UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ ആരുമില്ലേ? പുഷ്കരനും കുടുംബത്തിനും ജീവിക്കണം

Avatar

വി ഉണ്ണികൃഷ്ണന്‍

സന്ധ്യാ സമയം, തിരുവനന്തപുരം നഗരഹൃദയത്തില്‍നിന്നും 11 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിളവൂര്‍ക്കല്‍ വില്ലേജിലെ കൊല്ലഭാഗം എന്ന സ്ഥലം. അവിടെ മെയിന്‍ റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലോട്ടു മാറിയുള്ള ഒരു ഇരുനില വീട്. വീട്ടില്‍ ഗൃഹനാഥനും ഭാര്യയും മകളും.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറക്കപ്പെട്ടു. ഭയന്നിരിക്കുന്ന ആ കുടുംബത്തിന്റെ മുന്നിലേക്ക് പുറത്തു നിന്നും കയറിവന്നത് ഒരു കൂട്ടം പോലീസുകാര്‍. നേതാവ് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍.

‘നിന്നെയൊക്കെ പൂട്ടാന്‍ അവസരം നോക്കിയിരുന്നതാടാ (ബീപ്), ഇനി നീ ജയിലില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ കാണിച്ചു തരാം’ എന്ന ഡയലോഗാണ് മുന്നിലുണ്ടായിരുന്ന എസ്ഐയുടെ വായില്‍ നിന്നും ആദ്യം വീണത്.

അടുത്തത് ഗൃഹനാഥന്റെ നെഞ്ചത്ത് ബൂട്ട് ഇട്ടൊരു ചവിട്ട്. അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും നേരെയും ക്രൂരമര്‍ദ്ദനം. പിന്നെ അറസ്റ്റ്. വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ വനിതാപോലീസ് പോലും ഇല്ലാതെ രണ്ടു വനിതകളെ അവര്‍ പിടിച്ചുകൊണ്ടു പോകുന്നു.  വീട്ടിലിരുന്ന മൊബൈല്‍ ഫോണ്‍, ഒരു ടാബ്ലറ്റ്, ക്യാമറ എന്നിവയും പോലീസുകാരുടെ പിറകേ പോയി.

പോലീസ് സ്റ്റേഷന്‍..

ഞാന്‍ റിയാസ് രാജ ആണെങ്കില്‍ ആശുപത്രിയിലെ രേഖകള്‍ തിരുത്തുമെടാ ….(ബീപ്) 

ബീപ് ശബ്ദമിട്ടാലും ചെവി പൊട്ടുന്ന തരത്തിലുള്ള തെറികള്‍ പിന്നെയും, കൂടെ എസ്ഐ വരുമ്പോഴും പോകുമ്പോഴും അടിയും ഇടിയും ബൂട്ടിട്ടുള്ള ചവിട്ടും.

ഇത്രയും വായിച്ച ശേഷം ഏതെങ്കിലും അപസര്‍പ്പക നോവലിലെ അധ്യായമായോ കണ്ണീര്‍ സീരിയലിന്റെ സ്ക്രിപ്റ്റോ ആയി തോന്നിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് തലസ്ഥാനത്ത് നടന്ന സംഭവമാണ്. കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കില്‍ 2015 ജനുവരി രണ്ടാം തീയതി നടന്നത്.

വിമുക്തഭടനും ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനുമായ പുഷ്ക്കരന്‍, അവിടത്തെ തന്നെ ഓഫീസ് ക്ലര്‍ക്കായ ഭാര്യ ശിവലീല, മകള്‍ ലിനി എന്നിവരാണ്‌ ഇവിടെ ഇരകള്‍.

കനത്തില്‍ കൈമടക്കു കിട്ടിയാല്‍ നിയമത്തെ ഏതു വിധേനയും വളച്ചൊടിക്കാം എന്നുള്ള ഉറപ്പിന്മേല്‍ ഇവരുടെ ജീവിതം വച്ച് പന്താടിയത് കാക്കിയിട്ട നീതിപാലകനാണ്. കൈക്കൂലി നല്‍കി ഈ പോലീസുകാരെ വിലയ്ക്കെടുത്തത് വേറെയാരുമല്ല, പുഷ്കരന്റെ ഭാര്യാസഹോദരന്‍ തന്നെയാണ്, മുരളി.


മുരളിയുടെ വീടും മുന്‍വശത്തായി ഇറക്കിക്കെട്ടിയ മതിലും

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ബിസിനസ് നടത്തുകയാണ് മുരളി. ബ്ലേഡ് പലിശ ഇടപാടും ഇയാള്‍ക്കുണ്ട് എന്നു പറയപ്പെടുന്നു. പുഷ്കരന്റെ വീടിനു സമീപമുള്ള പുരയിടത്തിലാണ് മുരളിയും കുടുംബവും താമസിക്കുന്നത്.

സഹോദരീ ഭര്‍ത്താവിന്റെ വസ്തു കൈക്കലാക്കാനും അതോടൊപ്പം തനിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പക തീര്‍ക്കാനും ഇയാള്‍ നടത്തിയ കളികളുടെ അനന്തരഫലം ഇപ്പോഴും പുഷ്കരനും കുടുംബവും അനുഭവിക്കുകയാണ്.

ഇയാള്‍ക്കു വേണ്ടി മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന എം.ബി റിയാസ് രാജും അനുചരരും കൂടി നടപ്പിലാക്കിയ നാടകം കാരണം പുഷ്കരനും ശിവലീലയും മകളോടൊപ്പം വീടു വിട്ട് മറ്റൊരിടത്താണ് താമസം. ഈ കുടുംബത്തിന്റെ പേരില്‍ ഇന്നു വരെ റിയാസ് രാജ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് അഞ്ചോളം കേസുകളാണ്.

‘മനസ്സറിയാതെയാണ് ഓരോ കേസുകള്‍ ഞങ്ങളുടെ മേല്‍ ചാര്‍ജ്ജു ചെയ്യപ്പെട്ടത്. അതില്‍ പലതിലും ഞങ്ങള്‍ ജാമ്യമെടുത്തു. അഡ്വക്കേറ്റ് കമ്മീഷന്‍ അയ്യപ്പനെയും വനിതാ പോലീസിനെയും മര്‍ദ്ദിച്ചു എന്ന കേസില്‍ ഞങ്ങളെ ശരിക്കും പെടുത്തിക്കളഞ്ഞു. ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നതും ആ കേസിലാണ്. ശാരീരികമായും മാനസികമായും ഉണ്ടായ ആഘാതം ഇപ്പോഴും ഞങ്ങളെ വിട്ടൊഴിഞ്ഞിട്ടില്ല’-പുഷ്കരന്റെ ഭാര്യ ശിവലീല ഓര്‍ക്കുന്നു.

ശിവലീല പറഞ്ഞ ആ കേസ് ഉണ്ടാകുന്നത് ചില സംഭവങ്ങളെത്തുടര്‍ന്നാണ്. അതിനു തുടക്കം വീടും പുരയിടവും വിലയ്ക്ക് നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് മുരളി പുഷ്കരനെ സമീപിച്ചതായിരുന്നു.

അതിനു താത്പര്യമില്ല എന്ന് വ്യക്തമാക്കിയതിനാല്‍ ‘നിങ്ങളെ ഇവിടെ താമസിപ്പിക്കുകയില്ല, മകളുടെ വിവാഹം നടത്താന്‍ അനുവദിക്കുകയില്ല’ എന്നു ഭീഷണി മുഴക്കുകയും ചെയ്തു എന്ന് പുഷ്ക്കരനും ശിവലീലയും പറയുന്നു. തുടക്കത്തില്‍ ഈ ഭീഷണി ഇവര്‍ കാര്യമായെടുത്തില്ല. എന്നാല്‍ പ്രശ്നം വഷളാവുന്നത് മുരളിയുടെ പുരയിടത്തിന്റെ മുന്‍വശത്തുള്ള മതില്‍  മുന്നോട്ട് ഇറക്കി കെട്ടുന്നതോടെയാണ്. മകള്‍ക്ക് ടൈഫോയ്ഡ് വന്ന സമയം പുഷ്കരനും കുടുംബവും ആശുപത്രിയില്‍ ആയിരുന്നപ്പോഴാണ് മുരളി മതില്‍ ഇടിക്കുന്നതും പുതിയത് കെട്ടുന്നതും. നേരത്തെ നിന്നിരുന്ന സ്ഥാനത്തു നിന്നും മതില്‍ മുന്നോട്ട് വന്നതോടെ വഴിയ്ക്ക് വീതി കുറയുകയും വാഹനം പുറത്തേക്ക് ഇറക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതാവുകയും ചെയ്തു. കെഎല്‍ 20 ഡി 7510 നമ്പറിലുള്ള ടാറ്റ ഇന്‍ഡിഗോ അന്നു മുതല്‍ പോര്‍ച്ചില്‍ കിടക്കുകയാണ്.

ഇക്കാരണം കാണിച്ച് പുഷ്ക്കരനും കുടുംബവും തിരുവനന്തപുരം ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പ്രകാരം വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്കെച്ച് പ്ലാന്‍ എന്നിവ തയ്യാറാക്കുകയും പരാതി ന്യായമാണ് എന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇവരുടെ വാഹനം പുറത്തിറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുരളി മതില്‍ പൊളിക്കുകയും ചെയ്തു. അതോടെ പ്രശ്നങ്ങള്‍ തീര്‍ന്നു എന്നാണ് പുഷ്കരനും ശിവലീലയും വിചാരിച്ചത്. 

പിന്നീടാണ്‌ കഥയിലെ ട്വിസ്റ്റ്‌…

കെട്ടിയ മതില്‍ പുഷ്കരനും കുടുംബവും ചേര്‍ന്ന് പൊളിച്ചു എന്ന് മുരളി മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേ കേസില്‍ ഇവര്‍ക്ക് ജാമ്യം എടുക്കേണ്ടി വന്നു.

വ്യാജക്കേസ് ഇവരുടെ മേല്‍ ചുമത്തിയതിനു പിന്നാലെ മതില്‍ കെട്ടാനുള്ള അനുമതിയും മുരളി നേടിയെടുത്തിരുന്നു. കൂടെ റിയാസ് രാജയുടെ കൈയ്യയച്ചുള്ള സഹായവും. പിന്നെയുണ്ടായത് റിയാസ് രാജയുടെ തന്ത്രങ്ങളുടെ പെര്‍ഫക്റ്റ് എക്സിക്യൂഷന്‍ ആയിരുന്നു.

2015 ജനുവരി രണ്ടാം തീയതി… വൈകിട്ട് നാലുമണി

വഞ്ചിയൂര്‍ മുന്‍സിഫ്‌ കോടതിയില്‍ നിന്നും മതില്‍ കെട്ടാന്‍ ഉത്തരവായി എന്നു സൂചിപ്പിച്ചു കൊണ്ട് അഡ്വക്കേറ്റ് അയ്യപ്പനും ഒരു വനിതാ പോലീസുകാരിയും സ്ഥലത്തെത്തി. പണിക്കാരെ നിര്‍ത്തി മതില്‍ കെട്ടാനും തുടങ്ങി.

ഈ സമയം പുഷ്ക്കരന്‍ ജോലിസ്ഥലത്തായിരുന്നു. ശിവലീലയും മകളും ഉത്തരവിനെക്കുറിച്ച് അഡ്വക്കേറ്റിനോട് സംസാരിച്ചുവെങ്കിലും മതില്‍ കെട്ടല്‍ തുടര്‍ന്നു. പുഷ്ക്കരന്‍ സ്ഥലത്തെത്തിയപ്പോള്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമാണ് എന്നുള്ള വിവരം അവരെ അറിയിച്ചു. അതൊന്നും മതില്‍ കെട്ടാന്‍ വന്നവര്‍ക്കും കെട്ടിക്കാന്‍ വന്നവര്‍ക്കും പ്രശ്നമേയല്ലായിരുന്നു.

അന്നത്തെ ദിവസം തന്നെയാണ് റിയാസ് രാജയും കൂട്ടരും വീടു ചവിട്ടിത്തുറക്കുകയും നാടകീയമായി ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. 

‘കഷ്ടപ്പെട്ടു പിടിച്ച’ പ്രതികളെ അന്ന് രാത്രി 9 മണിയോടെ മലയിന്‍കീഴ് ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോയി. അവിടത്തെ ഡോക്ടര്‍മാരെ മര്‍ദ്ദനത്തിന്റെ വിവരം പുഷ്കരനും കുടുംബവും അറിയിക്കുകയുണ്ടായി. റിയാസ് രാജയും കൂട്ടരുടെയും കൈക്കരുത്തിന്റെ അടയാളങ്ങള്‍ ആശുപത്രി രജിസ്റ്ററില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തലയ്ക്കേറ്റ അടി കാരണം കാഴ്ച്ചക്കുറവും വന്നിട്ടുണ്ട് പുഷ്കരന്. രേഖകളുടെ എല്ലാം പകര്‍പ്പ് പുഷ്കരന്റെ കൈവശമുണ്ട്.


മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍   

അതിനു ശേഷം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ‘ഞാന്‍ റിയാസ് രാജ ആണെങ്കില്‍ ആശുപത്രിയിലെ രേഖകള്‍ തിരുത്തുമെടാ …. (ബീപ്) എന്ന വെല്ലുവിളി.

അപ്പോഴും തങ്ങളെ അറസ്റ്റ് ചെയ്തത് എന്തിനാണ് എന്ന് ആ കുടുംബത്തിനു മനസ്സിലായില്ല. ചോദിച്ചതിനൊക്കെ കിട്ടിയത് ഇടിയും ചവിട്ടും.

അഡ്വക്കേറ്റ് കമ്മീഷന്‍ ആയ അയ്യപ്പനെയും വനിതാ പോലീസിനെയും ‘കൈകാര്യം’ ചെയ്തു എന്നുള്ള കേസിലാണ് തങ്ങള്‍ അറസ്റ്റിലായത് എന്ന് അവര്‍ക്ക് മനസ്സിലാകുന്നത്‌ അര്‍ദ്ധരാത്രിയിലാണ്. ഈ കുടുംബത്തിനെതിരെ മൊഴി നല്‍കിയത് നാലോളം പേരാണ്, സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് അടക്കം.  നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയാണ് ഇവരെ റിമാന്‍ഡ് ചെയ്യുന്നത്. അന്ന് ജയിലില്‍ കയറിയവര്‍ ജാമ്യമെടുത്ത് തിരിച്ചിറങ്ങുന്നത് ഏഴാം തീയതിയും.

കസ്റ്റഡിയില്‍ കിട്ടിയ സമയം ഭീഷണി ആവര്‍ത്തിച്ചു. ഇടയില്‍ കേസ് വരാനുള്ള കാരണവും എസ് ഐ ‘മാന്യമായ’ ഭാഷയില്‍ ഇങ്ങനെ മനസ്സിലാക്കിക്കൊടുത്തു….

‘ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയാലും നിങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കും. നിന്‍റെ അളിയന്‍ മുരളി എനിക്ക് അഞ്ചു ലക്ഷം രൂപയാണ് നല്‍കിയത്. നിന്നെയും നിന്‍റെ കുടുംബത്തിനെയും തുലയ്ക്കുന്നതിന് എന്തും ചെയ്യും. നീ വിചാരിച്ചാല്‍ എന്നെ ഒരു പുല്ലും ചെയ്യാന്‍ കഴിയില്ല. നിന്‍റെ മൂത്ത മകളുടെ വിവാഹം മുടക്കാന്‍ ഞാന്‍ ക്വട്ടേഷന്‍ എടുത്തതാണ്. അന്ന് കഴിയാതെ പോയതു കൂടി ചേര്‍ത്ത് ഇപ്പോള്‍ ചെയ്യും’-പുഷ്കരനും കുടുംബത്തിനും റിയാസ് രാജയുടെ വാക്കുകള്‍ ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്.

മേല്‍പ്പറഞ്ഞ ഭീഷണി ഉറപ്പാക്കുന്ന തരത്തിലായിരുന്നു പിന്നീടങ്ങോട്ട് റിയാസ് രാജയുടെ പ്രവൃത്തി.

ഇവരെ അനധികൃത അറസ്റ്റ് നടത്തി കുടുക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നു. തിരുവനന്തപുരം ആയുര്‍വേദ ആശുപത്രി, അശ്വിനി ആശുപത്രി എന്നിവിടങ്ങളില്‍ കഴിയവേ ഒരു കൂട്ടം പോലീസുകാരുമായി ഇയാള്‍ എത്തിയിരുന്നു. എന്നാല്‍ രക്തപരിശോധനയ്ക്കായി പുറത്തുപോയിരുന്നതിനാല്‍ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു ഈ കുടുംബം. കാരണം ഒന്നുമില്ലാതെ അറസ്റ്റ് ചെയ്ത ശേഷം മുന്‍ സമയം വച്ച് കുറ്റം എഴുതിച്ചേര്‍ക്കാന്‍ ആയിരുന്നു പദ്ധതി എന്ന് അറിഞ്ഞതായി പുഷ്കരന്‍ പറയുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ശിവലീലയ്ക്കും പുഷ്കരനും എതിരെ അച്ചടക്ക നടപടികള്‍ എടുക്കണം എന്ന്  മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. 

തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി മജിസ്ട്രേറ്റ് ജെ മുസ്തഫ പുറപ്പെടുവിച്ച എഫ് 21562/12 നമ്പറിലുള്ള ഉത്തരവിനും പുഷ്കരന്റെ വാദം ന്യായമാണ് എന്ന് സ്ഥലം ആര്‍ഡിഒ നല്‍കിയ റിപ്പോര്‍ട്ടിനും ഇവര്‍ നല്‍കുന്നത് പുല്ലുവിലയാണ്.

‘ഞങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ വരുന്നത് സംബന്ധിച്ച് കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടറിനെ സമീപിക്കുകയും അദ്ദേഹം എസ്ഐയെ ഫോണിലൂടെ ബന്ധപ്പെടുകയും ‘ഞാന്‍ അറിയാതെ ഇനി ഇവരുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്യരുത്’ എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനെയും അവഗണിച്ചാണ് അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയൊരു കേസ് കൂടി ചാര്‍ജ്ജ് ചെയ്തത്’-പുഷ്ക്കരന്‍ പറയുന്നു.

ഇതേക്കുറിച്ചറിയാന്‍ ഇപ്പോള്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥാനമാറ്റം ലഭിച്ച റിയാസ് രാജയെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചത് ഇങ്ങനെയാണ്.

‘അയാളുമായി യാതൊരു വിധ പേഴ്സണല്‍ പ്രശ്നങ്ങളും എനിക്കില്ല. അയാള്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും തുടര്‍ന്ന് കോടതിയുടെ ഇടപെടലോടെ തീര്‍പ്പ്‌ ആയതുമാണ്. അങ്ങനെ കോടതി ആമീന്‍ വന്നപ്പോള്‍ അവരെ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്. ആമീന്റെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അവരുടെ പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ആവശ്യം ന്യായമല്ലാത്തതിനാല്‍ പുഷ്കരന്റെയും കുടുംബത്തിന്റെയും അപേക്ഷകള്‍ പലയിടങ്ങളില്‍ നിന്നും തള്ളിയതുംമാണ്’-റിയാസ് രാജ പറയുന്നു.


(മജിസ്ട്രേറ്റ്, ആര്‍ഡിഒ എന്നിവരുടെ ഉത്തരവുകള്‍ )

എന്നാല്‍ പുഷ്കരനും കുടുംബവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.

അന്നു കിട്ടിയ മര്‍ദ്ദനത്തിന്റെ പരുക്ക് ഭേദമാക്കാന്‍ ഇപ്പോഴും പുഷ്ക്കരന്‍ ചികിത്സ തുടരുകയാണ്. മെഡിക്കല്‍ കോളേജ്, പൂജപ്പുര ആയുര്‍വേദ ആശുപത്രി, ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പാലോട് അശ്വിനി ആയുര്‍വേദ ആശുപത്രി എന്നിങ്ങനെ ആശുപത്രികള്‍ ഓരോന്നായി കയറിക്കൊണ്ടേയിരിക്കുന്നു.

ശാരീരികമായ അസ്വസ്ഥതകളെത്തുടര്‍ന്ന് ബസ് യാത്ര സാധ്യമല്ലാത്തതിനാല്‍ ഒരു കാര്‍ ഇവര്‍ പിന്നീട് വാങ്ങിയിരുന്നു. 2014 നവംബര്‍ എട്ടാം തീയതി ആ കാറിനു നേരെയും ഉണ്ടായി പരാക്രമം. പാര്‍ക്ക് ചെയ്തിരുന്ന വാഹനം പോറല്‍ വരുത്തുകയായിരുന്നു ആദ്യം ചെയ്തത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അതിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയുണ്ടായി.

പല തവണയായി നല്‍കിയ വിവരാവകാശ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് നേരെയുള്ള കേസുകളുടെ വിവരങ്ങള്‍ പോലും ഇവര്‍ക്ക് വ്യക്തമാവുന്നത്. ഇതില്‍ പലതിലും കേസ് എന്തെന്നു പോലും അറിയാതെ ജാമ്യം എടുക്കേണ്ട അവസ്ഥയും ഉണ്ടായി. 

എപ്പോള്‍ വേണമെങ്കിലും മനസ്സറിയാതെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെടാം എന്നുള്ള അവസ്ഥയിലാണ് ഇവര്‍ ഇപ്പോഴും. നിന്നെ എപ്പോഴെങ്കിലും എന്റെ കൈയ്യില്‍ കിട്ടും എന്ന ഭീഷണി പോലീസ് മുഴക്കിയിട്ടുള്ളതിനാല്‍ ഈ കുടുംബം ഒരുമിച്ചേ എപ്പോഴും പുറത്തിറങ്ങാറുള്ളൂ. വീട്ടിലേക്കുള്ള സാധനസാമഗ്രികള്‍ വാങ്ങാന്‍ പോലും പുഷ്കരനോ ശിവലീലയോ ഒറ്റയ്ക്ക് ഇറങ്ങാറില്ല.

ഇപ്പോള്‍ ആംബുലന്‍സിന്റെ സൈറന്‍ കേട്ടാലും ഭയമാണ്. പോലീസിന്റെ വാഹനം കണ്ടാല്‍ തോന്നുക അത് റിയാസ് രാജയുടെ ജീപ്പ് ആണെന്നും. അത്രത്തോളം ഞങ്ങള്‍ അനുഭവിച്ചു. അടുത്ത കേസ് എന്താവും അയാള്‍ ഞങ്ങളുടെ പേരില്‍ ചുമത്തുക എന്നു പേടിച്ചാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇതിന്റെ എല്ലാം ആണി മുരളി ആണെങ്കിലും റിയാസ് രാജയെപ്പോലെ ഒരു പോലീസുകാരന്റെ കളിയാണ് ഞങ്ങളുടെ ജീവിതം ഇങ്ങനെയാക്കിയത്. ഓരോയിടത്തായി മാറി മാറി താമസിക്കുകയാണ് ഞങ്ങള്‍– പുഷ്കരനും കുടുംബവും അവരുടെ ആശങ്കകള്‍ പങ്കുവച്ചു.

ഈ കുടുംബം പരാതികളുമായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല, വനിതാ-മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ്റ് അതോറിറ്റി, സൈനിക ബോര്‍ഡ് എന്നിവിടങ്ങളില്‍ പരാതി നല്‍കുകയുണ്ടായി. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയ പരാതികള്‍ ആണ് എല്ലായിടത്തും നല്‍കിയിരിക്കുന്നത്, എന്നാല്‍ എവിടെ നിന്നും ഇവര്‍ക്ക് നീതി ലഭിക്കുകയുണ്ടായില്ല.

തുടക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നായിരുന്നു പുഷ്കരനും കുടുംബവും പലര്‍ക്കും സമര്‍പ്പിച്ച അപേക്ഷയില്‍ ചേര്‍ത്തിരുന്നത്. ഇപ്പോള്‍ അത് ജീവിക്കാന്‍ അനുവദിക്കണം എന്നായി മാറിയിരിക്കുന്നു. 

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍