UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാഗ്രതക്കുറവ് ജയരാജന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും!

ഇ. പി ജയരാജന്‍ ചെയ്തത് criminal misconduct ആണ്. അഴിമതി നിരോധന നിയമത്തിന്റെ (1998) 15 ആം വകുപ്പ് അനുസരിച്ചുള്ള കുറ്റം ജയരാജന്‍ ചെയ്തു കഴിഞ്ഞു. ‘whoever attempts to commit an offence referred to in clause (c) or clause (d) of sub -section (1) of section 13 shall be punishable with imprisonment for a term which may extend to three years and with fine’ എന്നാണ് 15-ആം വകുപ്പ് പറയുന്നത്. ഇതില്‍ പരാമര്‍ശിക്കുന്ന 13-ആം വകുപ്പിന്റെ clause കള്‍ അനുസരിച്ച് അഴിമതി നടത്തിയ വ്യക്തി നിയമവിരുദ്ധമായി തനിക്കോ മറ്റാര്‍ക്കെങ്കിലുമോ അനര്‍ഹമായ നേട്ടമുണ്ടാക്കിയതായി തെളിയിക്കണം.

സുധീര്‍ നമ്പ്യാരെ KSIE യുടെ MD ആക്കിക്കൊണ്ടുള്ള വ്യവസായമന്ത്രിയായ ജയരാജന്റെ നിയമന ഉത്തരവുപ്രകാരം സുധീര്‍ നമ്പ്യാര്‍ ജോലിയില്‍ പ്രവേശിക്കുകയോ അനര്‍ഹമായി എന്തെങ്കിലും നേടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ, 3 ആം വകുപ്പിന്റെ clause (c) പ്രകാരമോ (d) പ്രകാരമോ ജയരാജന്‍ കുറ്റം ചെയ്തിട്ടില്ല.

എന്നാല്‍, 15 ആം വകുപ്പനുസരിച്ച് ഒരാള്‍ 13 (1)- 10 വകുപ്പിന്റെ (d) പ്രകാരമുള്ള കുറ്റം ചെയ്യാന്‍ മുതിര്‍ന്നാല്‍ തന്നെ ശിക്ഷ ഉറപ്പാണ്. ഭാര്യ സഹോദറിയുടെ മകന്, അയാള്‍ക്ക് KSIE യുടെ MD സ്ഥാനത്തിനുവേണ്ട യോഗ്യതകളൊന്നും ഇല്ലാതിരുന്നിട്ടും, നിയമന ഉത്തരവ് നടത്തിയത്, അതുകൊണ്ടു തന്നെ, അഴിമതി നിരോധന നിയമം (1988) ന്റെ 15-ആം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹമായ criminal misconduct ആണ്.

ഒരു കൈയില്‍ മഞ്ഞ കാര്‍ഡും മറു കൈയില്‍ ചുവന്ന കാര്‍ഡും കൊണ്ടു നടക്കുന്ന, കൂട്ടിലിട്ട കിളിയല്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വെറുമൊരു വഴിപോക്കനെ കൊണ്ടു കേസ് അന്വേഷിപ്പിച്ചാലും ജയരാജന് ശിക്ഷ ഉറപ്പാണ്. അങ്ങനെ കേരളത്തിന്, ബാലകൃഷ്ണ പിള്ളയ്ക്കുശേഷം, മറ്റൊരു മഹാനായ നേതാവിനെക്കൂടി കിട്ടും.

പക്ഷെ, അങ്ങനെയൊക്കെ ചെയ്യാന്‍ തുനിഞ്ഞാല്‍ UDF ന്റെ മുകളിലൂടെ മാത്രം പറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള ജേക്കബ് തോമസിന്റെ ചിറകുകള്‍ പോലും അരിഞ്ഞു വീഴ്ത്തും. കളി ജയരാജനോടോ? അതുകൊണ്ട് മഞ്ഞകാര്‍ഡിനും ചുവന്ന കാര്‍ഡിനും ഒപ്പം നെഞ്ചില്‍ മൂന്നാമതൊരു പച്ച കാര്‍ഡും കൂടി കെട്ടിത്തൂക്കി, അതില്‍ LDF എന്നെഴുതി, ജേക്കബ് തോമസ് പണ്ടു TV ക്കാരോടു കാണിച്ചതുപോലെ വായില്‍ പ്ലാസ്റ്ററൊട്ടിച്ചു നടക്കാനാണ് സാധ്യത.

ജയില്‍ ശിക്ഷ കിട്ടാന്‍ സാധ്യതയില്ലാത്ത ഗുരുതരമായ മറ്റൊരു കുറ്റവും ജയരാജന്‍ ചെയ്തു. സത്യപ്രതിജ്ഞാ ലംഘനം. ‘I will do right to all manner of people in accordance with the constitution and the law without fear or favour, affection or ill-will’ എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ജയരാജന്‍ നടത്തിയത്. അതുപക്ഷെ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അയോഗ്യനാക്കാനുള്ള ഭരണഘടനയുടെ 191(1) അനുഛേദത്തില്‍ പറഞ്ഞിട്ടുള്ള അഞ്ചു കാരണങ്ങളില്‍പ്പെടുന്നില്ല.

വേണമെങ്കില്‍ ആര്‍ക്കെങ്കിലും ഹൈക്കോടതിയില്‍ Writ of Quo Warranto കൊടുക്കാം. കേസ് അഡ്മിറ്റ് ചെയ്താല്‍, ധാര്‍മികതയുടെ പേരില്‍, പണ്ടു ബാലകൃഷ്ണ പിള്ള ചെയ്തതുപോലെ, ജയരാജനും രാജിവയ്ക്കാം. അതിനുപക്ഷെ, സാധ്യത തീരെയില്ല. കാരണം, അന്നു ജി കാര്‍ത്തികേയനെക്കൊണ്ട് കേസുകൊടുപ്പിച്ചത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനായിരുന്നു. (കേസ് അഡ്മിറ്റ് ചെയ്യുന്നതിനുവേണ്ടി കരുണാകരന്റെ ഓഫീസില്‍ നിന്ന് ജഡ്ജിയെ വിളിച്ചിരുന്നു എന്നു കാണിച്ച് Illustrated Weekly യില്‍ റിപ്പോര്‍ട്ട് എഴുതിയതിന് വേണു മേനോന്‍ എന്ന ജേര്‍ണലിസ്റ്റ് കോടതി കയറേണ്ടതായും വന്നു). ധാര്‍മികതയുടെ പേരില്‍ ജയരാജന്‍ രാജിവയ്ക്കാന്‍ പിണറായി ആവശ്യപ്പെടില്ല. ധാര്‍മികതയുടെ പേരിലായിരുന്നുവെങ്കില്‍ ലാവിലിന്റെ നിയമക്കുരുക്കില്‍ നിന്നു മോചനം നേടാതെ പിണറായി മുഖ്യമന്ത്രിയാകുകയില്ലായിരുന്നു.

ജയരാജന്‍ ചെയ്ത മറ്റൊരു കുറ്റം സര്‍ക്കാരിന്റെ Rules of Business ന്റെ ലംഘനമാണ്. തന്റെ സ്വന്തക്കാരോ വേണ്ടപ്പെട്ടവരോ ഏതെങ്കിലും ഉയര്‍ന്ന തസ്തികയിലേക്കുള്ള അപേക്ഷകരാണെങ്കില്‍ അതിന്റെ എല്ലാകാര്യങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കണമെന്നും ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്നുമാണ് ചട്ടം പറയുന്നത്. മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെങ്കില്‍ ജയരാജന്‍ ചട്ടലംഘനം നടത്തി. മുഖ്യമന്ത്രിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു എങ്കില്‍, ‘എനിക്കിതൊന്നും അറിയില്ല’ എന്നു പറഞ്ഞ പിണറായി വിജയന്‍ കള്ളം പറയുകയാണ്.

പാര്‍ട്ടിയോടും പാര്‍ട്ടി നേതാക്കളോടും പൊതുജനത്തിനുണ്ടാകാന്‍ സാധ്യതയുള്ള അവമതിക്കു കാരണമാകുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേതാക്കള്‍ ബോധപൂര്‍വം അകന്നു നില്‍ക്കണമെന്ന പാര്‍ട്ടി പ്ലീനത്തിന്റെ നിര്‍ദേശത്തെയാണ് രണ്ടു കേന്ദ്രകമ്മിറ്റിയംഗങ്ങള്‍-ജയരാജനും പി കെ ശ്രീമതിയും- പുച്ഛിച്ചു തള്ളിയത്.

ഇതൊക്കെ നിയമത്തിന്റെയും ചട്ടങ്ങളുടെയും പാര്‍ട്ടി നിര്‍ദേശങ്ങളുടേയും ഒക്കെ കാര്യം. അത്തരം കാഴ്ചപ്പാടുകളില്‍ നിന്നു നോക്കിയാല്‍ ജയരാജന്‍ ചെയ്തതു തെറ്റാണെന്നു തോന്നാം. പക്ഷെ ജയരാജന്റെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍, ജയരാജന്‍ അസ്വാഭാവികമായി ഒന്നും ചെയ്തിട്ടില്ല എന്നു കാണാം.

സ്വന്തം വീടുനിര്‍മിച്ചപ്പോള്‍ ജയരാജന്‍ ഉപയോഗിച്ചത് Machine-cut കല്ലുകളായിരുന്നു; തൊഴിലാളികള്‍ വെട്ടിയെടുത്ത വെട്ടുകല്ല് അല്ലായിരുന്നു. യന്ത്രവത്കരണത്തിനെതിരെ പാര്‍ട്ടി വന്‍ സമരങ്ങള്‍ നടത്തിയ കാലത്തായിരുന്നു ജില്ല സെക്രട്ടറിയും തൊഴിലാളി നേതാവുമായിരുന്ന ജയരാജന്‍ machine-cut കല്ലുകള്‍ കൊണ്ടു വീടുപണിതത്. മാത്രമല്ല, വീട് സാധാരണ സഖാക്കള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ മുന്തിയരീതിയിലുള്ളതായിരുന്നു. സംഭവം കണ്ണൂരില്‍ വലിയ കോലാഹലത്തിനു കാരണമായി. പാര്‍ട്ടിയുടെ പ്രഖ്യാപിത പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായി. പത്രങ്ങളില്‍ വാര്‍ത്തയായി.’ ഇക്കാലത്ത് സാമാന്യം സൗകര്യത്തില്‍ ജീവിക്കാന്‍ ഇത്തരമൊരു വീടു വേണ്ടി വരും’ എന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദന്‍ തീര്‍പ്പുകല്‍പ്പിച്ചതോടെയായിരുന്നു പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഇല്ലാതായത് (അന്നൊക്കെ പാര്‍ട്ടി സഖാക്കള്‍ ചായയും പരിപ്പുവടയും കഴിച്ച് സമരം നടത്തിയവരാണ്. അതുകൊണ്ടായിരുന്നു മുറുമുറുപ്പ്. ഇന്നാണെങ്കില്‍ അങ്ങനെയുള്ള മുറുമുറുപ്പ് ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളെല്ലാം കോടീശ്വരന്മാരാണെന്നും ആ പണമൊക്കെ അവിഹിതമായി സമ്പാദിച്ചതാണെന്നും അറിയാത്തവര്‍ക്കു പാര്‍ട്ടി ടിക്കറ്റുപോലും കൊടുക്കില്ല. മാത്രമല്ല, ‘ചായയും പരിപ്പുവടയും’ സംസ്‌കാരം ജയരാജന്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്).

ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന സമയത്താണ് ജയരാജന്‍ വ്യാജലോട്ടറി കച്ചവടക്കാരനായ സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്നും രണ്ടു കോടി രൂപ വാങ്ങിയത്. ലോട്ടറിയ്‌ക്കെതിരെ കൈരളി ചാനലിലും ദേശാഭിമാനി പത്രത്തിലുമൊഴികെ മറ്റെല്ലാ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് മാര്‍ട്ടിന്റെ കൈയില്‍ നിന്നും രണ്ടുകോടി രൂപ വാങ്ങിയത്. പരസ്യത്തിനു വേണ്ടി മാര്‍ട്ടിന്‍ മുന്‍കൂറായി കൊടുത്ത പണമെന്നാണ് ജയരാജന്‍ അന്നു പറഞ്ഞത്. പക്ഷെ, പാര്‍ട്ടി ഇടപെട്ട് പണം തിരികെ കൊടുപ്പിച്ചപ്പോള്‍, ജയരാജന്റെ വാദം പൊളിഞ്ഞു. മാത്രമല്ല, മാനേജര്‍ സ്ഥാനത്തു നിന്നും കുറച്ചു മാസത്തേക്ക് ജയരാജനെ മാറ്റിനിര്‍ത്തുകയും ചെയ്തു. ജയരാജന് അല്‍പ്പം ജാഗ്രതക്കുറവുണ്ടായിരുന്നു എന്നാണ് അന്നു പാര്‍ട്ടി വിശദീകരണം നല്‍കിയത്.

ഫാരീസ് അബുബക്കര്‍ വിവാദം കത്തിനിന്നപ്പോഴാണ്- ഫാരീസും പിണറായിയുടെ ഒരു ബിനാമി ആണെന്ന വിവാദം- കണ്ണൂരിലെ നായനാര്‍ ഫുട്‌ബോള്‍ മത്സരത്തിന് ജയരാജന്‍ ഫാരീസിന്റെ കൈയില്‍ നിന്നു വന്‍തുക വാങ്ങിയത്. സഖാവിന്റെ പേരിലുള്ള ഫുട്‌ബോള്‍ മത്സരത്തിന് ആരുടെ പണവും സ്വീകരിക്കുമെന്നാണ് അന്ന് ജയരാജന്‍ പറഞ്ഞത്.

ദേശാഭിമാനി മാനേജരായിരിക്കെ തന്നെയാണ് തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി ചുളുവിലയ്ക്ക് ജയരാജന്‍ വിറ്റത്. അതു വാങ്ങിയത് പല ക്രിമിനല്‍ കേസുകളിലും പ്രതിയായ വി എം രാധാകൃഷ്ണന്‍ എന്ന അബ്കാരി വ്യവസായി ആണെന്നും വാര്‍ത്തയുണ്ടായിരുന്നു.’ അതൊക്കെ പാര്‍ട്ടിക്കാര്യം, പൊതുജനത്തിനെന്താണു കാര്യം’ എന്നാണു ജയരാജന്‍ അന്നു ചോദിച്ചത്.

പാര്‍ട്ടിയുടെ അംഗങ്ങളുടെ നല്ലനടപ്പിനുള്ള പാഠങ്ങള്‍ തയ്യാറാക്കാനായിരുന്നു പാര്‍ട്ടി പ്ലീനം നടത്തിയത്. എന്നാല്‍, പ്ലീനം തുടങ്ങുന്ന അന്ന് ദേശാഭിമാനിയുടെ മുന്‍ പേജില്‍ ഇതേ രാധാകൃഷ്ണന്റെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പരസ്യം വന്നു. മലബാര്‍ സിമന്റ്‌സിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി രാധാകൃഷ്ണന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരമൊരാളുടെ പരസ്യം പ്ലീനത്തിന്റെ ഉദ്ഘാടന ദിവസം തന്നെ വേണമായിരുന്നോ എന്ന ചോദ്യത്തിനു ‘പ്ലീനത്തില്‍ എന്താ നടക്കുന്നത് എന്നു നിങ്ങള്‍ക്കറിയാമോ? വല്ല വിവരമുണ്ടോ’ എന്നാണു ജയരാജന്‍ പ്രകോപിതനായി ചോദിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തില്‍ നിന്നു പാര്‍ട്ടി കുറച്ചൊക്കെ മാറി ചിന്തിക്കണമെന്ന പുരോഗമന ആശയം മുന്നോട്ടുവച്ചതും ജയരാജന്റെ നേതൃത്വത്തിലാണ്. അങ്ങനെയാണ് പാര്‍ട്ടി ടൂറിസത്തിലേക്കും അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കുമൊക്കെ തിരിഞ്ഞത് (തലമൂത്ത നേതാക്കള്‍ അവിഹിതമായി സമ്പാദിച്ച പണം invest ചെയ്യേണ്ടേ?). കണ്ണൂരിലെ കണ്ടല്‍ക്കാട് വെട്ടിനിരത്തി അതിനു മുകളില്‍ കണ്ടല്‍ പാര്‍ക്ക്. രണ്ടു ദ്വീപുകളെ യോജിപ്പിച്ചുകൊണ്ടുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്. അങ്ങനെ പലതും.

ജയരാജന്റെ എല്ലാ നീക്കങ്ങളിലും വന്‍തോതിലുള്ള പണത്തിന്റെ കിലുക്കമുണ്ട്. ഓരോ പ്രാവശ്യവും പാര്‍ട്ടി ജയരാജന്റെ ജാഗ്രതക്കുറവിനെ ശാസിക്കുകയും അടുത്ത ഉത്തരവാദിത്വം എല്‍പ്പിക്കുകയും ചെയ്യും. പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ ജാഗ്രതക്കുറവ് എന്നാല്‍, ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന കള്ളന് ഗൃഹനാഥന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നതില്‍ വന്ന തെറ്റാണ്. അതിനപ്പുറം ഒന്നും ഇല്ല. മോഷ്ടിക്കാന്‍ തീരുമാനിച്ചതും ജനല്‍ കമ്പി വളച്ച് അകത്തു കടന്നതും സേഫ് കുത്തി തുറന്നതും പണം എടുത്തതും കുറ്റമല്ല. ഗൃഹനാഥന്റെ ഉറക്കത്തിന്റെ ആഴം അളക്കാനുള്ള മാപിനി ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി. അതുകൊണ്ടു തൊണ്ടി മുതല്‍ കൈയിലിരിക്കുമ്പോള്‍ തന്നെ ഗൃഹനാഥന്‍ ഉണര്‍ന്നു. ഓടി രക്ഷപ്പെടാനുള്ള വാതില്‍ പാര്‍ട്ടി തന്നെ തുറന്നു കൊടുക്കും. അടുത്ത തവണ ജാഗ്രതക്കുറവ് ഉണ്ടാകരുത് എന്നു പാര്‍ട്ടി ജയരാജനെ ഉപദേശിക്കുകയും ചെയ്യും. എന്തുകൊണ്ടണ് മറ്റാരോടും കാട്ടാത്ത ഈ പരിഗണന ജയരാജന് കിട്ടുന്നത്?

കാരമണമിതാണ്. ജയരാജനാണ് പാര്‍ട്ടിയുടെ Fund raiser. എല്ലാ മുതലാളിമാരുമായി സൗഹൃദത്തില്‍ നില്‍ക്കാനും പാര്‍ട്ടിയ്ക്കു വേണ്ടി പണം പിരിക്കാനും ഈ തൊഴിലാളി നേതാവിനു കഴിയും. പിരിക്കുന്നതിന്റെ ഒരു വിഹിതം ജയരാജന്‍ സ്വന്തമാക്കുമെന്നും പാര്‍ട്ടിക്കറിയാം. പ്ലീന തീരുമാനം അനുസരിച്ച് അത് അനുവദനീയമാണ് (പണ്ട് ലാവ്‌ലിന്‍ കമ്പനിയുമായി നടത്തിയ ഇടപാടിലൂടെ കിട്ടിയ പണം പാര്‍ട്ടിയും ഉപയോഗിച്ചിട്ടുണ്ട്. എകെജി സെന്ററിന്റെ മോടി പിടിപ്പിക്കലും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കു താമസിക്കാനുള്ള ഫ്ലാറ്റും കൈരളി ചാനലുമൊക്കെ ഈ സമയത്ത് ഉണ്ടാക്കിയതാണ്).

പക്ഷെ, ഇത്തവണ പാര്‍ട്ടിയ്ക്കു ജയരാജന്റെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവുണ്ടായി. പാര്‍ട്ടി ജയരാജനെ വ്യവസായ മന്ത്രിയാക്കി. അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി തെളിവാര്‍ന്നതാണ്. വ്യവസായ മന്ത്രിക്ക് പാര്‍ട്ടി കണ്ട ഏറ്റവും മികച്ച fund raiser ആകാം. അതു വേണ്ടായിരുന്നു. ജയരാജനെ ഔദ്യോഗിക വലയത്തിനു വെളിയില്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു. കളമില്ലാതെ കളിക്കാനുള്ള നൈപുണ്യം പാര്‍ട്ടി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കില്‍, ഇടയ്ക്കിടെ, ജാഗ്രതക്കുറവിന്റെ കാര്യം മാത്രം ഓര്‍മിപ്പിച്ചാല്‍ മതിയായിരുന്നു. ഏതെങ്കിലും പത്രക്കാരന്‍ ചോദ്യം ചോദിച്ചാല്‍ ‘ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല’ എന്ന സ്ഥിരം ഉത്തരം പറഞ്ഞാല്‍ മതിയായിരുന്നു.

ജയരാജനും ജാഗ്രതക്കുറവുണ്ടായി. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയല്ല കേരളം എന്ന സംസ്ഥാനം എന്നു തിരിച്ചറിയാനുള്ള ജാഗ്രതക്കുറവ്. പാര്‍ട്ടി സഖാക്കളല്ല കേരളീയര്‍ എന്നു തിരിച്ചറിയാനുള്ള ജാഗ്രതക്കുറവ്.

ജനാധിപത്യം, സ്വതന്ത്ര പത്രപ്രവര്‍ത്തനം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത, നേതാവിന്റെ ചെയ്തികളെ വിമര്‍ശിക്കുക ഇങ്ങനെയുള്ള നൂലാമാലകളൊന്നും ജയരാജന്റെ പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയില്‍ പ്രാവര്‍ത്തികമാക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യത്തില്‍ ഉള്ളും ഇല്ല, പാര്‍ട്ടിയും ഇല്ല, ജനാധിപത്യവും ഇല്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അന്നന്നത്തെ നേതാവിന് സ്തുതിഗീതം പാടുന്ന കുറേ കുഞ്ഞാടുകള്‍ മാത്രമാണ് ഇന്നു സഖാക്കള്‍ (അതിനു പിണറായിയോടു നന്ദി പറയണം. അദ്ദേഹമാണ് പാര്‍ട്ടിയെ ഏകശിലാരൂപത്തില്‍ ആക്കിയെടുത്തത്).

ഏറ്റവും രസകരമായ കാര്യം ചാനല്‍ ചര്‍ച്ചകളിലെ സഖാക്കന്‍മാരുടെ അഭാവമാണ്. ആനത്തലവട്ടം എന്ന പഴയ നേതാവു മുതല്‍ ഷംസീര്‍, റിയാസ്, സ്വരാജ് തുടങ്ങിയ ‘ന്യു-ജന്‍’ സഖാക്കളും ആദ്യനാളുകളിലെ ചര്‍ച്ചയ്ക്കില്ല. വിളിച്ചിട്ട് ആരും വരുന്നില്ല എന്നാണ് അവതാരകര്‍ പറയുന്നത്. ആദ്യദിവസത്തെ ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് ഭാസുരേന്ദ്ര ബാബുവായിരുന്നു. പാര്‍ട്ടിയുടെ സമുന്നത നേതാവ് നടത്തിയ അഴിമതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ബാബു പറഞ്ഞത്, ഏറെക്കുറെ, ഇങ്ങനെയായിരുന്നു;

‘ ഈ പാര്‍ട്ടിയിലെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ഉണ്ടാകുന്നതു തന്നെ വലിയ കാര്യമാണ്. കാരണം, ജനങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുന്നില്ല. അതു ജനങ്ങള്‍ക്കു പാര്‍ട്ടിയിലുള്ള വിശ്വാസത്തെയാണു കാണിക്കുന്നത്. അതാണോ UDF ഭരണത്തിന്മേല്‍ ജനങ്ങള്‍ക്കുള്ള വിലയിരുത്തല്‍? ഒരു തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ത്തന്നെ പാര്‍ട്ടി അത് ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ തിരുത്തിയില്ലേ? അതെന്തുകൊണ്ടു നിങ്ങള്‍ കാണാതെ പോകുന്നു? തെറ്റുണ്ടാകുന്നത് മനുഷ്യസഹജം. അതു തിരുത്തുന്നവനാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ്. തെറ്റു കണ്ടയുടന്‍ തിരുത്തുന്ന നല്ല കമ്യൂണിസ്റ്റ് മാതൃകയുടെ പൂക്കാലമായാണ് ഞാനിതിനെ കാണുന്നത്’.

അഴിമതി നടത്തിയ ജയരാജന് നമ്മള്‍ക്കു മാപ്പ് കൊടുക്കാം. പക്ഷെ, ഇമ്മാതിരി പാര്‍ട്ടി വക്താക്കളെ കൈകാര്യം ചെയ്തിട്ടു മതി നമ്മള്‍ stray dogs ന്റെ കാര്യം ചര്‍ച്ച ചെയ്യുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍