UPDATES

പ്രളയം 2019

പുത്തുമലയില്‍ ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ: ദേശീയ ദുരന്തനിവാരണ സേന ഇന്ന് തെരച്ചില്‍ അവസാനിപ്പിക്കും

പുത്തുമലയില്‍ നിന്നും മണ്ണിനടിയിലായ 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്

പുത്തുമലയില്‍ ദേശീയ ദുരന്തനിവാരണ സേന ഇന്ന് തെരച്ചില്‍ അവസാനിപ്പിക്കും. പതിനെട്ട് ദിവസം നീണ്ടുനിന്ന തെരച്ചിലാണ് ഇന്ന് അവസാനിപ്പിക്കുന്നത്. അതേസമയം ഇവിടെ ഇനിയും അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവരെ ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷ എല്ലാവരും കൈവിട്ടിരിക്കുകയാണ്.

എട്ടാം തിയതി വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒമ്പതാം തിയതി രാവിലെയാണ് പുത്തുമലയില്‍ തെരച്ചില്‍ ആരംഭിച്ചത്. ദേശീയ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിക്കുമെങ്കിലും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് പുത്തുമലയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അഞ്ചില്‍ നാലുപേരുടെയും ബന്ധുക്കള്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. എന്നാല്‍ പുത്തുമല സ്വദേശി ഹംസയ്ക്ക് വേണ്ടി പ്രദേശത്ത് ഒരിക്കല്‍ക്കൂടി തെരച്ചില്‍ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കൂടി ഉരുള്‍പൊട്ടലില്‍ മണ്ണിലടിഞ്ഞ മസ്ജിദിനോട് ചേര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തും.

പുത്തുമലയില്‍ നിന്നും മണ്ണിനടിയിലായ 12 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സികെ ശശീന്ദ്രന്‍ എംഎല്‍എ, റവന്യു അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 23ന് യോഗം ചേര്‍ന്നത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന പുത്തുമലയില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവര്‍ക്ക് പുതിയൊരു ഇടം കണ്ടെത്തുകയെന്നതാണ് പഞ്ചായത്ത് അധികൃതര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

also read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍