതിയ വിവാദത്തിൽ സത്യത്തിൽ ഇപി യുടെ പങ്ക് എന്താണെന്ന അന്വേഷണം കൊണ്ടുചെന്ന് എത്തിക്കുന്നതും അവിടേക്കു തന്നെ.

ഒരാളുടെ തറവാടിന് അടുത്താണ് ഒരു ക്ഷേത്രമെന്നതിനാൽ അത് കുടുംബ ക്ഷേത്രമായി മാറുമോ? ഇനിയിപ്പോൾ അങ്ങനെ തന്നെ എന്ന് വയ്ക്കുക. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് സ്വന്തമായി ഒരു കുടുംബ ക്ഷേത്രമുണ്ട് എന്ന് വന്നാൽ ഹാലിളകേണ്ടവർ ആർഎസ്എസ്സുകാര്‍ അല്ലേ? ക്ഷേത്രമായ ക്ഷേത്രമൊക്കെയും തങ്ങൾക്കു ഭഗവാൻ പതിച്ചു തന്നതാണെന്ന അവരുടെ വാദത്തിനു ഭംഗം വരുത്താൻ പോന്ന ഒരു കാര്യത്തെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ പട്ടികയിൽ പെടുത്തുന്നത് എത്രകണ്ട് അഭികാമ്യമാണ്?

ചോദ്യങ്ങൾ നമ്മുടെ മാധ്യമ കേസരികളോടാണ്. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവരോട് തന്നെ.

ഇപി മാന്യനോ അമാന്യനോ ആരുമാകട്ടെ. അയാൾക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കാൻ ഇറങ്ങിപ്പുറപ്പെടും മുൻപ് പത്രപ്രവർത്തനത്തിലെ നീതിശാസ്ത്രം ഒരിക്കലെങ്കിലും വായിക്കുന്നത് നന്നായിരിക്കും. ആരോപണം ആരോപണമായി തന്നെയും ആരോപണ വിധേയനായ ആളുടെ വിശദീകരണവും ഒപ്പം കൊടുക്കുന്ന പതിവ് നല്ല പത്രങ്ങൾക്കും പത്രപ്രവർത്തർക്കും ഉണ്ടായിരുന്നു. ഒരു പക്ഷെ അതൊരു പഴയകാല കഥയെന്നൊക്കെ ചാനൽ യുഗത്തിൽ വാർത്തകൾ പടക്കാൻ അത്യധ്വാനം ചെയ്യുന്നവർ ഓർത്തുകൊള്ളേണം എന്നില്ലല്ലോ.

മറ്റൊരു കാര്യം ഇപി പറഞ്ഞതുപോലെ സ്വന്തം നാട്ടിലെയോ മണ്ഡലത്തിലെയോ ഒരു ജനകീയ പ്രശ്നം ഒരു പൊതുപ്രവർത്തകന്റെ മുൻപിൽ വന്നാൽ അവര്‍ ഇനി അങ്ങോട്ട് എന്ത് ചെയ്യണം എന്ന മാർഗനിർദ്ദേശം കൂടി ചാനൽ ഉണ്ണികൾ പറഞ്ഞു കൊടുത്താൽ വളരെ നന്നായിരിക്കും എന്നതാണ്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍