UPDATES

പ്രവാസം

‘എല്ലാവരും ആശങ്കയിലാണ്’: യുഎസിലേക്ക് പോകാന്‍ മടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ഹിലരി ക്ലിന്റണ്‍ ആയിരുന്നു പ്രസിഡന്റായാലും യുഎസ്സില്‍ വംശീയത ഉണ്ടാകുമായിരുന്നു, പക്ഷേ ഇപ്പോള്‍ ട്രംപിന്റെ കാലത്തെപ്പോലെ രൂക്ഷമാകുമായിരുന്നില്ല

ആനി ഗാവന്‍

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അനുപം സിങിന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പിഎച്ച്ഡി ചെയ്യാനായിരുന്നു ആഗ്രഹം. എന്നാല്‍ വംശ വിരോധത്തിന്റെ പേരില്‍ ബുധനാഴ്ച കാന്‍സസില്‍ രണ്ട് ഇന്ത്യക്കാരെ വെടി വച്ച സംഭവം കൂടെയായതോടെ വിദേശ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന രാജ്യമല്ല അമേരിക്ക എന്ന അനൂപിന്റെവിശ്വാസം ബലപ്പെട്ടു. ‘യുഎസ്സില്‍ പഠിക്കാന്‍ പോകാന്‍ എനിക്കു ഭയമാണ്,’ ന്യൂഡെല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി കാംപസ്സിനു പുറത്തുള്ള ഒരു ചായക്കടയില്‍ വച്ചു കണ്ടപ്പോള്‍ അനൂപ് പറഞ്ഞു. ‘ഇന്നലെ പത്രം വായിച്ചില്ലേ? രണ്ട് ഇന്ത്യക്കാരെ വെടി വച്ചിരിക്കുന്നു.’

കാന്‍സസിലെ ഒലേതയില്‍ തിരക്കുള്ള ഒരു ബാറില്‍ വച്ച് ബുധനാഴ്ച വൈകുന്നേരം ഇന്ത്യക്കാരായ രണ്ട് സോഫറ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെ വെടി വച്ച കേസില്‍ ഒരു മുന്‍ നാവിക ഉദ്യോഗസ്ഥന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കരുതപ്പെടുന്നു. ‘എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ!’ എന്ന് അക്രമി അലറി വിളിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. വെടിയേറ്റവരില്‍ ഒരാള്‍ മരണമടഞ്ഞു. രണ്ടാമനും ഇവരെ സഹായിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

വിദ്വേഷം മൂലമെന്നു കരുതപ്പെടുന്ന ഈ കുറ്റകൃത്യം ഇന്ത്യയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, എഞ്ചിനിയര്‍മാര്‍ എന്നിങ്ങനെ അമേരിക്ക സന്ദര്‍ശിക്കുന്ന വലിയൊരു കൂട്ടം ആളുകളുടെയിടയില്‍ ട്രംപ് കാലത്തെ അമേരിക്ക തങ്ങളെ സംബന്ധിച്ച് സുരക്ഷിതമല്ലെന്ന ചിന്ത ശക്തമായിട്ടുണ്ട്. ‘ഇപ്പോഴത്തെ അവസ്ഥയില്‍ മക്കളെ അമേരിക്കയിലേയ്ക്ക് അയയ്ക്കരുതെന്ന്’ ഇന്ത്യയിലെ എല്ലാ മാതാപിതാക്കളോടുമായി പരിക്കേറ്റ അലോക് മദസാനിയുടെ അച്ഛന്‍ ജഗ് മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഹൈദരാബാദില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


ബുധനാഴ്ചയിലെ സംഭവത്തിന്റെ ആഘാതം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സയന്‍സ് & ടെക്‌നോളജി കാമ്പസുകളിലൊന്നായ ഐഐടിയിലും കാണാനായി. ചിലര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ഓസ്‌ട്രേലിയയിലോ കാനഡയിലോ ഉള്ള യൂണിവേഴ്‌സിറ്റികളിലേയ്ക്ക് മാസ്റ്റേഴ് പഠനം മാറ്റാനാലോചിക്കുന്നു. മറ്റു ചിലരെ പരിഭ്രാന്തരായ മാതാപിതാക്കള്‍ വിളിച്ചന്വേഷിക്കുന്നു.

ചെറിയ കുട്ടികളുമായി റൂബിക്‌സ് ക്യൂബ് (Rubik’s Cube) മല്‍സരത്തിനെത്തിയ ചില രക്ഷിതാക്കള്‍ ഇതൊരു താല്‍ക്കാലിക പ്രശ്‌നം മാത്രമാകുമെന്ന് പ്രത്യാശിച്ചു. കാരണം മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും ആഗ്രഹം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉപരിപഠനം നടത്തുക എന്നതാണ്. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷമാണ്. അതില്‍ 206,584 പേര്‍ ഇന്ത്യക്കാരാണ്.

‘ഇന്ത്യയേക്കാള്‍ വംശീയമായ സമത്വം നിലനില്‍ക്കുന്ന സ്ഥലമാണ് അമേരിക്കയെന്നാണ് ഞാന്‍ കരുതിയിരുന്നത്’, ധൃതി ആലുവാലിയ (26) പറയുന്നു. പിജി പഠനം നടത്തുന്ന ധൃതിക്ക് അവിടെ ഒരു പബ്ലിക് പോളിസി പ്രോഗ്രാമില്‍ പങ്കെടുക്കണമെന്നുണ്ട്. ‘ഇപ്പോള്‍ പക്ഷേ എല്ലാവര്‍ക്കും പേടിയാണ്. അവിടെ വംശീയതയും അസമത്വവുമുണ്ട്.’ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്തെ പ്രസംഗ വിവാദങ്ങള്‍ മുതല്‍ യുഎസ് രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലുണ്ടായിരുന്നു. വിദേശപഠനത്തിനായി കുട്ടികളെ പരിശീലിപ്പിക്കുന്നത് വന്‍ ബിസിനസ്സായി മാറിയിരിക്കുന്നതിനാല്‍ ഉത്കണ്ഠകള്‍ അവിടെയും പ്രതിഫലിച്ചു.

‘പോകണോ വേണ്ടയോ എന്നാണ് എന്നോട് അവരെല്ലാം ചോദിക്കുന്നത്. യുഎസ് സര്‍വ്വകലാശാലകള്‍ നോക്കണോ എന്ന സംശയത്തിലാണ് എല്ലാവരും,’ ന്യൂഡെല്‍ഹിയില്‍ കോളേജ് അഡ്മിഷന്‍ കൗണ്‍സലിങ് സ്ഥാപനമായ FutureWorks Consulting നടത്തുന്ന കവിത സിങ് പറയുന്നു. അവരുടെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കടല്‍ത്തീരങ്ങളിലുള്ള സംസ്ഥാനങ്ങളിലെ (blue states) പ്രശസ്ത കോളേജുകളാണ് നോക്കുന്നത്. രാജ്യത്തിനു നടുവിലുള്ള സംസ്ഥാനങ്ങള്‍ (red states) അവര്‍ ഒഴിവാക്കുകയാണെന്ന് കവിത പറയുന്നു.

ചില കുട്ടികളുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ യുഎസ്സിലുണ്ട്. നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ കാമ്പസ്സുകളില്‍ നടക്കുന്ന വംശീയവിരോധം വ്യക്തമാക്കുന്ന സംഭവങ്ങളെ കുറിച്ചു വിവരിച്ച് ഇവരും അസ്വസ്ഥതകള്‍ പങ്കു വയ്ക്കുന്നു. ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പഠിക്കുന്ന കുട്ടികളെ ഇതെങ്ങനെ ബാധിക്കും എന്നു പറയാറായിട്ടില്ല എന്നാണ് കവിത പറയുന്നത്.


വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന രണ്ട് അന്താരാഷ്ട്ര കമ്പനികള്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് 118 രാജ്യങ്ങളില്‍ നിന്നുള്ള 40,000 കുട്ടികളില്‍ സര്‍വ്വേ നടത്തിയപ്പോള്‍ കണ്ടത് ട്രംപ് ജയിച്ചാല്‍ 60 ശതമാനം പേരും യുണൈറ്റഡ് സ്റ്റേറ്റ്‌സിലേയ്ക്ക് വരാന്‍ മടിക്കുമെന്നാണ്. ഹിലരി ക്ലിന്റണ്‍ ജയിച്ചാല്‍ വന്നേക്കില്ല എന്നു പറഞ്ഞത് അവരില്‍ 3.8 ശതമാനം പേര്‍ മാത്രമാണ്.

ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വരുന്നതിന്നു മുന്‍പുള്ള കാര്യമാണിത്. കുടിയേറ്റത്തെ താറുമാറാക്കുകയും ആ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും കുഴപ്പത്തിലാക്കുകയും ചെയ്ത ഉത്തരവായിരുന്നു അത്. സ്റ്റുഡന്റ്, H-1B വിസകളുടെ കാര്യത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയന്ത്രണങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നതായി ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു ഗ്ലോബല്‍ ടെക്‌നോളജി കമ്പനി H-1B വിസയില്‍ ജോലിക്കെടുത്തവരായിരുന്നു കാന്‍സസ് വെടിവയ്പ്പില്‍ ആക്രമിക്കപ്പെട്ട സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍മാരായ മദസാനിയും ശ്രീനിവാസ് കച്ചിബോട്‌ല(32)യും.

‘ഇപ്പോള്‍ എല്ലാവരും ഭയന്നിരിക്കുകയാണ്,’ തസാദുക്ക് ഹുസൈന്‍ പറയുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ പിഎച്ച്ഡി സ്‌കോളറായ ഹുസൈന് പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കിനായി അമേരിക്കയില്‍ പോകാമെന്ന് പ്രതീക്ഷയുണ്ട്. സുരക്ഷയെക്കാളേറെ വിസാ നിയന്ത്രണത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ആശങ്ക. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒരു വലിയ രാജ്യമാണ്. അവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. അമേരിക്കക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരാണെന്ന് ഞാന്‍ കരുതുന്നില്ല,’ ഹുസൈന്‍ പറഞ്ഞു.


ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയായ അനുപം സിങിന് ഗവേഷണം ചെയ്യണമെന്നാണ് ആഗ്രഹം. യുഎസ്സിലെ വിവിധ കോളേജുകളില്‍ ഇന്റര്‍വ്യൂ കഴിഞ്ഞിരുന്നു. 2015-ല്‍ മിസ്സൗറി യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. വിദേശപഠനത്തിനായി വീണ്ടും ശ്രമിക്കുന്ന സിങ് ഇപ്പോള്‍ യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും കോളേജുകള്‍ മാത്രമാണു നോക്കുന്നത്.

‘യുഎസ്സില്‍ പോകേണ്ട എന്ന തീരുമാനം പെട്ടന്നുണ്ടായതല്ല. ആളുകളെ പുറത്താക്കുന്നതും വിദേശികള്‍ അവിടം വിടുന്നതുമായ വാര്‍ത്തകള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. ആ രാജ്യത്തേയ്ക്ക് പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഹിലരി ക്ലിന്റണ്‍ ആയിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഞാന്‍ പോയേനെ. അപ്പോഴും യുഎസ്സില്‍ വംശീയത ഉണ്ടാകുമായിരുന്നു; പക്ഷേ ഇപ്പോള്‍ ട്രംപിന്റെ കാലത്തെപ്പോലെ രൂക്ഷമാകുമായിരുന്നില്ല,’ സിങ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍