UPDATES

ട്രെന്‍ഡിങ്ങ്

Explainer: തനിക്കെതിരായ നീക്കത്തെ ഇസ്ലാമിനെ താറടിക്കാനുള്ള ശ്രമമെന്ന് വ്യാഖ്യാനിച്ച് സാക്കിർ നായിക്ക്; പുറത്താക്കണമെന്ന് മലേഷ്യൻ മന്ത്രിമാർ

സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ പലപ്രകാരം ശ്രമിച്ചിട്ടുള്ളതാണ്. എല്ലാം പരാജയപ്പെട്ടു. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും അതംഗീകരിക്കാൻ മലേഷ്യ തയ്യാറാവുകയുണ്ടായില്ല.

വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന് ഇപ്പോൾ സംരക്ഷണം നൽകുന്ന മലേഷ്യ. ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ വിദ്വേഷപ്രസംഗം നടത്തിയയെന്ന് ഭരണകൂടം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്.

എന്താണ് സാക്കിർ നായിക്കിന്റെ പ്രസ്താവന

രാജ്യത്തിനകത്ത് സംഘർഷം സൃഷ്ടിക്കാനിടയുള്ള പ്രസ്താവനയാണ് കോലാന്തനിലെ കോത ബാരുവിൽ വെച്ച് സാക്കിർ നായിക്ക് നടത്തിയത്. മലേഷ്യയിൽ താമസിക്കുന്ന ചൈനീസ് വംശജരും ഹിന്ദു വംശജരും രാജ്യം വിടണമെന്നായിരുന്നു സാക്കിർ നായിക്കിന്റെ പ്രസ്താവന. ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ആ രാജ്യം നൽകുന്നതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

മലേഷ്യൻ ഹിന്ദുക്കൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് കൂടുതൽ വിധേയത്വം കാണിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. മലേഷ്യൻ പ്രധാനമന്ത്രിയോട് ആ വിധേയത്വം ഹിന്ദുക്കൾക്കില്ല.

എന്താണ് മലേഷ്യൻ ഭരണകൂടം അടിയന്തിരമായെടുത്ത നടപടി?

ഓഗസ്റ്റ് മൂന്നിനായിരുന്നു ഈ പ്രസ്താവന. പത്ത് മണിക്കൂറിലധികം നേരം ഇദ്ദേഹത്തെ പൊലീസ് തടഞ്ഞു വെക്കുകയും ചെയ്തു. 115 പരാതികളാണ് രാജ്യത്ത് സാക്കിറിനെതിരെ രേഖാമൂലം ഉയർന്നു വന്നത്.

ബുകിത് അമൻ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലാണ് സാക്കിർ നായിക്കിന്റെ മൊഴി രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വക്കീൽ അക്ബർദ്ദീൻ അബ്ദുൽ കാദറും കൂടെയുണ്ടായിരുന്നു. സമാധാനം നശിപ്പിക്കാനുദ്ദേശിച്ച് മനപ്പൂർവ്വം നടത്തുന്ന അധിക്ഷേപത്തിനെതിരായ മലേഷ്യൻ പീനൽ കോഡ് 504 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങൾ ഇനിമേൽ സാക്കിർ നായിക്കിന്റെ പരിപാടികൾ തങ്ങളുടെ പ്രദേശങ്ങളിൽ നടത്തുന്നതിന് വിലക്കേർപ്പെടുത്തി. മേലാക, ജോഹോർ, സെലങ്കോർ, പെനാങ്, കെദാ, പെർലിസ്, സർവാക് എന്നീ സംസ്ഥാനങ്ങളാണ് ഈ നടപടിയെടുത്തിരിക്കുന്നത്.

എന്തായിരുന്നു മലേഷ്യൻ ഭരണകൂടത്തിന്റെ പ്രതികരണം?

മലേഷ്യൻ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. വംശീയതാ രാഷ്ട്രീയമാണ് സാക്കിർ നായിക്കിന്റേതെന്ന് സുവ്യക്തമാണെന്ന് പ്രധാനമന്ത്രി മഹാതിർ ബിൻ മൊഹമ്മദ് പറഞ്ഞു. “വംശീയതാ വികാരം ആളിക്കത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സംഘർഷം സൃഷ്ടിക്കുന്നതാണോ അവയെന്ന് പൊലീസ് അന്വേഷിക്കണം. സംഘർഷം സൃഷ്ടിക്കുന്ന പ്രസ്താവനയാണ് അവയെന്നത് പ്രകടമാണ്,” അദ്ദേഹം വ്യക്തമാക്കി. സാക്കിർ നായിക്ക് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹത്തെ സ്ഥിരതാമസക്കാരനായി കാണുന്നതിൽ നിന്നും മലേഷ്യൻ സർക്കാർ പിൻവാങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളിൽ പലർക്കും ഉണ്ടായിട്ടുള്ള രോഷം നായിക്ക് പൊതുമാപ്പ് പറഞ്ഞതു കൊണ്ട് ഇല്ലാതാകണമെന്നില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ നിരവധി മന്ത്രിമാർ സാക്കിർ നായിക്കിനെ രാജ്യത്തു നിന്നും പുറത്താക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തി. സയ്യിദ് സദ്ദിഖ് അബ്ദുള്‍ റഹ്മാന്‍, ഗോബിന്ദ് സിംഗ്, എം കുലശേഖരന്‍, സേവ്യര്‍ ജയകുമാര്‍, മുഹ്യുദ്ദീന്‍ യാസിന്‍ (ആഭ്യന്തരമന്ത്രി) എന്നിവരാണ് സാക്കിറിനെ ഇന്ത്യയിലേക്ക് കയറ്റിവിടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദങ്ങൾ സാക്കിർനായിക്ക് സൃഷ്ടിച്ചപ്പോൾ ഇതേ അഭിപ്രായം മന്ത്രിമാരിൽ നിന്നും ഉയർന്നു വന്നിരുന്നു.

അടുത്ത കാബിനറ്റ് യോഗത്തിൽ ഈ പ്രശ്നം താനുന്നയിക്കുമെന്നാണ് മാനവവിഭവശേഷി മന്ത്രി എം കുലശേഖരൻ പ്രഖ്യാപിച്ചിട്ടുണ്ട്. മലേഷ്യൻ ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തയാളാണ് ഇത്തരം പ്രസ്താവനകൾ നടത്തി ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കുലശേഖരൻ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പ്രശ്നമുണ്ടാക്കാൻ നടക്കുന്നയാൾക്ക് സ്ഥരതാമസക്കാരനെന്ന പദവി നൽകുന്നത് ഉചിതമല്ല. അയാളത് അര്‍ഹിക്കുന്നില്ല. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിച്ചതിനും ഭീകരവലാദത്തിനും കേസുള്ളയാളാണ് സാക്കിർ നായിക്കെന്നും അയാളെ തിരിച്ചയയ്ക്കുകയാണ് വേണ്ടതെന്നും കുലശേഖരൻ പറഞ്ഞു.

എന്താണ് സാക്കിർ നായിക്കിന്റെ പ്രതികരണം?

സാക്കിർ നായിക്ക് മാപ്പ് പറഞ്ഞ് രംഗത്തെത്തി. തന്റെ പ്രസ്താവനയെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ഉപയോഗിക്കുകയാണ് പലരും ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. തെറ്റുധാരണ മൂലം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു സാക്കിർ നായിക്കിന്റെ അപേക്ഷ.

“ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ പ്രയാസപ്പെടുത്താൻ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. ലോകത്ത് മൊത്തം സമാധാനം പ്രചരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഇപ്പോൾ എന്റെ വാക്കുകളെ സന്ദർങത്തിൽ നിന്ന് അടർത്തിയെടുത്താണ് എന്റെ എതിരാളികൾ പ്രചരിപ്പിക്കുന്നത്. ഇത് ഇസ്ലാമിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ്.”

തനിക്കെതിരായ ആരോപണങ്ങളെ ഇസ്ലാമിനെതിരായ ആരോപണമായാണ് സാക്കിർ നായിക്ക് വ്യാഖ്യാനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

എന്താണ് ഇന്ത്യയുടെ നിലപാട്?

സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ പലപ്രകാരം ശ്രമിച്ചിട്ടുള്ളതാണ്. എല്ലാം പരാജയപ്പെട്ടു. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും അതംഗീകരിക്കാൻ മലേഷ്യ തയ്യാറാവുകയുണ്ടായില്ല. കുറ്റവാളികളെ കൈമാറാൻ മലേഷ്യയുമായി കരാറുള്ള രാജ്യമാണ് ഇന്ത്യ. സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനിടെ കണ്ടുകെട്ടി. വസ്തുക്കള്‍ അടക്കം ഇതുവരെ സാക്കിര്‍ നായിക്കിന്റെ 50.49 കോടി രൂപയുടെ സ്വത്തുക്കള്‍ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) പ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്. മുംബയിലെ ഫാത്തിമ ഹൈറ്റ്‌സ്, ആഫിയ ഹൈറ്റ്‌സ് കെട്ടിടങ്ങള്‍, ഭാന്ദൂപിലെ ഒരു രഹസ്യ പദ്ധതി കെട്ടിടം, പൂനെയിലെ എന്‍ഗ്രേസിയ എന്നിവയാണ് കണ്ടുകെട്ടിയത്.

ആരാണ് സാക്കിർ നായിക്ക്?

54കാരനായ സക്കീര്‍ നായിക്ക് വളരെക്കാലമായി മുംബൈയിലെ ധ്രുവീകരണ ശക്തിയാണ്. നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ധാക്ക കൂട്ടക്കൊലയെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഈ ഡോക്ടറുടെ വാക്കുകള്‍ ചെറുപ്പക്കാരെയും എളുപ്പം സ്വാധീനിക്കപ്പെടുന്നവരെയും ഇളക്കിമറിക്കുന്നു. ഇസ്ലാമിക് പ്രാസംഗികനെന്നാണ് അറിയപ്പെടുന്നതെങ്കിലും നായിക്ക് ഒരിക്കലും മുംബൈയിലെ സുന്നി, ഷിയ പുരോഹിതര്‍ക്കിടയില്‍ അഭിമതനായിരുന്നില്ല. സത്യത്തില്‍ പുറത്തുള്ളതിനെക്കാള്‍ മുസ്ലിം സമുദായത്തിലാണ് നായിക്കിന് എതിരാളികളുള്ളത്.

സ്വദേശമായ റായ്ഗഡിലെ സമുദ്രോല്‍പന്ന കയറ്റുമതി ബിസിനസായിരുന്നു നായിക്ക് കുടുംബത്തിന്. അതില്‍ നിന്നു വിട്ടുമാറി പ്രശസ്ത മനശാസ്ത്രജ്ഞനായ അബ്ദുല്‍ കരീം നായിക്കാണ് സക്കീര്‍ നായിക്കിന്റെ പിതാവ്. ഡോംഗ്രിയിലാണ് അദ്ദേഹത്തിന്റെ ക്ലിനിക്ക്. സക്കീര്‍ നായിക്കും സഹോദരന്‍ മുഹമ്മദ് നായിക്കും ബിവൈഎല്‍ നായര്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്തു. 1987ലാണ് സക്കീര്‍ നായിക്ക് ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ മുസ്ലിം മതപ്രചാരകന്‍ അഹമ്മദ് ദീദത്തിനെ പരിചയപ്പെടുന്നത്.

അതൊരു വഴിത്തിരിവായി. ‘ ദീദത്തിന്റെ പ്രഭാഷണശൈലിയില്‍ ആകൃഷ്ടനായ നായിക്ക് അയാളെപ്പോലെയാകാന്‍ ശ്രമം തുടങ്ങി,’അയല്‍ക്കാര്‍ പറയുന്നു. ഒരിക്കലും ഡോക്ടറായി ജോലി ചെയ്യാത്ത സക്കീര്‍ നായിക്ക് മതപ്രഭാഷകനായി. തുടര്‍ന്ന് 1991ല്‍ ഡോംഗ്രിയില്‍ ഒറ്റമുറിയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍ എഫ്) സ്ഥാപിച്ചു. ഞായറാഴ്ചകളില്‍ രാത്രി നായിക്ക് പ്രഭാഷണം നടത്തി. മറ്റു ദിവസങ്ങളില്‍ ഈ മുറി മദ്രസയായി പ്രവര്‍ത്തിച്ചു. എല്ലാ മതങ്ങളിലും പെട്ട യുവാക്കളായിരുന്നു കേള്‍വിക്കാര്‍. ഇംഗ്ലീഷിലുള്ള പ്രസംഗം കേള്‍ക്കാനുള്ള കൗതുകമായിരുന്നു മിക്കവരും ഇവിടെയെത്താനുള്ള കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍