UPDATES

വിദേശം

ജോലി ചെയ്യാന്‍ ആളുകളെ അന്വേഷിച്ച് യൂറോപ്പ്‌

Avatar

ലഡ്കാബൌറോവ, ഗബ്രിയേല ലോവസ്
(ബ്ലൂംബര്‍ഗ്)

ഇരട്ട അക്കത്തിലെത്തിയ തൊഴിലില്ലായ്മയാണ് സ്‌പെയിനിലും ഗ്രീസിലും സാമൂഹ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ വ്യാപാരികള്‍ മറ്റൊരു പ്രശ്‌നത്തെയാണ് നേരിടുന്നത്. 

ചെക് സംരഭകന്‍ സ്ബിനെക് ഫ്രോലിക് അക്കൂട്ടത്തില്‍ ഒരാളാണ്. അയാളുടെ ആധുനിക ആശുപത്രി കിടക്കകള്‍ക്ക് ആവശ്യക്കാരേറെയാണ്. പുതിയൊരു നിര്‍മാണശാല കൂടി തുടങ്ങണം. പക്ഷേ തന്റെ രാജ്യത്തിന്റെ സമ്പദ് രംഗം കുതിക്കുമ്പോഴും അയാള്‍ക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല. 

‘പണിക്കാരെ കിട്ടാനേയില്ല,’ 240 ദശലക്ഷം ഡോളറിന്റെ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായ ഫ്രോലിക് പറഞ്ഞു. ‘ഇപ്പോഴത്തെ ഘട്ടത്തില്‍ അദ്ധ്വാനിക്കാന്‍ ശേഷിയുള്ള ആരെയെങ്കിലും കിട്ടിയാല്‍ മതി.’

സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷം കുറഞ്ഞകൂലിയും പുതിയ വിപണിയും തേടി ദശലക്ഷക്കണക്കിന് യൂറോയുടെ നിക്ഷേപമെത്തിയ ബാള്‍ടിക് മുതല്‍ ബാള്‍ക്കന്‍ വരെയുള്ള പ്രദേശങ്ങളില്‍ ഇതേ സാഹചര്യമാണുള്ളത്. അത് വളര്‍ച്ചയെ സഹായിക്കുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്തു. പ്രത്യേകിച്ചും 2004ല്‍ യൂറോപ്യന്‍ യൂണിയന്‍ ഈ പ്രദേശങ്ങളിലേക്ക് കൂടി വിപുലമാക്കിയതോടെ. ഇപ്പോള്‍ തൊഴിലില്ലായ്മയിലെ കുറവും ലക്ഷക്കണക്കിനു തൊഴിലാളികള്‍ കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലങ്ങള്‍ നോക്കി പലായനം ചെയ്യുന്നതും കുറഞ്ഞ ചെലവിലെ വളര്‍ച്ചാ മാതൃകയെ തുറന്നുകാട്ടുന്നു. 

തൊഴിലാളി ദൗര്‍ലഭ്യം നേരിടുമെന്ന് നയ നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാലിത് രാജ്യം തോറും വ്യത്യസ്തമായിരിക്കാം. ഇ യുവിലെ മൂന്നാമത്തെ ഏറ്റവും വേഗത കൂടിയ വളര്‍ച്ചയും ഏറ്റവും കുറവ് തൊഴിലില്ലായ്മയും ചെക് റിപ്പബ്ലിക്കിലെ തൊഴിലാളിക്ഷാമം രൂക്ഷമാക്കി. ലോകത്ത് ഏറ്റവും വലിയ പ്രതിശീര്‍ഷ കാര്‍ നിര്‍മ്മാതാക്കളായ സ്ലോവാക്യയില്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ രാജ്യത്തെ നാലാമത്തെ കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെങ്കിലും കമ്പനികള്‍ വാഹനവ്യവസായത്തിലെ വിദഗ്ധര്‍ക്കായി നെട്ടോട്ടമോടുകയാണ്. ഹംഗറിയിലും പോളണ്ടിലും നിന്നു ചെറുപ്പക്കാര്‍ കൂടുതല്‍ കൂലി ലഭിക്കുന്ന ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോവുകയാണ്. 

ഈ പ്രതിസന്ധി കഴിഞ്ഞ 12 മാസത്തിനുള്ളില്‍ യൂറോക്കെതിരെ പോളിഷ് സ്ലോതിയുടെ മൂല്യം 5.2%വും ഹംഗറിയുടെ ഫോറിന്റ് മൂല്യം 0.8%വും കുറച്ചു. ഇത് താത്ക്കാലികമായി കയറ്റുമതിക്കാരെ സഹായിക്കുമെങ്കിലും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പറ്റുന്ന മാതൃകയല്ല ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

പ്രാഗിലെ സാമ്പത്തിക വിദഗ്ധന്‍ റഡോമിര്‍ ജാക് പറയുന്നത് ചെറിയ കാലയളവിലേക്ക് ഇത് പരിഹരിക്കാന്‍ രണ്ടു വഴികളുണ്ട് എന്നാണ്. തൊഴിലാളികളെ ഇറക്കുമതി ചെയ്യുകയോ, നിര്‍മ്മാണത്തില്‍ കേന്ദ്രീകരിച്ച വളര്‍ച്ച മാതൃകയില്‍ നിന്നും മാറി ശമ്പളം കൂട്ടുകയോ ചെയ്യുക. 

‘കാര്‍ വ്യവസായത്തെയോ, ഇറക്കുമതിയെയോ മാത്രം ആശ്രയിക്കാത്ത ഒരു സാമ്പത്തിക മാതൃകയാണ് മധ്യ യൂറോപ്പിന് ആവശ്യം. അതിന്റെ സമ്പദ് രംഗങ്ങള്‍ വൈവിധ്യവത്കരിക്കുകയും മൂല്യം കൂടിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുകയും വേണം.’

മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ, 1990ലെ 65 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2014ല്‍ 545 ബില്ല്യണ്‍ ഡോളറിലേക്ക് വളര്‍ന്ന പോളണ്ട് ഇത് രണ്ടും ചെയ്യുന്നുണ്ട്. ഡിസംബറില്‍ തൊഴിലില്ലായ്മ 7.1 ശതമാനമായി. 2008നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഇ യു അംഗത്വം നേടുന്നതിന് മുമ്പുണ്ടായിരുന്ന 20 ശതമാനത്തിനും എത്രയോ താഴെ. 

നികത്താത്ത ജോലിയൊഴിവുകളുടെ എണ്ണം 73,200 ആയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22% വര്‍ദ്ധന. കമ്പനികള്‍ ശമ്പളം കൂട്ടുന്നുണ്ട് ഇ യൂവില്‍ ചേര്‍ന്ന് ഒരു കൊല്ലത്തിനുള്ളില്‍ അത് ഇരട്ടിയോളം കൂടി, ശരാശരി 8,222 ഡോളറായി. ഇത് കുറഞ്ഞ കൂലിയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ ചില നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂലം തൊഴിലാളികളുടെ പലായനം ഉണ്ടായ, ഭാഷയിലും സംസ്‌കാരത്തിലും സമാനതകളുള്ള ഉക്രെയിനില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നു. 

‘പലയിടത്തും ഉക്രെയിനില്‍ നിന്നുള്ള തൊഴിലാളികള്‍ ഇല്ലെങ്കില്‍ പല കമ്പനികള്‍ക്കും അവരുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് സമ്പദ് രംഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും,’ തൊഴില്‍വിപണി വിദഗ്ധന്‍ മരെക് സ്ലിവിന്‍സ്‌കി പറയുന്നു. 

മൂന്നാം പാദത്തില്‍ 4.75% വളര്‍ച്ച നേടിയ ചെക്കുകാരും സമാനസാഹചര്യം നേരിടുകയാണ്. തൊഴിലില്ലായ്മ ഡിസംബര്‍ മാസത്തില്‍ 4.5 ശതമാനമായി കുറഞ്ഞു. ജര്‍മ്മനിക്കൊപ്പം ഇ യുവിലെ ഏറ്റവും കുറഞ്ഞ നിരക്ക്. വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ 4.5% ആയി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. പോളണ്ട് 3.8%, സ്ലോവാക്യ 3.5%, ഹംഗറി 2.5% എന്നിങ്ങനെയാണ് സമാന വളര്‍ച്ചാപ്രതീക്ഷ.

ഈ വര്‍ഷം ഒഴിവുവരുന്ന ഏതാണ്ട് ഒന്നരലക്ഷം തൊഴിലവസരങ്ങളിലേക്ക് ആളുകളെ കിട്ടാന്‍ സഹായിക്കാനുള്ള ചെക് വ്യവസായികളുടെ അഭ്യര്‍ത്ഥന മാനിച്ചു വിസ നടപടിക്രമങ്ങള്‍ ഉദാരമാക്കാന്‍ സര്‍ക്കാര്‍ ഭരണസഖ്യം തീരുമാനിച്ചിട്ടുണ്ട്. 

ചെകിലെ തൊഴിലില്ലായമായില്‍ വരുന്ന കുറവ് 2016ല്‍ സാങ്കേതിക, എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണത്തിലും, അവിദഗ്ധ തൊഴില്‍ സേനയിലും വലിയ ദൌര്‍ലഭ്യം നേരിടുന്നതിലേക്ക് എത്തിക്കുമെന്ന് നിയമന ഏജന്‍സി നടത്തിപ്പുകാരനായ ജോണ്‍ ഹില്‍ പറഞ്ഞു. 

കേന്ദ്ര ആസൂത്രണ വ്യവസ്ഥയില്‍ നിന്നും വിപണി വ്യവസ്ഥയിലേക്ക് നീങ്ങിയ കാലയളവില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട നഗര്‍ങ്ങള്‍ ഈ തൊഴിലാളിക്ഷാമത്തില്‍ നിന്നും നേട്ടമുണ്ടാക്കി. മത്സരക്ഷമമല്ലാത്ത ഖനികളും പണിശാലകളും പൂട്ടിത്തുടങ്ങിയിരുന്ന,1990കളില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്ന ഹംഗറിയിലെ, ബുഡാപെസ്റ്റിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള 70,000 പേര്‍ താമസിക്കുന്ന തതബന്യ നഗരം അത്തരത്തിലൊന്നാണ്. 

‘വ്യാവസായിക മാന്ദ്യത്തിന്റെ പര്യായമായിരുന്നു ഒരിക്കല്‍ തതബന്യ,’ പുതിയൊരു പണിശാല അവിടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ഫെബ്രുവരി 4നു പറഞ്ഞു. ‘ഇന്നിപ്പോള്‍ തൊഴിലില്ലായ്മയല്ല, ആവശ്യത്തിന് ആളുകളെ കിട്ടാത്തതാണ് പ്രശ്‌നം.’

സേവന വ്യവസായങ്ങളിലേക്ക് നീങ്ങാനുള്ള ശുപാര്‍ശകള്‍ ശരിയല്ലെന്ന് ഓര്‍ബാന്‍ പറയുന്നു. ഹൈസ്‌കൂള്‍, സര്‍വകലാശാല പ്രവേശനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് നയിക്കുകയും അങ്ങനെ ഹംഗറിയെ യൂറോപ്പിലെ ഏറ്റവും വ്യവസായവത്കൃത രാജ്യമാക്കി മാറ്റുകയും ചെയ്യണമെന്നാണ് അയാള്‍ ആവശ്യപ്പെടുന്നത്. 

എന്നാല്‍, പതിനായിരക്കണക്കിനാളുകള്‍ പടിഞ്ഞാട്ടു കുടിയേറുമ്പോള്‍ ഇത് നേടുക ബുദ്ധിമുട്ടാകും. കാര്‍ മേഖലയില്‍ മാത്രം 50,000 ഒഴിവുകള്‍ നികത്താനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ് വീഡിയോടോണിന് പോലും കൂലി കൂട്ടുകയും കൂടുതല്‍ കാര്യക്ഷമതയ്ക്ക് തൊഴിലാളികളെ അധികസമയം ജോലി ചെയ്യിക്കേണ്ടിയും വേണ്ടിവന്നു. 

‘സംവിധാനം നീട്ടിവലിച്ച പോലെയാണ്,’ വീഡിയോടോണ്‍ സി ഇ ഒ ഓട്ടോ സിങ്കോ പറയുന്നു. ‘ജോലി ആവശ്യമുള്ള ആര്‍ക്കും ഇപ്പോള്‍ത്തന്നെ ഒരു തൊഴിലുണ്ട് എന്നതാണവസ്ഥ.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍