UPDATES

തേക്ക് വിവാദം; ക്ഷേത്രം കമ്മിറ്റിയുടെ ആവശ്യം വനം വകുപ്പിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നു ജയരാജന്‍

അഴിമുഖം പ്രതിനിധി

കുടുംബക്ഷേത്രത്തിലേക്ക് ആവിശ്യമായ കോടികള്‍ വിലവരുന്ന തേക്കുതടികള്‍ സൗജന്യമായി നല്‍കണമെന്നാവിശ്യപ്പെട്ട് വനംവകുപ്പിന് കത്തെഴുതിയെന്ന പുതിയ വിവാദത്തിനു മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വിശദീകരണം. ഇരണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല, അത് ദേവസ്വം ബോര്‍ഡിന്റെതാണ്. ക്ഷേത്രത്തിന്റെ കൊടിമരം, ശ്രീകോവില്‍ തുടങ്ങിയവ പുതുക്കണമെന്നതുള്‍പ്പെടയുള്ള പുന്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിരൂപയിലധികം ചെലവു വരുമെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും സൗജന്യമായി തേക്കു തടികള്‍ കിട്ടാനുള്ള സഹായം ചെയ്യണമെന്നും ആവശ്യപ്പെടുന്ന ഒരു കത്ത് ക്ഷേത്രം കമ്മിറ്റിക്കാര്‍ തരികയായിരുന്നു. ആ പ്രദേശത്തുള്ള ഒരാളെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും അവരുടെ ആവശ്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്റെ ലെറ്റര്‍ പാഡില്‍ തന്നെയാണ് കത്തെഴുതിയത്. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിക്ക് ഞാന്‍ കത്തെഴുതുമ്പോള്‍ അതെന്റെ ലെറ്റര്‍ പാഡിലല്ലാതെ മറ്റാരുടെ ലെറ്റര്‍ പാഡിലാണ് എഴുതേണ്ടത്. മറ്റു മന്ത്രിമാര്‍ക്കും ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് കാണിച്ച് കത്തെഴുതിയിട്ടുണ്ട്. വനം വകുപ്പ് ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു; ജയരാജന്‍ മാധ്യമങ്ങളോട് നടത്തിയ വിശദീകരണത്തില്‍ പറഞ്ഞു.

തന്നെ മനപൂര്‍വം വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജയരാജന്‍ പറയുന്നു.

വ്യവസായ വകുപ്പ് മന്ത്രിയായിരിക്കേ ജയരാജന്‍ കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പില്‍ നിന്നും 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ടുകൊണ്ട് തന്റെ ലെറ്റര്‍പാഡില്‍ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതായി മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പുതിയ വിവാദം ഉയര്‍ന്നത്. ജയരാജന്‍ ആവശ്യപ്പെട്ട 1200 മീറ്റര്‍ ക്യുബിക് തേക്ക് സൗജന്യമായി നല്‍കാനാവില്ലെന്നും ഇത് ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നു ഇ പി ജയരാജന്റെ ശുപാര്‍ശ തള്ളിക്കളയുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത.

ഇ പി ജയരാജന്റെ കത്ത് കിട്ടിയതായും മന്ത്രി ജയരാജന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കുടുംബ ക്ഷേത്രഭരണ സമിതിയുടെ ശുപാര്‍ശ വന്നതെന്നും വനം വകുപ്പ് മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇ പി ജയരാജന്‍ തയ്യാറായില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടു ഈ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ട്ടപ്പെട്ടിട്ടു അധികനാളായിട്ടില്ല. ഇതിനിടയിലാണ് മന്ത്രി പദവി ദുരുപയോഗം ചെയ്തതായി പുതിയ വാര്‍ത്ത പുറത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍