UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യമുനാതടം നശിപ്പിച്ചുവെന്ന ആരോപണം ‘ശാസ്ത്രീയ തട്ടിപ്പെ’ന്ന് ശ്രീ ശ്രീ രവിശങ്കര്‍

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ നടന്ന ലോക സാസ്കാരികോത്സവം യമുനാ തടത്തെ പൂര്‍ണമായി നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടിനെതിരെ ശ്രീ ശ്രീ രവിശങ്കര്‍. ഇത്തരത്തില്‍ അപമാനിതനാകുന്നതിന് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ‘ശാസ്ത്രീയ തട്ടിപ്പാ’ണെന്നും ഇതിനെതിരെ പൊരുതുമെന്നും അദ്ദേഹം പറയുന്നു. 

 

യമുനാനദിയുടെ തീരത്ത് ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലീവിങ് സംഘടിപ്പിച്ച വമ്പിച്ച ‘ലോക സാംസ്‌കാരികോത്സവം’ നദീതടത്തെ ‘കേടുവരുത്തുകയല്ല, പൂര്‍ണമായി നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്’ എന്ന്‍ രാജ്യത്തെ ഏറ്റവും പ്രമുഖ പരിസ്ഥിതി കോടതിയില്‍ നിന്നു വിഷയം പഠിക്കാനെത്തിയ വിദഗ്ധസംഘം അഭിപ്രായപ്പെട്ടിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ വിദഗ്ധരുടെ കമ്മറ്റിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ഈ പരിപാടി മൂലം ‘വേദിയായി ഉപയോഗിക്കപ്പെട്ട നദീതടം പരിപൂര്‍ണമായി നശിച്ചതായും’ ‘ജൈവവൈവിധ്യം നഷ്ടപ്പെട്ടതായും’ ‘ഇനി അത് പുനഃസ്ഥാപിക്കാനാകില്ല’ എന്നും അഭിപ്രായപ്പെട്ടത്. 

ജൂലൈ 28 നു ഹരിത ട്രിബ്യൂണലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഏഴംഗ സംഘം നയിക്കുന്ന ജലവിഭവമന്ത്രാലയ സെക്രട്ടറി സാക്ഷി ശേഖര്‍ പറയുന്നത്: ‘നദിയുടെ തടം പൂര്‍ണമായി ലെവല്‍ ചെയ്ത് ഇപ്പോള്‍ കട്ടിപിടിച്ച് ഉറഞ്ഞു പോയിരിക്കുന്നു. ഇവിടെ ജലജൈവലോകത്തിന്റെ സൂചനകള്‍ കാണാനില്ല, ഡിഎന്‍ഡി ഫ്‌ളൈ ഓവറിന്റെ കീഴിലെ കുറച്ചു പുല്ലു പടര്‍ന്നുനില്‍ക്കുന്നതു നീക്കി നിറുത്തിയാല്‍ അടിത്തട്ടില്‍ സസ്യജാലങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.’ 

മാര്‍ച്ച് പതിനഞ്ചിനും മെയ് പത്തിനും എടുത്ത സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ സാധൂകരിക്കാന്‍ കമ്മറ്റി ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ പതിനഞ്ചിനു പഠനം നടത്താനെത്തിയ ഏഴംഗ സംഘത്തെ ആര്‍ട്ട് ഓഫ് ലിവിംഗ് വോളണ്ടിയര്‍മാര്‍ തടഞ്ഞുവെന്നും പിന്നീടു ജൂണ്‍ ആറിനാണ് സ്ഥലം സന്ദര്‍ശിക്കാനായതെന്നും കമ്മറ്റി പറയുന്നു. 

ശ്രീ ശ്രീ രവിശങ്കറിന്റെ ഈ പരിപാടി ആദ്യം മുതലേ വലിയ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. സ്വയം ഗുരുവെന്നു വിളിക്കുന്ന ഇദ്ദേഹത്തെ അഞ്ചുകോടി രൂപ ഫൈന്‍ അടയ്ക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഈ സാംസ്‌കാരികോത്സവത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും രാഷ്ട്രീയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ശ്രീ ശ്രീ രവിശങ്കറെ ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീ ശ്രീ രവിശങ്കറും ആര്‍ട്ട് ഓഫ് ലിവിംഗും എടുത്ത നിലപാടിനെതിരെ കനത്ത പ്രഹരമായാണ് ഹരിത ട്രിബ്യൂണലിന്റെ ഈ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. 

ഈ കമ്മിറ്റി പുനഃക്രമീകരിക്കണം എന്നുള്ള ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആവശ്യം ഇതുവരെ ഹരിത ട്രിബ്യൂണല്‍ സ്വീകരിച്ചിട്ടില്ല എന്നും ‘ഞങ്ങളുടെ ഭാഗം കേള്‍ക്കാതെ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുക്കുന്നത് ലോജിക്കലല്ല’ എന്നുമാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞത്. ‘എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്, പരിസ്ഥിതി തകര്‍ന്നു എന്ന വാദം അശാസ്ത്രീയവും മുന്‍വിധിയോടെയുള്ളതും നിലനില്‍ക്കാത്തതുമാണ്. റിപ്പോര്‍ട്ട് കാണാന്‍ സാധിച്ചാല്‍ ഉടന്‍ തന്നെ ഞങ്ങളുടെ എതിര്‍പ്പുകള്‍ ഞങ്ങള്‍ നല്‍കുന്നതായിരിക്കും’, ആര്‍ട്ട് ഓഫ് ലിവിംഗ് വക്താക്കള്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ യമുന ശുചീകരണ പദ്ധതിയില്‍ തന്റെ വോളണ്ടിയര്‍മാരും പങ്കെടുത്തു എന്നും അപ്പോള്‍ തങ്ങളെങ്ങനെയാണ് യമുനാതടം നശിപ്പിച്ചുവെന്ന് പറയുന്നത് എന്നും രവിശങ്കര്‍ ‘ഫസ്റ്റ്പോസ്റ്റി’നോഡ് പ്രതികരിച്ചു.

കമ്മറ്റിയുടെ പ്രധാന കണ്ടെത്തലുകള്‍ 
കമ്മറ്റിയുടെ 47 പേജ് റിപ്പോര്‍ട്ട് പറയുന്നത് ശ്രീ ശ്രീ രവിശങ്കറുടെ പരിപാടി യമുനാതടത്തില്‍ ഉണ്ടായിരുന്ന ജൈവ ആവാസവ്യവസ്ഥ പൂര്‍ണമായി തകര്‍ത്തുവെന്നും ആയിരക്കണക്കിനു കീടങ്ങളും മൃഗങ്ങളും പാര്‍പ്പിടമില്ലാതെയായി എന്നുമാണ്. റോഡുകളും റാമ്പുകളും നിര്‍മിച്ചത് നദിയുടെ അടിത്തട്ടിനെ കട്ടിയുള്ളതാക്കി, യമുനാതടത്തില്‍ ജീവിച്ചിരുന്ന ജൈവവൈവിധ്യത്തെ ഏറെ പ്രതികൂലമായാണ് ഇതു ബാധിച്ചത്.

* പ്രധാന ചടങ്ങ് നടന്ന നീര്‍ത്തടത്തിലെ എല്ലാത്തരം സസ്യജാലങ്ങളും അവയെ ആശ്രയിച്ചു ജീവിച്ചിരുന്ന ജൈവലോകവും പൂര്‍ണമായി ഇല്ലാതായി. അവശിഷ്ടങ്ങള്‍ നിരത്തിയ ശേഷം ലെവല്‍ ചെയ്തു ഭൂമി ഉറപ്പിച്ചപ്പോള്‍ ഉറവകള്‍ നിറഞ്ഞുമൂടിപ്പോയി.’

* നീര്‍ത്തടങ്ങള്‍ക്ക് ഉണ്ടാകേണ്ട പ്രധാന ജൈവപ്രക്രിയകള്‍ എല്ലാം തടസപ്പെട്ടു. നേരില്‍ കാണാനാകാത്ത ഒരു നഷ്ടം ജൈവവൈവിധ്യത്തിനു സംഭവിച്ചിട്ടുണ്ട്, ഇത് അളക്കുക എളുപ്പമല്ല, ഇതില്‍ പലതും ഇനി തിരിച്ചുവരണമെന്നേയില്ല. ഈ ജൈവവ്യവസ്ഥ നിലനില്‍ക്കുന്നതിനു പ്രധാന പങ്കുവഹിച്ച പല മൈക്രോ ജീവജാലങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.’ 

*റാമ്പുകളും റോഡുകളും നിര്‍മിച്ചതും ജലസ്രോതസ്സുകള്‍ അടച്ചതും നിലം നികത്തിയതുമെല്ലാം ചേര്‍ന്ന് ആവാസവ്യവസ്ഥകളുടെ നൈസര്‍ഗികഘടനയും വ്യത്യസ്തതയും പൂര്‍ണമായി ഇല്ലാതാക്കി.’ 

*റിപ്പേറിയന്‍ സസ്യലോകം നീക്കിയതിലൂടെയും റോഡും പാലവും നിര്‍മ്മിച്ചു തടകള്‍ സൃഷ്ടിച്ചതിലൂടെയും നദിയുടെ ഒഴുക്കിലും അടിത്തട്ടിലേയ്ക്ക് ഓര്‍ഗാനിക്ക് മാറ്റര്‍ ഒഴുകിയെത്തുന്നതിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 

*ആവാസവ്യവസ്ഥയെ ഒരു നിരപ്പായി ചുരുക്കിയതിലൂടെ ഈ പ്രദേശത്തെ ആഴമേറിയതും കുറഞ്ഞതുമായ എല്ലാ ജലസ്രോതസ്സുകളും ഇല്ലാതായി. ഈ ജലസ്രോതസുകളാണ് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതും ഭൂഗര്‍ഭജലവിതാനം സൃഷ്ടിക്കുന്നതും സസ്യങ്ങളെയും മീനുകളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതും. ഈ പ്രദേശത്തിന് വെള്ളപ്പൊക്കകാലത്ത് ജലത്തെ തടഞ്ഞുനിറുത്താനുള്ള ശേഷി മാരകമായ രീതിയില്‍ നഷ്ടമായിട്ടുണ്ട്.’ 

*നീര്‍ത്തടത്തിലെ എല്ലാ സ്വാഭാവികസസ്യലോകവും ഇല്ലാതായി മരങ്ങള്‍, കുറ്റിച്ചെടികള്‍, ഉയരമുള്ള പുല്ലുകള്‍, ആമ്പല്‍ ഉള്‍പ്പെടെ മറ്റു ജലസസ്യങ്ങള്‍. ഈ സസ്യലോകത്തില്‍ നിരവധി മൈക്രോസ്സ്‌കോപ്പിക്ക് ആല്‍ഗെകളും പായലുകളും ഫെര്‍നുകളും ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് ഇങ്ങനെയുണ്ടായിരുന്ന എല്ലാം തന്നെ ഇല്ലാതായി. അവയുടെ പൂര്‍ണമായ നഷ്ടം അത്ര എളുപ്പം അളക്കാനോ രേഖപ്പെടുത്താനോ പറ്റുന്നതല്ല.’ 

*ഇവിടെ ഉണ്ടായിരുന്ന സസ്യലോകം പല തരം പക്ഷികള്‍, മീനുകള്‍, തവളകള്‍, ആമകള്‍, പ്രാണികള്‍, സൂക്ഷമജീവികള്‍(മോളാസ്‌ക്, മണ്ണിര, കീടങ്ങള്‍, മൈക്രോസ്‌കോപ്പിക്ക്, മാക്രോസ്‌കോപ്പിക്ക് ജീവികള്‍) എന്നിവയുടെ പാര്‍പ്പിട-ഭക്ഷണ-പ്രജനന ഇടങ്ങളായിരുന്നു. ഇവയ്‌ക്കെല്ലാം ഇടം നഷ്ടപ്പെടുകയും ഇവിടെ സംഭവിച്ച തീവ്രമായ മാറ്റങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് അവസാനിക്കുകയോ അകന്നുപോവുകയോ ഒക്കെ ചെയ്തിട്ടുണ്ട്.’

ഓഗസ്റ്റ് പത്തിനു ഹരിത ട്രിബ്യൂണല്‍ പറഞ്ഞത് ‘ഏതെങ്കിലും സ്‌പെഷ്യലൈസ്ഡ് ഏജന്‍സിയെ പഠനത്തിന് ഉള്‍പ്പെടുത്താന്‍ കമ്മിറ്റിക്ക് സ്വാതന്ത്ര്യം നല്‍കുന്നുവെന്നും അതിന്റെ ചെലവ് ജലവിഭവമന്ത്രാലയം ഏറ്റെടുക്കും എന്നുമാണ്. ഇതിന്റെ ചെലവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് നാല്‍പ്പത്തഞ്ചുദിവസത്തിനുള്ളില്‍ ട്രിബ്യൂണലിന് സമര്‍പ്പിക്കേണ്ടതാണ്’. ഈ വിഷയത്തില്‍ അടുത്ത ഹിയറിംഗ് സെപ്റ്റംബര്‍ 28-നാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍