UPDATES

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തണോ നിയന്ത്രിക്കണോ? പന്താടപ്പെടുന്ന പൊതുജനാരോഗ്യം

നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഒരു തരത്തിലുള്ള സ്വയം നിയന്ത്രണം നടപ്പിലാക്കാനും മരുന്നുകടക്കാരുടെ സംഘടനകള്‍ക്കും ബാധ്യതയുണ്ട്.

മരുന്നുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനുള്ള ‘ഇ-ഫാര്‍മസി’കളിലൂടെ ഉള്‍പ്പെടെ മരുന്നുകളുടെ കച്ചവടം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെ ഒരു പട്ടിക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിനോട് പ്രതികൂലമായി പ്രതികരിച്ച ഇന്ത്യയിലെ മരുന്ന് കച്ചവടക്കാര്‍ ഒരു ദിവസത്തെ സമരം നടത്തുകയും ചെയ്തു. മരുന്നുകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തലാക്കുന്നതാണോ അതോ അതിനെ നിയന്ത്രിക്കുന്നതാണോ നല്ലത്? രണ്ടാമത്തെതാണ് നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന ഇ-പ്ലാറ്റ്ഫോം സഹായകരമാകുമോ അതോ പുതിയ പ്രശ്നങ്ങള്‍ അത് സൃഷ്ടിക്കുമോ?

2017 മാര്‍ച്ച് 16-ന്, ആരോഗ്യ, കുടംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ഒരു പൊതു നോട്ടീസില്‍, ‘രാജ്യത്തെ മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി കൂടിയാലോചന നടത്തുന്നതിന്’ ആഹ്വാനം ചെയ്തിരുന്നു. ഉത്പാദകരില്‍ നിന്നും സ്റ്റോക്ക്/മൊത്തക്കച്ചവടക്കാരിലേക്കും അവിടെ നിന്നും ചെറുകിട വ്യാപാരികളിലേക്കും (ഇ-ഫാര്‍മസികളും ഉള്‍പ്പെടെ) അവരില്‍ നിന്നും അവസാനം ഉപഭോക്താക്കളിലേക്കുമുള്ള മരുന്നുകളുടെ വില്‍പ്പന നിരീക്ഷിക്കുന്നതിനായി ഒരു ഇ-പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനായി ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നോട്ടീസിലുണ്ട്. ഈ നിര്‍ദ്ദേശപ്രകാരം എല്ലാ ഉത്പാദകരും മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും ഇ-പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ-പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫാര്‍മസികളെ മരുന്ന് വില്‍ക്കാന്‍ അനുവദിക്കില്ല. ഇ-പ്ലാറ്റ്ഫോമില്‍ ലഭിക്കുകയും വില്‍ക്കുകയും ചെയ്യുന്ന മരുന്നുകളുടെയും ഡോക്ടറുടെയും രോഗിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ ഓരോ പ്രിസ്‌ക്രിപ്ഷന്റെയും വിശദാംശങ്ങളും രേഖപ്പെടുത്തണം. കൂടാതെ ഈ പ്ലാറ്റ്ഫോം നിലനിര്‍ത്തുന്നതിനുള്ള സാമ്പത്തിക സഹായവും അവര്‍ നല്‍കണം.

ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇ-ഫാര്‍മസികളെ അനുവദിക്കുന്നതിനെ എതിര്‍ത്ത് മരുന്നുകടക്കാരുടെ സംഘടന, ഇപ്പോള്‍ ഇ-പ്ലാറ്റ്ഫോമിനെതിരെ ശക്തമായി രംഗത്ത് വരികയും ഭാവിയില്‍ അനിശ്ചിതകാല സമരമുള്‍പ്പെടെയുള്ള പരിപാടികളും മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇ-പ്ലാറ്റ്ഫോമിലുള്ള നിര്‍ബന്ധിത രജിസ്ട്രേഷനെയും അതിനുവേണ്ടി വരുന്ന മനുഷ്യവിഭങ്ങളയെും കുറിച്ചുള്ള മരുന്നുകച്ചവടക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനപ്പുറം ഗ്രാമീണ മേഖലകളിലെ പ്രാപ്യതയെയും അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങളെയും കുറിച്ചുള്ള വിശാലമായ ആശങ്കകളും ഉയര്‍ന്നുവരുന്നുണ്ട്.

ഇ-ഫാര്‍മസികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആദ്യമായല്ല. ഓണ്‍ലൈന്‍ മരുന്ന് കച്ചവടം നിയന്ത്രിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി 2015-ല്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഒരു ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ഇ-പ്രിസ്‌ക്രിപ്ഷനുകളെ ബന്ധപ്പെടുത്തുന്ന ഒരു ദേശീയ പോര്‍ട്ടലിലൂടെ സാധ്യമാകുന്ന ഒരു പ്രവര്‍ത്തന മാതൃക നിര്‍ദ്ദേശിച്ചുകൊണ്ട് 2016 സെപ്തംബറില്‍ ഉപസമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇ-പ്രിസ്‌ക്രപ്ഷനുകളിലൂടെ ഡോക്ടര്‍മാരെയും രോഗികളെയും ഫാര്‍മസികളെയും ബന്ധിപ്പിക്കുന്ന (ഓണ്‍ലൈന്‍ വഴിയോ ഓഫ്ലൈന്‍ വഴിയോ) ഒരു ഇ-പോര്‍ട്ടല്‍ എന്ന നിര്‍ദ്ദേശം സമിതി മുന്നോട്ടുവച്ചിരുന്നു. സര്‍ക്കാര്‍ സമീപകാലത്ത് പുറപ്പെടുവിച്ച പൊതുനോട്ടീസിലെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അത്തരത്തിലുള്ള ഒരു സംവിധാനം: ‘ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന യഥാര്‍ത്ഥ മരുന്നുകളുടെ’ ലഭ്യത ഉറപ്പാക്കുക, ‘ആന്റി മൈക്രാബയല്‍ പ്രതിരോധം (എഎംആര്‍) നിയന്ത്രിക്കുക’, ‘ഓണ്‍ലൈന്‍/ഇന്റര്‍നെറ്റ് വഴി മരുന്നുകളുടെ വിതരണം നിയന്ത്രിക്കുക’ എന്നിവയാണവ. എന്നാല്‍ ഉപസമിതി റിപ്പോര്‍ട്ടിന്റെ വെള്ളം ചേര്‍ത്ത പതിപ്പാണ് പൊതു നോട്ടീസ് എന്ന് മാത്രമല്ല, ഉത്പാദകരില്‍ നിന്നും ഉപഭോക്താവ് വരെയുള്ള രാജ്യത്തെ മരുന്നിന്റെ കച്ചവടം നിരീക്ഷിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തതാണ് അത് നിര്‍ദ്ദേശിക്കുന്ന ഇ-പ്ലാറ്റ്ഫോം എന്ന സന്ദേഹവും നിലനില്‍ക്കുന്നുണ്ട്.

‘പട്ടിക എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ വിതരണം ചെയ്യൂ,’ എന്ന് തുടങ്ങിയ വളരെ അവ്യക്തമായ വാക്കുകള്‍ പൊതു നോട്ടീസിലുണ്ട്. ഇത് പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്ത മരുന്നുകള്‍ക്കും ബാധകമാണോ? ഡോക്ടറുടെ നിര്‍ദ്ദേശം വേണ്ടാത്ത അല്ലെങ്കില്‍ കടയില്‍ നിന്നും നേരിട്ടു വാങ്ങാവുന്നത് എന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന (ഒടിസി) മരുന്നുകളെ സംബന്ധിച്ചിടത്തോളം കൃത്യമായ വേര്‍തിരിവോ നിയന്ത്രണമോ ഇന്ത്യയില്‍ ഇല്ല എന്ന മറ്റൊരു അടിസ്ഥാന പ്രശ്നത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. യഥാര്‍ത്തില്‍, ഇത്തരം മരുന്നുകളെ തരംതിരിക്കാനും നിയന്ത്രിക്കാനും ഉള്ള വകുപ്പുകള്‍/മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിക്കാനും പ്രിസ്‌ക്രിപ്ഷനില്‍ പറഞ്ഞിരിക്കുന്ന മരുന്നുകളില്‍ പറഞ്ഞിരിക്കുന്ന അതേ ജനറിക് ഫോര്‍മുലേഷനുകള്‍ തന്നെ വിതരണം ചെയ്യാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കഴിയുന്ന തരത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായുള്ള ഉപസമിതിക്ക് 2016 നവംബറില്‍ ചേര്‍ന്ന ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ വച്ച് മാത്രമാണ് രൂപം നല്‍കിയത്.

ഇത്തരം പ്രശ്നങ്ങളില്‍ ഒരു വ്യക്തതയുമില്ലാതെ എല്ലാ അര്‍ത്ഥത്തിലും പൊതു നോട്ടീസില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ വിശദീകരിച്ചിരിക്കുവന്ന ഇ-പ്ലാറ്റ്ഫോം സംബന്ധിച്ചുള്ള നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. 2015-ലെ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. എന്തായാലും നിലവിലുള്ള നിയന്ത്രണങ്ങളായ ഫാര്‍മസി ചട്ടം, ഫാര്‍മസി പ്രാക്ടീസ് നിയന്ത്രണങ്ങള്‍, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ചട്ടം എന്നിവയൊന്നും പൂര്‍ണമായി നടപ്പിലാക്കുന്നില്ല. നിയന്ത്രണങ്ങള്‍ക്കുള്ള ശ്രമങ്ങളോട് മരുന്നുകടക്കാര്‍ നേരത്തെയും അസഹിഷ്ണുത പുലര്‍ത്തിയിരുന്നു. ഉദാഹരണത്തിന്, പ്രസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ഇന്ത്യയില്‍ ഒരു പ്രിസ്‌ക്രിപ്ഷനുമില്ലാതെ കിട്ടുമെന്നത് അറിയപ്പെടുന്ന രഹസ്യമാണെന്ന് മാത്രമല്ല, സ്വയം പ്രതിവിധി കണ്ടെത്തല്‍ സര്‍വസാധാരണവുമാണ്. യുക്തിഹീനമായി മരുന്നുകള്‍ കുറിച്ചു നല്‍കുന്ന ഡോക്ടര്‍മാരുടെ രീതിയും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതാണ്. ഇ-ഫാര്‍മസികളെ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യം ന്യായയുക്തമാണ്. അതോടൊപ്പം തന്നെ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഒരു തരത്തിലുള്ള സ്വയം നിയന്ത്രണം നടപ്പിലാക്കാനും മരുന്നുകടക്കാരുടെ സംഘടനകള്‍ക്കും ബാധ്യതയുണ്ട്.

ഇ-പ്ലാറ്റ്ഫോം ചുവടുവെപ്പ് ശരിയായ ദിശയിലുള്ളതായിരിക്കാം. എന്നാല്‍, അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങളോ ആശയപരമോ നിയമപരമോ ആയ വ്യക്തതയോ നിലവിലില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പോലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല എന്നുമുള്ള വസ്തുതകള്‍  കണക്കിലെടുക്കാതെ, ഒരു ശൂന്യതയില്‍ നിന്നു കൊണ്ട് തീരുമാനിക്കേണ്ട ഒന്നല്ല ഇത് നടപ്പിലാക്കേണ്ട സമയവും രീതികളും. മരുന്നുകടക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിച്ചത് പോലെ, ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ഇടപെടല്‍ ആവശ്യമുള്ളതിനാലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ അധികമായതിനാലും മറ്റ് ഉത്പന്നങ്ങളുടെ കച്ചവടവുമായി മരുന്നു കച്ചവടത്തെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അന്തിമമായി ഉപഭോക്താവിന്റെ ജീവിതവും ക്ഷേമവും ആരോഗ്യവുമാണ് പന്താടപ്പെടുന്നത്.

(എകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍