UPDATES

വിദേശം

ട്രംപിന്റെ മകന്റെ ഉറുഗ്വെ സന്ദര്‍ശനം: ജനങ്ങള്‍ക്ക് നഷ്ടം ഒരുലക്ഷം ഡോളര്‍

പ്രസിഡന്റ് പദവിയും വ്യാപാര താല്‍പര്യവും കൂട്ടിക്കുഴയ്ക്കില്ല എന്ന ട്രംപിന്റെ പ്രതിജ്ഞയ്ക്കിടയിലാണ് പുതിയ വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രന്‍ എറിക് ട്രംപ് ഉറുഗ്വെ സന്ദര്‍ശിച്ച വകയില്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ചെലവായതായി വെളിപ്പെടുത്തല്‍. ട്രംപ് ഓര്‍ഗനൈസേഷന്റെ പ്രചാരണാര്‍ത്ഥമായിരുന്നു എറിക്കിന്റെ ഉറുഗ്വെ സന്ദര്‍ശനം. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും എംബസി ജീവനക്കാരുടെയും ഹോട്ടല്‍ താമസത്തിനുള്ള ചിലവ് പൊതുഖജനാവില്‍ നിന്നാണ് വഹിച്ചത്. പ്രസിഡന്റ് പദവിയും വ്യാപാര താല്‍പര്യവും കൂട്ടിക്കുഴയ്ക്കില്ല എന്ന ട്രംപിന്റെ പ്രതിജ്ഞയ്ക്കിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്.

ഉറുഗ്വെയില്‍ സ്ഥലക്കച്ചവടക്കാരും മറ്റുള്ള വ്യാപാരികളുമായി മാത്രമായിരുന്നു എറിക്കിന്റെ കൂടിക്കാഴ്ച. യുഎസ് സര്‍ക്കാരും ട്രംപിന്റെ വ്യാപാര താല്‍പര്യങ്ങളും തമ്മില്‍ ഇഴപിരിയാതെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എറിക്കിന്റെ സന്ദര്‍ശനം തെളിയിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും വ്യാപാര താല്‍പര്യങ്ങളും രണ്ടാണ് എന്ന് ആവര്‍ത്തിക്കുമ്പോഴും വാണിജ്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രഥമ കുടുംബത്തിന്റെ വിദേശയാത്രകള്‍ ഖജനാവില്‍ നിന്നുതന്നെ ചിലവുകള്‍ വഹിക്കേണ്ടി വരുന്നു എന്നാണ് വാര്‍ത്ത അര്‍ത്ഥമാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനുവരി ആദ്യം നടന്ന സന്ദര്‍ശനത്തില്‍ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുടെ ഹോട്ടല്‍ ബില്ല് മാത്രം 88,320 ഡോളറാണ്. ഉറുഗ്വെയിലെ യുഎസ് എംബസി അവരുടെ ഉദ്യോഗസ്ഥരുടെ താമസത്തിനായി മറ്റൊരു 9510 ഡോളര്‍ ചിലവഴിക്കുകയും ചെയ്തു. പൊതുപണം ചിലവഴിച്ചത് കൂടാതെ യാത്രയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ വിസമ്മതിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍