UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഘോഷങ്ങള്‍ ഏതുമാകട്ടെ, അരങ്ങൊരുക്കാന്‍ ഈവന്റുകാര്‍ ഉണ്ടല്ലോ…

Avatar

അമൃത വിനോദ് ശിവറാം

കേരളത്തിലെ ഒരു പ്രമുഖ ബീച്ച്. പെട്ടെന്ന് നിരനിരയായി വണ്ടികള്‍ വന്നുനിന്നു. അതില്‍ നിന്നും സാധനങ്ങളും ചുമന്ന് ആളുകളിറങ്ങുന്നു. ബീച്ചിലുണ്ടായിരുന്നവര്‍ എന്താണെന്നറിയാതെ മിഴിച്ചിരിക്കുമ്പോഴേക്കും ഒരു സിനിമ സെറ്റെന്നപോലെ അവിടം മുഴുവന്‍ അവര്‍ അലങ്കരിച്ചു. നിമിഷനേരം കൊണ്ട് ഒരു കൂറ്റന്‍ ബംഗ്ലാവിന്റെ വിശാലമായൊരകത്തളം അവിടെ ഒരുങ്ങിക്കഴിഞ്ഞു. ബീച്ചിലെത്തിയവര്‍ക്ക് കാര്യം മനസ്സിലായി. സിനിമാ ഷൂട്ടിങ് തന്നെ. ലാലേട്ടനാണോ മമ്മുക്കയാണോ എത്തുന്നതെന്നറിയാതെ ജനം പരസ്പരം പറഞ്ഞു. ഉറപ്പ് മമ്മുക്ക തന്നെ, കണ്ടില്ലേ അടിപൊളി സെറ്റ്. അല്ല ലാലേട്ടന്‍ തന്നെ എന്ന് മറ്റൊരു കൂട്ടം. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒരു പല്ലക്ക് ചുമന്ന് കുറച്ചു പേര്‍ എത്തുന്നു. അതില്‍ നിന്ന് ആടയാഭരണങ്ങളില്‍ തിളങ്ങി ഒരു സുന്ദരി പുറത്തേക്കിറങ്ങി. പുതിയ നടിയായിരിക്കും, കല്യാണസീനാ… കാത്തുനിന്നവര്‍ അടക്കം പറഞ്ഞു. ഒരു കൂട്ടം പെണ്‍കൊടികള്‍ സുന്ദരിയെ താളമേളങ്ങളുടെ അകമ്പടിയോടെ അകത്തേക്കാനായിച്ചു. പിന്നാലെ വരുന്നു കുതിരപ്പുറത്തേറിയ നായകന്‍. വാദ്യഘോഷങ്ങള്‍ക്കും ആഹഌദാരവങ്ങള്‍ക്കും ഇടയിലേക്ക് അയാള്‍ വന്നിറങ്ങി. മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും പ്രതീക്ഷിച്ചവര്‍ നിരാശരായി. അതേതോ പുതുമുഖ നടനാണ്. അതു കേട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു; ചേട്ടാ ഇതൊരു കല്യാണാഘോഷമാ. അവര്‍ പരസ്പരം ചോദിച്ചു; കല്യാണാഘോഷമോ? ബീച്ചിലെന്ത് കല്യാണം! ഓഡിറ്റോറിയത്തിലോ ഹോട്ടലിലോ ഒക്കെ അല്ലേ അത് നടത്തുന്നത്.

അതെ, അങ്ങനെ ആയിരുന്നു കുറച്ച് വര്‍ഷം മുന്‍പ് വരെ. ഇന്ന് കാലത്തിനൊപ്പം നില്‍ക്കാന്‍, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് എല്ലാം വ്യത്യസ്ഥമാകണമെന്ന് ചിന്തിക്കുന്നവര്‍ക്കായി ഈവന്റ് മാനേജ്‌മെന്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്നവര്‍ എത്തുന്നു. കോര്‍പ്പറേറ്റ് ഈവന്റുകള്‍, വിവാഹം, ജന്മദിനം, പാലുകാച്ചല്‍, എന്റര്‍ടെയിന്‍മെന്റ് ഈവന്റുകള്‍ തുടങ്ങി മരണം പോലും ഈവന്റുകാര്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടിസമ്മേളനങ്ങള്‍ വരെ ഈവന്റ് മാനേജേമെന്റ് കമ്പനികള്‍ ഏറ്റെടുത്ത് നടത്തിയതായി പറയപ്പെടുന്നു. ദിനം പ്രതി വര്‍ധിക്കുന്ന ആവശ്യങ്ങളാണ് മനുഷ്യന്റേത്. കല്യാണമെന്നത് പണ്ട് ചടങ്ങായിരുന്നെങ്കില്‍ ഇന്നത് ആഘോഷമാണ്. എന്നാല്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണം ചുരുങ്ങുകയും, ബന്ധുബലം കുറയുകയും ചെയ്തു. അപ്പോള്‍ മൂന്നാമതൊരാളുടെ ആശ്രയം കൂടിയേതീരൂ എന്ന സ്ഥിതി വിശേഷത്തിന് പരിഹാരമായാണ് പല ഈവന്റ് മാനേജ്‌മെന്റും തങ്ങളുടെ സേവനം കാഴ്ചവച്ചുതുടങ്ങിയത്.

കൊച്ചിയില്‍ മാത്രം 50ല്‍ പരം ചെറുതും വലുതുമായ ഈവന്റ് മാനേജ്‌മെന്റ് കമ്പനികളാണിന്നുള്ളത്. ഇത്രയധികം ഈവന്റുകാര്‍ നഗരത്തില്‍ ഉണ്ടാകാനിടയായ സാഹചര്യം തന്നെ കൊച്ചിയുടെ മണ്ണില്‍ താമസിക്കുന്നവരില്‍ നല്ലൊരു ശതമാനം മറ്റു ജില്ലകളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നതു തന്നെയാണ്. വിവിധ സംസ്കാരങ്ങളുടെ മിശ്രണവും ആവശ്യവും ഒന്നു ചേര്‍ന്നപ്പോള്‍ സംഭവിച്ച മാറ്റങ്ങളില്‍ ഒന്നാണിതെന്ന് സംശയലേശമന്യേ പറയാം.

അമ്പലങ്ങളില്‍ നിന്ന് ഓഡിറ്റോറിയങ്ങളിലേക്കു മാറിയ വിവാഹം ഇന്ന് ഹോട്ടലില്‍നിന്ന് ഡെസ്റ്റിനേഷന്‍ വെഡിങ്ങുകളിലേക്കും, തീം വെഡിങ്ങുകളിലേക്കും മാറിയിരിക്കുന്നു. പകിട്ട് കൂടുന്നതിനനുസരിച്ച് വിവാഹം പാരമ്പര്യത്തില്‍ നിന്ന് മാറി വ്യത്യസ്തതകളെ അന്വേഷിക്കുന്നു. വെറും സ്റ്റേജ് ഡെക്കറേഷന്‍ എന്നതില്‍ നിന്നും മാറി വിവാഹത്തിന്റെ എ ടു ഇസ്സഡ് കാര്യങ്ങള്‍ നോക്കി നടത്തുന്നവരായിമാറി വിവാഹ ഈവന്റുകാര്‍. വിവാഹ ക്ഷണക്കത്ത്, വിവാഹ വേദി, വധൂവരന്മാരുടെയും ബന്ധുക്കളുടെയും വസ്ത്രങ്ങള്‍, ഭക്ഷണം, അതിഥി സ്വീകരണം എന്നിങ്ങനെ നീണ്ടുപോകുന്നു ഈവന്റു കാരുടെ ചുമതലകള്‍. കാറ്ററിങ്ങുകാര്‍, പൂക്കച്ചവടക്കാര്‍, ബൊട്ടീക്കുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഈവന്റുകാരുമായിസഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി തൊഴില്‍ മേഖലകളുടെ ഒരു കൂട്ടായ്മയാണിന്ന് ഈവന്റ് മാനേജ്‌മെന്റ്.

കൊച്ചിയെ ലക്ഷ്യം വെച്ച് പ്രമുഖ ബ്രാന്‍ഡുകള്‍ കളത്തിലിറങ്ങിയതോടെ ഈവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ വളര്‍ച്ചയും വളരെ പെട്ടെന്നുതുടങ്ങി. കോര്‍പ്പറേറ്റ് ഈവന്റുകള്‍, ഡീലര്‍ മീറ്റ്‌സ്, സെമിനാറുകള്‍, പ്രോഡക്ട് ലോഞ്ച്, പ്രൊമോഷണല്‍ ഈവന്റ്‌സ്, എച്ച്.ആര്‍ ട്രെയിനിങ്ങ്, സ്റ്റേജ് ഷോ, അവാര്‍ഡ് സെറിമണി, സൗന്ദര്യമത്സരങ്ങള്‍, ഫാഷന്‍ ഷോ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളുടെ വാതില്‍ ഈവന്റുകാര്‍ക്ക് മുന്‍പില്‍ തുറന്നുകിടക്കുകയാണ്. മിക്ക വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഈവന്റ് മാനേജ്‌മെന്റ് കമ്പനികളുമായി ചില ടൈ അപ്പുകളുണ്ടായിരിക്കും. വലിയ ഈവന്റ് ചെയ്യുന്നവര്‍, ചെറുത് ചെയ്യുന്നവര്‍, കോര്‍പ്പറേറ്റ് ഈവന്റുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവര്‍ എന്നിങ്ങനെ ഈവന്റുകാരെത്തന്നെ നമ്മുടെ കീശക്കനുസരിച്ച് തരം തിരിച്ച് എടുക്കാന്‍ സാധിക്കും. വളരെയേറെ മുതല്‍മുടക്കില്ലാതെ നടത്താന്‍ സാധിക്കുന്ന ബിസ്സിനസ്സായതുകൊണ്ടും, വളരെ പെട്ടെന്ന് തന്നെ മുതല്‍മുടക്കിന്റെ ഫലം അറിയാന്‍ സാധിക്കുമെന്നതുകൊണ്ടും ഈവന്റ് മാനേജേമെന്റിനെ പ്രൊഫഷനാക്കാന്‍ ഇന്ന് ധാരാളം പേര്‍ മുന്നിട്ടിറങ്ങുന്നു. എന്നാല്‍ അതിന് വേണ്ടി 24 മണിക്കൂറും നീക്കിവെയ്‌ക്കേണ്ടി വരുകയും സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെവരുകയും ചെയ്യുന്നതിനാല്‍ പലരും സംഭവം മതിയാക്കി സ്ഥലം കാലിയാക്കുന്നുമുണ്ട്. ചെലവഴിക്കുന്ന പണത്തിനെക്കാള്‍ കൂടുതല്‍ പൊലിമ ആഗ്രഹിക്കുന്ന ക്ലൈന്റ്‌സും തുടക്കക്കാര്‍ക്ക് ഭീഷണിയാകാറുണ്ട്.

മാറിവരുന്ന സാഹചര്യത്തിനനുസരിച്ച്‌, പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കാനുമുള്ള ധൈര്യമാണ് ഈവന്റ് മാനേജ്‌മെന്റിനെ വളര്‍ത്തുന്നതെന്ന് കൊച്ചിയിലെ പമുഖ ഈവന്റ് മാനേജേമെന്റ് കമ്പനിയായ ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ മാനേജിങ്ങ് പാര്‍ട്ടണര്‍ എ.റ്റി അന്‍വര്‍ പറയുന്നു. 

‘2004-ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടങ്ങുമ്പോഴുള്ള സാഹചര്യമല്ല ഇന്ന്. 2 ലക്ഷം മുതല്‍ 1 കോടിയിലേറെ ചെലവിടുന്ന വിവാഹങ്ങളാണ് ഇന്ന് കേരളത്തില്‍ പൊതുവെ നടക്കുന്നത്. പണ്ട് ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെങ്കില്‍, ഇന്ന് ആളുകള്‍ ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളവാണ്. അത്തരക്കാരെ സംതൃപ്തിപ്പെടുത്താന്‍ ഏറ്റവും നിലവാരമുള്ള സേവനം നല്‍കുകമാത്രമേ വഴിയുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിനകത്തും പുറത്തുമായി 6 ഓളം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് സാധിച്ചതിന് പിന്നിലെ രഹസ്യവും അതുതന്നെയാണ്’ അന്‍വര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സാധാരണക്കാര്‍ പോലും പുതുമയും വൈവിധ്യവും അന്വേഷിച്ച് തുടങ്ങുമ്പോള്‍ ഈവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ബഡ്ജറ്റ് വെഡിങ്ങ് പ്ലാനുകളാണ് കൂടുതലും ചെയ്യേണ്ടി വരുന്നത്. പുതിയ ട്രെന്റുകള്‍ പലതുമുണ്ടെങ്കിലും ബഡ്ജറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ സാധാരണ ആരാധനാലയങ്ങളുടെയും മറ്റും ഡെക്കറേഷനാണ് ആവശ്യപ്പെടുന്നത്. പിന്നീടുള്ള പ്ലാനുകളില്‍ ക്ലൈന്റിന്റെ ആവശ്യത്തിനനുസരിച്ച് തീമായിട്ടും മറ്റു ഡെക്കറേഷന്‍ നടത്തും. തീം വെഡിങ്ങില്‍ ഡെക്കറേഷനില്‍ മാത്രമല്ല തീമിന്റെ തനതു സാദൃശ്യം കാണപ്പെടുക. ധരിക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ വിളമ്പുന്ന ഭക്ഷണം വരെ എല്ലാക്കാര്യങ്ങള്‍ക്കും തനതായ ശൈലി ഉണ്ടാകുമെന്ന് സാരം.

ഗോവയിലെ ഒരു ബീച്ചില്‍ മുഗള്‍ തീമിലൊരുക്കിയ വിവാഹത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞുകൊണ്ട് കൊച്ചിയിലെ മറ്റൊരു പ്രമുഖ ഈവന്റ് മാനേജ്‌മെന്റായ മസ്‌കാരയുടെ എം.ഡി പ്രമീള സഖറിയ ഇങ്ങനെ പറയുന്നു; ‘പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ഒരു ഈവന്റ് നന്നായി അവസാനിക്കും വരെ ഞങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദം പറഞ്ഞാല്‍ മനസ്സിലാകില്ല. ഒരു വിവാഹമോ, ഉത്ഘാടനചടങ്ങോ ഒക്കെ ഏറ്റെടുത്താല്‍ അതവസാനിക്കും വരെ എല്ലാക്കാര്യങ്ങള്‍ക്കും ഓടിനടക്കണം. ഞാന്‍ ഇതിന്റെ എം.ഡിയാണെന്നും പറഞ്ഞ് മാറി നില്‍ക്കാന്‍ സാധിക്കില്ല. എല്ലാം മനോഹരമാക്കിയിട്ട് വേദിയില്‍ വിളക്ക് കൊളുത്താന്‍ നേരം തീപ്പെട്ടി കണ്ടില്ലെങ്കില്‍ തീരും ഒരു ഈവന്റിന്റെ പകിട്ട്. ആ ഒറ്റക്കാരണം കൊണ്ട് ഒരു ക്ലൈന്റിനെപ്പോലും നഷ്ടപ്പെട്ടേക്കാം. മറ്റേതൊരു ബിസിനസ്സിനെപ്പോലെയും ദീര്‍ഘമായൊരു ബന്ധമാണ് ഈവന്റ്‌സിലും എന്നത് കൊണ്ട് ഒരു ക്ലൈന്റ് നഷ്ടപ്പെട്ടാല്‍ അവര്‍വഴി വരുന്ന ഭാവി ബിസിനസ്സുകളെല്ലാം നഷ്ടപ്പെട്ടു എന്നുവേണം കരുതാന്‍’.

15 വര്‍ഷം മുന്‍പ് അങ്കമാലി പെരുമ്പാവൂര്‍, ആലുവ ഏരിയകളിലെ ഹോട്ടലുകള്‍ക്കും ഓഫീസുകള്‍ക്കും വേണ്ടി ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് ചെയ്തുകൊണ്ടായിരുന്നു പ്രമീള ബിസിനസിലേക്ക് കടന്നത്. എന്നാല്‍ 2 വര്‍ഷം കഴിയും മുന്‍പ് തന്നെ പലരും വിവാഹവേദി ഒരുക്കാമോ എന്ന ആവശ്യവുമായി സമീപിച്ചു. അത് ഏറ്റെടുത്ത് മനോഹരമാക്കിയത് കണ്ട പലരും തന്നെ അവരുടെ ആഘോഷങ്ങള്‍ ഒരുക്കാന്‍ പ്രമീളയെ സമീപിക്കുകയായിരുന്നു. വര്‍ധിച്ചു വരുന്ന ആളുകളുടെ ആവശ്യമാണ് ഈവന്റ് മാനേജുകളെ വളര്‍ത്തുന്നതെന്ന് പ്രമീളയുടെ ഈ വാക്കുകളിലൂടെ മനസ്സിലാക്കാം.

നമ്മുടെ ജനസംഖ്യയില്‍ വലിയൊരു ഭാഗം യുവജനങ്ങളാണെന്നതും, അവര്‍ സ്റ്റൈല്‍ കോണ്‍ഷ്യസ് ആണെന്നതും വിവാഹ ഈവന്റുകളെ മുമ്പെങ്ങുമില്ലാത്തവിധം വലിയൊരു വിപണിയായി കാത്തിരിക്കുന്നു. ആഘോഷങ്ങളും ആര്‍ഭാടങ്ങളും കൂടുന്നതും, നിലവിലെ എല്ലാ ഉത്പ്പന്നങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ ഹൃദയ വിശാലതയുമെല്ലാം മാറ്റത്തിന്റെ കാഹളം മുഴക്കുമ്പോള്‍ അതിന്റെയൊക്കെ ചുവടുപിടിച്ച് ഈവന്റ് മാനേജുമെന്റുപോലെ പലതും നമ്മളറിയാതെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറുന്നു. 

(മാധ്യമ പ്രവര്‍ത്തകയാണ് അമൃത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍