UPDATES

പ്രളയം 2019

ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരൂമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി, മലയാറ്റൂര്‍, കാലടി ,കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കരയുടെ ഭാഗമായ കോഴിതുരുത്ത് എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതായി ജില്ല ഭരണ കൂടം അറിയിച്ചു.

ആലുവ ശിവക്ഷേത്രം മുക്കാല്‍ ഭാഗം വെള്ളത്തിനടിയിലായിട്ടുണ്ട്. അങ്കമാലി-മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. നെടുമ്പാശ്ശേരി, പാറക്കടവ്  പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകള്‍ തുറന്നു.  34.95 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 30.60 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇവിടെ 41.46 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു . മലങ്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ 1.5 മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രം (ഡിഇഒസി)സജ്ജമാണെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തിലെ സാറ്റലൈറ്റ് ഫോണിലേക്ക് സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഫോണ്‍ വിളിക്കുകയും ഫോണ്‍ ബന്ധവും മറ്റും പ്രവര്‍ത്തനക്ഷമമാണെന്നുറപ്പു വരുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ മൊബൈല്‍- ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതു മറികടക്കാനാണ് എല്ലാ ജില്ലകള്‍ക്കും സാറ്റലൈറ്റ് ഫോണ്‍ അനുവദിച്ചത്.

കേന്ദ്രത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ ഹസാര്‍ഡ് അനലിസ്റ്റ്, യുഎന്‍ഡിപി ജില്ലാ പ്രോജക്ട് ഓഫീസര്‍, സ്പിയര്‍ ഇന്ത്യ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍ എന്നീ പദവികളിലുള്ള ഉദ്യോഗസ്ഥരുടെ സേവനവുമുണ്ട്. അടിയന്തരഘട്ടങ്ങളില്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാം. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍ 04842423513

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍