UPDATES

വിദേശം

ദുഷ്കരമാണ്, എങ്കിലും എത്യോപ്യയില്‍ പ്രവാസികള്‍ തിരിച്ചു വരികയാണ്

Avatar

പോള്‍ സ്കെം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആദ്യതവണ അബേസാഷ് ടമെരാത് സ്വന്തം നാടായ എത്യോപ്യയിലേക്ക് തിരിച്ചുവന്നപ്പോള്‍ വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന് അല്പ സമയത്തിനകം അവള്‍ തിരിച്ച് അകത്തുതന്നെ കയറി. യാചകരുടെയും ടാക്സി ഡ്രൈവര്‍മാരും തിക്കും തിരക്കും അത്രയ്ക്കുണ്ടായിരുന്നു പുറത്ത്.

ടമെരാത് കുഞ്ഞായിരിക്കുമ്പോള്‍ എത്യോപ്യ വിട്ടതാണ്. പിന്നെ ജോര്‍ജിയയില്‍ വളര്‍ത്ത് രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ 20 വര്‍ഷത്തിന് ശേഷം തന്റെ അസ്തിത്വത്തെ നിശ്ചയിച്ച അപരിചിതമായ ആ ജന്മനാട്ടിലേക്ക് അവള്‍ മടങ്ങുകയാണ്.

കയ്യില്‍ 40 ഡോളറെ കരുതിയിട്ടുള്ളൂ. 2003-ലും എടിഎം ഇല്ലാതിരുന്ന ഒരു നാടിനെ വിശ്വസിക്കുകയാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അവള്‍ വിമാനത്താവളത്തില്‍ മടങ്ങിയെത്തി. തന്റെ അറ്റ്ലാന്‍റയിലെ വീട്ടിലേക്കുള്ള മടക്കയാത്ര നേരത്തെയാക്കാന്‍ പറ്റുമോ എന്നറിയാന്‍. നടന്നില്ല.

നിരാശയായ അവള്‍ സമയം മറ്റൊരു രീതിയില്‍ ചെലവിടാന്‍ തീരുമാനിച്ചു. താന്‍ ജനിച്ച കുടുംബത്തെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അംഹാറിക് പഠിക്കാന്‍ ശ്രമിച്ചു. എച്ച് ഐ വി പോസിറ്റീവ് ആയ അനാഥര്‍ക്കായി ഒരു കേന്ദ്രം തുടങ്ങി. അതിനെ ഷായിക്കാന്‍ കലാകാരന്മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ദാതാക്കളുടെയും ഒരു ശൃംഖലയും ആരംഭിച്ചു. പലതവണ പോക്കും വരവിനും ശേഷം ഇപ്പോള്‍ 34 വയസായ ടമെരാത് പല എത്യോപ്യന്‍ പ്രവാസികളെയും പോലെ ഒടുവില്‍ തീരുമാനിച്ചു; ആഡീസ് അബാബയിലേക്ക് കഴിഞ്ഞ വര്‍ഷം എന്നെത്തേക്കുമായി മടങ്ങി എത്തി.

നീണ്ട കാലമായുള്ള യുദ്ധവും ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും നാട്ടില്‍ നിന്നും പോകാന്‍ നിര്‍ബന്ധിതരാക്കിയ 2 ദശലക്ഷത്തോളം എത്യോപ്യക്കാര്‍ പ്രവാസികളായി വിദേശങ്ങളിലുണ്ട്. യു.എസില്‍ മാത്രം കുടിയേറ്റ എത്യോപ്യകാരുടെ ഒന്നും രണ്ടും തലമുറകള്‍ 2,50,00 വരും.

ഇപ്പോള്‍ എത്യോപ്യന്‍ സര്‍ക്കാര്‍ പണവും ശേഷികളുമായി തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നു. 1991-ല്‍ അവസാനിച്ച 17 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും മുടന്തിക്കയറാന്‍ ശ്രമിക്കുകയാണ് എത്യോപ്യ. ഒരുകാലത്ത് ക്ഷാമത്തിന്റെയും പട്ടിണിയുടെയും പര്യായമായിരുന്ന ഈ രാജ്യം വിദേശ നിക്ഷേപത്തെ സാഗതം ചെയ്തും അടിസ്ഥാന സൌകര്യങ്ങളിലേക്ക് പണമിറക്കിയും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടുന്നുണ്ട്.


2001ല്‍ എത്യോപ്യയില്‍ മടങ്ങിയെത്തിയ അഡിസ് അല്‍മേയഹോ

മടങ്ങിവരവ് പലര്‍ക്കും അത്ര എളുപ്പമല്ല. സങ്കീര്‍ണമായ സര്ക്കാര്‍ സംവിധാനത്തെ മാത്രമല്ല കുഴപ്പം പിടിച്ച നാളുകളില്‍ നാട്ടില്‍ നിന്നവരുടെ സംശയദൃഷ്ടിയും ഇവര്‍ക്ക്  നേരിടേണ്ടിവരുന്നു. എങ്കിലും അവര്‍ എത്യോപ്യയുടെ മുഖച്ഛായ മാറ്റുകയാണ്-പുതിയ വ്യാപാരങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, ലഘുഭക്ഷണശാലകള്‍, ആശുപത്രികള്‍.

“നഗരത്തില്‍ കാണുന്ന പുതിയ മാറ്റങ്ങള്‍ പ്രവാസികളുടെ കാഴ്ച്ചപ്പാടാണ്. അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഇവിടെ കൊണ്ടുവരാനും മാനദണ്ഡങ്ങള്‍ ഉയര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്,”ടമെരാത് പറയുന്നു.

പ്രവാസികളെ ഒരു വിഭവ സ്രോതസ്സായി കണ്ടുതുടങ്ങിയ സര്‍ക്കാര്‍ ആദ്യ ‘പ്രവാസി ദിനം’ കഴിഞ്ഞ ആഗസ്തില്‍ നടത്തി.

“അവരുടെ അറിവും ശേഷികളും വിഭവങ്ങളും ഞങ്ങള്‍ക്കാവശ്യമുണ്ട്,” വിദേശ മന്ത്രാലയ വക്താവ് ടെവെല്‍ഡെ മേലെഗേറ്റു പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര പേര്‍ തിരികെയെത്തി വ്യാപാരം തുടങ്ങി എന്നതിന്റെ കണക്ക് അവരുടെ പക്കലില്ല. എന്നാല്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 2,600 പേര്‍ തിരിച്ചെത്തി. ഒരു കൊല്ലം മുമ്പ് ഇതേ കാലയളവില്‍ അത് 600 ആയിരുന്നു.

മുന്‍കാലങ്ങളില്‍ എത്യോപ്യക്കാര്‍ പ്രവാസികളായിരുന്നില്ല. 1960-കളില്‍ പഠിക്കാനായി പുറത്തുവിട്ടവര്‍ മടങ്ങിവന്നിരുന്നു. പക്ഷേ 1974-ല്‍ ഹൈലെ സെലാസി രാജാവിനെ അട്ടിമറിച്ച് മാര്‍ക്സിസ്റ്റ്കാരാനായ  ദേര്‍ഗ് ഭരണം വന്നതോടെ അത് നിന്നു. തുടര്‍ന്ന് നടന്ന ‘ചുവപ്പ് ഭീകരതയില്‍’ബുദ്ധിജീവികളും വ്യാപാരികളുമായ ആയിരക്കണക്കിന് എത്യോപ്യക്കാര്‍ നാടുവിട്ടു.

“ദേര്‍ഗിന്റെ ഭരണകാലത്ത് പുറത്തുപോകാന്‍ സാധിച്ചവരെല്ലാം പുറത്തുപോയി,” 14 വയസുള്ളപ്പോള്‍ കുടുംബം അറ്റ്ലാന്‍റയിലേക്ക് കുടിയേറിയ 38 കാരനായ സംഗീതജ്ഞന്‍ ജോര്‍ഗ മെസ്ഫിന്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സംഗീതജ്ഞര്‍ അങ്ങനെ പലരും നാടുവിട്ടിരുന്നു. രാജ്യത്തെ 1960-ല്‍ പിറവിയെടുത്ത  പ്രസിദ്ധമായ ‘എത്യോജാസ്’ സംഗീതസംഘം അപ്രത്യക്ഷമായി. പിന്നീടവര്‍ അമേരിക്കയിലെ പ്രവാസി എത്യോപ്യക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു.

“കുറെക്കാലം എത്യോപ്യന്‍ പോപ് ഗാനങ്ങള്‍ യു.എസില്‍ നിന്നും എത്യോപ്യയിലേക്ക് കയറ്റുമതിയായിരുന്നു,” 2007-ല്‍ മടങ്ങിയെത്തിയ മെസ്ഫിന്‍ പറഞ്ഞു.

വികസനം നടക്കുന്നുണ്ടെങ്കിലും എത്യോപ്യ ഇപ്പൊഴും വളരെ പിറകിലാണ്. ഇടക്കിടെ വൈദ്യുതിപോക്ക്, ശ്വാസം മുട്ടിക്കുന്ന ഗാതാഗതം, ഇടുങ്ങിയ റോഡുകള്‍, വ്യാപാരം നടത്താനുള്ള തടസങ്ങള്‍.

മടങ്ങിവന്നവര്‍ പലരും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നു. അംഹാറിക് ഭാഷ നല്ല വശമില്ലാത്തതും അവരെ കുഴക്കുന്നു. നാട്ടുകാര്‍ പലരും തങ്ങളെ വിനോദസഞ്ചാരികളെപ്പോലെയാണ് കാണുന്നതെന്നും പല കാര്യങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നു എന്നും  ഇവര്‍ പറയുന്നു.

മടങ്ങിവന്നിട്ടു തിരിച്ചുപോകുന്നവരും  ഏറെയാണ്. “അത്യാവശ്യം വേണ്ട കാര്യങ്ങളില്ലെങ്കില്‍ അത് വല്ലാത്ത ബുദ്ധിമുട്ടാണ്,” സില്‍വര്‍ സ്പ്രിംഗില്‍ ജനിച്ചുവളര്‍ന്ന് 5 കൊല്ലം മുമ്പ് എത്യോപ്യയില്‍ തിരിച്ചെത്തിയ 25 കാരനായ ബ്ലെയിന്‍ ടെസ്ഫയെ പറഞ്ഞു. “പലപ്പോഴും ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും വിളിച്ച് പറഞ്ഞിട്ടുണ്ട്, ഞാനെന്താണിവിടെ ചെയ്യുന്നതെന്ന് എനിക്കറിയില്ല.”

പക്ഷേ യു.എസ് വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ അവള്‍ക്ക് ആഫ്രിക്കയില്‍ പലയിടത്തുമുള്ള ബഹുരാഷ്ട്ര കമ്പനികളില്‍ ജോലികിട്ടി. അവളുടെ അമേരിക്കന്‍ സഹപാഠികള്‍ അപ്പോഴും ഇന്റേണ്‍ഷിപ് ചെയ്യുകയായിരുന്നു.

ആഡിസ് അലെമയേഹൂ(45) 2001-ലാണ് തിരിച്ചെത്തിയത്. അന്ന് എത്യോപ്യ സാമ്പത്തിക വികസനത്തിന്റെ പാതയിലല്ല. “എത്യോപ്യ ആളുകളുടെ ശൃംഖലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങളുടെ ബന്ധങ്ങളാണ് നിങ്ങള്ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കുന്നത്. പുതിയ ആളുകള്‍ക്ക് അതില്ല.”

എന്നാലിപ്പോള്‍ അയാളുടെ പബ്ലിക് റിലേഷന്‍സ് സ്ഥാപനം വിപുലമാവുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി അയാള്‍ പ്രവാസികളെ നിരീക്ഷിക്കുന്നു. ഭക്ഷണശാലകളിലെ വൃത്തി ഒരടയാളമായി അയാള്‍ തമാശയായി ചൂണ്ടിക്കാണിച്ചു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പോയിട്ടു 25 വര്‍ഷമായെങ്കിലും ഇപ്പൊഴും വ്യാപാരം നടത്തല്‍ ഒട്ടും സുഗമമല്ല. വാഷിംഗ്ടണില്‍ നിന്നുമുള്ള ഒരു പാചകക്കാരനുമായി ഒരു ഇറ്റാലിയന്‍ ഭക്ഷണശാല തുടങ്ങാന്‍ ഡോറിന അസാമിനോക്ക് അഞ്ചുമാസമേ വേണ്ടിവന്നുള്ളൂ എന്നതില്‍ അവളുടെ കൂട്ടുകാര്‍ അത്ഭുതപ്പെടുന്നു.


പാട്ടുകാരനായ ജോര്‍ഗ മെസ്ഫിന്‍

ഭക്ഷണശാലക്കായി സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പരസ്പരതര്‍ക്കം മാറ്റിവെപ്പിച്ച് രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്ന് ഈ 34-കാരി പറഞ്ഞു.

“അമേരിക്കയില്‍ നടക്കുന്നപോലെ വ്യാപാരം തുടങ്ങാന്‍ പറ്റും എന്ന തോന്നലില്‍ ഇവിടെ വന്നാല്‍ കുഴഞ്ഞുപോകും. ഞാന്‍ വലിയ വിനയം നടിച്ചാണ് നിന്നത്. നല്ല ക്ഷമ വേണം.”

ഒരേ സമയം പരിചിതവും അപരിചിതവുമായ ഒരു സ്ഥലമാണ് മടങ്ങിവന്ന പലര്‍ക്കും എത്യോപ്യ.

എന്നാല്‍ എത്യോപ്യയുടെ 94 ദശലക്ഷം ആളുകളുള്ള ഇനിയും അധികമാരും കടന്നുചെല്ലാത്ത വിപണിയിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ബന്ധിപ്പിക്കുന്നത് ഇവരാണ്.

എന്തൊക്കെയായാലും എവിടുത്തുകാരാണ് എന്നു ആരും ചോദിക്കാത്ത സ്വന്തം നാട്ടില്‍ മടങ്ങിയെത്തി എന്നാണ് അവരുടെ പ്രധാന സന്തോഷം. “നിങ്ങളുടെ അസ്തിത്വം വിലമതിക്കുന്ന ഒരു രാജ്യത്തെത്തി എന്നതാണ് കാര്യം,” വാഷിംഗ്ടണില്‍ വളര്‍ന്ന ഗ്രാഫിക് ഡിസൈനര്‍ സുലൈമാന്‍ ഷിഫൌ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍