UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ദിവസത്തിന് ഒരു കോടി വാങ്ങുന്ന വക്കീലന്മാർ നിലപാടെടുക്കാറില്ല’; അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് ചെലമേശ്വർ

തനിക്ക് പിന്തുണ കിട്ടിയത് എപ്പോഴും യുവാക്കളിൽ നിന്നായിരുന്നുവെന്നും ചെലമേശ്വർ പറഞ്ഞു. പഴയ തലമുറക്കാരായ പ്രമുഖരാരും പിന്തുണയ്ക്കുകയുണ്ടായില്ലെന്നും ചെലമേശ്വർ.

നീതിന്യായ വ്യവസ്ഥ ഭീഷണി നേരിടുമ്പോൾ നിലപാടെടുക്കാതെ പതുങ്ങിയിരിക്കുന്ന അഭിഭാഷക സമൂഹത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ചെലമേശ്വർ. റിട്ടയർ ചെയ്യുന്ന ചെലസമേശ്വറിന് ലോയേഴ്സ് കളക്ടീവ് ഒന്നാം കോടതിമുറിയിൽ നൽകിയ യാത്രയയപ്പിൽ വെച്ചാണ് അഭിഭാഷകർ‌ നിലപാടെടുക്കാത്തതിനെ ചെലമേശ്വർ നിശിതമായി വിമർശിച്ചത്.

ദിവസത്തിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന വക്കീലന്മാർ നിലപാടെടുക്കുകയോ വായ തുറക്കുകയോ ചെയ്യാറില്ലെന്ന് ലോയേഴ്സ് കളക്ടീവ് യോഗത്തിൽ സംസാരിക്കവെ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുക്കാൻ മുതിർന്ന വക്കീലന്മാർ ആരും എത്തിയിരുന്നില്ല. ഇക്കാര്യം കൂടി മനസ്സിൽ വെച്ചായിരുന്നു ചെലമേശ്വറിന്റെ വിമർശനം.

തനിക്ക് പിന്തുണ കിട്ടിയത് എപ്പോഴും യുവാക്കളിൽ നിന്നായിരുന്നുവെന്നും ചെലമേശ്വർ പറഞ്ഞു. പഴയ തലമുറക്കാരായ പ്രമുഖരാരും പിന്തുണയ്ക്കുകയുണ്ടായില്ലെന്നും ചെലമേശ്വർ.

അറിയപ്പെടുന്ന വക്കീലന്മാർ പലരും തന്നെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നെന്നു പറഞ്ഞ ചെലമേശ്വർ, അഭിഭാഷകരും വക്കീലന്മാരും പാലിക്കേണ്ട നീതിബോധത്തെ ഇങ്ങനെ വിശദികരിച്ചു: “നല്ലതെല്ലാം പരിപാലിക്കപ്പെടണം; സംശയകരമായത് പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം; മോശമായത് നശിപ്പിക്കപ്പെടണം. ഈ വിശ്വാസപ്രമാണത്തിലാണ് ഇക്കാലമത്രയും ഞാൻ പ്രവര്‍ത്തിച്ചത്. ആരോടും വ്യക്തിപരമായ ദ്വേഷം പുലർത്തിയിട്ടില്ല.”

‌ചില മൂല്യങ്ങൾക്കു വേണ്ടി താൻ നിവർന്നു നിന്നതായും തെറ്റാണെന്ന് തോന്നുന്നവയെ ചോദ്യം ചെയ്തതായും ചെലമേശ്വർ പറഞ്ഞു. തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെ നേരിടാൻ എപ്പോഴും ഒരുക്കമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം അവസാനം മറ്റു മൂവന്ന് കൊളീജിയം ജഡ്ജിമാർക്കൊപ്പം കോടതി നടപടികൾ നിറുത്തി വെച്ച് പുറത്തുവന്ന് വാർത്താസമ്മേളനം വിളിച്ചപ്പോഴും അതിന്റെ അനന്തരഫലങ്ങളെ നേരിടാൻ ഉറച്ചിട്ടുണ്ടായിരുന്നു. ഏത് നിയമമാണ് ജഡ്ജിമാർ വാർത്താ സമ്മേളനം വിളിക്കരുതെന്ന് പറയുന്നത്? സ്വന്തം ജഡ്ജ്മെന്റുകളെ പ്രതിരോധിക്കാൻ അവർക്ക് വാർത്താ സമ്മേളനം വിളിക്കാൻ പാടില്ലെന്നാണോ? ചോദ്യം ചെയ്യലുകളിലൂടെയും എതിർപ്പുകളിലൂടെയും കടന്നു പോകുമായിരുന്നെന്ന് തനിക്കറിയാമായിരുന്നെന്നും അവ നേരിടാൻ ഒരുക്കമായിരുന്നെന്നും ചെലമേശ്വർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍