UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തനമെന്ന നഞ്ചുകലക്കലും ഇപിയെന്ന ശുദ്ധഗതിക്കാരനും

Avatar

അഴിമുഖം പ്രതിനിധി

ഒരു സെക്രട്ടേറിയേറ്റ് ഗോസിപ്പാണ്; 

വേദി മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യമന്ത്രി കെകെ ശൈലജയും വ്യവസായ മന്ത്രി (മുന്‍) ഇ പി ജയരാജനും രംഗത്തുണ്ട്. വകുപ്പിലെ ഏതോ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു മുമ്പായി മുഖ്യമന്ത്രിയെ കണ്ടു പറയാനാണ് ശൈലജ ടീച്ചര്‍ വന്നത്. ടീച്ചര്‍ക്കു പറയാനുള്ളതെല്ലാം കേട്ടശേഷം മുഖ്യമന്ത്രി പതിവു ഗൗരവം അല്‍പം കുറച്ചു ടീച്ചറോടായി പറഞ്ഞു; എല്ലാ കാര്യങ്ങളും ഇവിടെ വന്നു പറയണമെന്നില്ല, ശരിയാണെന്നു തോന്നുന്നതില്‍ സ്വയം തീരുമാനമെടുക്കാം.

മുഖ്യമന്ത്രി പറഞ്ഞതിനോട് സമ്മതം മൂളി ടീച്ചറും ഇപിയും തിരികെ പോയി. ഒന്നു രണ്ടു ദിവസം കഴിഞ്ഞു. ഇപിയെ തന്റെ ഓഫീസിലേക്കേ കാണുന്നില്ല, എന്താ കാര്യമെന്നറിയാന്‍ മുഖ്യമന്ത്രി ഇപിയെ വിളിപ്പിച്ചു. 

സഖാവിനെ ഒന്നു രണ്ടു ദിവസമായി ഇങ്ങോട്ട് കാണുന്നില്ലല്ലോ? പിണറായി തിരക്കി.

സഖാവല്ലേ പറഞ്ഞത് വകുപ്പിലെ തീരുമാനങ്ങളൊക്കെ സ്വയം എടുക്കണമെന്ന്? ഇപിയുടെ മറുപടി.

പതിവു ഗൗരവത്തിന് അല്‍പം കൂടി മൂര്‍ച്ച കൂട്ടി പിണറായി: അതു ഞാന്‍ ശൈലജ ടീച്ചറോടാണു പറഞ്ഞത്; സഖാവിനോടല്ല…

ഇതു കേട്ടുകേള്‍വി മാത്രമുള്ള ഒരു ഗോസിപ്പാണ്. പക്ഷേ ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് നിതാന്ത ജാഗ്രതയുണ്ടായിരുന്നുവെന്നാണ് ഈ കഥയുണ്ടാക്കിയവര്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ടും ജയരാജന് ചില അബദ്ധങ്ങള്‍ പറ്റി. അത്രവലിയ അഴിമതിയൊന്നും വ്യാവസായവകുപ്പ് മന്ത്രിയായിരുന്ന് ജയരാജന്‍ ചെയ്തിട്ടില്ല. എന്നാല്‍ ജനാധിപത്യത്തിലെ നീതിവ്യവസ്ഥയനുസരിച്ച് ജയരാജന്‍ ചെയ്തതെന്നു പറയുന്ന ചെറിയ തെറ്റുപോലും വലിയ പാതകമാണ്. ഒരു ജനാധിപത്യ സര്‍ക്കാരിലെ മന്ത്രിക്ക് സകലജനവും സ്വന്തക്കാരാണെന്നിരിക്കെ അവിടെ ജയരാജന്‍ പക്ഷപാതം കാണിച്ചു. ആ പാപത്തിന്റെ ഫലമെന്നോണം പാര്‍ട്ടിക്കു മുന്നില്‍ ‘മിയ കുള്‍പ്പ, മിയ കുള്‍പ്പ, മിയ മാക്‌സിമ കുള്‍പ്പ’ ചൊല്ലി മന്ത്രിസ്ഥാനവും രാജിവച്ചു.

ജാഗ്രതക്കുറവാണ് ജയരാജന്റെ ഏറ്റവും വലിയ ശത്രു. മുന്‍പിന്‍നോക്കാതെ ചാടിയിറങ്ങിക്കളയും, അതൊരു കടത്തനാടന്‍ ശൈലിയാണ്. അതിപ്പോള്‍ പാര്‍ട്ടിക്കു വേണ്ടിയാണെങ്കിലും ബന്ധുജനങ്ങള്‍ക്കു വേണ്ടിയാണെങ്കിലും നാട്ടുകാര്‍ക്കുവേണ്ടിയാണെങ്കിലും. ഈ ചാടിയിറങ്ങലിന് കമ്യൂണിസ്റ്റ് ബൗദ്ധികവൃത്തങ്ങളില്‍ പറയുന്ന പേരാണ് ജാഗ്രതക്കുറവ്. വിശദമായ പരിശോധനയില്‍ ഈ രോഗം രണ്ടു കാരണങ്ങളാലാണ് ജയരാജനില്‍ ബാധിച്ചിരിക്കുന്നത്, ഒന്ന് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, രണ്ട്, മനസിന്റെ ശുദ്ധത. പാര്‍ട്ടിക്കോ പാര്‍ട്ടി പത്രത്തിനോ ഒരാവശ്യം വരുമ്പോള്‍ അദ്ദേഹത്തില്‍ ആത്മാര്‍ത്ഥ വല്ലാത്ത തോതില്‍ ഉയരുകയും അത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിച്ച് കണ്ണുകളില്‍ ഒരുതരം ഇരുള്‍ നിറയ്ക്കുകയും ചെയ്യും. പിന്നെ മുന്നില്‍ നില്‍ക്കുന്നതാരാണെന്നു കാണാനാവാതെ തന്റെ ആവശ്യം പറഞ്ഞു കളയും. ചോദിക്കുന്നത് ജയരാജനായതുകൊണ്ട് ചോദിക്കുന്നതൊക്കെ കിട്ടും. പക്ഷേ ആരോടാണ് ചോദിച്ചതെന്നും അവരുടെ കുഴപ്പങ്ങളെന്താണെന്നും നാട്ടുകാര്‍ വിളിച്ചു പറയുമ്പോഴാണ് അറിയുന്നത്. പിന്നെ പാര്‍ട്ടി വക ട്രീറ്റ്‌മെന്റ് കിട്ടും. ഒടുവില്‍ രോഗശാന്തി (താത്കാലികം). ഈയടുത്ത് ഈതേ രോഗത്തിന്റെ സിന്‍ഡ്രോം ശരീരത്തില്‍ അമിതമായി കടന്നുകൂടിയത് മന്ത്രിയായപ്പോഴാണ്. മുന്‍ പറഞ്ഞ അതേ ലക്ഷ്ണങ്ങള്‍ രോഗിയില്‍ കണ്ടു. പക്ഷേ ഇത്തവണ ട്രീറ്റ്‌മെന്റ് കുറച്ചു കടുത്തുപോയി. എന്നാലും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല രോഗം, ഇറ്റ് ഈസ് ആന്‍ ഇന്‍ക്യൂറബിള്‍ എന്നാണു വൈദ്യശാസ്ത്രം പറയുന്നത്.

ഇനി ഇതേ രോഗം വരാനുള്ള രണ്ടാമത്തെ കാരണം പറയാം; മനസിന്റെ ശുദ്ധത അഥവ നിഷ്‌കളങ്കത. ഒരാള്‍ ഒരു സഹായം ഇങ്ങോട്ട് ചോദിച്ചെന്നിരിക്കട്ടെ, കണ്ണുംപൂട്ടി ചെയ്തുകൊടുക്കും. അതിപ്പോള്‍ പാര്‍ട്ടിപത്രം വക ഭൂമിയാണെങ്കിലും കണ്ണവം കാട്ടിലെ തേക്കാണെങ്കിലും എടുത്തോന്നു പറയാന്‍ സന്തോഷമേയുള്ളൂ ഇപിക്ക്. ഇപ്പോള്‍ പഴയ മന്ത്രിയായിട്ടും ഇപിയുടെ തലയ്ക്കല്‍ കണ്ടകന്‍ കൂടുവച്ചിരിക്കുന്നതിനു കാരണവും അതേ ശുദ്ധതയാണ്. പക്ഷേ രണ്ടാം വിമോചനസമരത്തിനുള്ള നിലമുഴുതുകൊണ്ടിരിക്കുന്ന ചില മാധ്യമങ്ങള്‍ ഇപിയുടെ ശുദ്ധതയും നിഷ്‌കളങ്കതയും തങ്ങള്‍ക്കു കിട്ടിയ ആയുധമാക്കിയിരിക്കുകയാണ്. 

ഇപി ജയരാജന്‍ പൂര്‍ണമായും ശരിയായ ഒരു രാഷ്ട്രീയനേതാവ് ആണെന്നു പറയുന്നില്ല, പക്ഷേ ഇവിടെ, ഈ തേക്ക് തടി വിവാദത്തില്‍ ഇപി തെറ്റുകാരനല്ല എന്നു തന്നെ പറയാം.

ഇപിക്കു ബാധിച്ചിരിക്കുന്ന രോഗം അതിനേക്കാള്‍ രൂക്ഷമായി ഇവിടെയുള്ള മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധിച്ചിട്ടുണ്ടെന്നതിനു തെളിവാണ് ഇന്നലെ വൈകിട്ടോടെ വെട്ടിവില്‍ക്കാന്‍ ശ്രമിച്ച തേക്കു വിവാദം. സ്വന്തം കുടുംബക്ഷേത്രത്തിലേക്ക് കോടികള്‍ വിലവരുന്ന തേക്കുതടികള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയായിരിക്കെ ഇപി ജയരാജന്‍ തന്റെ സ്വന്തം ലെറ്റര്‍ പാഡില്‍ വനംവകുപ്പ് മന്ത്രിക്കു കത്തെഴുതിയെന്ന ബിഗ് ബ്രേക്കുമായാണ് മാതൃഭൂമി ചാനല്‍ രംഗത്തുവന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റുവച്ച് തേക്കിനേക്കാള്‍ വിലയുണ്ട് ജയരാജനെന്നു അറിയാവുന്ന മറ്റു മാധ്യമങ്ങളും തടിപിടിക്കാന്‍ ഓടിക്കൂടി, സോഷ്യല്‍ മീഡിയയിലെ കീബോര്‍ഡുകള്‍ തുള്ളിയുറഞ്ഞു. സ്വദേശാഭിമാനിയുടെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചക്കാരായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഗര്‍ജ്ജനം മുഴക്കി. ആകെക്കൂടി ഏതാണ്ട് ഒന്നൊന്നൊര മണിക്കൂറിനുള്ളില്‍ ഇടിവെട്ടി നില്‍ക്കുന്ന ഇപിയെ തേക്കില്‍ ചുറ്റിവരിഞ്ഞുകെട്ടി പാമ്പായ പാമ്പെല്ലാം ഒരുപോലെ കൊത്തി. കൊത്തി കൊത്തി കൊത്തുകാരെല്ലാം കൂടി മുറത്തിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഇപി വാ തുറന്നത്. വീണ്ടുമൊരു ഏറ്റുപറച്ചിലായിരുക്കുമെന്നാണ് കരുതിയത്. പക്ഷേ തെറ്റി. തെറ്റിയതു തനിക്കല്ല, മാധ്യമങ്ങള്‍ക്കാണെന്നു ഇപി പറഞ്ഞു, വിത്ത് ഫുള്‍ പ്രൂഫ്. അതോടെ കാര്യങ്ങള്‍ തിരിഞ്ഞു. ജയരാജന്‍ ശരിയാണെങ്കില്‍ മാധ്യമങ്ങള്‍ തെറ്റാണ്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന തെറ്റ്.

മാതൃഭൂമിയുടെ ബിഗ് ബ്രേക്കില്‍ പറഞ്ഞതോരോന്നായി തെറ്റായിരുന്നുവെന്നു തെളിഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഡി ഗ്രേഡ് ക്ഷേത്രമായ ഇരണാവ് ചുഴലി ഭഗവതി ക്ഷേത്രം മാതൃഭൂമിയുടെ റിപ്പോര്‍ട്ടറുടെ കണ്ണില്‍ ജയരാജന്റെ കുടുംബക്ഷേത്രമായി. അതു പൊളിഞ്ഞപ്പോള്‍ ക്ഷേത്രം കമ്മിറ്റിയില്‍ ജയരാജന്റെ ഏതൊക്കെയോ ബന്ധുക്കള്‍ ഉണ്ടെന്നായി. അതിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇപിയുടെ വീടിനടുത്തുള്ള ക്ഷേത്രമായി. എങ്ങനെ വന്നാലും കടലും കടലാടിയും തമ്മിലുള്ള ബന്ധമെങ്കിലും ക്ഷേത്രവും ജയരാജനുമായി ഉണ്ടെന്നു സമര്‍ത്ഥിച്ചേ അടങ്ങൂ എന്നായി ചാനല്‍. കേട്ടപ്പാടി കേള്‍ക്കാത്ത പാതി ജയരാജവധത്തിനിറങ്ങിയ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പേരിനോടുള്ള കൂറു നിലനിര്‍ത്താനേന്നോണം ചാനല്‍ പറഞ്ഞ 17 കോടിയില്‍ സന്തുഷ്ടരാകാതെ ജയരാജന്‍ അമ്പതുകോടിയുടെ തേക്കു കച്ചോടത്തിനിറങ്ങിയെന്ന് വാര്‍ത്തയുമെഴുതി കളഞ്ഞു.

അമ്പലക്കമ്മിറ്റിക്കാരുടെ ആവലാതി കേട്ടപ്പോള്‍ മനസലിഞ്ഞ ജയരാജന്‍ ഒന്നും ആലോചിക്കാതെ തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്തെഴുതിയതല്ലാതെ മറ്റൊരു കുറ്റവും ഇവിടെ ചെയ്തിട്ടില്ല; അതും അമ്പലക്കമ്മിറ്റിക്കാരുടെ നിവേദനം ഉള്‍പ്പെടെ. കണ്ണവം കാട്ടില്‍ 1050 ക്യൂബിക് അടി തേക്കുമരം ഉണ്ടാകുമോയെന്നും വനംവകുപ്പ് ആര്‍ക്കെങ്കിലും സൗജന്യമായി ഇത്രയും തേക്കു തടി കൊടുക്കുമോയെന്നൊന്നും ആലോചിച്ചു മെനക്കെടാന്‍ ഇപി നിന്നില്ല. അതാണ് ഇപിയുടെ ശുദ്ധത. ക്ഷേത്രാവശ്യങ്ങള്‍ക്കായുള്ള മരത്തിന് മുപ്പതുശതമാനം അധികം വിലയിട്ടാണ് വനംവകുപ്പ് സാധാരണ നല്‍കുക. കാരണം, ക്ഷേത്രത്തിലേക്കാവശ്യമായ തടികള്‍ ചില ആചാരബന്ധമായ രീതിയിലാണ് മുറിക്കുക. ലക്ഷണവും ഗുണവുമൊക്കെ നോക്കി, പൂജയും വഴിപാടും നടത്തി, നിലം തൊടാതെ മുറിച്ചെടുക്കുകയാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഇതേ കുറിച്ചൊന്നും വന്നവര്‍ പറഞ്ഞുമില്ല, ഇപിയൊട്ട് ചോദിച്ചതുമില്ല. നാട്ടുകാരല്ലേ, ഇനിയും കാണേണ്ടവരല്ലേ എന്നു മാത്രമാണ് ആലോചിച്ചത്. എന്നാല്‍ കത്തുകിട്ടിയ വനംമന്ത്രി തന്റെ വകുപ്പില്‍ തിരക്കിയപ്പോള്‍ ഇതൊന്നും നടക്കാന്‍ പോണില്ല സാറേ എന്നാണു മറുപടി കിട്ടിയത്. അതോടെ രാജു മന്ത്രി തന്റെ നിസ്സഹായാവസ്ഥ ഇപിയെ അറിയിച്ചു. ഫോറസ്റ്റ് ഹെഡ് ഓഫിസില്‍ ഇരിക്കുന്നവര്‍ക്കു തന്നെ ആവശ്യപ്പെട്ട കാര്യം നടക്കില്ലെന്ന് അറിയാമെന്നിരിക്കെ ഇപിയുടെ കത്ത് കണ്ണവത്തെ ഫോറസറ്റ് ഉദ്യോഗസ്ഥരുടെ പക്കല്‍വരെ പറന്നെത്തിയെന്നൊക്കെ മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍ വച്ചു കാച്ചിയത് എന്തിനാണോ ആവോ?

ഇവിടെയും ഇപിക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നതു നേരാണ്, അതുപക്ഷേ മുന്‍കാല ചെയ്തികളോട് കൂട്ടരുത്. അതുകൊണ്ട് ഇപിയെ വെറുതെ വിടാം. പക്ഷേ മാതൃഭൂമി പോലൊരു മാധ്യമം തങ്ങള്‍ പുലര്‍ത്തേണ്ട മാധ്യമജാഗ്രതയോ സത്യസന്ധതയോ കൈവിട്ട് നടത്തിയ ഈ വാര്‍ത്തയുണ്ടാക്കല്‍ അക്ഷന്തവ്യമായ അപരാധമായാണ് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അതിനു തെളിവുണ്ട്. എന്നിട്ടും തങ്ങളുടെ ഭാഗം ന്യായീകരിക്കാനും ചെയ്തത് ശരിയാണെന്നു സമര്‍ത്ഥിക്കാനുമാണവര്‍ പെടാപ്പാടു പെട്ടത്. ഒരു കാര്യവുമില്ലാത്ത കാര്യമായിട്ടും പ്രൈംടൈം ചര്‍ച്ചയില്‍ ഈ വിഷയം എടുത്തിട്ടു. ഇന്നത്തെ പത്രത്തില്‍ മുന്‍പേജില്‍ മൂന്നുകോളം വാര്‍ത്തയും എഴുതി. പോരാത്തത്തിന് മുന്‍പേജിലും ഉള്‍പേജിലും രണ്ടു പോക്കറ്റ് കാര്‍ട്ടൂണുകളും കൊടുത്തു. അതും കുടുംബക്ഷേത്രപരമാര്‍ശത്തോടെ. എല്ലാ ജനങ്ങളും രാഷ്ട്രീയവിദ്യഭ്യാസമുള്ളവരല്ലാത്ത നാട്ടില്‍, മാധ്യമങ്ങളുടെ അജണ്ടകളെ കുറിച്ച് അറിവില്ലാതെ പോകുന്നവരുടെ ഉള്ളില്‍ ഇപിക്കു വീണ്ടുമൊരു കുറ്റക്കാരന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കാനുള്ള ചെയ്തികളെല്ലാം അവര്‍ ചെയ്‌തെന്നു സാരം.

ധാര്‍മികതയൊക്കെ പണ്ടേ കാലപുരി പൂകിയ മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ മനസിലാക്കിയിരിക്കുന്ന വലിയൊരു അടവുണ്ട്. തങ്ങളുടെ കൈവശം കുറച്ചു നഞ്ചുണ്ടെങ്കില്‍ അതൊന്നു വിതറുക, സോഷ്യല്‍ മീഡിയ എന്ന വലിയ തടാകത്തില്‍ അതു വേഗം കലങ്ങിക്കോളും, അങ്ങനെ ആരെയാണോ ലക്ഷ്യംവച്ചത് അവര്‍ പിടഞ്ഞു വീണോളും. മാതൃഭൂമി ചെയ്തതും ഇതേ നഞ്ചുകലക്കലാണ്. അതിലവര്‍ ഭാഗികമായേ വിജയിച്ചുള്ളൂ എന്നോര്‍ത്ത് താത്കാലികമായി സമാധാനിക്കാം.

പിന്‍കുറിപ്പ്; ഇരണാവ് ഭഗവതി ക്ഷേത്രം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ഉഴലുകയാണെന്നാണ് പ്രസ്തുത ക്ഷേത്രം ഭാരവാഹികള്‍ തന്നെ പുറത്തിറക്കിയ നോട്ടീസില്‍ കാണുന്നത്. ഈ അവസ്ഥ മനസിലാക്കായി ഇപി ജയരാജന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ തന്നെക്കൊണ്ട് കഴിയുമോയെന്നു കൂടിയോര്‍ക്കാതെ അവരെ സഹായിക്കാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കാതെ, ഇപിയെ തേക്കുരാജനും തേക്കപ്പനുമൊക്കെയാക്കി പരിഹസിച്ച ഹിന്ദു ഉദ്ധാരണസംഘക്കാരോടുള്ള എല്ലാ വിയോജിപ്പുകളും പ്രകടിപ്പിക്കുന്നു. അമ്പലങ്ങള്‍ക്കായി സര്‍ക്കാരുകള്‍, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നു പരാതി പറയുന്നവര്‍ തന്നെയാണ് ഇപിയെ ആക്രമിക്കുന്നതെന്നും കാണണം. ഇതിനൊക്കെ ചുഴലി ഭഗവതി നിങ്ങളോട് ചോദിക്കട്ടെ…!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍