UPDATES

ബന്ധുനിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും, പൊതുമേഖല നിയമനങ്ങള്‍ക്ക് പുതിയ മാനദണ്ഡം

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിയമനവിവാദങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും. മന്ത്രിസഭയോഗത്തിന്റെതാണു തീരുമാനം. വ്യവസായ വകുപ്പില്‍ ഉള്‍പ്പെടെ നടന്നിരിക്കുന്ന ബന്ധുനിയമനങ്ങളാണ് അന്വേഷിക്കുക. ഇതു കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പുതിയ മാനദണ്ഡം സ്വീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം ഇ പി ജയരാജനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള പൊതുതാതപര്യ ഹര്‍ജി കോടതി പരിശോധിക്കുന്ന വേളയില്‍ ത്വരിതാന്വേഷണം നടത്താനുള്ള തീരുമാനം വിജിലന്‍സ് കോടതിയെ അറിയിക്കുമെന്നു കരുതുന്നു.

ഇത്തരമൊരു ഉത്തരവ് ഇറങ്ങും മുമ്പ് സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം എടുത്ത് ഇ പി ജയരാജന്‍ വ്യവസായ വകുപ്പ് ഒഴിയുമെന്നും അറിയുന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചയില്‍ ജയരാജന്‍ തന്നെ രാജിസന്നദ്ധ മുന്നോട്ടുവച്ചതായാണ് അറിയുന്നത്. 

സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തനിക്കെതിരേ ഉയരുന്ന ശക്തമായ എതിര്‍പ്പുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുക അത്ര എളുപ്പമല്ലെന്നാണു ജയരാജന് ബോധ്യമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുക ജയരാജന് അസംഭവ്യമാണ്.

എന്നാല്‍ മന്ത്രിയുടെ രാജി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു. കര്‍ശനമായ താക്കിതോ അതല്ലെങ്കില്‍ വ്യവസായ വകുപ്പില്‍ നിന്നുള്ള മാറ്റമോ ആകാം ജയരാജനെ കാത്തിരിക്കുന്ന ശിക്ഷകളെന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും അറിയുന്നു. ജയരാജനെതിരേ സംഘടനതലത്തില്‍ നടപടിയെടുക്കാനും കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു. ഒരുപക്ഷേ ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തുന്ന തരത്തിലുള്ള ശിക്ഷയും വന്നേക്കാം. എന്തായാലലും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും ഇ ഇത്തരം നടപടികളെക്കുറിച്ചെല്ലാം തീര്‍പ്പുണ്ടാവുക. എന്തായാലും ആറുമാസം പോലും പ്രായമാകാത്ത ഒരു മന്ത്രിസഭയെ ഇത്തരത്തില്‍ നാണക്കേടില്‍ എത്തിച്ച ജയരാജനെതിരേ ശക്തമായ പ്രതിഷേധം തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായേക്കും. വ്യവസായ വകുപ്പിലെ സ്ഥാപനങ്ങളില്‍ നിയമിച്ച എല്ലാ ബന്ധുക്കളും സ്ഥാനമൊഴിഞ്ഞെങ്കിലും പാര്‍ട്ടിയേയും സര്‍ക്കാരിനെയും പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കെതിരേ അത്ര പെട്ടെന്നു പൊറുത്ത് തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ പാര്‍ട്ടിയോ സര്‍ക്കാരോ തയ്യാറാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍