UPDATES

വിദേശം

യൂറോപ്പിന്റെ സുരക്ഷഭീതി അഭയാര്‍ത്ഥി ജീവിതങ്ങളുടെ വഴിയടയ്ക്കുമ്പോള്‍

Avatar

അന്തോണി ഫയോല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒക്‌ടോബര്‍ മൂന്നിന് ഗ്രീസിന്റെ തീരത്തണഞ്ഞ തുര്‍ക്കിയില്‍ നിന്നുള്ള ബോട്ടിലാണ് അയാളെത്തിയത്. 197 അഭയാര്‍ത്ഥികള്‍ക്കൊപ്പം ലിറോസ് ദ്വീപിലെത്തിയ അയാളുടെ സിറിയന്‍ പാസ്‌പോര്‍ട്ടിലെ പേര് അഹമ്മദ് അല്‍ മുഹമ്മദ് എന്നായിരുന്നു; ഇദ്‌ലിബില്‍നിന്നുള്ള മുപ്പതുകാരന്‍.

പശ്ചിമേഷ്യയിലെ യുദ്ധപ്രദേശങ്ങളില്‍നിന്നെത്തുന്ന ആയിരങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന യൂറോപ്പിലേക്കു കടക്കാന്‍ അയാള്‍ ഈ വഴിയാണ് ഉപയോഗിച്ചത്- ആദ്യം ഏതന്‍സ്, മാസിഡോണിയ പിന്നെ സെര്‍ബിയ. ഇതുവരെയുള്ള അയാളുടെ യാത്രയെപ്പറ്റി ഗ്രീക്ക്, സെര്‍ബിയ അധികൃതര്‍ക്ക് അറിവുണ്ട്.

പിന്നീട് അയാള്‍ അപ്രത്യക്ഷനായി; വെള്ളിയാഴ്ച സ്‌ഫോടനമുണ്ടായ സ്‌റ്റേഡിയത്തിനു മുന്നില്‍ പൊട്ടിത്തെറിച്ചൊരു ശരീരമായി വീണ്ടും കാണപ്പെടുംവരെ. ലിറോസിലിറങ്ങിയ അതേയാളാണ് ഇതെന്നും വിരലടയാളത്തിലൂടെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്; ആ സിറിയന്‍ പാസ്‌പോര്‍ട്ട് വ്യാജമായിരുന്നുവെന്നും.

അറ്റ്‌ലാന്റിക്കിന് ഇരുവശത്തും രാഷ്ട്രീയ, സാംസ്‌കാരിക യുദ്ധത്തിനു തിരികൊളുത്തിയിരിക്കുകയാണ് ആ അജ്ഞാതബോംബര്‍. കുടിയേറ്റമാണോ കുടിയേറ്റക്കാരെപ്പറ്റിയുള്ള ഭയമാണോ കൂടുതല്‍ വലിയ അപകടമെന്ന വാഗ്വാദം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു.

കുടിയേറ്റക്കാരെയും ഭീകരരെയും തിരിച്ചറിയാനാവില്ലെന്നു ചൂണ്ടിക്കാട്ടാന്‍ പലരും ഈ സംഭവം ഉപയോഗിക്കുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ അതിശക്തമാകുമ്പോള്‍ യഥാര്‍ത്ഥ അഭയാര്‍ഥികള്‍ കഷ്ടത്തിലാകുമെന്നാണ് മറ്റുള്ളവരുടെ ഭയം. മുന്‍പ് കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാന്‍ തയാറായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പതിവില്ലാത്തൊരു മുന്നറിയിപ്പു നല്‍കാന്‍ ചൊവ്വാഴ്ച യുഎന്‍ തുനിഞ്ഞത് ഈ ഭയം മൂലമാണ്.

അജ്ഞാത ഭീകരന്റെ കാര്യത്തില്‍ പാസ്‌പോര്‍ട്ട് വ്യാജമാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നു. അയാളുടെ യഥാര്‍ത്ഥ പേരോ രാജ്യമോ ആര്‍ക്കുമറിയില്ല. അയാള്‍ കുടിയേറ്റക്കാരനായിരുന്നോ സിറിയക്കാരന്‍ തന്നെയോ എന്നുമറിയില്ല. അറിയാവുന്നത് ഒന്നുമാത്രം; അയാളുടെ പേര് അല്‍ മുഹമ്മദ് എന്നല്ല.

കുടിയേറ്റക്കാര്‍ക്കൊപ്പം ഭീകരര്‍ പലപ്പോഴും അതിര്‍ത്തി കടക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ടൂണീസില്‍ മാര്‍ച്ചില്‍ 20 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ പ്രതി മോറോക്കോക്കാരനായ അബ്ദല്‍മജീദ് തൊയില്‍ ലിബിയയില്‍നിന്നുള്ള അഭയാര്‍ഥി ബോട്ടിലാണ് ഇറ്റലിയിലെത്തിയത്. ഇയാളെ മിലനില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച നടന്ന ആക്രമണത്തിലെ മരിച്ച ഏഴു ഭീകരരും രക്ഷപെട്ടതായി സംശയിക്കുന്ന രണ്ടുപേരും കുടിയേറ്റക്കാരായി ഭാവിച്ച് എത്തിയവരാണെന്ന് ഫ്രഞ്ച് പൊലീസ് സംശയിക്കുന്നു. അവരുടെ യാത്രാരേഖകള്‍ കര്‍ശനമായി പരിശോധിച്ചുവരികയാണെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഗ്രീസ് പോലെ കുടിയേറ്റക്കാരെക്കൊണ്ടു വീര്‍പ്പുമുട്ടുന്ന യൂറോപ്യന്‍ കവാടങ്ങളെപ്പറ്റിയാണ് ആശങ്ക ഏറെയും. അഭയാര്‍ഥികളില്‍ മിക്കവരും പാസ്‌പോര്‍ട്ടില്ലാതെയാണ് എത്തുന്നത്. സിറിയയുടെ തലസ്ഥാനമേത് തുടങ്ങിയ ചില ചോദ്യങ്ങള്‍ ചോദിച്ചും സംസാരഭാഷാരീതി കേട്ടും ഇവരുടെ രാജ്യമേതെന്നു കണ്ടെത്തുകയാണ് ഇപ്പോഴത്തെ രീതി.

വ്യാജ അഭയാര്‍ഥികള്‍ക്ക് കടന്നുകയറാന്‍ വളരെ എളുപ്പമാണെന്നര്‍ത്ഥം. സെപ്റ്റംബറിലെത്തിയ അഭയാര്‍ഥികളില്‍ മൂന്നിലൊന്നുപേര്‍ സിറിയക്കാരല്ലെന്ന് ജര്‍മനി കണ്ടെത്തിയിരുന്നു.

തുര്‍ക്കിയില്‍ വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ട് നിര്‍മാണം ഇന്ന് ചെറുകിടവ്യവസായം പോലെയാണ്. മോറോക്കോ, ടുണീഷ്യ, അള്‍ജീരിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടിനായി കാത്തുനില്‍ക്കുന്നു. ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സ്വീകാര്യത കൂടുതലാണെന്നതാണ് കാരണം. യുദ്ധത്തില്‍നിന്നു രക്ഷപെട്ട് അഭയം തേടിയെത്തുന്നവര്‍ക്ക് താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെ വളരെയധികം ആനുകൂല്യങ്ങള്‍ ജര്‍മനി നല്‍കുന്നുണ്ട്.

കുടിയേറ്റക്കാരുടെ ഫ്രാന്‍സിലേക്കുള്ള വരവ് ഉടന്‍ നിരോധിക്കണമെന്ന് പാരിസ് ആക്രമണങ്ങള്‍ക്കുശേഷം ഫ്രാന്‍സ് വലതുപക്ഷ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മാരിന്‍ ലെ പെന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അഭയം തേടിയെത്തുന്നവരില്‍ ജിഹാദികളുണ്ടാകാമെന്ന ഭയം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി പെന്‍ ചൂണ്ടിക്കാട്ടി. യുഎസില്‍ രണ്ടുഡസനിലധികം ഗവര്‍ണര്‍മാര്‍ അവരുടെ സ്റ്റേറ്റുകളില്‍ സിറിയന്‍ അഭയാര്‍ഥികള്‍ താമസമാക്കുന്നതു തടയുമെന്ന് അറിയിച്ചുകഴിഞ്ഞു.

തിരിച്ചറിയലിനായി ഫ്രഞ്ച് പൊലീസ് അജ്ഞാതബോംബറുടെ ഛായാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന യാത്രാവിവരങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള സുരക്ഷ സംവിധാനങ്ങളിലെ അപകടം കാണിച്ചുതരുന്നു.

സെര്‍ബിയയിലെത്തിയ ഇയാള്‍ മറ്റുള്ളവര്‍ക്കൊപ്പം ഒക്ടോബര്‍ 15ന് പ്രിസെവോ ടൗണില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കിയാണ് ഫ്രാന്‍സിലേക്കു കടന്നത്.

അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കുന്ന യൂറോപ്യന്‍ ഏജന്‍സി ഫ്രോണ്ടെക്‌സ് ജോലിഭാരത്തില്‍ വീര്‍പ്പുമുട്ടുകയാണ്. കൂടുതല്‍ തുക അനുവദിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനമുണ്ടെങ്കിലും നടപ്പായിട്ടില്ലാത്തതിനാല്‍ പണവുമില്ല.

അഭയാര്‍ഥികളുടെ വിരലടയാളം പരിശോധിക്കാനും വിവരങ്ങള്‍ ഉറപ്പുവരുത്താനും കൂടുതല്‍ ഉദ്യോഗസ്ഥരെ വിട്ടുതരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒക്ടോബറില്‍ ഫ്രോണ്ടെക്‌സ് 775 സുരക്ഷാഭടന്മാരെക്കൂടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചത് 320 പേരെ മാത്രമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍