UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ. ബാബു x പി. രാജിവ്? എറണാകുളം ഉറ്റുനോക്കുന്നു

Avatar

ദില്‍ന മധു

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. വികസനത്തിന്റെയും നഗര വത്കരണത്തിന്റെയും കേരള മാതൃകയാവുകയാണ് ഇവിടം. പടിഞ്ഞാറ് അറബി ക്കടലിനോട് ചേര്‍ന്ന തീരദേശ സംസ്‌ക്കാരത്തില്‍ നിന്ന് കിഴക്ക് മലനാട് വരെ നീളുന്നു എറണാകുളത്തിന്റെ വൈവിധ്യം.

കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങി ഭരണ നേട്ടമായി ഇത്തവണ യുഡിഎഫ് ഉയര്‍ത്തി കാട്ടുന്ന പ്രധാന പദ്ധതികള്‍ എറണാകുളം ജില്ലയുടെയും പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമാണ്.

യു ഡി എഫിനോട് പ്രത്യേക മമത എന്നും കാട്ടിയിട്ടുണ്ട് എണാകുളം ജില്ല. ആകെ 14 നിയമസഭാ നിയോജക മണ്ഡലങ്ങള്‍. ഇതില്‍ 11-ഉം നിലവില്‍ യു ഡി എഫിനൊപ്പം. അങ്കമാലി, പെരുമ്പാവൂര്‍, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളാണ് എല്‍ഡിഎഫിനെ വിജയിപ്പിച്ചത്. 2006-ല്‍ ഒമ്പത് മണ്ഡലങ്ങള്‍ വരെ ഇടതിന് ലഭിച്ചിട്ടുണ്ടെങ്കിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായി തന്നെയാണ് ജില്ല കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ ഐക്യമുന്നണിക്കുള്ള സ്വാധീനം ഈ രാഷ്ട്രീയ ചായ് വ് വിശദീകരിക്കും.


ആലുവ, കളമശ്ശേരി, പറവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, പിറവം, തൃക്കാക്കര, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് നിലവില്‍ യുഡിഎഫിന്റേത്. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ യുഡിഎഫില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഘടകകക്ഷികള്‍ പരസ്പരം മണ്ഡലങ്ങള്‍ വെച്ചു മാറാന്‍ നീക്കമുണ്ടായെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചില്ല.

ആലുവ- അന്‍വര്‍ സാദത്ത്, പറവൂര്‍-വി ഡി സതീശന്‍, കൊച്ചി-ഡൊമനിക്ക് പ്രസന്റേഷന്‍, തൃപ്പൂണിത്തുറ-കെ ബാബു, എറണാകുളം-ഹൈബി ഈഡന്‍, തൃക്കാക്കര-ബെന്നി ബഹനാന്‍, മൂവാറ്റുപുഴ-ജോസഫ് വാഴയ്ക്കാന്‍, കുന്നത്തുനാട്- വിപി സജീന്ദ്രന്‍ ഇവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍.

തൃപ്പൂണിത്തുറയിലെ പോരാട്ടമാണ് ഏറെ ശ്രദ്ധേയം. ബാര്‍ക്കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലും കെ ബാബു ജനകീയ കോടതിയുടെ വിധി തേടിയേക്കും. വിവാദങ്ങളും രാജി നാടകവും കഴിഞ്ഞ് ആറാം അങ്കത്തിനെത്തുന്ന ബാബുവിന് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടിരുന്നു തൃപ്പൂണിത്തുറയില്‍. നഗരസഭയില്‍ ബിജെപിക്ക് പിന്നില്‍ മൂന്നാമതായി കോണ്‍ഗ്രസ്. ജില്ലയില്‍ ബിജെപി ഏറ്റവും പ്രതീക്ഷ യോടെ നോക്കുന്ന മണ്ഡലവും ഇതുതന്നെ. 91-ല്‍ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉറച്ച ശ്രമത്തിലാണ് ഇടതു മുന്നണി. ജില്ലാ സെക്രട്ടറി പി.രാജീവിനെ തന്നെ സി പി ഐഎം രംഗത്തിറക്കിയേക്കു മെന്നാണ് സൂചന. ഉദയംപേരൂര്‍ ഉള്‍പ്പെടെ , അവസാനിക്കാത്ത വിഭാഗീയത തന്നെയാണ് ഇടതിന്റെ ക്ഷീണം.

കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറവൂരില്‍ നാലാം പോരാട്ടത്തിന് ഒരുക്കം തുടങ്ങി. 2011-ല്‍ പന്ന്യന്‍ രവീന്ദ്രനെ പരീക്ഷിച്ച സി പി ഐ മുന്‍ എം എല്‍ എ പി രാജുവിനെ വീണ്ടും മത്സരിപ്പിച്ചേക്കും. കൊച്ചിയില്‍ ഡൊമനിക്ക് പ്രസന്റേഷനൊപ്പം മുന്‍ മേയര്‍ ടോണി ചമ്മിണിയും പരിഗണിക്കപ്പെടുന്നു എന്നാണ് സൂചന. കഴിഞ്ഞ തവണ തോറ്റ എം സി ജോസഫൈന് പകരം മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ ഉള്ളവരെ ഇടതു പക്ഷവും പരിഗണിക്കുന്നു.

തൃക്കാക്കര, ആലുവ, കളമശ്ശേരി എന്നിവിടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ പേര് ഇടത് മുന്നണിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇവിടത്തെ സാമുദായിക പരിഗണന കൂടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഷയമാകും. വൈപ്പിനില്‍ മുന്‍ മന്ത്രി എസ് ശര്‍മ്മ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാകുന്നു. എന്നാല്‍ ശര്‍മ്മയോട് തോറ്റ അജയ് തറയിലിനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം ആയിട്ടില്ല. മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന് മണ്ഡലത്തില്‍ താല്പര്യം ഉണ്ടെന്നാണ് സൂചന.

എറണാകുളത്ത് ഹൈബി ഈഡന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവിടെ ഇനി ഒരു മത്സരത്തിന് താല്പര്യം ഇല്ലെന്ന് കഴിഞ്ഞ തവണത്തെ ഇടത് സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിക്കഴിഞ്ഞു. എം സി ജോസഫൈന്‍, റിമ കല്ലിങ്കല്‍, യേശുദാസ് പാറപ്പിള്ളി തുടങ്ങി നിരവധി പേരുകള്‍ ഇടത് പാളയത്തില്‍ നിന്ന് എറണാകുളത്ത് ഉയര്‍ന്നു കേള്‍ക്കുന്നു. തൃക്കാക്കരയിലോ കൊച്ചിയിലോ മത്സരിക്കാന്‍ താത്പര്യം ഉണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ മറസ് തുറന്നിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് സി പിഐ എം നേതൃത്വമാണ്.


പെരുമ്പാവൂരില്‍ മൂന്ന് വട്ടം എം എല്‍ എ ആയ സാജു പോളിന് സി പി ഐ എം ഇത്തവണ അവസരം നല്‍കുമോ എന്ന് ഇനിയും വ്യക്തമല്ല. സാജു പോളിനോട് തോല്‍വി വഴങ്ങിയ അഡ്വ.ജെയ്‌സണ്‍ ജോസഫിന് വീണ്ടും അവസരം നല്‍കണ മെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ഉണ്ട്. ഡി സി സി പ്രസിഡന്റ് വി.ജെ പൗലോസ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, സക്കീര്‍ ഹുസൈന്‍ എന്നിവരും സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സര രംഗത്തുണ്ട. അഡ്വ. ലാലി വിന്‍സെന്റ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ടി എം സക്കീര്‍ ഹുസൈന്‍ തുടങ്ങിയ പേരുകളും നിന്ന് വിവിധ മണ്ഡലങ്ങളില്‍ സാധ്യതാ പട്ടികയിലുണ്ട്.

ടി യു കുരുവിള കോതമംഗലത്തും അനൂപ് ജേക്കബ് പിറവത്തും വി.കെ ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിലും വീണ്ടും മത്സരിക്കും. അങ്കമാലി സീറ്റിനായുള്ള കോണ്‍ഗ്രസിന്റെ ശ്രമം കേരള കോണ്‍ഗ്രസ് (ജേക്കബ്)-നെ ചൊടിപ്പിച്ചിട്ടുണ്ട് . തോറ്റിട്ടും മണ്ഡത്തില്‍ സജീവമായിരുന്ന ജോണി നെല്ലൂര്‍ അങ്ങനെയെങ്കില്‍ 2006-ല്‍ വിജയിച്ച മൂവാറ്റുപുഴ തിരികെ നല്‍കണമെന്ന നിലപാടിലാണ്. കോണ്‍ ഗ്രസ് പിടി തോമസ്, എന്‍ എസ് യു അധ്യക്ഷന്‍ റോജി ജോണ്‍ എന്നിവരെ പരിഗണിക്കുന്നതായാണ് സൂചന. ജേക്കബ് ഗ്രൂപ്പിനാണ് മണ്ഡലമെങ്കില്‍ ജോണി നെല്ലൂര്‍ തന്നെ മത്സരിക്കും. ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ജോസ് തെറ്റയില്‍ ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കില്‍ ജെ ഡി എസിലെ മറ്റൊരു നേതാവ് ഇടത് സ്ഥാനാര്‍ത്ഥിയാക്കും.

ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും സി പി ഐ എമ്മിനും ഒരു പോലെ പ്രതിസന്ധിയാകുന്ന ജില്ലയാണ് എറണാകുളം. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇരുമുന്നണികള്‍ക്കും തലവേദനയാകും. നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ പ്രദേശിക വിഭാഗീയതയും സി പി ഐ എമ്മിന് മറികടക്കേണ്ടതുണ്ട്. ഗ്രൂപ്പും സമുദായ സമവാക്യങ്ങളും കോണ്‍ഗ്രസിന് പാലിക്കണം. മാണി കോണ്‍ഗ്രസിലെ വിമത ശബ്ദം ഉള്‍പ്പെടെ അവസാന നിമിഷത്തിലെ മാറി മറയലുകളിലും കണ്ണ് നടുകയാണ് എറണാകുളം.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍