അഴിമുഖം പ്രതിനിധി
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗ്രീസിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിരിക്കുന്ന അവസാന തിയതി വെള്ളിയാഴ്ചയാണ്. എന്നാല്‍ വ്യാഴാഴ്ച കിട്ടണമെന്നതാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ ആവശ്യം. ഗ്രീസിനുള്ള പുതിയ സഹായ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അധികാരം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ നിന്ന് മെര്‍ക്കലിന് വാങ്ങുന്നതിനാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. ചൊവ്വാഴ്ച ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗത്തിലാണ് ഗ്രീസിന് ഒരവസരം നല്‍കാന്‍ തീരുമാനം ഉണ്ടായത്. ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ചേരുന്നുണ്ട്. ഈ ഉച്ചകോടിയില്‍ ഗ്രീസിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഉണ്ടാകും. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ച കടുത്ത ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് നടത്തിയ ഹിതപരിശോധനയിലൂടെ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യം വിലയിരുത്തുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗം ചേര്‍ന്നത്. ഞായറാഴ്ച വരെ ഗ്രീക്കിലെ ബാങ്കുകളുടെ പക്കല്‍ അത്യാവശ്യം പണം ഉണ്ടെന്ന് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഉറപ്പുവരുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹോളണ്ടെ പറഞ്ഞു. രണ്ടാമത്തെ ആഴ്ചയിലും ബാങ്കുകള്‍ അടച്ചിട്ടതും പിന്‍വലിക്കാവുന്ന തുക ചുരുക്കിയതും ഗ്രീസിലെ സ്ഥിതി വഷളാക്കിയിട്ടുണ്ട്.