UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇപിഎഫ് നികുതി സര്‍ക്കാര്‍ പിന്‍വലിക്കുമോ?

Avatar

അഴിമുഖം പ്രതിനിധി

ഭാവശൂന്യമായ ഒരു സര്‍ക്കാര്‍ ഏകാധിപത്യ സര്‍ക്കാരിനേക്കാള്‍ പലപ്പോഴും അപകടകാരിയാകാം. ചുരുങ്ങിയ പക്ഷം നികുതിയുടെ കാര്യത്തിലെങ്കിലും അങ്ങനെയാണ്. പുതിയ ബജറ്റോടെ കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചതും ഇതാണ്. ബജറ്റിലെ മറ്റു നിര്‍ദേശങ്ങള്‍ക്കെല്ലാമുപരിയായി സര്‍ക്കാരിന് തിരിച്ചടിയാകാന്‍ പോകുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)-നു മേല്‍ നികുതി ചുമത്താനുള്ള നിര്‍ദേശമാണ്.

 

കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇപ്പോള്‍ ഈ നിര്‍ദേശം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്. ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ചുമത്താനുള്ള ഈ വിവാദ ബജറ്റ് നിര്‍ദേശം പൂര്‍ണമായി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനയിലുണ്ടെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

 

ഈ നിര്‍ദേശം മൊത്തത്തില്‍ പുന:പരിശോധിച്ചു വരികയാണെന്ന് ഒരു ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പ് തുടക്കമിട്ടു പരാജയപ്പെട്ട ന്യൂ പെന്‍ഷന്‍ സ്‌കീമിനെ (എന്‍പിഎസ്) പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇപിഎഫിന് മികച്ച നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ വാസ്തവത്തില്‍ മന്ത്രാലയം ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

 

‘വിവിധ പെന്‍ഷന്‍ ഫണ്ടുകളേയും പിഎഫ് ഫണ്ടിനെയും ഒരേ തലത്തില്‍ കൊണ്ടുവരാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പരസ്യമാണ്,’ ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി വി അനന്തരാജന്‍ പറയുന്നു.

 

അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം, ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് പലിശ വരുമാനത്തിന്റെ 60 ശതമാനത്തിനു മാത്രമെ നികുതി ബാധകമാകൂ, അല്ലെങ്കില്‍ ഒരു ജീവനക്കാരന്‍ വിരമിക്കല്‍ സമയത്ത് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 60 ശതമാനം ബാലന്‍സ് നിലനിര്‍ത്തിയാല്‍ നികുതിയില്‍ നിന്നൊഴിവാക്കും എന്നുമായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

 

‘കൂടുതലൊന്നും പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഞാനില്ല. തുല്യത വരുത്തുക എന്നതിനു പുറമെ, എന്‍പിഎസ് വിജയിക്കാതിരിക്കാന്‍ കാരണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന് നികുതി ഈടാക്കുമെന്ന ആശങ്കയായിരുന്നു. അതു കാരണമാണ് ഇവിടെയും നികുതി നിര്‍ദേശം ഉണ്ടായത്,’ അദ്ദേഹം പറയുന്നു.

 

ബജറ്റ് അവതരണം കഴിഞ്ഞ ഉടനെയും പിന്നീട് ജീവനക്കാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോഴുമായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഈ ഈഴ്ച ഇപിഎഫ് നികുതി നിര്‍ദേശം രണ്ടു തവണ പുനപ്പരിശോധനയ്ക്കു വിധേയമാക്കിക്കഴിഞ്ഞു.

 

 

ഇപിഎഫില്‍ ഉള്‍പ്പെടുന്ന, മാസം 15,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്നവരില്‍ നിന്നായി ഒരു വര്‍ഷം വെറും 200 കോടി രൂപയോളം മാത്രമെ നേടാനാകൂവെന്ന് വ്യാഴാഴ്ച അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു മന്ത്രാലയ യോഗത്തില്‍ തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടിയതായി മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

ആദായനികുതി നിയമം 80സി വകുപ്പു പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതി ഇളവുകള്‍ക്കപ്പുറം ഇപിഎഫില്‍ സ്വമേധയാ നിക്ഷേപിച്ച ഉയര്‍ന്ന വരുമാനമുള്ള ജീവനക്കാരില്‍ നിന്നും നികുതി ഈടാക്കുമെന്നും തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വിരമിക്കല്‍ സമയത്ത് ഇവരില്‍ നിന്ന് നികുതി ഈടാക്കുന്നത് ഇരട്ട നികുതിയായി മാറും.

 

ഇപിഎഫ് നികുതി നിര്‍ദേശം പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയുടെ ആവശ്യവും പശ്ചിമ ബംഗാളും കേരളത്തിലുമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കനത്ത രാഷ്ട്രീയ വില കൊടുക്കേണ്ടി വരുമെന്ന എന്‍ഡിഎ സഖ്യ കക്ഷികളുടെ ആശങ്കയും കണക്കിലെടുത്താണിത്. ‘പദ്ധതി ഭേദഗതി വരുത്തിയോ അല്ലെങ്കില്‍ ഭാഗികമായി പിന്‍വലിച്ചോ മുഖം രക്ഷിക്കാനുള്ള ശ്രമം ആപല്‍ക്കരമായിരിക്കും. ധനമന്ത്രാലയത്തില്‍ നിന്നു വന്നിട്ടുള്ള ബദല്‍ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെയും നികുതി ഈടാക്കലിന്റെയും വശം പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും’ – ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇപിഎഫ് അംഗങ്ങള്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് മറ്റൊരു പെന്‍ഷന്‍ പദ്ധതിയില്‍ക്കൂടി ചേരാന്‍ അവരെ നിര്‍ബന്ധിപ്പിക്കുന്നതിനു പകരം നിലവിലുള്ള പദ്ധതിയെ പരിഷ്‌കരിക്കുകയായിരിക്കും നല്ലതെന്നും തൊഴില്‍ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

 

ബജറ്റിനു ശേഷം ധനമന്ത്രാലയം മുന്നോട്ടു വച്ച മറ്റൊരു നിര്‍ദേശം 2016 ഏപ്രില്‍ ഒന്നിനു ശേഷമുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ വരുമാനത്തിന്റെ 60 ശതമാനത്തിനു മാത്രമെ നികുതി ചുമത്തൂ എന്നാണ്. വര്‍ഷംതോറും പ്രഖ്യാപിക്കുന്ന ഇപിഎഫ് റിട്ടേണുകള്‍ക്ക് നികുതി ചുമത്തുന്നത് അക്കൗണ്ടിംഗ് പിഴവുകള്‍ക്ക് കാരണമാകുമെന്നും ദീര്‍ഘകാല നിക്ഷേപത്തിന്റെ വര്‍ധനയുടെ ആകര്‍ഷണീയതയില്‍ നിന്നും അംഗങ്ങളെ അകറ്റുമെന്നും തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെടുന്നു. പലിശ വരുമാനം വേര്‍തിരിക്കാന്‍ ഓരോ അംഗത്തിനും വിവധ അക്കൗണ്ടുകള്‍ നിലനിര്‍ത്തുക സാധ്യമാണെങ്കിലും ഈ തത്വം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ അവതരിപ്പിച്ച 2015-16 വര്‍ഷത്തേക്കുള്ള സാമ്പത്തിക സര്‍വേയുടെ നിര്‍ദേശങ്ങള്‍ക്ക് എതിരാണ്.

 

നിക്ഷേപങ്ങള്‍ക്ക് നികുതി ചുമത്താന്‍ ഘട്ടം ഘട്ടമായുള്ള നീക്കമാണ് സര്‍വേ മുന്നോട്ടു വയ്ക്കുന്നത്. ഇതുപ്രകാരം നിക്ഷേപങ്ങളില്‍ നിന്നുള്ള വിഹിതങ്ങളും വരുമാനങ്ങളും നികുതിയില്‍ നിന്നൊഴിവാക്കുകയും എന്നാല്‍ വിരമിക്കല്‍ വേളയില്‍ അധിക നിക്ഷേപത്തിന്‍മേല്‍ നികുതി ചുമത്തപ്പെടുകയും ചെയ്യുന്നു. പലിശ വരുമാനത്തിന് നികുതി ഈടാക്കുക എന്നാല്‍ ഇപിഎഫിനെയും ഈ രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നര്‍ത്ഥം. ഇത്തരം ഫണ്ടുകളില്‍ ലോകത്തൊരിടത്തും ഉപയോഗിക്കാത്ത സംവിധാനമാണിത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍