UPDATES

എക്സ്പ്ലെയിനര്‍

Explainer: വേട്ടക്കാരനായ ട്രംപ് വേട്ടമൃഗമായി പരിണമിച്ചപ്പോൾ: മ്യുള്ളർ റിപ്പോർട്ടും ഇംപീച്ച്മെന്റ് സാധ്യതകളും

ഡെമോക്രാറ്റുകൾ ട്രംപിന്റെ വിക്കിലീക്സ് ശ്രമത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊരു ക്രിമിനൽ ഗൂഢാലോചനയാണെന്ന് തെളിയിക്കാനായില്ലെങ്കിലും തികച്ചും ദേശദ്രോഹപരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ സർ‌ക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നെന്ന ഗുരുതരമായ ആരോപണത്തിന്മേലുള്ള അന്വേഷണം മുൻ റിപ്പബ്ലിക്കനും എഫ്ബിഐയുടെ മുൻ ഡയറക്ടറുമായ റോബർട്ട് മ്യുള്ളർ അവസാനിപ്പിക്കുകയും 448 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയുമാണ്. സത്യവും മിഥ്യയും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കഥകളും ഉപകഥകളുമായി ഏറെക്കാലം ട്രംപിനെയും ലോകത്തെയും പിന്നാലെ നടത്തിയ മ്യുള്ളറുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ ട്രംപിന് ആശ്വസിക്കാനുള്ള വകുപ്പുകള്‍ ഏറെയാണ്. ട്രംപ് റഷ്യയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തെളിയിക്കാൻ മ്യുള്ളർക്ക് സാധിച്ചിട്ടില്ല. പകരം തന്റെ അന്വേഷണം അട്ടിമറിക്കാൻ ഡോണൾഡ് ട്രംപ് ശ്രമിച്ചതിന്റെ 11 സന്ദർഭങ്ങളാണ് മ്യുള്ളർ എടുത്തു പറഞ്ഞിരിക്കുന്നത്. ഇവയിന്മേൽ എന്തെങ്കിലും നടപടി വരണമെങ്കിൽ അതിന് യുഎസ് കോൺഗ്രസ്സിന്റെ തീരുമാനം വരണം.

‘വേട്ടയാടലി’ന്റെ അവസാനം?

മ്യുള്ളർ തന്നെ വെറുതെ വേട്ടയാടുകയാണെന്ന് തുടക്കം മുതലേ ട്രംപ് ആരോപിച്ചു വരുന്നതാണ്. തന്നെ ‘വേട്ടയാടു’ന്ന രീതിയെ ട്രംപ് വിശേഷിപ്പിച്ചത് ‘വിച്ച് ഹണ്ട്’ എന്നായിരുന്നു. ക്രിസ്തുമതം പൗരോഹിത്യത്തിൻ കീഴിലുള്ള ദുർഭരണത്തിലമർന്നപ്പോൾ യോഗിനിമാരെയും മന്ത്രവാദിനിമാരെയും വേട്ടയാടി കൊന്നൊടുക്കിയതിനെ സൂചിപ്പിക്കുന്ന വാക്കാണ് വിച്ച് ഹണ്ട്. അന്വേഷണങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെ ട്രംപിന്റെ അനുയായികളിൽ പലരും കുടുങ്ങിയതും ട്രംപി വിരോധികൾക്ക് ആഹ്ലാദമുണ്ടാക്കിയിരുന്നു. അന്വേഷണങ്ങൾ പുരോഗമിക്കവെ ഏഴ് കുറ്റസമ്മതങ്ങളാണ് പുറത്തു വന്നത്. ഇതിലൊരാൾക്ക്, ട്രംപിന്റെ മുൻ കാംപൈൻ ചെയർമാൻ പോൾ മാനഫോർട്ടിന്, 47 മാസത്തെ ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു.

എന്താണ് മ്യുള്ളർ അന്വേഷണം?

2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ഗുരുതരമായ ആരോപണത്തിലേക്കുള്ള അന്വേഷണമാണ് ‘മ്യുള്ളർ അന്വേഷണം’ എന്ന പേരിലറിയപ്പെടുന്ന സ്പെഷ്യൻ കൗൺസൽ ഇന്‍വെസ്റ്റിഗേഷൻ. ഈ അന്വേഷണത്തിന്റെ ഭാഗമായി 2019 ജനുവരി മാസത്തിൽ മ്യുള്ളർ 34 പേർക്കെതിരെ ക്രിമിനൽ നടപടികൾ തുടങ്ങി. ഇതിൽ ഏഴ് യുഎസ് പൗരന്മാരും 26 റഷ്യൻ പൗരന്മാരും ഒരു ഡച്ച് പൗരനുമാണുള്ളത്.

തന്റെ എതിർ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റന്റെ ഇമെയിൽ ചോർത്തി പുറത്തുവിട്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ട്രംപ് റഷ്യൻ സഹായം തേടിയെന്നതാണ് മ്യുള്ളറുടെ അന്വേഷണ വിഷയങ്ങളിലൊന്ന്. ‘റഷ്യൻ സർക്കാരും പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളുകളും തമ്മില്‍ ഉണ്ടായിട്ടുള്ള ഏതുതരം ബന്ധവും സഹകരണവും’ അന്വേഷണവിധേയമാക്കാൻ പലതരത്തിലുള്ള ഇടപെടലുകളാണ് റഷ്യൻ ഹാക്കർമാരിൽ നിന്നും മറ്റ് തൽപ്പര കക്ഷികളിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം.

എന്താണ് മ്യുള്ളറുടെ കണ്ടെത്തൽ?

448 പേജുള്ള റിപ്പോർട്ടിൽ ട്രംപിന്റെ പ്രചാരണത്തിൽ റഷ്യൻ ഗൂഢാലോചന നടന്നതായി തെളിയിക്കാൻ മ്യുള്ളർക്ക് സാധിച്ചില്ല. രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മ്യുള്ളർ ഈ നിഗമനത്തിലെത്തിയത്. എന്നാൽ പത്തോളം സന്ദർഭങ്ങളിൽ തന്റെ അന്വേഷണം തടസ്സപ്പെടുത്താൻ മ്യുള്ളർ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അവ കുറ്റകൃത്യമെന്ന് നിയമപരമായി സ്ഥാപിക്കാൻ പോന്നവയാണെന്ന് തെളിയിക്കാൻ മ്യുള്ളർക്ക് സാധിച്ചിട്ടില്ല. എങ്കിലും മ്യുള്ളറെ തൽസ്ഥാനത്തു നിന്നും നീക്കാൻ തന്റെ എല്ലാ സന്നാഹങ്ങളും ട്രംപ് ഉപയോഗിച്ചിട്ടുണ്ട് എന്നത് പൊതുവിൽ ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. ട്രംപിന്റെ പ്രചാരണ സംഘവും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിൽ നിരവധി മീറ്റിങ്ങുകൾ ഇതിനിടെ നടന്നിട്ടുണ്ട്. ഇവയിൽ പലതും ഗൂഢമായിരുന്നു. ഇവ തെരഞ്ഞെടുപ്പിലുള്ള റഷ്യൻ ഇടപെടലുകളാണെന്ന് സ്ഥാപിക്കാൻ മ്യുള്ളർക്ക് സാധിച്ചിട്ടില്ല എന്നിരിക്കിലും ട്രംപ് മ്യുള്ളറുടെ അന്വേഷണത്തിൽ നടത്തിയ ഇടപെടൽ ശ്രമങ്ങളെ ആധാരമാക്കി ഇംപീച്ച്മെന്റിന് കോൺഗ്രസ്സിന് തയ്യാറെടുക്കാവുന്നതാണ്.

‘ഇത് എന്റെ പ്രസിഡണ്ട് സ്ഥാനത്തിന്റെ അന്ത്യമാണ്’

താൻ അന്വേഷകനായി വരുന്നു എന്നറിഞ്ഞപ്പോഴുള്ള ട്രംപിന്റെ പ്രതികരണത്തെക്കുറിച്ച് മ്യുള്ളർ റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്നത്തെ അറ്റോർണി ജനറൽ ജെഫ് സെഷൻസാണ് മ്യുള്ളർ അന്വേഷണത്തെക്കുറിച്ച് ട്രംപിനെ അറിയിച്ചത്. “എന്റെ ദൈവമേ! ഇത് എന്റെ പ്രസിഡണ്ട് സ്ഥാനത്തിന്റെ അന്ത്യമാണ്” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

തന്നെ നീക്കം ചെയ്യാൻ 2017 ജൂണിൽത്തന്നെ (2017 മെയ് മാസത്തിലാണ് മ്യുള്ളർ അന്വേഷണം നിലവിൽ വന്നത്) ഡോണൾഡ് ട്രംപ് ശ്രമം തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് കൗൺസൽ ഡോണൾഡ് മനക്ഗാനിനെ കാംപ് ഡേവിഡിൽ നിന്നും തന്റെ വീട്ടിലേക്ക് ട്രംപ് അടിയന്തിരമായി വിളിച്ചുവരുത്തി. സ്പെഷ്യൽ കൗൺസൽ റോബർട്ട് മ്യുള്ളറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന്മേൽ നടപടിയുണ്ടാകാതിരുന്നപ്പോൾ ട്രംപ് സമ്മര്‍ദ്ദം കനപ്പിച്ചതായി മ്യുള്ളർ ആരോപിക്കുന്നു. ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസെൻസ്റ്റൈനിനെ വിളിച്ച് സ്പെഷ്യൽ കൗൺസലിനെ നീക്കണമെന്നും ശേഷം തന്നെ വിളിച്ചറിയിക്കണമെന്നും ഡോണൾഡ് മക്ഗാനിനോട് ട്രംപ് ആവശ്യപ്പെട്ടുവത്രെ. ഈ വിവരങ്ങൾ 2018 ജനുവരി മാസത്തിൽ പുറത്തു വരികയുണ്ടായി. ഈ സന്ദർഭത്തിൽ ട്രംപിന്റെ വക്കീലന്മാർ മക്ഗാനിനെ വിളിക്കുകയും ആരോപണങ്ങൾ നിഷേധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മക്ഗാൻ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല.

റഷ്യൻ ബന്ധങ്ങളെക്കുറിച്ച് മ്യുള്ളർ റിപ്പോർട്ട് പറയുന്നതെന്ത്?

റഷ്യൻ ബന്ധങ്ങൾ സംബന്ധിച്ച് നിരവധിയായ അനുമാനങ്ങൾ‌ ഈ റിപ്പോര്‍ട്ടിലുണ്ട്. ട്രംപിന്റെ സർക്കിളിൽ പെട്ടവരും റഷ്യയും തമ്മിൽ പുലർത്തിയ ബന്ധങ്ങളെക്കുറിച്ച് റിപ്പോർട്ട് പറയുന്നുണ്ട്. ലീക്ക് ചെയ്യപ്പെട്ട ഹില്ലരി ക്ലിന്റന്റെ ഇമെയിലുകൾ അവരുടെ സ്ഥാനാർത്ഥിത്വത്തിന് പരിക്കു പറ്റുന്ന വിധത്തിൽ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിക്കാനും ട്രംപ് പ്രചാരകർ ശ്രമം നടത്തിയെന്ന് മ്യുള്ളർ റിപ്പോർട്ട് പറയുന്നു. എന്നാല്‍ ഇതിനെ ക്രിമിനൽ ഗൂഢാലോചനയെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് മ്യുള്ളറുടെ റിപ്പോർട്ട് പറയുന്നത്.

അതെസമയം ഡെമോക്രാറ്റുകൾ ട്രംപിന്റെ വിക്കിലീക്സ് ശ്രമത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊരു ക്രിമിനൽ ഗൂഢാലോചനയാണെന്ന് തെളിയിക്കാനായില്ലെങ്കിലും തികച്ചും ദേശദ്രോഹപരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അധാർമികമായ രാഷ്ട്രീപ്രവർത്തനമാണ് ട്രംപ് നടത്തിയതെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.

മ്യുള്ളർ കണ്ടെത്തിയ റഷ്യൻ ബന്ധങ്ങളില്‍ ട്രംപിന്റെ ബിസിനസ് ബന്ധങ്ങൾ മാത്രമല്ല ഉൾപ്പെടുന്നത്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിനും തമ്മിൽ കൂടിക്കാഴ്ചയ്ക്കു വേണ്ടിയുള്ള ക്ഷണം, ട്രംപിന്റെ പ്രചാരണസംഘവും റഷ്യൻ സർക്കാരിന്റെ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും തന്നെ റഷ്യൻ സർക്കാരുമായി ട്രംപ് പ്രചാരണസംഘം ഗൂഢാലോചന നടത്തിയെന്നതിന് തെളിവാകുന്നില്ലെന്നും മ്യുള്ളറുടെ റിപ്പോർട്ട് പറയുന്നു.

ഇംപീച്ച്മെന്റ് ആവശ്യം ശക്തമോ?

മ്യുള്ളർ റോപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച് ചെയ്യാനുള്ള നടപടികൾ കൊണ്ഗ്രെസ്സ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏറ്റവുമൊടുവിൽ ഈ ആവശ്യമുയർന്നിരിക്കുന്നത് എലിസബത്ത് വാറന്റെ ഭാഗത്തു നിന്നാണ്. സെനറ്ററും 2020 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമാണ് ഇവർ. മ്യുള്ളർ റിപ്പോർട്ട് കണക്കിലെടുത്ത് ട്രംപിനെ ഇമ്പീച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആദ്യ മുതിർന്ന സെനറ്ററാണ് ഇവരെന്ന പ്രത്യേകതയുമുണ്ട്. മ്യുള്ളർ റിപ്പോർട്ട് റഷ്യൻ ഇടപെടൽ കണ്ടെത്തുന്നുണ്ടെന്നാണ് വാറന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍