UPDATES

സര്‍, ലാത്തികൊണ്ട് കുത്തിനോക്കിയാല്‍ സ്പിരിറ്റും കഞ്ചാവും തടയുമോ?

എക്‌സൈസ് വകുപ്പിനെ ഡിജിറ്റലാക്കാന്‍ ഇറങ്ങുന്ന ഋഷിരാജ് സിംഗും വ്യാജസ്പിരിറ്റ് പിടിക്കാല്‍ ലാത്തിയുമായി ഉദ്യോഗസ്ഥരും

Avatar

സമീര്‍

ക്രിസ്മസ് കഴിഞ്ഞു, നാളെ പുതുവത്സരാഘോഷം. ആഘോഷങ്ങള്‍ എന്നും ലഹരിയുടേതാണ്. കേരളത്തിലേക്ക് ഏറ്റവും അധികം സ്പിരിറ്റും അനധികൃത മദ്യവുമൊഴുകുന്ന സമയം. ക്രിസ്മസ് കാലത്ത് വന്‍തോതില്‍ സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുകിയെന്നാണ് എക്‌സൈസ് ഐ.ബി റിപ്പോര്‍ട്ട് ചെയ്തത്. ആഘോഷകാലങ്ങളില്‍ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ലക്ഷ്യം കാണുന്നില്ല എന്നതിനു മറ്റൊരു ഉദാഹരണം. സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിച്ചും, അബ്കാരി കേസുകള്‍ വിളിച്ചറിയിക്കുവാന്‍ പല നമ്പരുകള്‍ നല്‍കിയും ചില ‘നമ്പരുകള്‍’ എക്‌സൈസ് ഇറക്കുന്നതല്ലാതെ സത്യത്തില്‍ ഒന്നും നടക്കുന്നില്ല. ക്രിസ്മസ്, പുതുവത്സരത്തിനോടുബന്ധിച്ച് വന്‍ മുന്നൊരുക്കങ്ങളാണ് എക്‌സൈസ് നടത്തിയിട്ടുള്ളതെന്നാണു പറയുന്നതെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉള്ളവര്‍ക്കുപോലും ഉറപ്പില്ല. അനധികൃത സ്പിരിറ്റ് പിടികൂടാനും വ്യാജമദ്യവും മയക്കുമരുന്നു പിടികൂടാനും പ്രത്യേക സേനവിഭാഗങ്ങളെ വിന്യസിക്കുകയും രാവും പകലും പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാലും മദ്യവും മയക്കുമരുന്നും സംസ്ഥാനത്തേക്ക് യഥേഷ്ടം ഒഴുകുന്നു.

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് അധികാരമേറ്റതില്‍ പിന്നെയാണ് കാര്യക്ഷമമായി ഫോഴ്‌സ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ടാര്‍ഗറ്റുകള്‍ നല്‍കിയും നിരീക്ഷണം ശക്തമാക്കിയും സേനയെ കൂടുതല്‍ അദ്ദേഹം ഉടച്ചുവാര്‍ത്തു. സാമുഹ്യമാധ്യമങ്ങളും സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് അദ്ദേഹം ഉപയോഗിച്ചു. എന്നാല്‍ എക്‌സൈസില്‍ നിന്ന് പോലും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണലഭിക്കുന്നില്ല.

മാനസികസമ്മര്‍ദ്ദത്താല്‍ ജീവിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായി തങ്ങളെന്ന് കൊച്ചിയിലുള്ള ഒരു എക്‌സൈസ് ജീവനക്കാരന്‍ പറയുന്നു. കേസുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി മാത്രം ഇപ്പോള്‍ പരിശോധനക്കിറങ്ങുകയാണ് . കേസുകളുടെ എണ്ണത്തിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്. അതിനാല്‍ പൊതുസ്ഥലത്തിരുന്ന് 9 പേരെ മദ്യപിച്ചതിന് പിടിച്ചാല്‍ ഇപ്പോള്‍ 9 കേസ് രജിസ്റ്റര്‍ ചെയ്യും. പണ്ടാണെങ്കില്‍ സംഗതി ഒറ്റക്കേസില്‍ നില്‍ക്കുമായിരുന്നു. ആ ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

അബ്കാരി കേസുകള്‍ കൂടാതെ കഞ്ചാവുകേസുകള്‍ എടുക്കുന്നതും വര്‍ധിപ്പിക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അതിന് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച മാര്‍ഗം വിചിത്രമായിരുന്നു. കമ്പം, തേനിഭാഗങ്ങളില്‍ നിന്നും വന്‍കിടക്കാരെ ബന്ധപ്പെട്ട് അവരുടെ വില്‍പനക്കാരെ ചതിച്ച് കേസുണ്ടാക്കും. വന്‍കിടക്കാരെ ഒഴിവാക്കികിട്ടുന്നതിനാല്‍ അവരുടെ വില്‍പനക്കാരെ അവര്‍ എക്‌സൈസിന്‌റെ വലയില്‍പ്പെടുത്തി കൊടുക്കുകയും ചെയ്യും. അടുത്തകാലത്തായി എക്‌സൈസ് കഞ്ചാവ് കേസില്‍ പിടികൂടുന്നവരെല്ലാം കമ്പം, തേനി ഭാഗങ്ങളില്‍ നിന്നുള്ളവരായിരിന്നു. എല്ലാവരും തന്നെ തമിഴ്‌നാട് സ്വദേശികളും. ഇവര്‍ ചെറുകിട വില്‍പനക്കാര്‍ മാത്രമാണ്. വന്‍ മുതലാളിമാരുടെ ചെറിയപൊതികള്‍ വില്‍ക്കാനായി കേരളത്തിലേക്ക് വണ്ടികയറുന്നവര്‍. വന്‍തിമിംഗലങ്ങളെ ഒഴിവാക്കി ചെറുമീനുകള്‍ മാത്രം അവരുടെ വലയില്‍ കുടുക്കുന്നു. കേസ് കൂട്ടണമെന്ന് പറയുമ്പോള്‍ ഇത്തരം പൊടിക്കൈകള്‍ അല്ലാതെ വേറെ മാര്‍ഗമില്ല. കേസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നുവെന്ന കാര്യം എല്ലാ ഉദ്യോസ്ഥര്‍ക്കുമറിയാമെന്ന് ഹൈറേഞ്ചിലെ ഒരു എക്‌സൈസ് ഉദ്യോസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് അക്കമിട്ട് നിരത്തുന്നുണ്ട്. ആളും ആയുധങ്ങളുമില്ലാതെ വെറുമൊരു സേനയായി എക്‌സൈസ് മാറിയെന്ന് ഉദ്യോസ്ഥര്‍ പറയുന്നു. കേസെടുക്കണമെന്ന് പറയുന്നവര്‍ സേനയില്‍ ആളില്ലാത്തതിനെ കുറിച്ച് മിണ്ടുന്നില്ല. സ്വന്തമായി നല്ലൊരു വാഹനം പോലും എക്‌സൈസിന് ഇല്ല. പഴഞ്ചന്‍ വാഹനങ്ങളിലാണ് ഇപ്പോഴും യാത്ര. ഏക ആയുധമെന്ന് പറയുന്നത് ലാത്തി തന്നെ. ഈ ലാത്തികൊണ്ട് വേണം സ്പിരിറ്റ് മാഫിയയെ നേരിടാന്‍. ലാത്തികൊണ്ട് കുത്തിനോക്കിയാല്‍ അതിര്‍ത്തി കടന്നുവരുന്ന സ്പിരിറ്റ് കണ്ടെത്താന്‍ സാധിക്കുമോയെന്ന് ഒരു ഉദ്യോസ്ഥര്‍ ചോദിക്കുന്നു. വര്‍ഷങ്ങളായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്, സ്‌കാനര്‍ വേണമെന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ ഇത്തരമൊരു സംവിധാനമില്ല. അടിസ്ഥാന സൗകര്യമില്ലാതെ എങ്ങനെ കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.

എക്‌സൈസ് വകുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കി മുഴുവന്‍ വിവരങ്ങളും വിരല്‍ത്തുമ്പിലെത്തിക്കാനായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് തയ്യാറെടുക്കുന്നതിനിടയിലാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്നോര്‍ക്കണം. കേസ് രജിസട്രേഷന്‍ മുതല്‍ അന്വേഷണവും അറസ്റ്റും സ്ഥിതിവിവരക്കണക്കുകളും ഇനി ഓണ്‍ലൈനായി മാറുമായിരിക്കാം, പക്ഷേ വ്യാജസ്പിരിറ്റു കണ്ടുപിടിക്കാന്‍ ലാത്തിയുമായി ഇറങ്ങേണ്ടി വരുന്ന ഗതികേട് എപ്പോള്‍ മാറും?

ഉദ്യോസ്ഥര്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണ്. ജനസംഖ്യാനുപാതികമായി എക്‌സൈസ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വകുപ്പിന്റെ ആവശ്യം ഇതേ വരെ പരിഗണിക്കപ്പെട്ടിട്ടില്ല. സിവില്‍ എക്‌സൈസ് ഓഫീസര്‍ നിയമനത്തിനുള്ള പുതിയ പി.എസ്.സി ലിസ്റ്റ് വന്ന് ഒരു വര്‍ഷം കഴിയുമ്പോഴും നിയമനം ലഭിച്ചത് ചുരുക്കം ചിലര്‍ക്ക് മാത്രം. പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ മുഖം നല്‍കിയട്ടില്ല. ആഘോഷനാളുകളില്‍ വ്യാജമദ്യവും സ്പിരിറ്റും പിടിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആള്‍ ക്ഷാമവും എക്‌സൈസിന് തലവേദനയാകാറുണ്ട്.

ബാറുകള്‍ പൂട്ടിയതിന് ശേഷമുള്ള ആഘോഷനാളുകള്‍ എക്‌സൈസിന് എന്നും നെഞ്ചിടിപ്പാണ്. സൈബര്‍സെല്‍ അടക്കമുള്ള ആയുധസൗകര്യങ്ങളുമായി പോലീസ് കുതിക്കുമ്പോള്‍ ലാത്തിമാത്രമായി എക്‌സൈസ് കിതക്കുകയാണ്. 2015-ലാണ് ഓഗസ്റ്റിലാണ് പി.എസ്.സി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ നിയമിക്കാനായി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 1603 പേരുടെ ലിസ്റ്റില്‍ നിയമന അറിയിപ്പ് ലഭിച്ചത് 354 പേര്‍ക്ക് മാത്രം. പാലക്കാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ പേരെ നിയമിക്കേണ്ടത്. എന്നാല്‍ ഇവിടെ നാമമാത്രമായ നിയമനമാണ് നടത്തുന്നത്. ഈയൊരവസ്ഥയില്‍ കേസുകളുടെ എണ്ണം കുട്ടണമെന്ന് പറയുമ്പോള്‍ കുറുക്ക് വഴിതേടി പോകുകയാണ് എക്‌സൈസ്.

പുതുവത്സരത്തിന്റെ കളര്‍കൂട്ടാന്‍ വന്‍സ്പിരിറ്റ് ശേഖരം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ഐ.ബി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ എക്‌സൈസ് കമ്മിഷണറുടെ സ്പെഷ്യല്‍ സേനയാണ് സംസ്ഥാനത്തുടനീളം നിരീക്ഷണത്തിനും പരിശോധനക്കുമായി ഉള്ളത്. ജില്ലാകേന്ദ്രങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഭയത്തോടെയാണ് ഈ സ്‌പേഷ്യല്‍ സേനയുടെ പ്രവര്‍ത്തനത്തെ കാണുന്നത്. ഇവര്‍ സ്പിരിറ്റോ, അനധികൃത മദ്യമോ പിടികൂടിയാല്‍ ജോലി പോകുന്നത് ആ പ്രദേശത്തെ ജീവനക്കാരുടേതായിരിക്കും. അതിനാല്‍ വളരെ ജാഗ്രതയോടെയാണ് ഉദ്യോസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മാഫിയകളുമായി ബന്ധമുണ്ടോയെന്ന കാര്യവും കമ്മീഷണര്‍ നിരീക്ഷിക്കുന്നുണ്ട്. അടുത്തകാലത്ത് സ്പിരിറ്റ് കേസുകളൊന്നും കൂടുതലായി പിടികൂടുന്നില്ല. യഥേഷ്ടം സംസ്ഥാനത്തേക്ക് ഇത് എത്തിച്ചേരുന്നുമുണ്ട്. അതാണ് സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ഈ സംശയങ്ങള്‍ വെറുതെയാണെന്ന് ആരും പറയില്ല.

(മാധ്യമപ്രവര്‍ത്തകനാണ് സമീര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍