UPDATES

വിദേശം

തുര്‍ക്കി ആഭ്യന്തര രാഷ്ട്രീയത്തില്‍ യൂറോപ്പ് മുങ്ങുമ്പോള്‍

നാസിസം മരണക്കിടക്കയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ യൂറോപ്പ് പ്രകടിപ്പിക്കുന്നതെന്ന് തുര്‍ക്കി

അസാധാരണ നടപടിയിലൂടെ തുര്‍ക്കി വിദേശകാര്യ മന്ത്രിയെ ഡച്ച് സര്‍ക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഡച്ച് സര്‍ക്കാര്‍ നാസി നയങ്ങളാണ് പിന്തുടരുന്നതെന്ന കടുത്ത ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് റസെപ് തായിപ് എര്‍ദോഗന്‍ രംഗത്തെത്തി. തുര്‍ക്കിയുടെ പുതിയ ഭരണഘടനയില്‍ ഹിതപരിശോധന നടക്കാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ക്രമസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹോളണ്ട് തുര്‍ക്കി വിദേശകാര്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങളോട് പൊതുവില്‍ സഹിഷ്ണുത പുലര്‍ത്തുന്ന ഡച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അസാധാരണ നടപടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുടിയേറ്റവും സംയോജനവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു തിരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാവാം ഇത്തരം ഒരു കടുത്ത നടപടിക്ക് ഡച്ച് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് വിലയിരുത്തപ്പെടുന്നു.

തുര്‍ക്കിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അത് ഫാസിസത്തിന്റെ ലക്ഷണമായി താന്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് എര്‍ദോഗന്‍ പറയുന്നു. നാസിസം മരണക്കിടക്കയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ യൂറോപ്പ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ജര്‍മ്മനി സന്ദര്‍ശിക്കുന്നതില്‍ നിന്നും ആ രാജ്യം തുര്‍ക്കി നേതാക്കളെ വിലക്കിയിരുന്നു.
ഡച്ച് സര്‍ക്കാരിനെതിരായ എര്‍ദോഗന്റെ പരാമര്‍ശങ്ങള്‍ ഹോളണ്ടിലെ തുര്‍ക്കി ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധനത്തിന് കാരണമായി. ഞായറാഴ്ച അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അക്രമം തടയുന്നതിനായി പോലീസിന് ലാത്തിയും ജലപീരങ്കിയും ഉപയോഗിക്കേണ്ടി വന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എര്‍ദോഗന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടന ഭേദഗതിയിലുള്ള ഹിതപരിശോധന ഏപ്രിലില്‍ നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. യൂറോപ്പിലെമ്പാടും ചിതറിക്കിടക്കുന്ന തുര്‍ക്കി ജനസമൂഹത്തിനിടയില്‍ ഹിതപരിശോധനയ്ക്ക് അനുകൂലമായി പ്രചാരണം നടത്താനാണ് മന്ത്രിമാരും നേതാക്കളും ശ്രമിക്കുന്നത്. എന്നാല്‍ ഇത് തുര്‍ക്കി ഭരണഘടനയ്ക്ക് വിരുദ്ധമാണ്. മാത്രമല്ല, ഹിതപരിശോധനയില്‍ സര്‍ക്കാര്‍ പക്ഷം പരാജയപ്പെടും എന്ന ധാരണ പ്രകടമാണ്.

നെതര്‍ലന്‍സിലും ഫ്രാന്‍സിലും നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും തുര്‍ക്കി വിഷയം ചര്‍ച്ചാവിഷയമായിട്ടുണ്ട്. തുര്‍ക്കിയുമായുള്ള പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളിലുമുള്ള വലതുപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളും കുടിയേറ്റത്തെയും സംയോജനത്തെയും കുറിച്ചുള്ള ആശങ്കകളും യൂറോപ്പില്‍ ആശങ്കകള്‍ വിതച്ചിട്ടുണ്ട്. തുര്‍ക്കി വംശജരായ ഡച്ച് പൗരന്മാര്‍ വലിയ രീതിയില്‍ പങ്കെടുക്കും എന്ന് തുര്‍ക്കി സര്‍ക്കാര്‍ വ്യക്തിമാക്കിയ പശ്ചാത്തലത്തിലാണ് തുര്‍ക്കി വിദേശകാര്യ മന്ത്രിക്ക് സന്ദര്‍ശനാനുമതി നല്‍കാതിരുന്നതെന്ന് ഹോളണ്ട് വ്യക്തമാക്കി. തുര്‍ക്കി കോണ്‍സുലേറ്റ് പോലെയുള്ള ചെറിയ വേദികളില്‍ സമ്മേളനം നടത്തുന്നതിനോട് ഡച്ച് സര്‍ക്കാരിന് വിയോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് സമ്മേളനത്തെ സംബന്ധിച്ച ഏകപക്ഷീയ തീരുമാനം തുര്‍ക്കി പ്രഖ്യാപിക്കുകയും ഹോളണ്ടിനെതിരായി ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

തുര്‍ക്കിയുടെ വാചിക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തുര്‍ക്കി പ്രധാനമന്ത്രിയായ ബിനാലി യില്‍ദിറിമുമായുള്ള തന്റെ കൂടിക്കാഴ്ച ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ലാഴ്‌സ് ലോക്കെ റാസ്മ്യൂസെന്‍ നേരത്തെ റദ്ദാക്കിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ സംഘാടകന്‍ പിന്മാറിയതിനെ തുടര്‍ന്ന് എര്‍ദോഗന്റെ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ മെഹ്ദി ഐക്കര്‍ സ്വീഡനില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചിരുന്നു. ഫ്രാന്‍സില്‍ റാലി നടത്താന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിയെ അനുവദിച്ച നടപടിക്കെതിരെ വലതുപക്ഷ നേതാക്കളായ ഫ്രാന്‍കോയിസ് ഫില്ലണും മറിയന്‍ ലെ പെന്നും പ്രതിഷേധം അറിയിച്ചു. എര്‍ദോഗന്റെ പ്രചാരണം തങ്ങളുടെ രാജ്യങ്ങളില്‍ അനുവദിക്കില്ലെന്ന് സ്വിറ്റ്‌സര്‍ലന്റും ഓസ്ട്രിയയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ലാഭം കൊയ്യാനാണ് കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിയായ മാര്‍ക്ക് റൂട്ടെയും അദ്ദേഹത്തിന്റെ വലതുപക്ഷ എതിരാളിയായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സും ഒരു പോലെ ശ്രമിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹോളണ്ടിനെ ആക്രമിക്കാനാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ശ്രമിക്കുന്നത്. ബുധാനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് ജയിക്കുന്നതിനായി തുര്‍ക്കി-ഡച്ച് ബന്ധം വഷളാക്കാനാണ് ഹോളണ്ട് ശ്രമിക്കുന്നതെങ്കില്‍ അവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടേക്കാം എന്ന ധാരണയില്‍ യൂറോപ്യന്‍ രാജ്യങ്ങളോട് പോരടിച്ച് തുര്‍ക്കി ദേശീയവാദം ഉയര്‍ത്താനാണ് എര്‍ദോഗന്‍ ശ്രമിക്കുന്നത് എന്ന വിമര്‍ശനം രാജ്യത്ത് ശക്തമായിട്ടുണ്ട്. ഹിതപരിശോധനയില്‍ തീരുമാനം എടുക്കാത്തവരെ ദേശീയതയുടെ പേരില്‍ ചൂഷണം ചെയ്യാനാണ് എര്‍ദോഗന്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോളമിസ്റ്റും അക്കാദമിക് വിദഗ്ധനുമായ സെന്‍ഗിസ് കാന്‍ഡര്‍ ആരോപിക്കുന്നു. ആഭ്യന്തര രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തുര്‍ക്കിയുടെ വിദേശകാര്യ നയത്തെ ബലികഴിക്കുകയാണെന്ന് ഒരു ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില അപ്രതീക്ഷിത ഭാഗങ്ങളില്‍ നിന്നും എര്‍ദോഗന് പിന്തുണ ലഭിക്കുന്നുണ്ട് എന്നതാണ് വിചിത്രം. ഭരണഘടന ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവായ കെമാല്‍ കിളിച്ചഡാരോഗലു നെതര്‍ലണ്ടുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാന്‍ എര്‍ദോഗനോട് ആവശ്യപ്പെട്ടു. എര്‍ദോഗനെ പിന്തുണയ്ക്കുന്ന ഒരു ചെറിയ ജനക്കൂട്ടം ഇസ്താംബൂളിലെ ഡച്ച് കാര്യാലയത്തിന് മുന്നില്‍ പ്രകടനം നടത്തി. കാര്യാലയത്തിലെ ഡച്ച് ദേശീയ പതാക അല്‍പനേരത്തേക്ക് ഏതോ അജ്ഞാതന്‍ മാറ്റുകയും ചെയ്തു.

എര്‍ദോഗന്റെ നിലപാടുകള്‍ വഞ്ചനാപരമാണ് എന്ന് വിമര്‍ശിക്കുന്നവരാണ് കൂടുതല്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നാസിസവും ഫാസിസവും കൊടികുത്തിവാഴുന്നു എന്ന് ആരോപിക്കുമ്പോള്‍, 150ലേറെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരും തടവില്‍ കിടക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റാണ് അദ്ദേഹം എന്ന് മറക്കരുതെന്ന് എര്‍ദോഗനോട് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. തുര്‍ക്കി പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയുടെ നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ പെട്ട 12 നേതാക്കളും തടവിലാണെന്ന കാര്യം എര്‍ദോഗന്‍ ഓര്‍ക്കണമെന്ന് സെന്‍ഗിസ് കാന്‍ഡര്‍ ചൂണ്ടിക്കാണിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍