UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂറോപ്പ് മുസ്ലീം പേടിയില്‍

Avatar

ആന്തണി ഫെയോല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വിവേചനവും കയ്യേറ്റവും വര്‍ധിക്കുന്നു എന്നു മുസ്ലീം നേതാക്കള്‍ പരാതിപ്പെടുന്നൊരു ഭൂഖണ്ഡത്തില്‍ തന്നെ അലിസിവ് സെറാന്‍ ഭീകരവാദിയായി; സത്യത്തില്‍ അങ്ങനെയല്ലാതിരുന്നിട്ടും. 

21 കാരനായ ഈ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി തന്റെ സഞ്ചിയില്‍ ഉന്തിത്തളി നില്‍ക്കുന്നൊരു കമ്പ്യൂട്ടര്‍ പ്രിന്ററുമായി സ്‌കാണ്ടിനേവിയന്‍ നഗരത്തിലെ ഒരു തീവണ്ടിയില്‍ ചാടിക്കയറി. രാവിലെ പരീക്ഷയാണ്. അല്പം പരീക്ഷാപ്പേടിയോടെ അയാള്‍ പാഠപുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി: ‘9/11നു ശേഷം യുനൈറ്റഡ് സ്‌റ്റേയ്റ്റ്‌സ്’. വിചിത്രമാം വിധത്തിലിരുന്നൊരു സഞ്ചിയും ഭീകരവാദത്തെക്കുറിച്ചൊരു പുസ്തകവും-അടുത്തിരുന്ന യാത്രക്കാരന് പോലീസിനെ വിളിക്കാന്‍ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. പരിഭ്രാന്തിയിലാണ്ട ഡാനിഷ് അധികാരികള്‍ കിട്ടിയ വിവരമനുസരിച്ച് നഗരമാകെ അയാള്‍ക്കായി തിരയാന്‍ തുടങ്ങി. ക്ലോസ്ഡ് സര്‍ക്യൂട് ക്യാമറകളില്‍ പതിഞ്ഞിരുന്ന സെറാന്റെ മുഖം രാജ്യമെമ്പാടും ഇന്റര്‍നെറ്റിലും ടെലിവിഷനിലും മിന്നിത്തെളിഞ്ഞു. അയാള്‍ അന്ന് പിടിയിലാകുമെന്നോ അല്ലെങ്കില്‍ കണ്ടാല്‍ വെടിവെച്ചു കൊല്ലപ്പെട്ടേക്കുമെന്നോ കുടുംബവും സുഹൃത്തുക്കളും ന്യായമായും ഭയന്നു. 

‘ആദ്യമായിട്ടായിരുന്നു എന്റെ അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടത്, എന്നെക്കുറിച്ച് അദ്ദേഹത്തിന് അത്രയേറെ ആശങ്കയുണ്ടായിരുന്നു’; സെറാന്‍ പറഞ്ഞു. തന്റെ ചിത്രം ടെലിവിഷനില്‍ കണ്ട് സെറാന്‍ സ്വയം പോലീസിനെ വിളിക്കുകയായിരുന്നു. അവരെത്തുംവരെ അയാള്‍ സര്‍വ്വകലാശാലയിലെ ഒരു കുളിമുറിയില്‍ ഒളിച്ചിരുന്നു. ‘എനിക്കു സംഭവിച്ചത് കാണിക്കുന്നത് ഇസ്ലാം ഭീതി ഇവിടെ വളരുകയാണെന്നാണ്. ഞങ്ങളെല്ലാം ഭീകരവാദികളാണെന്നാണ് എല്ലാവരും കരുതുന്നത്’-സെറാന്‍ പറഞ്ഞു.

യൂറോപ്പിലെ സാഹചര്യങ്ങളെ സെറാന്‍ സംഭവം വെളിപ്പെടുത്തുന്നുണ്ട്. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം അമേരിക്കയില്‍ നിലനിന്ന അവസ്ഥയോടാണ് പല മുസ്ലീം നേതാക്കളും ഇതിനെ താരതമ്യം ചെയ്യുന്നത്. 

ഈ ഭയം അല്‍ ഖ്വയ്ദയുമായി ബന്ധിപ്പിക്കുന്നു. ഇന്നിപ്പോള്‍ അവരെ ഇസ്ലാമിക് സ്‌റ്റേയ്റ്റുമായാണ് കൂട്ടിക്കെട്ടുന്നത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍; സിറിയയിലും ഇറാക്കിലും യുദ്ധം ചെയ്യാന്‍ യൂറോപ്പില്‍ നിന്നും പോയ നൂറുകണക്കിനു മുസ്ലീം ചെറുപ്പക്കാരുമായി ഇതിനെ ചേര്‍ത്തുവെക്കുന്നു. അമേരിക്കന്‍ പൗരന്മാരും ഇങ്ങനെ പോയിട്ടുണ്ടെങ്കിലും യൂറോപ്പില്‍ നിന്നും അതിലുമെത്രയോ പേരാണ് ഭീകരവാദഗ്രൂപ്പുകളിലേക്ക് പോയിരിക്കുന്നത്. കുറഞ്ഞത് 3,000 പേരെങ്കിലും ആ കണക്കില്‍പ്പെടുമെന്ന് ന്യൂയോര്‍ക്കിലെ സൗഫാന്‍ ഗ്രൂപ് എന്ന രഹസ്യാന്വേഷണ സ്ഥാപനം പറയുന്നു. 

ഇങ്ങനെ പോയി തിരിച്ചുവന്ന ഒരു ഫ്രഞ്ചുകാരന്‍ കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തില്‍ ഒരു മാരകമായ ആക്രമണം നടത്തി. നോര്‍വെയിലും ബ്രിട്ടനിലും ഇത്തരം ഭീകരാക്രമണപദ്ധതികള്‍ പൊളിച്ചതിനെ തുടര്‍ന്ന് യൂറോപ്പിലാകെ സ്വന്തം നാട്ടുകാരായ തീവ്രവാദികളെക്കുറിച്ചുള്ള ഭീതി രാഷ്ട്രീയക്കാരിലും, മാധ്യമങ്ങളിലും, പൊതുജനങ്ങളിലും പടരുകയാണ്. 

‘ഇത് സംസ്‌കാരങ്ങളുടെ സംഘട്ടനമാണ്,’ ഡെന്‍മാര്‍ക്കിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയിലെ നിയമനിര്‍മ്മാണ സംഭാംഗം മേരി ക്രാരുപ് പറയുന്നു. ‘ഇസ്ലാം അക്രമമാണ്. മിതവാദി മുസ്ലീംങ്ങളല്ല പ്രശ്‌നം. പക്ഷേ അവര്‍പോലും കാലംകൊണ്ടു തീവ്രനിലപാടിലെത്തിയെക്കാം.ഇസ്ലാമില്‍ നിങ്ങളുടെ ഭാര്യയെ തള്ളുന്നത് സ്വീകാര്യമാണ്. മുസ്ലീംങ്ങള്‍ അല്ലാത്തവരെ കൊല്ലാം. ഇതാണ് നമുക്കുള്ള പ്രശ്‌നം.’

സുന്നത്ത് പോലുള്ള ഇസ്‌ളാമിക രീതികള്‍ നിയന്ത്രിക്കുന്നതിനു നിയമനിര്‍മ്മാണത്തിനായി പുതിയ മുറവിളി ഉയരുന്നതായി മുസ്ലീം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഭയം അതിരുകടന്ന് അസഹിഷ്ണുതയുടെ തലത്തിലേക്കെത്തുന്നു.

ജര്‍മ്മനിയില്‍ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ഇസ്ലാമിക മതമൗലികവാദത്തിനെതിരായ പ്രതിഷേധം ‘വിദേശികളെ പുറത്താക്കുക’ എന്ന മുദ്രാവാക്യം വിളികളോടെ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ശിരോവസ്ത്രം ധരിച്ച സ്ത്രീകള്‍ക്കെതിരെ തെരുവുകളില്‍ വെച്ചുള്ള അധിക്ഷേപങ്ങളും കഴിഞ്ഞ ആഗസ്തില്‍ ഒരു പള്ളിക്ക് നേരെ നടന്ന ആക്രമണവും ജര്‍മ്മനിയിലെ വര്‍ദ്ധിച്ചുവരുന്ന അപായസൂചനകളായി മുസ്ലീം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

ആയിരക്കണക്കിന് ലണ്ടന്‍ നിവാസികള്‍ ഭീകരവാദി സാധ്യതയുടെ പേരില്‍ നിരീക്ഷണത്തിലാണെന്ന് മേയര്‍ ബോറിസ് ജോണ്‍സണ്‍ ഈയിടെ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച പാരീസില്‍ മുഖം മറക്കുന്ന ഇസ്ലാമികവസ്ത്രം ധരിച്ച ഒരു സ്ത്രീയെ ഓപ്പറ ബാസ്‌റ്റൈലിലെ പരിപാടിയില്‍ നിന്നും മര്യാദാരഹിതമായി ഇറക്കിവിട്ടു. ഫ്രാന്‍സില്‍ 2010ല്‍ പൊതുസ്ഥലത്ത് ഇസ്ലാമിക മൂടുപടങ്ങള്‍ ഉപയോഗിക്കുന്നത് നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പോലീസിനെ വിളിച്ച് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു സ്വകാര്യ സ്ഥാപനം നിയമം നടപ്പാക്കാന്‍ തുനിഞ്ഞ അപൂര്‍വ സംഭവമായിരുന്നു അത്.

പൊതുവായും യൂറോപ്പിലെ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും തങ്ങള്‍ ആക്ഷേപത്തിന് വിധേയരാവുകയാണെന്ന് മിതവാദി മുസ്ലീങ്ങള്‍ക്ക് പോലും തോന്നുന്നു. ഉദാഹരണത്തിന് ജര്‍മ്മനിയിലെ ബില്‍ഡ് എന്ന പത്രം ഒരു ലേഖനത്തില്‍,’മുസ്ലീം പശ്ചാത്തലമുള്ള കൗമാരക്കാരിലെ ഉയരുന്ന ആനുപാതികമല്ലാത്ത കുറ്റകൃത്യനിരക്കിനെയും ‘ഇസ്ലാമിക വിശ്വാസത്തിലെ’ സ്ത്രീകളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഹിംസാത്മകമായ അവജ്ഞയേയും’ അപലപിച്ചു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭീകരവാദം : അകമ്പുറം മാറേണ്ട ചില കാര്യങ്ങള്‍
അമേരിക്ക പൊണ്ണത്തടി കയറ്റിയയയ്ക്കുന്നതെങ്ങനെ?
രക്തം കിനിയുന്ന പതാക, ചൂട് പകര്‍ന്ന് ഒരു പുതപ്പ്
ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെ തലമുടിക്കെട്ടുകള്‍
AK 47 നിര്‍മ്മിച്ച മനുഷ്യന്‍റെ ജീവിതം

‘ഇസ്ലാം വിമര്‍ശകര്‍ കാര്യങ്ങള്‍ പരിശോധിക്കാതെ ആക്ഷേപം ചൊരിയുന്ന കാലമാണിത്’- ജര്‍മ്മനിയിലെ ഇസ്ലാമിക് സമിതി അദ്ധ്യക്ഷന്‍ അലി കിസില്‍കയാ പറയുന്നു.

കാലങ്ങളായി മോശമായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥ വളരെ പെട്ടന്നു അപകടകരമാവുകയാണെന്നും മുസ്ലീം നേതാക്കള്‍ കരുതുന്നു. 2000 മാണ്ടിന്റെ പകുതിയില്‍ ലണ്ടനിലും മാഡ്രിഡിലും നൂറുകണക്കിനാളുകളെ കൊന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്കുശേഷം യൂറോപ്പിലെ മുസ്ലീംങ്ങള്‍ കടുത്ത സമ്മര്‍ദ്ദവും,നിരീക്ഷണവും നേരിടുകയാണ്. പല മുസ്ലീം കുടിയേറ്റ കുടുംബങ്ങളും. യൂറോപ്പിലെ പുരോഗമന സമൂഹവുമായി ഉള്‍ച്ചേരാന്‍ കഴിയാത്ത അവസ്ഥക്ക്, അല്ലെങ്കില്‍ അതിനുള്ള വിമുഖതയ്ക്ക് ഇസ്ലാമിക സമുദായം കൂടുതലായി പഴി കേള്‍ക്കുന്നു. അടുത്തകാലത്തായി ഫ്രാന്‍സും ബല്‍ജിയവും പൂര്‍ണ രീതിയിലുള്ള മുസ്ലീം മൂടുപടങ്ങള്‍ നിരോധിച്ചു. പുതിയ പള്ളികളും മിനാരങ്ങളും പണിയുന്നതിന് സ്വിറ്റ്‌സര്‍ലണ്ട് വിലക്കേര്‍പ്പെടുത്തി.

ബ്രിട്ടനില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഒരു സൈനികനെ ലണ്ടനില്‍ നാട്ടുകാരായ രണ്ടു തീവ്രവാദികള്‍ കുത്തിക്കൊന്നത് വലിയ അങ്കലാപ്പും എതിര്‍പ്പുമാണ് ഉയര്‍ത്തിയത്. സംഭവം നടന്നതിന് ശേഷം, തന്റെ സഹോദരന്റെ ഇസ്ലാമിക വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍ സഹായിക്കുന്ന അസിമാ ഷെയ്ക് എന്ന 36കാരിയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, ചില്ലില്‍ ‘വീട്ടിലേക്ക് മടങ്ങിപ്പോകൂ’ എന്നും എഴുതിവെച്ചുവെന്ന് അവര്‍ പറയുന്നു. ഇക്കൊല്ലം ഇസ്ലാമിക് സ്‌റ്റേയ്റ്റിന്റെ കഴുത്തറക്കലും കുരിശില്‍ത്തറക്കലുമൊക്കെ അറിഞ്ഞതിനുശേഷം, അന്തരീക്ഷം കൂടുതല്‍ മോശമായി എന്നും അസീമ പറഞ്ഞു.
‘അവരെന്നെ ബാറ്റ്മാന്‍ എന്നു വിളിക്കുന്നു, ജിഹാദി എന്നു വിളിക്കുന്നു. എന്റെ ശിരോവസ്ത്രത്തില്‍ ഞാനെന്താണ് മറയ്ക്കുന്നത് എന്നാണവര്‍ ചോദിക്കുന്നത്?’

ഒരു ഡാനിഷ് ദിനപത്രത്തില്‍ പ്രവാചകന്‍ മുഹമ്മദിനെ കളിയാക്കുന്ന തരത്തില്‍ ഒരു കാരിക്കേച്ചര്‍ വന്നതിന്റെ പേരില്‍ 2006ല്‍ മുസ്ലീം പ്രതിഷേധങ്ങളുടെ കേന്ദ്രമായ ഡെന്‍മാര്‍ക്കില്‍ മറ്റേത് രാജ്യത്തേക്കാളും ഇസ്ലാമിനെ സംബന്ധിച്ച തീവ്രമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈയടുത്ത് നൂറോളം മുസ്ലീം ചെറുപ്പക്കാര്‍ സിറിയയിലും ഇറാക്കിലും പോരാടാനായി ഡെന്‍മാര്‍ക്കില്‍ നിന്നും പോയി. മടങ്ങിവരുന്ന ജിഹാദികള്‍ക്ക് മുഖ്യധാരയില്‍ മടങ്ങിയെത്താന്‍ തൊഴിലും മറ്റവസരങ്ങളും നല്‍കുന്ന ആര്‍ഹസ് എന്ന പരിപാടിയെ പുരോഗമനവാദികള്‍ പിന്തുണക്കുന്നു. എന്നാല്‍ ദേശവ്യാപകമായി വേര്‍തിരിവ് രൂക്ഷമാവുകയാണ്.

ഈ വര്‍ഷം ആദ്യം മുസ്ലീം രീതിയായ ഹലാല്‍ കശാപ്പിനെതിരെ ഡെന്‍മാര്‍ക്കില്‍ പുതിയ നിയന്ത്രണം വന്നിരുന്നു. ഇപ്പോള്‍ സുന്നത്ത് നടത്തുന്നതിനെതിരെ നിയമനിര്‍മ്മാണത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അത്തരമൊരു നിയമം മുസ്ലീങ്ങളെയും ജൂതന്മാരെയും ഒരു പോലെ ബാധിക്കും. മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് പുതിയ നിരോധനം ഏര്‍പ്പെടുത്തണമെന്നും ചില രാഷ്ട്രീയക്കാര്‍ വാദിക്കുന്നു.

സെറാനെപ്പോലുള്ള പുതിയ ചെറുപ്പക്കാര്‍, ഇവിടെ തുടരണോ എന്ന കാര്യത്തില്‍ സംശയാലുക്കളാണ്. ‘മുസ്ലീങ്ങള്‍ക്കെതിരായ ദുഷ്പ്രചാരണം ഏറെ വഷളാവുകയാണ്. സ്വീഡനിലേക്ക് കടന്നാലോ എന്നു ഞാന്‍ ആലോചിച്ചു. ഇവിടെ അവര്‍ പറയുന്നതു ഉള്‍ച്ചേരല്‍ എന്നാല്‍ നിങ്ങളുടെ മതമൂല്യങ്ങളെ മറക്കുക എന്നതാണ്. ഞാനതിനോട് യോജിക്കുന്നില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍