UPDATES

ട്രെന്‍ഡിങ്ങ്

Explainer: ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തത്തെ നേരിടാൻ ലോകം തയ്യാറോ?

പാരിസ് ഉടമ്പടി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യ യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സിൽ പങ്കെടുത്ത് പ്രഖ്യാപിച്ചത്. ഈ പ്രതിബദ്ധതയ്ക്ക് ആധാരമായി ‘ക്ലൈമറ്റ് ജസ്റ്റിസ്’ എന്ന നിലപാടും ഇന്ത്യ പറഞ്ഞുറപ്പിക്കുകയുണ്ടായി.

ഡിസംബർ 2 മുതല്‍ 15 വരെയാണ് യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സ് പോളണ്ടിലെ കാറ്റോവൈസിൽ വെച്ച് നടന്നത്. പാരിസ് ഉടമ്പടിയിൽ നിന്നും യുഎസ് പിന്മാറിയതിനു പിന്നാലെയാണ് ഈ ഉച്ചകോടി നടന്നതെന്ന പ്രത്യേകതയുണ്ട്. യുഎസ് പിന്മാറിയതിനു ശേഷം ചൈനയാണ് കോൺഫറൻസിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൈനയിൽ വെച്ചായിരുന്നു കോൺ‌ഫറൻസ് സംഘാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗങ്ങൾ മിക്കതും നടന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവ ബുദ്ധിജീവി ചർച്ചകളിൽ നിന്ന് ലോകത്തിലെ ഓരോ മനുഷ്യന്റെയും നേരനുഭവങ്ങളായി മാറിക്കഴിഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. 2017ൽ ഭൂമിയുടെ അന്തരീക്ഷ കാർബൺ ഡയോക്സൈഡ് നില 405 പാർട്സ് പെർ മില്യൺ എന്ന നിലയിലേക്ക് ഉയർന്നതായി വേൾഡ് മെറ്റീറോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ട് ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് വന്നത്. ഇത് കഴിഞ്ഞ 50 ലക്ഷം വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും സംഭവിച്ചിട്ടാല്ലാത്ത ഒന്നാണ്. ഏറെ വിവാദങ്ങൾക്കും വിയോജിപ്പുകൾക്കുമിടയിലും, യുഎസ്സിന്റെ പിൻവാങ്ങലിനെ കണക്കിലെടുക്കാതെയും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

വികസിത രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നവരിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് എന്നതിനാൽത്തന്നെ യുഎസ്സിന്റെ പിൻവാങ്ങൽ പാരിസ് ഉടമ്പടിക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു. പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ പാരിസ് ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നതാണ്. ട്രംപിന്റെ കാലയളവിൽ ഇനിയൊരു അനുകൂല തീരുമാനം ആരും പ്രതീക്ഷിക്കുന്നില്ല. കാലിഫോർണിയയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ആഗോളതാപനം ഒരു കാരണമേയല്ലന്നാണ് അദ്ദേഹം കരുതുന്നത്.

മനുഷ്യചരിത്രം കണ്ടതിൽ വെച്ചേറ്റവും വലിയ മനുഷ്യനിർമിത ദുരന്തത്തെയാണ് ലോകം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സ് ഏറെ നിർണായകമാണ്.

എന്തെല്ലാമാണ് യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സിലെ തീരുമാനങ്ങൾ?

പാരിസ് ഉടമ്പടി 2020 മുതൽ നടപ്പാക്കിത്തുടങ്ങണമെന്ന നിലപാടിനോട് എല്ലാ രാജ്യങ്ങളും യോജിച്ചു. ഓരോ രാജ്യങ്ങളും തന്താങ്ങളുടെ കാർബൺ പുറന്തള്ളൽ നില പരിശോധിക്കുന്നതിനും അതിനെ ചെറുക്കുന്നതിനുമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി ഒരു റൂൾബുക്കിന് രൂപം നൽകി. ഇത് പങ്കെടുത്ത 196 രാജ്യങ്ങളും അംഗീകരിച്ചു. ഇതോടുകൂടി പാരിസ് ഉടമ്പടി നടപ്പിലാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടെന്നു പറയാം. നിലവിലെ ക്യോട്ടോ ഉടമ്പടിക്ക് പകരമായി 2020മാണ്ടിൽ പാരിസ് ഉടമ്പടി നിലവിൽ വരും.

എന്താണ് റൂൾബുക്കിലുള്ളത്?

ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിനു താഴെയും 1.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാനനുവദിക്കാതെയും നിയന്ത്രിക്കുക എന്നതാണ് ഈ റൂൾബുക്കിന്റെ ആത്യന്തിക ഉദ്ദേശ്യം. എങ്ങനെയാണ് കാർബൺ പുറന്തള്ളൽ അടക്കമുള്ള, ആഗോളതാപനത്തെ പ്രകോപിപ്പിക്കുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കുക എന്നത് ഈ റൂൾബുക്കിൽ വിവരിക്കുന്നു. പാരിസ് ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പ്രായോഗികമായ നടത്തിപ്പ് എങ്ങനെയായിരിക്കണം എന്നാണ് റൂൾബുക്ക് പറയുന്നത്. എല്ലാ രാജ്യങ്ങൾക്കും ഓരോ ‘കാലാവസ്ഥാ കർമപദ്ധതി’ ഉണ്ടായിരിക്കണമെന്ന് പാരിസ് ഉടമ്പടി നിർദ്ദേശിക്കുന്നുണ്ട്. ഈ കർമപദ്ധതിയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കണമെന്ന് റൂൾബുക്ക് നിർദ്ദേശിക്കുന്നു. ഇങ്ങനെ ഓരോ വിഷയങ്ങളും പ്രത്യേകമായി പരിഗണിച്ച് അവയുടെ നടത്തിപ്പിന് ഒരു പ്രായോഗിക രൂപം നൽകുകയാണ് റൂൾബുക്ക് ചെയ്തിരിക്കുന്നത്.

133 പേജ് വരുന്ന റൂൾബുക്കിന്റെ നടപ്പാക്കലിൽ ഇത്തവണ അന്തിമ തീരുമാനത്തിലെത്താനായി. അംഗരാജ്യങ്ങളെല്ലാം ഐകകണ്ഠ്യേന റൂൾബുക്ക് നിർദ്ദേശങ്ങളെ അംഗീകരിച്ചു. എന്നാൽ, വിപണി സംബന്ധമായ നിയന്ത്രണങ്ങൾ വരുത്തുന്ന കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ‌ കടുത്ത വിയോജിപ്പാണ് രൂപപ്പെട്ടത്. കൽക്കരി വ്യവസായവുമായി ബന്ധപ്പെട്ട നടപടികൾക്ക് യുഎസ് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.

എന്തെല്ലാമായിരുന്നു യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സ് ഉന്നയിച്ച പ്രധാന ആശങ്കകൾ?

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നിലവിൽ പിന്തുടരുന്ന മാർഗ്ഗങ്ങൾ അത്രകണ്ട് വിജയകരമാകില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൂടുതൽ കർശനമായ പരിപാടികളിലേക്ക് പോകാൻ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങൾ അനുവദിക്കുന്നുമില്ല. ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിനു താഴെ നിറുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 1.5 ഡിഗ്രി സെൽ‌ഷ്യസിലെങ്കിലും നിയന്ത്രിച്ചു നിർത്താൻ സാധിക്കുകയാണെങ്കിൽ അതൊരു വലിയ നേട്ടമാണ്. ഈ അവസ്ഥയിൽപ്പോലും കടുത്ത കാലാവസ്ഥാ ആക്രമണങ്ങളെ മനുഷ്യരാശി നേരിടേണ്ടതായി വരുമെങ്കിൽക്കൂടിയും.

എന്താണ് ഇന്ത്യയുടെ നില?

ഇന്ത്യയിലെ കാർബൺ പുറന്തള്ളൽ 2030 ആകുമ്പോഴേക്ക് ഇരട്ടിയായി മാറുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ഹരിതഗൃഹവാതക നിർഗമനം കുറയ്ക്കുന്നതിൽ ഇന്ത്യ ഏറ്റെടുക്കേണ്ട മിനിമം ബാധ്യതകൾ പോലും നടപ്പാക്കുക എന്നത് ഏറ്റവും ദുഷ്കരമാണ്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്ന് എന്ന നിലയിൽ എത്രകണ്ട് വിട്ടുവീഴ്ചകൾ ഇന്ത്യക്ക് ചെയ്യാനാകും എന്നതും ഒരു പ്രശ്നമാണ്. വലിയ തോതിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഇത് സ്വാഭാവികമായും ആഗോളതാപനത്തിലേക്കുള്ള സംഭാവനകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനുള്ള ഊർജ ആവശ്യകതയും ആഗോളതാപനത്തെ നേരിടലും തമ്മില്‍ എങ്ങനെ സംയോജിപ്പിച്ചു കൊണ്ടുപോകുമെന്നത് ഒരു വെല്ലുവിളിയായിരിക്കും.

എന്താണ് ഇന്ത്യയുടെ നിലപാട്?

പാരിസ് ഉടമ്പടി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യ യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ചെയ്ഞ്ച് കോൺഫറന്‍സിൽ പങ്കെടുത്ത് പ്രഖ്യാപിച്ചത്. ഈ പ്രതിബദ്ധതയ്ക്ക് ആധാരമായി ‘ക്ലൈമറ്റ് ജസ്റ്റിസ്’ എന്ന നിലപാടും ഇന്ത്യ പറഞ്ഞുറപ്പിക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായവര്‍ അതിന്റെ കെടുതികൾ കുറച്ചു മാത്രമേ അനുഭവിക്കുന്നുള്ളൂ എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടാണിത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ വ്യാവസായിക രാഷ്ട്രങ്ങൾ അതിന്റെ ഉത്തരവാദിത്വം ശരിയായ അളവിൽ ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനോട് പൂർണ യോജിപ്പും പിന്തുണയുമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ളത്.

ഓരോ രാജ്യങ്ങളുടെയും ഹരിതവാതക നിർഗമനവും അതിന്മേല്‍ അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്വവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ അതിശക്തമായ സംവാദങ്ങളുണ്ടായി ഇത്തവണത്തെ ഉച്ചകോടിയിൽ. ഈ വിഷയങ്ങളിൽ കൃത്യമായ തീരുമാനവും അതിനെ ആധാരമാക്കിയുള്ള നിയമാവലിയും നിലവിൽ വന്നാൽ മാത്രമേ പാരിസ് കരാർ ലക്ഷ്യം വെക്കുന്ന കാര്യങ്ങൾക്ക് കാര്യക്ഷമമായ നടപ്പാകൽ പ്രതീക്ഷിക്കാനാവൂ. നിലവിൽ രാജ്യങ്ങൾ ഏറ്റെടുത്തിട്ടുള്ള, ഹരിതവാതക നിർഗമനം കുറയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഉയർത്തേണ്ടതായി വരും. ഇത് എങ്ങനെ സാധിക്കുമെന്ന പ്രശ്നമാണ് നിലനിൽക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍