ജെസ്റ്റിന്‍ എബ്രഹാം
തലശ്ശേരി കടലോരത്തിരുന്ന് എരഞ്ഞോളി മൂസ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട് – നല്ല ഒന്നാന്തരം മാപ്പിള പാട്ടുകള്‍. മൂസയുടെ പാട്ടിന്‍റെ ഈണത്തിനൊത്ത് കടലിലെ തിരകള്‍ താളവും പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നീ തീരവും അതിനോട് ചേര്‍ന്ന് താമസിക്കുന്ന മൂസയുടേത് അടക്കമുള്ള നൂറിലധികം കുടുംബങ്ങളും അപകട ഭീഷണിയിലാണ്. മണല്‍ മാഫിയയുടെ മണലൂറ്റ് പ്രദേശത്ത് ശക്തമായതോടെ കടല്‍ ഭിത്തി ഇടിഞ്ഞ് തീരം കടലെടുക്കുന്ന അവസ്ഥയിലാണ്.
വര്‍ഷങ്ങളായി തലശ്ശേരി തീരദേശത്ത് മണല്‍ മാഫിയ സജീവമായിട്ട്. വ്യാപകമായ മണലൂറ്റില്‍ കടല്‍ ഭിത്തി വരെ തകര്‍ന്നു. ചില സമയങ്ങളില്‍ ആഞ്ഞടിക്കുന്ന തിര ഇവരുടെ വീട്ടുമുറ്റത്തെത്തും. രണ്ട് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ വലിയ കാറ്റില്‍ ചില വീടുകള്‍ ഇടിഞ്ഞു വീഴുക പോലും ചെയ്തു.
മണല്‍ മാഫിയ തുരത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടപ്പോള്‍ നാട്ടുകാര്‍ ഒത്തുകൂടി. എരഞ്ഞോളിമൂസ അവരെ മുന്നില്‍ നിന്ന് നയിച്ചവരില്‍ ഒരാളായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഇരുകൂട്ടരും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടായി. മൂസയ്ക്കും മകനും സാരമായ പരിക്ക് പറ്റി. “ഈ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉസ്മാന്‍ എന്ന പ്രദേശവാസി ഇപ്പോഴും പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. ഞങ്ങള്‍ ഇപ്പോള്‍ വധശ്രമ കേസിലെ പ്രതികളാണ്. കേസ് നടന്നുകൊണ്ടിരിക്കയാണ്,” മൂസ പറയുന്നു.
“ഇവരുടെ പിന്നില്‍ വല്യ ആളുകള്‍ ഉണ്ട്. ഇവരോടൊന്നും എതിര്‍ത്ത് നില്‍ക്കാന്‍ നമുക്ക് സാധിക്കില്ല” മൂസ വ്യക്തമാക്കുന്നു.
എരഞ്ഞോളി മൂസ ഇപ്പോള്‍ പുതിയ വീട് തേടിയുള്ള അന്വേഷണത്തിലാണ്. നിലവിലെ വീട് അപകട ഭീക്ഷണിയിലാണ്. “തീരദേശമായത് കൊണ്ട് വില കിട്ടൂല. നമ്മുടെ ശേക്ഷിക്ക് ഒത്ത വീട് കിട്ടണ്ടേ,” മൂസ പറയുന്നു.
പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ നിസഹായരാണ്. ചിലരെ അറസ്റ്റ് ചെയ്തുവെങ്കിലും അടുത്ത ദിവസം തന്നെ അവര്‍ പുറത്തിറങ്ങി. “മുകളില്‍ ഉള്ളവര്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ക്ക് അനുസരിച്ചല്ലേ കഴിയൂ”.
ഇടിഞ്ഞു വീണ കടല്‍ ഭിത്തി ഉടന്‍ തന്നെ കെട്ടണം എന്നുള്ളതാണ് മൂസയുടെയും തീരദേശ വാസികളുടെയും ആവശ്യം. എംഎല്‍എയ്ക്കും അധികാരികള്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വേണ്ട നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കടല്‍ ഭിത്തി കെട്ടാനുള്ള കല്ലുകള്‍ ചില ഇടങ്ങളില്‍ ഇറക്കിയിട്ടുണ്ട്.
പോലീസിന്റെ നിര്‍ജീവാവസ്ഥയാണ് കാര്യങ്ങള്‍ വാഷളാകാന്‍ കാരണം എന്ന് നഗരസഭ അധ്യക്ഷന്‍ സികെ രമേശന്‍ പറഞ്ഞു. മണല്‍ മാഫിയക്കെതിരെ നടപടി എടുക്കണം എന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കടല്‍ഭിത്തി കെട്ടുന്നത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കയാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ഭിത്തി ഇടിഞ്ഞു സുരക്ഷ ഭീക്ഷണി നേരിട്ടതോടെ അനവധി കുടുംബങ്ങളാണ് പ്രദേശം വിട്ടു പോയത്.എന്നാല്‍ എന്ത് വന്നാലും അവസാനം വരെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കും എന്ന് മൂസ പറയുന്നു. “ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല നൂറില്‍ അധികം കുടുംബങ്ങളുടെ പ്രശ്നമാണ്. നിലനില്‍പ്പിന്റെ പ്രശ്നമാണ്.”
ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ ഈ കാര്യത്തില്‍ ഉടന്‍ പതിയുമെന്ന പ്രതീക്ഷയിലാണ് മലയാളിയുടെ ഈ പ്രിയഗായകന്‍.