UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ വില്‍പനയ്ക്ക്

Avatar

ടീം അഴിമുഖം

അവര്‍ ചെയ്തത് കുറ്റകരമാണ്. എന്നാല്‍ അത് കാണിച്ചുതരുന്നത് കുറ്റകൃത്യങ്ങള്‍ മാത്രമല്ല, ഓരോ ഇന്ത്യക്കാരിലും അസ്വസ്ഥതയുണ്ടാക്കേണ്ട മറ്റു ചിലതു കൂടിയാണ്.

 

എസാര്‍ ഗ്രൂപ്പ് വര്‍ഷങ്ങളോളം പല ഇന്ത്യന്‍ വിവിഐപികളുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം രാഷ്ട്രീയ തലസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ആ സംഭാഷണങ്ങള്‍ നിങ്ങളോടു പറയുന്നത് ഇതാണ്: ഇന്ത്യ ഒരു വില്‍പനച്ചരക്കാണ്. ഇന്ത്യയിലെ സംവിധാനങ്ങള്‍ വളരെയെളുപ്പം സ്വാധീനിക്കപ്പെടാവുന്നവയാണ്.

 

മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം വെള്ളിയാഴ്ച എസാര്‍ ഗ്രൂപ്പ് നിഷേധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ അഭിഭാഷകന്‍ സുരന്‍ ഉപ്പലിന്റേത് ‘തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണമാണെന്നും ഒരു മുന്‍ ജീവനക്കാരന്റെ പേരില്‍ പണം പിടുങ്ങാനുള്ള ശ്രമമാണെന്നു’മാണ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ് സെക്യൂരിറ്റി തലവന്‍ എസ് എസ് ഖണ്ട്വാവാലയുടെ പ്രസ്താവന പറയുന്നത്.

 

2001നും 2006നുമിടയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ്, മുകേഷ് അംബാനി, അനില്‍ അംബാനി തുടങ്ങിയ വ്യവസായപ്രമുഖര്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരുടെ ഫോണ്‍ എസാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്നാണ് ജൂണ്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സുരന്‍ ഉപ്പല്‍ ആരോപിക്കുന്നത്.

 

ചോര്‍ത്തലിനിരകളായവര്‍ സര്‍ക്കാരിനെയും പൊലീസ്, ജുഡീഷ്യറി തുടങ്ങിയവയെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി സംഭാഷണങ്ങള്‍ കാണിക്കുന്നതായി ഉപ്പല്‍ കത്തില്‍ പറയുന്നു. എസാര്‍ സെക്യൂരിറ്റിയുടെ മുന്‍ തലവനായിരുന്ന അല്‍ബാസിത് ഖാന്റെ അഭിഭാഷകനായിരുന്നു ഉപ്പല്‍. ഖാന്റെ നേതൃത്വത്തിലായിരുന്നു ചോര്‍ത്തല്‍ എന്നാണ് ആരോപണം.

 

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര, വാജ്‌പേയിയുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യ, മന്ത്രിസഭാംഗങ്ങളായ ജസ്വന്ത് സിങ്, പരേതനായ പ്രമോദ് മഹാജന്‍, ഇപ്പോഴത്തെ യുപി ഗവര്‍ണര്‍ രാം നായിക്, ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍, റയില്‍ മന്ത്രി സുരേഷ് പ്രഭു, മുംബൈ എംപി കിരിത് സോമയ്യ, മഹാജന്റെ സഹായി സുധാംശു മിത്തല്‍ എന്നിവരുടെയൊക്കെ സംഭാഷണം ചോര്‍ത്തപ്പെട്ടു. ബിസിനസ് ലോകത്തുനിന്ന് അംബാനിമാരും അവരുടെ മുന്‍നിര ടീമുമാണ് ഇതില്‍പെട്ടത്. മുകേഷ്, അനില്‍, അനിലിന്റെ ഭാര്യ ടീന, റിലയന്‍സ് ഡയറക്ടര്‍മാരായ ഹീതല്‍ മെസ്വാനി, അമിതാഭ് ഝുന്‍ഝുന്‍വാല, മനോജ് മോദി, ആനന്ദ് ജെയിന്‍, സതീഷ് സേഥ്. അവരുടെ വിശ്വസ്തരായ ടോണി ജെശുദാസന്‍, എ സേതുരാമന്‍ എന്നിവരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു.

 

പിഎംഒ മുന്‍ ഉദ്യോഗസ്ഥന്‍ എന്‍ കെ സിങ്, ഇപ്പോഴത്തെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി എന്നിവരും പട്ടികയിലുണ്ട്. സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതോ റോയ്, അമിതാഭ് ബച്ചന്‍, സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്, അമര്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍.

 


എസാര്‍ വൈസ് ചെയര്‍മാന്‍ രവി റൂയിയ, ചീഫ് എക്സിക്യൂട്ടീവ് പ്രശാന്ത് റൂയിയ

 

ഉപ്പലിന്റെ കത്തിലുള്ള കാര്യങ്ങള്‍ ഇവയാണ്
*മുകേഷ് അംബാനിയും സതീഷ് സേഥും തമ്മില്‍ 2002 ഡിസംബര്‍ ഒന്നിനു നടന്ന സംഭാഷണം. ഇതില്‍ പ്രമോദ് മഹാജന്‍ വഴി സുപ്രീം കോടതിയെ സ്വാധീനിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. ചീഫ് ജസ്റ്റിസുമായി അജയ് സിങ് നടത്തുന്ന സന്ദര്‍ശനത്തിലൂടെയാണ് ഇത് നടപ്പാക്കുക.

 

*അനില്‍ അംബാനിയും സതീഷ് സേഥും തമ്മില്‍ 2003 ജനുവരി 29നു നടന്ന സംഭാഷണം. ഇതില്‍ പ്രമോദ് മഹാജനെ സഹായിക്കാനായി ശിവാനി ഭട്‌നാഗര്‍ വധക്കേസ് വഴിതിരിച്ചുവിടാനുള്ള റിലയന്‍സിന്റെ ശ്രമങ്ങളാണു വെളിവാകുന്നത്. കേസ് മന്ത്രിക്കനുകൂലമായവിധത്തില്‍ തേച്ചുമായ്ച്ചുകളയാനും പാര്‍ലമെന്റിലെ ബഹളം അമര്‍ സിങ്ങിനെ ഉപയോഗിച്ച് ഇല്ലാതാക്കാനും കഴിഞ്ഞതായും സംഭാഷണം കാണിക്കുന്നു.

 

*2002 നവംബര്‍ 28ന് അമര്‍ സിങ്ങും സമതാ പാര്‍ട്ടി എം പി കന്‍വര്‍ അഖിലേഷ് സിങ്ങും തമ്മില്‍ നടന്ന സംഭാഷണം. സംയുക്ത പാര്‍ലമെന്ററി സമിതി തീരുമാനം റിലയന്‍സിന് അനുകൂലമായി അമര്‍ സിങ് മാറ്റിമറിച്ചതിനെപ്പറ്റിയാണിത്. കേതന്‍ പരീഖ് വിവാദത്തിലും ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് പ്രശ്‌നത്തിലും റിലയന്‍സിന്റെ പങ്ക് വെളിപ്പെടുത്താതെ സംരക്ഷിക്കാനായിരുന്നു ഇത്. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അദ്ധ്യക്ഷനായിരുന്ന പ്രകാശ് മണി ത്രിപാഠിക്കും മറ്റുള്ളവര്‍ക്കും – എസ് എസ് അലുവാലിയ, പ്രഫുല്‍ പട്ടേല്‍, പ്രേം ചന്ദ് ഗുപ്ത, കിരിത് സോമയ്യ – പണം നല്‍കിയതായി ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ത്രിപാഠിയുടെ മകന്‍ നേരത്തെതന്നെ റിലയന്‍സിനുവേണ്ടി ജോലി ചെയ്തുവരികയായിരുന്നു.

 

*അന്ന് പിഎംഒയില്‍ ഒഎസ്ഡി ആയിരുന്ന എന്‍ കെ സിങ്ങും മുകേഷ് അംബാനിയുമായുള്ള നിരവധി സംഭാഷണങ്ങള്‍. സര്‍ക്കാരുകളുടെ ബജറ്റ് നയങ്ങളാണ് ചര്‍ച്ചാവിഷയം. വാര്‍ഷിക ബജറ്റിനെ പല തരത്തിലും മുകേഷ് അംബാനി സ്വാധീനിക്കുന്നതായി ഇതില്‍ വ്യക്തമാണ്.

 

*ഡിസിഎ സെക്രട്ടറി വി കെ ധാല്‍, അനില്‍ അംബാനി, സതീഷ് സേഥ്, രാജീവ് മെഹ്‌റിഷി എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍. 65 കമ്പനികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകളും റിലയന്‍സിനു ലഭിച്ച അന്യായ നേട്ടങ്ങളുമാണ് സംഭാഷണ വിഷയം.

 

എസ്സാര്‍ ഗ്രൂപ്പിന്റെ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഓഫിസുകളിലാണ് ചോര്‍ത്തല്‍ നടന്നതെന്ന് ഉപ്പല്‍ ആരോപിക്കുന്നു. തെളിവായി സംഭാഷണങ്ങളുടെ സമയക്രമവും റെക്കോഡ് ചെയ്യപ്പെട്ട ചില സംഭാഷണങ്ങളും തന്റെ പക്കലുണ്ടെന്നും ഉപ്പല്‍ അവകാശപ്പെടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍