UPDATES

Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

ആരാണ് ശരി, ആരാണ് തെറ്റ് എന്നത് സംബന്ധിച്ചാണ് നമ്മളും പാകിസ്താനും തമ്മിലുള്ള തര്‍ക്കം. പക്ഷെ ആര് ശരി, ആര് തെറ്റ് എന്ന പ്രശ്‌നമല്ല എന്റെ മനസിലുള്ളത്, മറിച്ച് എന്താണ് ശരി എന്നതാണ്.

ദി ഹിന്ദുവിന്റെ എഡിറ്റോറിയല്‍ പേജില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കാശ്മീര്‍ പ്രശ്‌നത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്‌ക്കര്‍ പറഞ്ഞത് എന്ന് പറഞ്ഞ് അവതരിപ്പിച്ചത് ഒരു വ്യാജ ഉദ്ധരണിയാണ്. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു കാശ്മീര്‍ സംബന്ധിച്ച് അംബേദ്‌ക്കറുടെ കാഴ്ചപ്പാട്? അംബേദ്‌ക്കര്‍ ശരിക്കും പറഞ്ഞ കാര്യങ്ങളിലേക്ക് അഴിമുഖം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കാശ്മീര്‍ സംബന്ധിച്ച അംബേദ്‌ക്കറിന്റെ കാഴ്ചപ്പാടുകള്‍ എങ്ങനെ പുരോഗമിച്ചു എന്ന് നോക്കാം.

വെങ്കയ്യ നായിഡു പറഞ്ഞത്

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനെ എതിര്‍ത്തുകൊണ്ട് അംബേദ്‌ക്കര്‍ പറഞ്ഞു എന്ന് പറയുന്ന പ്രസ്താവന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞ ദിവസം ഉദ്ധരിച്ചിരുന്നു. എന്നാല്‍ ഇത് അംബേദ്‌ക്കറിന്റെ പ്രസ്താവനയല്ല എന്നാണ് ദി വയര്‍ തങ്ങളുടെ വസ്തുതാപരിശോധനയില്‍ കണ്ടെത്തിയത്.

കാശ്മീരി നേതാവ് ഷെയ്ഖ് അബ്ദുള്ളയോട് അംബേദ്കര്‍ ഇങ്ങനെ പറഞ്ഞു എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത് – “മിസ്റ്റര്‍ അബ്ദുള്ള, ഇന്ത്യ കാശ്മീരിനെ പ്രതിരോധിച്ച്, നിങ്ങളുടെ അതിര്‍ത്തി സംരക്ഷിച്ച് സുരക്ഷ കാക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യ നിങ്ങള്‍ക്ക് റോഡ് ഉണ്ടാക്കിത്തരണം, ഭക്ഷ്യധാന്യങ്ങള്‍ നല്‍കണം, എന്നിട്ടും നിങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുകയും വേണം. കാശ്മീരികള്‍ക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ തുല്യ പദവി നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കാശ്മീരില്‍ മറ്റ് ഇന്ത്യക്കാര്‍ക്ക് അവകാശങ്ങള്‍ പാടില്ലെന്ന് നിങ്ങള്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കുകയെന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യത്തെ വഞ്ചിക്കലാണ്. നിയമമന്ത്രി എന്ന നിലയില്‍ ഇത് ഒരിക്കലും ഞാന്‍ അംഗീകരിക്കില്ല. എന്റെ രാജ്യത്തിന്റെ താല്‍പര്യങ്ങളെ വഞ്ചിക്കാന്‍ എനിക്ക് കഴിയില്ല”.
ഇക്കാര്യം 2016ല്‍ പുറത്തിറങ്ങിയ Dr. B.R Ambedkar: Framing of Indian Constitution എന്ന എസ് എന്‍ ബൂസിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട് എന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. എന്നാല്‍ അംബേദ്‌ക്കര്‍ ഇങ്ങനെ പറഞ്ഞതായി യാതൊരു രേഖയുമില്ല. 2004ല്‍ ആര്‍എസ്എസ് നേതാവ് ബല്‍രാജ് മധോക് ആണ് വാസ്തവത്തില്‍ അംബേദ്‌ക്കര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ആദ്യം പറയുന്നത്.

പ്രശ്നപരിഹാരം ഉടന്‍ വേണം

കാശ്മീര്‍ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടത് ഇന്ത്യയുടെ പ്രതിരോധ ചിലവ് കുറയ്ക്കാന്‍ അനിവാര്യമാണ് എന്ന് അംബേദ്‌ക്കര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. ഉയര്‍ന്ന പ്രതിരോധ ചെലവ് രാജ്യത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം ചിലവഴിക്കുന്നതില്‍ തടസമുണ്ടാക്കുന്നതായി അഭിപ്രായപ്പെട്ട്, 1950-ല്‍ പാര്‍ലമെന്റില്‍ അംബേദ്‌ക്കര്‍ ഇങ്ങനെ പറഞ്ഞു:

“എത്രയും പെട്ടെന്ന് കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നമ്മള്‍ ശ്രമിച്ചാല്‍ നമുക്ക് അത് അത്രയും നല്ലതായിരിക്കും. പ്രതിരോധ ചെലവ് വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം കാശ്മീര്‍ പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് പ്രതിരോധ ചെലവ് കുറയ്ക്കണം” – അംബേദ്‌ക്കര്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സംഘടനയുടെ പരിഗണനയിലായതിനാല്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത് ജനഹിത പരിശോധന

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ജനഹിത പരിശോധന വേണമെന്നും അംബേദ്‌ക്കര്‍ ആവശ്യപ്പെട്ടു.

“സൈനിക വിന്യാസം സംബന്ധിച്ച് മാത്രമാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. ലോകചരിത്രത്തില്‍ ജനഹിതപരിശോധന ഒരു പുതിയ കാര്യമല്ല. ഒന്നാം ലോകയുദ്ധത്തിന് ശേഷം രണ്ട് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഹിതപരിശോധന വേണ്ടി വന്നു. ഒന്ന് അപ്പര്‍ സിലെസിയ, മറ്റൊന്ന് അല്‍സേസ് ലൊറെയ്ന്‍. ഈ രണ്ട് പ്രശ്‌നങ്ങളും തീര്‍പ്പാക്കിയത് ഹിതപരിശോധനയിലൂടെയാണ്. ആദരണീയനായ എന്റെ സുഹൃത്ത് ശ്രീ ഗോപാലസ്വാമി അയ്യങ്കാറിന്  (ആ സമയം കാശ്മീരിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി) ഇത് മനസിലാക്കാനുള്ള പക്വതയും വിവേകവുമുണ്ട് എന്ന് എനിക്കുറപ്പാണ്. അപ്പര്‍ സിലെസിയയിലും അല്‍സേസ് ലൊറെയ്‌നിലും ലീഗ് ഓഫ് നേഷന്‍സ് സ്വീകരിച്ച പോലുള്ള നടപടി കാശ്മീര്‍ പ്രശ്‌നത്തിലും സ്വീകരിച്ച് ഹിതപരിശോധന നടത്തി പരിഹാരം കാണാന്‍ സാധിക്കില്ലേ? ഇതിലൂടെ 50 കോടി രൂപ പ്രതിരോധ ബജറ്റില്‍ നിന്ന് കുറച്ച് ജനക്ഷേമത്തിനായി ഉപയോഗിക്കാന്‍ കഴിയില്ലേ?”, അംബേദ്‌ക്കര്‍ ചോദിച്ചു.

കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് മേഖലാടിസ്ഥാനത്തിലുള്ള ഹിത പരിശോധന എന്ന കാര്യം 1951-ല്‍ അംബേദ്‌ക്കര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്‌. കാശ്മീരിനെ വിഭജിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. അങ്ങനെ ആകുമ്പോള്‍ കാശ്മീര്‍ താഴ്വരയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ പാക്കിസ്ഥാനോപ്പം പോകും.

1951-ല്‍ അദ്ദേഹം എഴുതിയ “Election Manifesto of the Scheduled Castes Federation”-ല്‍ ഇങ്ങനെ പറയുന്നു:

കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷന് സ്വീകാര്യമല്ല. ഈ നയം തുടരുകയാണെങ്കില്‍ അത് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നിതാന്ത ശത്രുതയ്ക്ക് കാരണമാകും, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും അത് കാരണമായേക്കും. സൗഹൃദമുള്ള നല്ല അയല്‍ക്കാരായിരിക്കുക എന്നതാണ് ഇരുരാജ്യങ്ങള്‍ക്കും അഭികാമ്യം എന്നാണ് ഫെഡറേഷന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്ഥാനോടുള്ള നയം തീരുമാനിക്കേണ്ടത് രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. 1. ഇന്ത്യാ വിഭജനത്തെ അസാധുവാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പാടില്ല. തീര്‍ച്ചപ്പെടുത്തിയ ഒരു കാര്യം എന്ന നിലയിലായിരിക്കണം ഇനി ഇതിനെ സമീപിക്കേണ്ടത്. അതിനി പുന:പരിശോധിക്കേണ്ട കാര്യമില്ല, ഒപ്പം, രണ്ടു രാജ്യങ്ങളും വ്യത്യസ്ത പരമാധികാര രാജ്യങ്ങളാണ് എന്നതും അംഗീകരിക്കണം. 2. കാശ്മീരിനെ വിഭജിക്കണം- മുസ്ലീം പ്രദേശങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണം (താഴ്വരയില്‍ താമസിക്കുന്ന ജനങ്ങളുടെ താത്പര്യത്തെ അടിസ്ഥാനപ്പെടുത്തി), മുസ്ലീങ്ങള്‍ അല്ലാത്തവര്‍ താമസിക്കുന്ന ജമ്മുവും ലഡാക്കും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇന്ത്യക്കൊപ്പം ചേരണം.”

ഹിതപരിശോധന എങ്ങനെ

1951 ഒക്ടോബര്‍ 27ന് പഞ്ചാബിലെ ജലന്ധറില്‍ വാര്‍ത്താസമ്മേളനത്തില്‍ കാശ്മീര്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അംബേദ്‌ക്കര്‍ ഇങ്ങനെ പറഞ്ഞു:

“ആരാണ് ശരി, ആരാണ് തെറ്റ് എന്നത് സംബന്ധിച്ചാണ് നമ്മളും പാകിസ്താനും തമ്മിലുള്ള തര്‍ക്കം. പക്ഷെ ആര് ശരി, ആര് തെറ്റ് എന്ന പ്രശ്‌നമല്ല എന്റെ മനസിലുള്ളത്, മറിച്ച് എന്താണ് ശരി എന്നതാണ്. ഇന്ത്യാ വിഭജനം നടത്തിയ പോലെ, കാശ്മീരിന്റെ ഹിന്ദു, ബൗദ്ധ ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇന്ത്യയുടേയും മുസ്ലീം ഭൂരിപക്ഷ പ്രദേശം പാകിസ്താന്റേയും ഭാഗമാകട്ടെ എന്നതാണ് എന്റെ എക്കാലത്തെയും അഭിപ്രായം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട. അത് കാശ്മീരിലെ മുസ്ലീങ്ങളും പാകിസ്താനും ആലോചിച്ച് തീരുമാനിക്കട്ടെ. അല്ലെങ്കില്‍ കാശ്മീരിനെ മൂന്നായി വിഭജിക്കാം. 1. വെടിനിര്‍ത്തല്‍ മേഖല. 2. കാശ്മീര്‍ താഴ്‌വര 3. ജമ്മു – ലഡാക് മേഖല എന്നിങ്ങനെ. കാശ്മീര്‍ താഴ്‌വരയില്‍ മാത്രം ജനഹിത പരിശോധന നടത്തുക. എല്ലായിടത്തും ഹിതപരിശോധന നടത്തുന്നതായിരിക്കും നല്ലത്. ഇല്ലാത്ത പക്ഷം തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി കാശ്മീരിലെ ഹിന്ദുക്കളും ബൗദ്ധരും പാകിസ്താന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടേക്കാം. ഇപ്പോള്‍ കിഴക്കന്‍ ബംഗാളിലുള്ളതിന് സമാനമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം.”

നെഹ്രുവിന്റെ നയത്തെയും വിമര്‍ശിച്ചു

1953ല്‍ ഇന്ത്യയുടെ വിദേശനയം സംബന്ധിച്ച പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനേയും അംബേദ്‌ക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിലായിരുന്നു അംബേദ്‌ക്കറിന്റെ വിമര്‍ശനം. കൂടാതെ കാശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ടണല്‍ നിര്‍മ്മാണം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ അംബേദ്‌ക്കര്‍ എതിര്‍ക്കുകയുമുണ്ടായി.

“The key note of our foreign policy is to solve the problems of other countries, and not to solve the problems of our own. We have here the problem of Kashmir. We have never succeeded in solving it. Everybody seems to have forgotten that it is a problem. But I suppose, some day, we may wake up and find that the ghost is there.”

“കാശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് ടണല്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നു. ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും അപകടകരമായ കാര്യമാണ് ഇത് എന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടിനേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന, ഇംഗ്ലീഷ് ചാനലിന് അടിയിലൂടെയുള്ള തുരങ്കത്തെക്കുറിച്ച് നമ്മള്‍ കഴിഞ്ഞ 50 വര്‍ഷമായി കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ പദ്ധതി നിര്‍ദ്ദേശത്തിന് ഇതുവരെ ഇംഗ്ലീഷുകാര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇത് ഇരുതല മൂര്‍ച്ചയുള്ള വാളാകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഏതെങ്കിലും ശത്രുരാജ്യം ഫ്രാന്‍സിനെ കീഴടക്കിയാല്‍ ഈ ടണല്‍ ഉപയോഗിച്ച് സൈന്യത്തെ അയച്ച് ഇംഗ്ലണ്ടിനെ കീഴടക്കാം. ടണലുണ്ടാക്കുന്ന പ്രധാനമന്ത്രി വിചാരിക്കുന്നത് ടണല്‍ അദ്ദേഹത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ്. എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും വഴിയുണ്ട് എന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. കാശ്മീര്‍ പിടിക്കുന്നവര്‍ക്ക് നേരെ പത്താന്‍കോട്ടിലെത്താം. ഒരുപക്ഷെ പ്രധാനമന്ത്രിയുടെ വീട്ടിലും”, അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത്

ഹിന്ദുത്വ – വലതുപക്ഷം അംബേദ്‌ക്കറെ അതിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിക്ക് ഉതകും വിധം ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനായി ദളിതരെ കൂടെ നിര്‍ത്തുക എന്നതാണ് അംബേദ്‌ക്കറെ സ്വന്തമാക്കാനുള്ള ഈ ശ്രമങ്ങളുടെ പ്രധാന ലക്ഷ്യം. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി പലപ്പോഴും അവര്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാക്കളുടേത് എന്ന് പറഞ്ഞ് വ്യാജ പ്രസ്താവനകള്‍ മുന്നോട്ടുവയ്ക്കും. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും പരിഗണിക്കാതെ അവരുടെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യും.

Also Read: കാശ്മീര്‍: അംബേദ്കറിന്റേത് എന്ന് പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ധരിച്ചത് അംബേദ്കര്‍ പറയാത്ത കാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍