UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്താവള അനുമതി കുമ്മനം നേരത്തെ അറിഞ്ഞു; മൌനത്തിന് പിന്നില്‍ ദുരൂഹത

Avatar

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ആരോപണങ്ങളുമായി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും  പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന എ.ജി ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടുമാസം മുന്‍പാണ് പാര്‍ട്ടിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് എ.ജി ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന്‍ പത്തനംതിട്ട റാന്നിയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടിയില്‍ പങ്കെടുക്കുകയും കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ആറന്‍മുള വിമാനത്താവളത്തിന്റെ അനുമതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹം അഴിമുഖത്തിനോട്‌ സംസാരിക്കുന്നു.

അഴിമുഖം: ആറന്മുള വിമാനത്താവള സമരത്തില്‍ കുമ്മനം കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റ് ആയിട്ടാണ് പങ്കെടുത്തത് എന്ന് താങ്കള്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. എന്താണ് ആ ആരോപണത്തിനു പിന്നില്‍?

എ. ജി. ഉണ്ണികൃഷ്ണന്‍: 2016 മെയ് മാസം 29-ആം തീയതി പ്രതിരോധ മന്ത്രാലയം സിവില്‍ ഏവിയേഷന്‍ വകുപ്പിന് ഒരു സര്‍ക്കുലര്‍ നല്‍കി. പ്രതിരോധ മന്ത്രാലയത്തിന് ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല എന്ന് അതിലൂടെ അറിയിച്ചിരുന്നു. സിവില്‍ ഏവിയേഷനും പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതും ആ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ്. 

തെരഞ്ഞെടുപ്പിന് മുന്‍പാണ്‌ സര്‍ക്കുലര്‍ നല്‍കുന്നത്. സ്വാഭാവികമായും കുമ്മനം ഇത് അറിഞ്ഞില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. കുമ്മനത്തോട് വളരെ അടുപ്പമുള്ള ആറന്മുള പൈതൃക കമ്മിറ്റിയിലെ ഒരു പ്രധാനി ഈ സര്‍ക്കുലറിന്റെ കോപ്പി അന്ന് തന്നെ അദ്ദേഹത്തിനു നല്‍കിയിരുന്നു. അതായത് മേയ് മാസം 29നു തന്നെ. അന്ന് എന്തൊക്കെയോ ഒഴികഴിവുകള്‍ പറഞ്ഞ് കുമ്മനം അത് തള്ളുകയായിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി മുന്നോട്ടു പോവുകയാണ്. സ്വാഭാവികമായും കുമ്മനത്തിനു ധാര്‍മ്മികമായ ബാധ്യതയുണ്ട് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുവാന്‍. ആറന്മുള സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നില്ല എങ്കില്‍  ബിജെപിയുടെ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ രാജി വച്ച് ആത്മാര്‍ത്ഥത തെളിയിക്കാന്‍ അദ്ദേഹം തയ്യാറാവണം. അതിനു കുമ്മനം തയ്യാറാകുന്നില്ല.

ഇന്നലെ നടന്ന പൊതുയോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട രേഖ ഞാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടപടികളുമായി കെജിഎസ് ഗ്രൂപ്പിന് മുന്നോട്ടു പോകാം എന്നാണു അതില്‍ പറയുന്നത്. കുമ്മനം ഇക്കാര്യം നേരെത്തെ തന്നെ അറിഞ്ഞതാണ്. കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ വനം പരിസ്ഥിതി വകുപ്പ് മന്ത്രി പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണോ അതിനനുസരിച്ചാണ് കേന്ദ്രത്തിന്റെ നിലപാട് എന്നാണ്. അതിനര്‍ത്ഥം സംസ്ഥാനം വേണം എന്ന് പറഞ്ഞാല്‍ വേണം എന്നും വേണ്ട എന്ന് പറഞ്ഞാല്‍ അങ്ങനെയും ആണ് അതിന്റെ ധ്വനി. 

പക്ഷേ രാജ്യത്ത് വിമാനത്താവളത്തിനു അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ല. പ്രതിരോധ മന്ത്രാലയവും വനം പരിസ്ഥിതി വകുപ്പും  സിവില്‍ ഏവിയേഷന്‍ എന്നിവയാണ്. വിമാനത്താവളം ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ റദ്ദാക്കി എന്ന് കേന്ദ്രം എന്തുകൊണ്ട് പറയുന്നില്ല. ആയതിനാല്‍ ഈ വിഷയത്തില്‍ കുമ്മനത്തിന്റെ നിലപാട് സംശയാസ്പദമായാണ് എനിക്ക് കാണാന്‍ കഴിയുന്നത്. ഇനി അദ്ദേഹമാണ് കാര്യം വ്യക്തമാക്കേണ്ടത്.

ആറന്മുള വിമാനത്താവള സമരവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ കാര്യത്തില്‍ കുമ്മനത്തെ സംശയമുണ്ട്. അതിനാല്‍ത്തന്നെയാണ് കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റ് ആയാണ് കുമ്മനം പ്രവര്‍ത്തിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞത്. ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനോടോ അവിടുത്തെ പരിസ്ഥിതിയോടോ പ്രകൃതിയോടോ മനുഷ്യനോടോ കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ കുമ്മനം ഈ വിമാനത്താവള പദ്ധതി അവസാനിപ്പിക്കുവാന്‍ വേണ്ടി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു.

അ: ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്നയാള്‍ എന്ന നിലയില്‍ നിന്ന് പെട്ടെന്ന്  നേതൃനിരയില്‍ നിന്നും പിന്മാറാന്‍ ഉള്ള കാരണമെന്താണ്?

ഉ: മറ്റൊരു കാര്യം കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് ആയി പാര്‍ട്ടി നിയമിച്ചത് ഭരണഘടനാ വിരുദ്ധമായാണ്, പാര്‍ട്ടി ചട്ടത്തിനു വിരുദ്ധമാണ്. സംഘടന നിയമം പ്രകാരം അംഗത്വം ഇല്ലാത്ത ഒരാളെ പാര്‍ട്ടി പ്രസിഡന്റ് ആയി നിയമിക്കുന്നത് ലോകത്ത് ഒരു പാര്‍ട്ടിയും ചെയ്തിട്ടുണ്ടാവില്ല. എന്തിനേറെ നാട്ടില്‍ കാണാറുള്ള ക്ലബ്ബുകളില്‍ പോലും അംഗത്വം ഇല്ലാത്ത ഒരാളെ ഭാരവാഹിയാക്കില്ല. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ അതിനു വിരുദ്ധമായാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് ആക്കിയിരിക്കുന്നത്.

അതിനു കാരണം കേരളത്തില്‍ ബിജെപിയുടെ എഫക്റ്റീവ് മെമ്പര്‍ഷിപ്പ് ആര്‍ക്കും ഇല്ല എന്നുള്ളതാണ്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് പറയുന്നെങ്കിലും അതിനുള്ള രേഖകള്‍ ആരുടെ കൈയ്യിലും ഇല്ല. മണ്ഡലത്തിലോ ജില്ലയിലോ സംസ്ഥാനത്തോ അത് സംബന്ധിച്ച മെമ്പര്‍ഷിപ് രജിസ്റ്റര്‍ പോലും ഇല്ല. ഇത് കുമ്മനത്തിന്റെ മാത്രം കാര്യമല്ല, കേരളത്തില്‍ ബിജെപി കുടക്കീഴില്‍ നില്‍ക്കുന്ന ഒരാള്‍ക്കും  അംഗത്വം ഇല്ല. കുമ്മനം അംഗത്വം എടുത്തിട്ടില്ല എന്നുള്ളത് വേറെ കാര്യം, എന്നാല്‍ എടുത്ത ഞങ്ങളെപ്പോലെയുള്ളവര്‍ക്കും ഇല്ല.

സജീവാംഗത്വത്തിനുള്ള ഫോം വാങ്ങി പൂരിപ്പിച്ചു നല്‍കുകയും അത് അംഗീകരിക്കപ്പെടുകയും വേണം. മുരളീധരന്‍ പ്രസിഡന്റ് ആയിരുന്ന മൂന്നു വര്‍ഷത്തിനു ശേഷം ആ അംഗത്വം അവസാനിച്ചു. മൂന്നു വര്‍ഷം മാത്രമേ അതിനു കാലാവധി ഉള്ളൂ. പിന്നീട് അത് പുതുക്കിയിട്ടില്ല. പിന്നെങ്ങനെ കുമ്മനം പ്രസിഡന്റ് ആകും, സംഘടനാപരമായി കുമ്മനം പ്രസിഡന്റ് ആണെന്ന് എങ്ങനെ പറയാന്‍ കഴിയും. ഇല്ലാത്ത അംഗത്വം ഉപയോഗിച്ച് കുമ്മനം എങ്ങനെ പ്രസിഡന്റ് ആയി. കോടതിയില്‍ ആരെങ്കിലും ഒരു പരാതി നല്‍കിയാല്‍ കുമ്മനത്തിന്റെ പ്രസിഡന്റ് സ്ഥാനം നിലനില്‍ക്കില്ല. അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ കോടതി വരാന്തയില്‍ കൈയും കെട്ടി നില്‍ക്കേണ്ടി വരും.

അദ്ദേഹത്തിനെ ചോദ്യം ചെയ്തവരെ എല്ലാം വെട്ടിനിരത്തുകയാണ് കുമ്മനം ചെയ്യുന്നത്. ചോദ്യം ചെയ്തത് തന്നെ സംഘടനയുടെ രീതികള്‍ക്ക് വിധേയമായാണ്. കുമ്മനം ഇതുവരെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോയിട്ടില്ല. പോളിംഗ് ബൂത്തില്‍ പോയിട്ടില്ല, വോട്ടു രേഖപ്പെടുത്തിയിട്ടുമില്ല. അന്വേഷണത്തില്‍ അത് വ്യക്തമാവുകയും ചെയ്യും. കുമ്മനം രാജശേഖരന്‍ എന്ന വ്യക്തിയോട് എനിക്ക് യാതൊരു വൈരാഗ്യവുമില്ല. അദ്ദേഹത്തിന്റെ നിലപാടുകളോടാണ്.

അ: ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച്?

: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യുവസാഗരം പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ റാന്നിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുവാൻ സാധിക്കുമോയെന്ന് അതിന്റെ സംഘാടകർ എന്നോട് ചോദിച്ചിരുന്നു. അത് ഒരു അംഗീകാരമായി ഞാൻ കാണുന്നു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ കേരളത്തിന്റെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിൽ വിവിധ രാഷ്ട്രീയ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും ചർച്ചകളിലും, സoവാദങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിൽ സി.പി.എം അടക്കമുള്ള നേതാക്കൾക്കൊപ്പം വേദി പങ്കിട്ടിട്ടുമുണ്ട്. അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല. ചിലപ്പോൾ ബി.ജെ.പി പ്രതിനിധിയായിട്ടായിരിക്കും അതിൽ പലതിലും പങ്കെടുത്തിട്ടുള്ളത്. റാന്നിയിലെ പരിപാടിയിൽ ഞാൻ പങ്കെടുത്തത് സി.പിഎം അംഗം എന്ന നിലയില്ല, ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലാണ്.

(തയ്യാറാക്കിയത്:  ഉണ്ണികൃഷ്ണന്‍ വി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍