UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണമെറിഞ്ഞു വാങ്ങിയവര്‍ കളിക്കളത്തില്‍ പാഴ്ച്ചരക്കുകളാകുമ്പോള്‍

Avatar

വിനോദ് എസ് പി

വെള്ളിക്കോടാലി പോരാഞ്ഞിട്ട് സ്വര്‍ണക്കോടാലി വാങ്ങിയ മരംവെട്ടുകാരന്‍. ആദ്യ വെട്ടില്‍ത്തന്നെ അമൂല്യ ആയുധത്തിന്റെ വായൊടിഞ്ഞാല്‍ എന്തു ചെയ്യും?. ആ അവസ്ഥയാണ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാര്‍ക്കിപ്പോള്‍. കോടിക്കണക്കിനു ഡോളറുകള്‍ വലിച്ചെറിഞ്ഞ് പാളയത്തിലെത്തിച്ച പല വന്‍ താരങ്ങളും പാഴ്ച്ചരക്കുകളാകുന്നു, മൂല്യത്തിനൊത്ത ഫലം നല്‍കുന്നില്ല. ചിലരൊക്കെ സൈഡ് ബെഞ്ചില്‍ വാനനിരീക്ഷണം നടത്തുന്നു. മറ്റു ചിലര്‍ പരിക്കിന്റെ നൊമ്പരശയ്യയില്‍ പുളയുന്നു. മുടക്കിയ കാശിനു ഗുണം കിട്ടാത്ത ടീമുകളോ? നല്ല ഫലങ്ങള്‍ക്കു കേഴുന്ന വേഴാമ്പലുകളും.

റോബിന്‍ വാന്‍ പെഴ്‌സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയിട്ട് കാലംകുറച്ചായി. 2012ല്‍ ആഴ്‌സനലില്‍ നിന്ന് സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ റാഞ്ചിയതാണ് ഡച്ച് സ്‌ട്രൈക്കറെ. ആ സീസണില്‍ 26 ഗോളുകളടിച്ചു കൂട്ടി വാന്‍ പെഴ്‌സി ചുവന്ന ചെകുത്താന്‍മാരെ ലീഗ് കിരീടമണിയിച്ചു. ബ്രസീലിയന്‍ ലോകകപ്പില്‍ ഓറഞ്ചു പടയ്ക്കുവേണ്ടി പറക്കും ഹെഡ്ഡറുമായി പെഴ്‌സി കസറിയ വേളയില്‍ ആശാന്റെ റോളില്‍ ലൂയീസ് വാന്‍ ഗാലുമുണ്ടായിരുന്നു. വാന്‍ ഗാല്‍ മാന്‍.യുവിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ വാന്‍-വാന്‍ സഖ്യം കസറുമെന്നു കരുതി. അതുണ്ടായില്ല ഡേവിഡ് മോയസിന്റെ പിന്‍ഗാമിക്കു കീഴില്‍ മാന്‍.യുവിന്റെ സ്ഥിതി പരമ ദയനീയമായി. പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരിപ്പോള്‍ ആറാം സ്ഥാനത്താണ്. സീസണില്‍ പെഴ്‌സി വലകുലുക്കിയത് മൂന്നേ മൂന്നു തവണയും. ഫെര്‍ഗ്യൂസന്റെ വിരമിക്കല്‍ തനിക്കേറെ ദോഷം ചെയ്‌തെന്ന് പെഴ്‌സി തുറന്നു പറയുകയും ചെയ്തു. ടീമിനെ മുന്നോട്ടു നയിക്കാന്‍ പെഴ്‌സിയുടെ പ്രഹരശേഷി മാത്രം പോരെന്നു വാന്‍ ഗാലിനു നന്നായറിമായിരുന്നു. പ്രതിരോധം തുളയ്ക്കാന്‍ പോന്ന ചാട്ടുളികളെ വേണം; പ്രതിയോഗിക്ക് കത്രികപ്പൂട്ടിടാന്‍ മിടുക്കുള്ള മല്ലന്‍മാരെയും. ട്രാന്‍സ്ഫര്‍ വിപണിയില്‍ പിടിപ്പണക്കിഴി വാരിവച്ച് ചുണയുള്ള ചേകോന്‍മാര്‍ക്കായി വാന്‍ ഗാല്‍ വിലപേശി.

അര്‍ജന്റൈന്‍ വിംഗര്‍ എയ്ഞ്ചല്‍ ഡി മരിയയും മാര്‍ക്കോസ് റോജോയുമടക്കമുള്ളവരെ ഓള്‍ഡ് ട്രാഫോര്‍ഡിന്റെ വാതില്‍ തുറന്നാനയിച്ചു. ഫ്രഞ്ച് ടീം മൊണാക്കോയില്‍ നിന്ന് കൊളംബിയന്‍ അറ്റാക്കര്‍ റദമേല്‍ ഫല്‍ക്കാവോയെ വായ്പ്പയ്ക്കുമെടുത്തു വാന്‍ ഗാല്‍. പക്ഷേ, അതുകൊണ്ടൊന്നും രക്ഷയുണ്ടായില്ല. ഫല്‍ക്കാവോയെ കാല്‍വണ്ണയിലെ വേദന ചതിച്ചപ്പോള്‍ മാന്‍.യു പിടഞ്ഞു. സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ മാത്രം റെഡ് ഡെവിള്‍സിന്റെ കുപ്പായമണിഞ്ഞ ഫല്‍ക്കാവോയുടെ സംഭാവന ഒരു ഗോള്‍. റോജോയേയും പരിക്ക് കനിഞ്ഞനുഗ്രഹിച്ചു. മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കിടെ വലതുതോള്‍ തെന്നിമാറിയ റോജോ കുറഞ്ഞത് ആറാഴ്ച്ചയെങ്കിലും വിശ്രമിക്കും. എന്നാല്‍ എയ്ഞ്ചല്‍ ഡി മരിയ വാന്‍ ഗാല്‍ എണ്ണി നല്‍കിയ 100 ദശലക്ഷം ഡോളറിന് പകരമേകുന്നുണ്ട്. ലീഗില്‍ മൂന്നു തവണ പ്രതിയോഗികളുടെ വലകുലുക്കിയ മരിയ നാലു ഗോളുകള്‍ക്ക് വഴിതുറക്കുകയും ചെയ്തു.എങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡില്‍ മരിയ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലൊരു കൂട്ടുകാരനെ കിട്ടാത്തതും ടീമിന്റെ തുടര്‍ തോല്‍വികളും മരിയ മാലാഖയുടെ മനംമടുപ്പിച്ചുകഴിഞ്ഞു.

സ്പാനിഷ് മണ്ണിലെ അതിലും രസമുള്ള വിശേഷങ്ങളിലേക്ക് ഇനി കണ്ണോടിക്കാം. ശക്തരില്‍ ശക്തരായ ബാഴ്‌സലോണയ്ക്ക് അക്കിടി പറ്റിയോ?. ഗോളടിക്കാനും തോള്‍കടിക്കാനും കേമനായ ഒരുവനെ 128. 8 ദശലക്ഷം ഡോളര്‍ ചെലവിട്ട് ബാഴ്‌സ കൂട്ടത്തില്‍ക്കൂട്ടി. കടി നിര്‍ത്തിയെന്നു പറയുന്ന അവന്‍ ഗോളടിയും നിര്‍ത്തിയോ എന്നു തോന്നിപ്പോകും, ലൂയിസ് സുവാരസിന്റെ കാര്യം തന്നെ. താരക്കൈമാറ്റ വിപണിയിലെ എക്കാലത്തെയും വന്‍ ഡീലുകളിലൊന്നായ സുവാരസ് ഇതുവരെ വിശ്വരൂപം കാട്ടിയിട്ടില്ല. സുവാരസം എന്തെന്ന് കറ്റാലന്‍സ് അറിഞ്ഞതില്ല. എല്‍ ക്ലാസിക്കോയില്‍ നെയ്മര്‍ക്ക് ഗോളടിക്കാന്‍ പന്തു പകുത്തു നല്‍കിയത് ബാഴ്‌സ ജഴ്‌സിയില്‍ ഉറുഗൈ്വന്‍ സ്‌ട്രൈക്കര്‍ ഇതുവരെ കാട്ടിയ വലിയ ഇന്ദ്രജാലം. ബാഴ്‌സ ആരാധകര്‍ കാത്തിരിക്കണമെന്നു സുവാരസ് പറയുന്നു.

വിപണിയില്‍ എന്നും പണക്കെട്ടുകള്‍ അടുക്കിവെയ്ക്കുന്ന, ബാഴ്‌സയുടെ ധനികനായ എതിരാളി റയല്‍ മാഡ്രിഡും നടത്തി വന്‍ ഇടപാടുകള്‍. ബയേണ്‍ മ്യൂണിച്ചിനൊപ്പം നിന്ന ടോണി ക്രൂസിനും (40.9 ദശലക്ഷം ഡോളര്‍) ബ്രസീലിയന്‍ ലോകകപ്പിലെ കൊളംബിയക്കാരനായ ‘അത്ഭുതക്കുട്ടി’, ഫ്രഞ്ച് സംഘം മോണോക്കോയുടെ അത്താണി ജെയിംസ് റോഡ്രിഗസിനെയും (634 ദശലക്ഷം) സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ആനയിച്ചു. ശമ്പള പ്രശ്‌നമാണ് ബയേണ്‍ വിടാന്‍ ക്രൂസിനെ പ്രേരിപ്പിച്ചത്. തുടക്കം പാളിയെങ്കിലും ക്രൂസ് റയല്‍ ഗാലറിയുടെ പ്രിയതാരമായിക്കഴിഞ്ഞു. ഗോളൊന്നും നേടിയില്ലെങ്കിലും അവസരങ്ങള്‍ ഒരുക്കാന്‍ നിതാന്തം യത്‌നിക്കുന്ന ക്രൂസും സ്‌കോറിങ് പാടവത്തിനൊപ്പം കളിമെനയാന്‍ മുന്നില്‍നില്‍ക്കുന്ന റോഡ്രിഗസും റയലിന്റെ വൈവിധ്യത്തിന്റെ ആഴങ്ങളേറ്റിയെന്നു വിലയിരുത്താം. റയല്‍ ക്യാംപില്‍ ഇരുവരും നിരത്തുന്നത് സന്തോഷത്തിന്റെ കണക്കുകള്‍ മാത്രം. മാഡ്രിഡ് നഗരത്തിന്റെ ഇതര പ്രതിനിധി അത്‌ലറ്റിക്കോ ബയേണില്‍ നിന്ന് ഒപ്പംകൂട്ടിയ ഫോര്‍വേഡ് മരിയോ മാന്‍സുകിച്ചും ഷൈന്‍ ചെയ്യുന്നുണ്ട്. ലീഗിലും സൂപ്പര്‍ കപ്പിലും ചാമ്പ്യന്‍സ് ലീഗിലുമായി ഗോളിന്റെ മഴിവില്ലഴക് വിരിച്ചുകഴിഞ്ഞു മാന്‍സുകിച്ച്. ഒളിംപ്യാകോസിനോടുള്ള ചാമ്പ്യന്‍സ് ലീഗ് മുഖാമുഖത്തിനിടെ മൂക്കിന്റെ പാലം പൊട്ടിയ മാന്‍സുകിച്ചിന് കുറച്ചുനാള്‍ പന്തുതട്ടാനാവില്ലെന്നത് അത് ലറ്റികൊയുടെ  സങ്കടം.

ഇറ്റാലിയന്‍ മണ്ണിലും പാഴ്‌ച്ചെലവുകളുടെ കഥകള്‍ക്ക് പഞ്ഞമില്ല, അതിലെ വലിയ നഷ്ടക്കാര്‍ എസി മിലാനും. ചെല്‍സി വായ്പയ്ക്ക് നല്‍കിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് ശരാശരി നിലവാരത്തിലേക്ക് ഉയരാത്തതാണ് മിലാന്റെ പ്രശ്‌നം. എട്ടുവട്ടം മിലാനുവേണ്ടി ബൂട്ടണിഞ്ഞ ടോറസ് വെടിപൊട്ടിച്ചത് ഒരേ ഒരുപ്രാവശ്യം. മറ്റൊരു സ്‌പെയിന്‍കാരനും മിലാന്റെ നെഞ്ചിടിപ്പേറ്റുന്നു, പരിക്കിനെ തട്ടിത്തെറിപ്പിക്കാന്‍ കഴിയാത്ത ഗോളി ഡീഗോ ലോപ്പസ്. സീരി എയില്‍ പാര്‍മയോടുള്ള ചൂടന്‍പോരിനിടെ പരിക്കേറ്റ ലോപ്പസ് പിന്നീട് ഏഴു മത്സരങ്ങളില്‍ പുറത്തിരുന്നു. പാലെര്‍മോക്കെതിരെ വീണ്ടും വലകാക്കാനെത്തിയെങ്കിലും നിറംമങ്ങി. റയല്‍ മാഡ്രിഡ് വച്ചുമാറിയ ലോപ്പസ് ഈ നിമിഷംവരെ മിലാന് വേണ്ടതൊന്നും നല്‍കിയില്ലെന്നു ചുരുക്കം.

ജര്‍മനിയില്‍ നിഗമനങ്ങള്‍ തെറ്റി, ബയേണ്‍ മ്യൂണിച്ചിന്. നിരാശയുടെ സംഗീതാസ്വാദകരാണവര്‍. ലിവര്‍പൂളിനെ ഉപേക്ഷിച്ച് ബവേറിയന്‍സിന്റെ വല സംരക്ഷണത്തിന്റെ ദൗത്യമേറ്റ പെപ്പ് റെയ്‌ന പരിക്കിന്റെ ഭൂതവലയത്തില്‍ അപസ്വരംപൊഴിക്കുന്നു. റയല്‍ കൈമാറിയ സാബി അലോന്‍സോ ബയേണിനെ തുണയ്ക്കാത്ത മറ്റൊരു പുതുവരവുകാരന്‍. 14 മത്സരങ്ങള്‍ കളിച്ച സാബി, ഫ്രാങ്ക് റിബറി നയിക്കുന്ന ബയേണ്‍ മിഡ്ഫീല്‍ഡിന് അധികഭാരമാണെന്ന് കുറച്ചുപേരെങ്കിലും അടക്കം പറയുന്നുണ്ട്. അതേസമയം, പരമ്പരാഗത വൈരികളായ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ് നല്‍കിയ റോബര്‍ട്ടോ ലെവന്‍ഡോവ്‌സികി ബയേണിന് ഊഷ്മള നിമിഷങ്ങള്‍ സമ്മാനിച്ചുപോരുന്നു. ബുണ്ടെസ് ലീഗയില്‍ 9 മത്സരങ്ങളില്‍ 5 ഗോളുകള്‍ സ്വന്തം പേരിലെഴുതിയ ലെവന്‍ഡോവ്‌സകി ബയേണിന്റെ കേളീതന്ത്രാവിഷ്‌കരണത്തില്‍ നിര്‍ണായക സ്ഥാനം നേടിയെടുത്തു. ജപ്പാനീസ് താരം ഷിന്‍ജി കവാഗയെ മാന്‍.യുവില്‍ നിന്ന തിരിച്ചെത്തിച്ച ബൊറൂസിയയും നേട്ടമുണ്ടാക്കി. രണ്ടാംവരവിലെ ആദ്യ മണിക്കൂറിനുള്ളില്‍ അക്കൗണ്ട് തുറന്ന കവാഗ എതിരാളികള്‍ക്ക് ഭീഷണിയായിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ബെല്‍ജിയന്‍ വൈരി ആന്‍ഡെര്‍ഷിന്റെ നാലു ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ സിറോ ഇമ്മൊബൈലിന് പന്ത് മറിച്ചു നല്‍കിയ കവാഗ തന്റെ ക്ലാസ് അടിവരയിട്ടു. ഇമ്മോബൈലിന്റെ വേഗവും കവാഗയുടെ ഭാവനാശേഷിയും ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ബൊറൂസിയയുടെ കണക്കുകൂട്ടല്‍.

പ്രീമിയര്‍ ലീഗിലേക്കു മടങ്ങുമ്പോള്‍ ചെല്‍സിയാണ് കളിയിലും കണക്കുകൂട്ടലുകളിലും ഒരു പണത്തൂക്കം മുന്നില്‍. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് റാഞ്ചിയ ഡീഗോ കോസ്റ്റ (54.5 ദശലക്ഷം ഡോളര്‍), മേജര്‍ സോക്കര്‍ ലീഗില്‍ നിന്ന് ലോണിനെടുത്ത ദിദിയര്‍ ദ്രോഗ്ബ, ബാഴ്‌സയില്‍ നിന്നുവന്ന സെസ്‌ക് ഫാബ്രെഗസ് (51.1) തുടങ്ങിയവര്‍ക്കെല്ലാം പത്തരമാറ്റുണ്ട്. ഒമ്പത് ലീഗ് മത്സരങ്ങളില്‍ പത്തു തവണയാണ് കോസ്റ്റ എതിര്‍വലയില്‍ പന്തടിച്ചുകയറ്റിയത്. കഴിഞ്ഞദിവസം ലിവര്‍പൂളിനെതിരായ അങ്കത്തില്‍ വിജയഗോള്‍ കുറിച്ചതും കോസ്റ്റയുടെ തിളക്കമേറ്റി. കോസ്റ്റയെ പരിക്കലട്ടിയ സമയം മാറ്റിടിയാത്ത പ്രതിഭ ദ്രോഗ്ബ മൂര്‍ച്ചകാട്ടി. ഗോളടിക്കുന്നതിലല്ല അടിപ്പിക്കുന്നതില്‍ ഫാബ്രെഗസ് മുന്നില്‍ നില്‍ക്കുന്നു. ഫ്രാങ്ക് ലംപാര്‍ഡിനെയും വിട്ടുനല്‍കിയ തീരുമാനങ്ങളില്‍ ബ്ലൂസിന് ചെറുതായി പിഴച്ചെന്നു പറയാം. എവര്‍ട്ടനില്‍ ചെന്ന എറ്റുവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ തണല്‍ തേടിയ ലംപാര്‍ഡും തങ്ങളുടെ പ്രഭാവം ഒട്ടും കുറഞ്ഞില്ലെന്നു വിളിച്ചുപറഞ്ഞു. ആഴ്‌സനലിന് ഡേവിഡ് ഒസ്പിന ശൂന്യതയാണ്; അലക്‌സി സാഞ്ചസ് (59.6 ദശലക്ഷം) വെള്ളിവെളിച്ചവും. ഒസ്പിന പ്രീമിയര്‍ ലീഗില്‍ ഇന്നോളം കന്നിച്ചുവടു വച്ചിട്ടില്ല. ഇവിടെയും പരിക്ക് വില്ലന്‍. ബാഴ്‌സ ഉപേക്ഷിച്ച സാഞ്ചസ് (11 ഗോളുകള്‍) ഗണ്ണേഴ്‌സിനുവേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മാന്‍.യു കൈവിട്ട ഡാനി വെല്‍ബെക്കിനും പീരങ്കിപ്പട തണലേകി.

ചാമ്പ്യന്‍സ് ലീഗില്‍ മൂന്നു പ്രാവശ്യവും പ്രീമിയര്‍ ലീഗില്‍ രണ്ടുവട്ടവും ഗോളടിച്ച വെല്‍ബക്ക് ഉണ്ടചോറിന് നന്ദി കാട്ടുന്നു. സുവാരസ് പോയ വിടവു നികത്താന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിയില്‍ കണ്ണുവച്ച ലിവര്‍പൂളിനും പാളി. മരിയോ മാജിക്ക് ദര്‍ശിക്കാന്‍ റെഡ്‌സ് ആരാധകര്‍ തപസിരിക്കുന്നിപ്പോള്‍. ചില്ലറക്കാശല്ല ബെലോട്ടെല്ലിക്കു (26.5 ദശലക്ഷം ഡോളര്‍) വേണ്ടി ലിവര്‍ എണ്ണിക്കൊടുത്തത്. യൂറോപ്പിന്റെ പുല്‍മേടുകളില്‍ പന്ത് ഉരുണ്ടുകൊണ്ടേയിരിക്കും. മിന്നിയവര്‍ മങ്ങാം. മങ്ങിയവര്‍ക്ക് നിറംവീണ്ടെടുക്കാന്‍ ഇനിയും സമയമേറെ. കാല്‍പ്പന്തയുദ്ധങ്ങളുടെ തിരക്കഥയിലെ ട്വിസ്റ്റുകള്‍ക്കുവേണ്ടി കാത്തിരിക്കാം.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍