UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം; നഞ്ചു കലക്കുന്നത് ആരൊക്കെ?

Avatar

കെ എ ആന്‍റണി

കൊച്ചിക്കും കൊല്ലത്തിനും മൈസൂരിനും ആന്ധ്രയിലെ ചിറ്റൂരിനും നെല്ലുരിനും പിന്നാലെ ഇന്നലെ ഇതാ മലപ്പുറം കളക്ടറേറ്റ് വളപ്പിലും ബോംബ് സ്ഫോടനം. സ്ഫോടനം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ  ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും പതിവുപോലെ ഇന്നലത്തെ സ്ഫോടനത്തെക്കുറിച്ചും രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഇതിനകം പുറത്തുവന്നിരിക്കുന്നു. ഇസ്ലാമിക തീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്ന വാദം സംഘപരിവാർ സംഘടനകൾ മുന്നോട്ടു വയ്ക്കുമ്പോൾ സംഭവത്തിന് പിന്നിൽ സംഘപരിവാറിന്റെ കരങ്ങൾ ഇല്ലേ എന്ന സംശയമാണ് മറ്റുചിലർ ഉന്നയിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു കൂട്ടരും തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അവർ തർക്കിക്കട്ടെ. തർക്കിച്ചു ജയിക്കാൻ ശ്രമിക്കട്ടെ.

ഭോപ്പാലിൽ ‘തടവുചാടിയ’ എട്ടു സിമി പ്രവർത്തകരെ വെടിവെച്ചു കൊന്നതിന്റെ തൊട്ട് പിന്നാലെയാണ് മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം എന്നതും മൈസൂരിലും ആന്ധ്രയിലെ ചിറ്റൂരിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങൾക്കു ഇന്നലത്തെ സ്ഫോടനവുമായുള്ള സാമ്യവും ബേസ് മൂവ്മെന്‍റ് എന്ന സംഘടനയുടെ പേരിൽ കാണപ്പെട്ട  ലഘുലേഖകളും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പിറവികൊണ്ടത് മുതൽ നിരോധിക്കപ്പെടുന്നത് വരെ സിമി വളരെ സജീവമായിരുന്ന ഒരു ജില്ല കൂടിയായിരുന്നു മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം എന്നതും ഇന്നലത്തെ സംഭവത്തെ മുസ്ലിം ഭീകരവാദികളുടെ തലയിൽ കെട്ടിവെക്കാൻ സംഘപരിവാർ സംഘടനകൾക്ക് തുണയാവുന്നുണ്ട്.

എന്നാൽ കേരളത്തിൽ നഞ്ചു കലക്കി മീൻ പിടിക്കാൻ ശ്രമം തുടരുന്ന സംഘപരിവാർ സംഘടനകളുടെ റോൾ ഒട്ടും കുറച്ചു കാണാതെ പോകെരുതെന്ന മറുവാദത്തിനു കരുത്തു പകരുന്ന സംഭവങ്ങളായി അവർ അക്കമിട്ടു നിരത്തുന്നത് നിരത്തുന്നത് സംഘ പരിവാറിന്റെ സ്വന്തക്കാരായ സ്വാമി  അസീമാനദ്, സ്വാധ്വി പ്രഗ്യാൻ തുടങ്ങിയവർ തുടർ അന്വേഷണത്തിൽ പ്രതികളായ പല സ്ഫോടന പരമ്പരകളും പെടും. സംജോത എക്സ്പ്രസ്സ്  ബോംബ് സ്ഫോടനം, മലെഗോൺ സ്ഫോടന പരമ്പര, മക്ക മസ്ജിദ്, അജ്മീർ ദർഗ സ്ഫോടനം എന്നിങ്ങനെ പലതും സംഘി വകയെന്നു അവർ മാത്രമല്ല പിന്നീട് അന്വേഷണ ഏജൻസികളും ഒരു തീർപ്പിലെത്തുമ്പോൾ അവർക്കും കിട്ടുന്നത് ഒരു പിടിവള്ളിയാണ്.

മറുപക്ഷത്തും കാര്യങ്ങൾ ഇങ്ങനെത്തന്നെയാവുമ്പോൾ ആർക്ക് ആരെ വിശ്വസിക്കാനാവും എന്നിടത്തേക്ക് എത്തിനിൽക്കുന്നു. സത്യം പറഞ്ഞാൽ സ്വന്തം സുരക്ഷ സ്വയം കണ്ടത്തേണ്ട ഗതികേടിലാണ് ഇപ്പോൾ  ഒരു രാജ്യവും ജനതയും. ഒരു കൈയ്യിൽ രാഷ്ട്ര ഭക്തിയും മറു മറുകയ്യിൽ ഇസ്ലാമിക വിരോധവും കൊണ്ട് നടക്കുന്നവർക്ക് ഒരു അജണ്ടയുണ്ട്. മറുപക്ഷത്തു ഹൈന്ദവം എന്ന് സ്വയം ഉദ്‌ഘോഷിക്കുന്നവർക്കു മറ്റൊരു അജണ്ടയുണ്ട്. ഈ അജണ്ടയായിരുന്നു ഇന്ത്യയുടെ വിഭജനത്തിലേക്കു കാര്യങ്ങൾ എളുപ്പത്തിൽ എത്തിച്ചതെന്ന ചരിത്രപാഠങ്ങൾ പ്രസക്തമാകുന്നതും ഇവിടെ തന്നെ.

മലപ്പുറത്തിന് അല്ലെങ്കിലും ഒരു ‘വൃത്തികെട്ട’ മുഖമുണ്ട്. ചോദിച്ചു വാങ്ങിയതും അടിച്ചേല്പിക്കപ്പെട്ടതുമായ ഒന്ന്. യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ഒരുപക്ഷെ പുറത്തു നിന്നും മലപ്പുറത്തെ വായിക്കുന്നവർ മലപ്പുറത്തെത്തി കുറച്ചു കാലം അവിടെ താമസിച്ചു മുൻവിധികളില്ലാതെ മലപ്പുറത്തെയും അന്നാട്ടിലെ ജനതയെയും വൃത്തിയായി ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.

മലപ്പുറം മാപ്പിളമാർ  കലാപകാരികളാണ് എന്ന് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന വലിയ അനീതിയാണ്. കൃഷി ചെയ്തും അത്യാവശ്യം കച്ചവടം നടത്തിയും ജീവിക്കുന്ന മലപ്പുറം മാപ്പിളമാരെ ഇങ്ങനെയങ്ങു തെറിവിളിക്കുന്നത് അത്ര ശരിയെന്നു തോന്നുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അവർ വഹിച്ച പങ്കും ഒട്ടും ചെറുതായിരുന്നില്ല.

കാര്യങ്ങൾ ആദ്യന്ത്യം ഗുരുതരം തന്നെയാണ്. സംഘികളെ വെറുതെ വിട്ടേക്കൂ എന്ന് പറയാനും ആവുന്നില്ല. എങ്കിലും ഏറെക്കാലമായി അവർ സംഘടിപ്പിച്ചുകൊണ്ടുവരുന്ന സംഘി സങ്കീർത്തനത്തെ വെറുതെ മോഹിച്ചു അങ്ങാടിപ്പുറം ക്ഷേത്രത്തിലും തോട്ടടുത്ത മുസ്ലിം പള്ളിയിലും കുശുമ്പും കുന്നായ്മയും തീർക്കുന്നത് ഒട്ടും ശരിയല്ലെന്നു തോന്നുന്നു. ഇങ്ങനെ പറയേണ്ടിവരുന്നതിൽ ഏറെ സങ്കടമുണ്ട്. പറയുകയല്ല പറയിപ്പിക്കുകയാണ് പലപ്പോഴും എന്നൊക്കെ ആളുകൾ എത്രപണ്ടേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ചാനൽ ചർച്ചകളിൽ നെഞ്ച് വിറച്ചു (വിരിച്ചു എന്ന് പറയാൻ പറ്റാത്തവണ്ണം) ഇളിഭ്യ ചിരി ഉതിർക്കുന്നവർ കൂടി അറിഞ്ഞു വെക്കേണ്ട ഒരു ഒരു ചരിത്രം കൂടിയുണ്ട് മലപ്പുറത്തിന്. മാജിക്കിന്റ്റെയും കമ്യൂണിസത്തിന്റെയും അതിനും മുൻപ് സാമൂതിരി കോയ്മയുടെ, ഒറ്റുകാരുടെ, ടിപ്പുവിന്റെ പടയോട്ടത്തിന്റെ ഒക്കെ കഥകൾ. അന്നൊന്നും  അത്തരം ചരിത്രങ്ങൾ സി രാധാകൃഷ്ണൻ എന്ന വലിയ എഴുത്തുകാരനോടോ എം ജി എസ് നാരായണനോടോ മലബാർ ലഹളയെക്കുറിച്ചു ഗവേഷണം നടത്തി പുസ്തകം ചമച്ച എം ഗംഗാധരൻ മാഷോടൊ ചോദിച്ചു മനസിലാക്കുന്നതു വളരെ നന്നായിരിക്കും .

പണ്ട് 1992-ൽ തിരൂരിനടുത്തു ഒരു വീടിന്റെ അറ്റത്തു ബോംബ് നിർമാണത്തിനിടെ ചിന്നഭിന്നമായി പോയ തിരോന്തരംകാരൻ ശ്രീകാന്ത് എന്ന ആർ എസ് എസ് ബോംബ് നിർമാണ വിദഗ്ധനെകുറിച്ചോ മാപ്പിള വേദം വിട്ടു ആര്യ സമാജം വഴി ഹിന്ദുവായി മാറിയ രാമസിംഹനെ കുറിച്ചോ നിങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകി പിന്നീട് കൈയൊഴിഞ്ഞ ചേകന്നൂർ മൗലവി കേസിനെക്കുറിച്ചോ സൂചിപ്പിക്കാതെ വയ്യ. ചേകന്നൂർ മൗലവി കേസിൽ കാവിൽപ്പടിയിൽ നിങ്ങൾ ഉണ്ടാക്കിയ ജനകീയ വേദി എങ്ങനെ പിരിച്ചു വിടപ്പെട്ടുവെന്നും ആരുടെയൊക്കെ പണം പറ്റിയാണ് അത് ചെയ്തതെന്നും ഇനിയെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം എന്റെ പഴയ സുഹൃത്തുക്കളായ അതിന്റെ ആക്ഷന്‍ കമ്മിറ്റി നേതാക്കളായ ജിനചന്ദ്രൻ മാഷും വേലായുധനുമൊക്കെ ഇതിനു മറുപടി പറയേണ്ടതുണ്ട്.

ഒരു ഭാഗത്തു മാപ്പിള പണം, അവരിൽ പെട്ട ചിലരുടെയൊക്കെ എന്ത് തോന്ന്യാസവും എന്ന് പറയുന്നിടത്തു നിന്ന് കാര്യങ്ങൾ കൈ വിട്ടുപോകുമ്പോൾ ചില നാരായണ വേഷധാരികൾക്കു കൂട്ട് ഇന്നും പഴയ കുമെർ ഒക്കെ തന്നെ. ഇപ്പറഞ്ഞത് സംഘികള്‍ പണം പറ്റാത്ത രാഷ്ട്ര സ്നേഹമായി കാണും എന്ന് കരുതുന്നു. ഇക്കാര്യങ്ങളത്രയും മാപ്പിള സ്നേഹിതർക്കും ബാധകമാണ്. നമ്മൾ ജാഗരൂകരാവേണ്ട കാലമാണിത്.

സംഘികൾ കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യ സമരത്തെ നെഞ്ചേറ്റുവാങ്ങിയ ഒട്ടേറെ മാപ്പിളമാർ ഏറെനാട്ടിൽ ഉണ്ടായിരുന്നു. അവരുടെ ആധികളിൽ നിന്നാണ് നിലമ്പൂരിലെ പെരിന്തൽമണ്ണയിലും പൊന്നാനിയിലുമൊക്കെ കമ്മ്യൂണിസവും മാജിക്കും നാടകവുമൊക്കെ ക്ലച്ചു പിടിച്ചത്. അന്നും മുഖം തിരിഞ്ഞു നിന്നിരുന്നു ഇവരൊക്കെ. അവർക്കൊപ്പം തന്നെയായിരുന്നു പാവം മാപ്പിളരെ പറ്റിച്ചു പുതു ജന്മികളും മന്ത്രിമാരും ഒക്കെ ആയി മാറിയ മുസ്ലിം ലീഗിലെ ചില കെട്ടുകാഴ്ചകളും. ബേപ്പൂരിൽ പണം വാങ്ങി അടിയറവു പറഞ്ഞ ചില വലിയ ചാനല്‍ വിടുവായന്മാരും മറ്റു ചിലരും ഇരുന്നു സംസാരിക്കുന്ന ഈ രാജ്യ സുരക്ഷ എത്രിടം വരെ പോകുമെന്ന് ഒട്ടും പിടികിട്ടുന്നില്ല. 

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍