UPDATES

വായന/സംസ്കാരം

ഹരൂക്കി മുറകാമിയുടെ വേരുകള്‍ തേടി

അസൂസാ സവാമോട്ടോ
(യൊമിയൂറി)

നിഷിനോമിയ ദേവാലയത്തിന്റെ ചുറ്റുവട്ടത്ത് ഒരു വിശുദ്ധവനമുണ്ട്. വലിയ ഓക്ക്, കുന്തിരി മരങ്ങള്‍ അവിടെ പച്ചച്ചുരുള്‍ വിടര്‍ത്തിനില്‍ക്കുന്നു. നഗരമധ്യത്തിലെ സ്ഥലമാണെന്ന് തോന്നുകയേയില്ല.

മുറകാമിയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഒരു അനൗദ്യോഗിക ഗവേഷകനായ അറുപത്താറുകാരന്‍ കോജി കൊനിഷി ആവേശത്തോടെ സംസാരിച്ചു: ‘ഈ ഭാഗങ്ങളില്‍ കുട്ടിക്കാലത്ത് മുറകാമി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. കാഫ്ക ഓണ്‍ ദി ഷോറില്‍ കാണുന്ന കാട് ഈ സ്ഥലത്തെ ആസ്പദമാക്കിയുള്ളതാകണം.’

ഒസാകയുടെയും കോബെയുടെയും ഇടയിലുള്ള ഹാന്‍ഷിന്‍കാന്‍ എന്ന സ്ഥലത്താണ് കൊനിഷി ജനിച്ചതും വളര്‍ന്നതും. നാല്‍പ്പത്തിയെഴാം വയസില്‍ ആകസ്മികമായാണ് മുറകാമിയുടെ കൃതികളെ ഹോങ്കോങ്ങിലെ ഒരു പുസ്തകശാലയില്‍ വെച്ച് കൊനിഷി കണ്ടുമുട്ടിയത്. അവിടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ സെയില്‍സ് റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അതുവരെ മുറകാമിയുടെ എഴുത്തില്‍ അദ്ദേഹം തല്‍പരനായിരുന്നില്ല. എന്നാല്‍ മുരകാമിയുടെ എഴുത്ത് പ്രത്യേകതരം ഒരു ഗൃഹാതുരത്വമുണര്‍ത്തിയതോടെ അദ്ദേഹം മുറകാമിയുടെ ലോകത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു. 

എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഗൃഹാതുരത്വം ഉണ്ടായത്? അതിനുത്തരം മുറകാമിയുടെ ‘എ വാക്ക് ടു കോബെ’ എന്ന ലേഖനമാണ്.

കോജി കൊനിഷി
ഹെന്‍ക്യോ/കിന്‍ക്യോ എന്ന പുസ്തകത്തില്‍ മുറകാമി നിഷിനോമിയയില്‍ നിന്ന് കോബെയിലേയ്ക്ക് നടന്നതാണ് ലേഖനത്തിനാധാരം. അദ്ദേഹം മീന്‍പിടിച്ചിട്ടുള്ള ക്ഷേത്രക്കുളം, അദ്ദേഹം സ്ഥിരമായി പോകുമായിരുന്ന ഗ്രന്ഥശാല, പ്രിയപ്പെട്ട ഷോപ്പിംഗ് അവന്യുവും ഒക്കെ അതില്‍ വരുന്നുണ്ട്. മുറകാമിയും കോണിഷിയും ഒരേ പ്രായത്തില്‍ ഒരേയിടങ്ങളില്‍ കുട്ടിക്കാലം ചെലവഴിച്ച ആളുകളാണ്. 

വെബ്‌സൈറ്റിലൂടെ എഴുത്തുകാരന് ഒരു ഇമെയില്‍ അയച്ചപ്പോള്‍ മുറകാമിയില്‍ നിന്ന് ഉത്തരം ലഭിച്ചതിങ്ങനെ: ‘ഞാനിപ്പോള്‍ കടല്‍ത്തീരത്തുള്ള ഒരു ടൗണിലാണ് ജീവിക്കുന്നത്. എങ്കിലും ഇവിടുത്തെ അന്തരീക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാന്‍ഷിന്‍കനിലേത് പോലെ തന്നെയാണ്. ഇവിടെ നടക്കാന്‍ പോകുമ്പോഴും ഞാന്‍ പ്രത്യേകതരം ഒരു സമാധാനം അനുഭവിക്കാറുണ്ട്.’

കാഫ്ക ഓണ്‍ ദി ഷോര്‍ പുറത്തിറങ്ങിയത് 2002ലാണ്. നോവലിലെ റൈസ് ബൌള്‍ ഹില്ലിനു മാതൃകയായത് മൌണ്ട് കാബുടോയാമയാണോ? നിഷിനോമിയയിലെ ക്ഷേത്രമാണോ നോവലിലെ ക്ഷേത്രമാതൃക? ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ ഭാവന വളര്‍ന്നുവന്നു. 

2008-ല്‍ വിരമിച്ച അദ്ദേഹം മുറകാമി സാഹിത്യവും ഈ സ്ഥലവും തമ്മിലുള്ള ബന്ധത്തെപ്പറ്റി തന്റെ സ്വകാര്യ തിയറി കാന്‍സായി മേഖലയെപ്പറ്റി ഗവേഷണം നടത്തുന്ന അറ്റ്‌സുരോ കവാഉച്ചിയോട് പങ്കുവെച്ചു. മുറകാമിയുടെ നിഷിനോമിയ അഷിയ കൊനിഷി പൂര്‍ത്തിയാക്കുന്നത് 61 വയസിലാണ്.

മുറകാമിയുടെ നോവലുകളില്‍ ഉള്ളത് എന്ന് തോന്നിയ ഇടങ്ങളിലൂടെ നടന്ന് എടുത്ത ഫോട്ടോകള്‍ക്ക് കൊനിഷി കമന്ററിയും നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഈ വെബ്‌സൈറ്റ് ശ്രദ്ധിച്ചതോടെ ഇന്റര്‍വ്യൂകളുടെയും പ്രഭാഷണങ്ങളുടെയും പൂരമായി. 

ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിമേഖല മുറകാമിയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അദ്ദേഹം ഇപ്പോള്‍ ആ പ്രദേശത്തിന്റെ സംസ്‌കാരത്തെയും സാഹിത്യത്തെയും പറ്റി പ്രഭാഷണങ്ങള്‍ നടത്തുന്നു, ഒപ്പം ഒരു ടൂര്‍ ഗൈഡായി ടൗണിനെ പരിചയപ്പെടുത്തുന്നു. പാര്‍ട്ട് ടൈം യൂണിവേഴ്‌സിറ്റി ഇന്‍സ്ട്രക്റ്ററായി അദ്ദേഹം ഹാന്‍ഷിന്‍കന്‍ സാംസ്‌കാരിക സിദ്ധാന്തത്തെപ്പറ്റിയും സംസാരിക്കാറുണ്ട്. വിരമിക്കുന്നതിനുമുന്‍പ് അദ്ദേഹം ചിന്തിക്കുകപോലും ചെയ്യാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ തിരക്കുകള്‍ വന്നത്.

ജന്മനാടിനോടുള്ള സ്‌നേഹമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. ‘ഒസാകയ്‌ക്കോ കോബെയ്‌ക്കോ ഇല്ലാത്ത ഒരു ആധുനിക സംസ്‌കാരം ഹാന്‍ഷിന്‍കനുണ്ട്. മുറകാമിയുടെയും മറ്റുള്ളവരുടേയും കൃതികളിലൂടെ എന്റെ നാടിന്റെ മഹിമ വെളിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. ഈ നാടിനെപ്പറ്റി സംസാരിക്കാനായി എവിടെ പോകണമെന്നു പറഞ്ഞാലും ഞാന്‍ പോകും.’ 

 

വോളന്റിയര്‍ സൈറ്റ്‌സീയിംഗ് ഗൈഡുമാരായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്ന ധാരാളമാളുകള്‍ ഉണ്ട്. 2013-ലും 2014-ലും നടന്ന ഒരു സര്‍വേ പ്രകാരം വോളണ്ടിയര്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ തയ്യാറാകുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തില്‍ അമ്പതുശതമാനം വര്‍ധനവുണ്ട്.

ഈ വോളണ്ടിയര്‍മാരുടെ ശരാശരി പ്രായം അറുപത്തിമൂന്നരയാണ്. റിട്ടയര്‍മെന്റിന് ശേഷം മറ്റൊരു ജീവിതപാതയായാണ് പലരും ഈ മേഖലയെ കാണുന്നത്. ജോലിക്കാലത്ത് സ്വായത്തമാക്കിയ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗപ്പെടുത്തുന്നുമുണ്ട്.

അസോസിയേഷന്റെ ഒരു പ്രതിനിധി പറഞ്ഞു, ‘റിട്ടയര്‍മെന്റിനുശേഷം പലരും ഗൈഡ് ആയി മാറി സ്വന്തം ദേശങ്ങളെ സഹായിക്കാന്‍ തയ്യാറാകുന്നുണ്ട്. അവര്‍ക്ക് ടൂറിസം ഗൈഡന്‍സ് മാത്രമല്ല പ്രധാനം, കുട്ടികള്‍ക്ക് ആ ദേശത്തെപ്പറ്റി മനസിലാക്കാന്‍ സഹായിക്കുന്നതിലും തങ്ങള്‍ക്ക് പങ്കുവഹിക്കാനാകണം എന്നതാണ് അവരുടെ ലക്ഷ്യം.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍