UPDATES

സയന്‍സ്/ടെക്നോളജി

സ്വകാര്യത എന്താണെന്നറിയാത്ത ഇന്ത്യാക്കാർ വായിക്കാൻ; വാട്സാപ്പ് ഉപയോഗിക്കണമെങ്കിൽ ഇനി 16 വയസ്സാകണം

തങ്ങളെക്കുറിച്ചുള്ള ഡാറ്റയിന്മേൽ പൗരന്മാർക്ക് അധികാരം ഉറപ്പുവരുത്തുകയും ചെയ്യും ഈ ചട്ടങ്ങൾ. ഇവ ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് നീക്കാനുള്ള അധികാരവും ഉപയോക്താവിനുണ്ടായിരിക്കും.

യൂറോപ്പിൽ ഇനി വാട്സാപ്പ് ഉപയോഗിക്കണമെങ്കിൽ 16 വയസ്സാകണം. നിലവിൽ 13 വയസ്സാണ് പരിധി. വാട്സാപ്പിന് വലിയ നഷ്ടം വരുത്തുന്ന ഈ തീരുമാനമെടുക്കേണ്ടി വന്നത് യൂറോപ്യൻ യൂണിയന്റെ ഇടപെടൽ മൂലമാണ്. യൂറോപ്യൻ യൂണിയൻ പുതുതായി രൂപപ്പെടുത്തിയ ഡാറ്റ പ്രൊട്ടക്ഷൻ ചട്ടങ്ങൾ (GDPR) നിർദ്ദേശിക്കുന്ന പ്രകാരമാണ് ഈ മാറ്റം.

28 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇനി വാട്സാപ്പ് ഉപയോക്താക്കളോട് പ്രായം സംബന്ധിച്ച ചോദ്യങ്ങളുന്നയിക്കും. 16 വയസ്സുണ്ട് എന്ന് വാട്സാപ്പിനെ ബോധ്യപ്പെടുത്തിയാൽ മാത്രമേ തുടർന്ന് ഉപയോഗിക്കാൻ സാധിക്കൂ. അടുത്ത കുറച്ചാഴ്ചകൾക്കുള്ളിൽ പുതുക്കിയ പ്രൈവസി പോളിസി വാട്സാപ്പിൽ പ്രത്യക്ഷപ്പെടും.

എന്താണ് ജിഡിപിആർ?

യൂറോപ്യൻ യൂണിയൻ രൂപപ്പെടുത്തിയ പുതിയ വിവരസംരക്ഷണ ചട്ടങ്ങൾ പ്രകാരമാണ് വാട്സാപ്പ് ഈ നടപടിയെടുക്കുന്നത്. പുതിയ ചട്ടങ്ങളുടെ പേരാണ് ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ അഥവാ ജിഡിപിആർ.

2018 മെയ് 25 മുതൽ ഈ ചട്ടങ്ങൾ പ്രാബല്യത്തിലാകും. ഇതോടെ യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിലെയും വ്യത്യസ്ത ഡാറ്റ പ്രൊട്ടക്ഷൻ പ്രോട്ടോകോളുകൾക്കായി പ്രത്യേകം പ്രത്യേകം പ്രൈവസി പോളിസികൾ ഉണ്ടാക്കേണ്ടി വരില്ല സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്ക്. യൂറോപ്യൻ യൂണിയൻ ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് എന്ന ഒരു സ്ഥിരം സ്ഥാപനവും ഇതോടൊപ്പം സൃഷ്ടിക്കപ്പെടുന്നുണ്ട്.

കമ്പനികൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ഡാറ്റയ്ക്കു മേൽ പൂർണ അധികാരം ജിഡിപിആറിന് ലഭിക്കും. ഇതിന് കമ്പനിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവർത്തനം വേണമെന്ന നിർബന്ധം പോലുമില്ല. യൂണിയൻ രാജ്യങ്ങളിലെ ജനങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന ഏത് കമ്പനിയും ഈ ചട്ടത്തിൻകീഴിൽ വരും.

തങ്ങളെക്കുറിച്ചുള്ള ഡാറ്റയിന്മേൽ പൗരന്മാർക്ക് അധികാരം ഉറപ്പുവരുത്തുകയും ചെയ്യും ഈ ചട്ടങ്ങൾ. ഇവ ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് നീക്കാനുള്ള അധികാരവും ഉപയോക്താവിനുണ്ടായിരിക്കും. ഈ ഡാറ്റയെല്ലാം നീക്കം ചെയ്യുവാനും ഉപയോക്താവിന് സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഏതെങ്കിലും തരത്തില്‍ ഡാറ്റ മോഷ്ടിക്കപ്പെടുകയോ ലീക്കാകുകയോ ചെയ്താൽ അക്കാര്യം 72 മണിക്കൂറിനുള്ളിൽ ജിഡിപിആറിനെ അറിയിച്ചിരിക്കണം കമ്പനി. 20 ദശലക്ഷം പൗണ്ട് വരെയോ, വാർഷിക ആഗോള വിറ്റുവരവിന്റെ 4% വരെയോ കമ്പനികൾക്ക് പിഴ ചുമത്താനുള്ള അധികാരവും ഡാറ്റ റെഗുലേറ്റർ സ്ഥാപനത്തിനുണ്ടാകും. മോഷ്ടിക്കപ്പെട്ട ഡാറ്റ വായിക്കാൻ പറ്റാത്ത രീതിയിലുള്ളതോ ശക്തമായി എൻക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതോ അല്ലെങ്കിൽ ഉപഭോക്താക്കളെയും അക്കാര്യം കമ്പനി അറിയിച്ചിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍