UPDATES

നോട്ട് മാറല്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ രാജ്യത്തെ സാഹചര്യത്തില്‍ നോട്ടുകള്‍ മാറുന്നതിനും, തുക പിന്‍വലിക്കുന്നതിനും പുതിയ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക്, വിവാഹ ആവിശ്യത്തിന്, വ്യാപാരികള്‍ക്ക്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് തുടങ്ങിയവയ്‌ക്കെല്ലാം കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം അറിയിച്ചത്.

അതെസമയം ഇന്നു മുതല്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബാങ്കില്‍ നേരിട്ട് പോയി നോട്ട് മാറിയെടുക്കാനുള്ള പരിധി കുറച്ചിട്ടുണ്ട്. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല. നോട്ട് മാറിയെടുക്കാനുള്ള പരിധി 2000 രൂപയാണ്. നിലവില്‍ 4500 രൂപ വരെയായിരുന്നു മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നത്. ഓരോ വ്യക്തിയെയും ഒറ്റത്തവണയെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കുകയുള്ളൂ. പുതിയ ഇളവുകള്‍-

കര്‍ഷകര്‍ക്ക്

കര്‍ഷകര്‍ക്ക് ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കാനായി മാര്‍ക്കറ്റുകളില്‍ വിളകള്‍ വിറ്റ് അക്കൗണ്ടുകളില്‍ വരുന്ന പണത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് 25,000 രൂപ വരെ പിന്‍വലിക്കാം. കെ വൈ സി ബാധകമാക്കിയ അക്കൗണ്ടുകളുള്ളവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാം.

കാര്‍ഷിക വിള ഇന്‍ഷുറന്‍സ്

കര്‍ഷകര്‍ക്ക് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പ്രീമിയം അടയക്കുവാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുവാന്‍ കര്‍ഷകര്‍ക്ക് 15 ദിവസം കൂടി അനുവദിക്കും.

വ്യാപാരികള്‍ക്ക്

രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്ക് കച്ചവട ആവശ്യത്തിനായി 50,000 രൂപ വരെ പിന്‍വലിക്കാനും സാധിക്കും. കാര്‍ഷികോത്പന്ന പ്രൊമോഷന്‍ സമിതികളില്‍ (എപിഎംസി) രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അക്കൗണ്ടില്‍ നിന്ന് 10000 രൂപ വരെ മുന്‍കൂറായി ലഭിക്കും. ഇതിന് ഇവര്‍ക്ക് ബാങ്കിലോ, എടിഎമിലോ പോകേണ്ട. നേരിട്ട് കിട്ടും. ഗ്രൂപ്പ് സി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍(ഗസറ്റഡ് അല്ലാത്ത ജീവനക്കാര്‍), തുല്യപദവിയിലുള്ള പ്രതിരോധം, പാരാമിലിട്ടറി, റെയില്‍വേ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പണം പിന്‍വലിക്കാന്‍ കഴിയുക. പണം വേണ്ടവര്‍ ഇന്ന് ബന്ധപ്പെട്ടവരെ അറിയിക്കണം. അടുത്ത ബുധനാഴ്ച പണം വിതരണം ചെയ്യും. നവംബര്‍ മാസത്തിലെ ശമ്പത്തില്‍ നിന്ന് ഈ തുക സര്‍ക്കാര്‍ കുറയ്ക്കും.

വിവാഹ ആവിശ്യത്തിന്

വിവാഹ ആവിശ്യത്തിനായി രണ്ടരലക്ഷം രൂപവരെ പിന്‍വലിക്കാം. ഒരു കുടുംബത്തിന് സ്വന്തം അക്കൗണ്ടില്‍ നിന്നാണ് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ കഴിയുന്നത്. അക്കൗണ്ടുകള്‍ കെവൈസി ബാധകമായിരിക്കണം, വിവാഹം കഴിക്കുന്ന ആളിനോ രക്ഷിതാവിനോ മാത്രമേ പിന്‍വലിക്കാനാകൂ കൂടാതെ ബാങ്കില്‍ സത്യവാങ്ങ്മൂലവും പാന്‍ കാര്‍ഡ് വിവരങ്ങളും നല്‍കിയാല്‍ മാത്രമെ തുക എടുക്കാന്‍ സാധിക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍