UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വാസ ധൂര്‍ത്തുകാരേ, ആലഞ്ചേരി പിതാവിന്റെ വാക്കുകള്‍ കേള്‍ക്കണം

Avatar

 അന്ന അബ്രഹാം

ആനയും അമ്പാരിയും വെടിക്കെട്ടും ചെണ്ടമേളവും ബാന്റുമില്ലാത്ത ഉത്സവങ്ങളും പെരുന്നാളുകളും മലയാളികള്‍ക്ക് ചിന്തിക്കാനാവാതെയായിട്ടുണ്ട്. നേര്‍ച്ചപ്പെട്ടിയുടെ വലിപ്പവും വിശ്വാസികളുടെ അകമഴിഞ്ഞ കൈസഹായവും ദേവാലായങ്ങളിലെ ആഘോഷത്തിന്റെ അളവും ദൈര്‍ഘ്യവും കൂട്ടുകയാണ്. ഏറ്റവും എളുപ്പത്തില്‍ ഭക്തി വിറ്റഴിയുന്ന നാട്ടില്‍ ഇത്തരം ആര്‍ഭാടങ്ങളും ഒരു തരത്തില്‍ വിശ്വാസമാകുന്നു. കാലങ്ങളായുള്ള തുടര്‍ച്ചകള്‍ അവസാനിക്കുന്നിടത്തു വിശ്വാസത്തിനു വരെ കോട്ടം വരുന്നുവെന്നതായി ട്രെന്‍ഡ്. ഇവിടെയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളുടെ പ്രസക്തി.

തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായനയെന്ന തരത്തില്‍, പിന്തുടര്‍ന്ന് വന്ന ശീലങ്ങള്‍ക്ക് മാറ്റം വരുത്തി ആര്‍ഭാടങ്ങളൊഴിവാക്കി തിരുന്നാളുകള്‍ ആഘോഷിക്കുവാനാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനം. മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്കും വാദ്യമേളങ്ങള്‍ക്കും വെടിക്കെട്ടുകള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും എല്ലാത്തിനുമായി കോടിക്കണക്കിനു രൂപയാണു ചെലവാക്കുന്നത്. ഇതു കാരുണ്യപ്രവര്‍ത്തികള്‍ക്കായി നീക്കിവക്കാനാണു സഭ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു നീക്കം സാമൂഹികമായി എന്തു മാറ്റമാണു വരുത്തുന്നതെന്ന് കഴിഞ്ഞ ചുരുങ്ങിയ കാലയളവിലെ സംഭവങ്ങളുമായി കൂട്ടിയിണക്കി വായിച്ചാല്‍ വ്യക്തമാകും. 110 ഓളം ആളുകളുടെ ജീവനെടുത്ത് 700 ലധികമാളുകള്‍ക്ക് പരിക്കേല്‍പ്പിച്ച് ഒരു നാടിനെ മുഴുവന്‍ വെടിമരുന്നിന്റെ പുകയില്‍ കരിച്ച് കളഞ്ഞ പുറ്റിങ്ങല്‍ ദുരന്തം. പലതവണയും പലയിടങ്ങളായി ഇത്തരം അപകങ്ങളുണ്ടായിട്ടുണ്ട്, അറിഞ്ഞവയും അറിയാത്തവയും. അപകടത്തിന്റെ വ്യാപ്തി കൂടിയപ്പോള്‍ മാത്രമാണ് നമ്മളതിനെക്കുറിച്ച് ബോധവാന്മാരായതെന്നതാണ് സങ്കടകരം.

അനാചാരങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കാന്‍ ഒരു സഭ തന്നെ തീരുമാനമെടുക്കുമ്പോള്‍ കാലങ്ങളായി തുടരുന്ന തെറ്റുകള്‍ പരിഹരിക്കപ്പെടുമെന്നു കരുതാം. വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള സഭാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുമോയെന്നത് കണ്ടറിയേണ്ടതാണ്. ഭരണങ്ങാനം സെന്റ് മേരീസ് ഫെറോനാ പള്ളിയിലെ ഇത്തവണത്തെ പെരുന്നാള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു. വെടിക്കെട്ടില്ലാതെയും ചെണ്ടയും ബാന്റ് മേളങ്ങളും ദീപാലങ്കരങ്ങളില്ലാതെയും പെരുന്നാള്‍ നടത്താമെന്ന് ജൂലൈ 19 മുതല്‍ 28 വരെ നടന്ന ഭരണങ്ങാനം അല്‍ഫോണ്‍സ തിരുന്നാളിലൂടെ വിശ്വാസികള്‍ തിരിച്ചറിഞ്ഞു. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലെന്നതു വിശ്വാസങ്ങള്‍ക്കോ ഭക്തിക്കോ പോറലേല്‍പ്പിക്കില്ല. കേരളത്തിലെ പ്രാചീന െ്രെകസ്തവ കേന്ദ്രങ്ങളിലൊന്നാണ് ഭരണങ്ങാനം പള്ളി. കൂടുതല്‍ ഇടവകാംഗങ്ങള്‍ ഉള്ളതും വരുമാനമേറിയതുമായ വലിയ പള്ളികളിലെ ആര്‍ഭാടകരമായ പെരുന്നാളുകള്‍ വരുമാനം കുറഞ്ഞ ചെറിയ പള്ളികളെപ്പോലും പ്രലോഭിപ്പിക്കുകയാണ്. വലിയ പിരിവുകളാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. രാജ്യത്ത് വനിതകളില്‍ നിന്നും ആദ്യമായി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അല്‍ഫോണ്‍സാമ്മയുടെ കബറിടമുള്ള പള്ളിയിലെ പെരുന്നാള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമ്പോള്‍ മറ്റു പള്ളികള്‍ക്കും പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

വെടിക്കെട്ടടക്കമുള്ള ധൂര്‍ത്തുകള്‍ വേണമെന്നും വേണ്ടെന്നും അഭിപ്രായങ്ങളുണ്ടായിരുന്നുവെങ്കിലും ഊട്ടുനേര്‍ച്ച കാലങ്ങളായുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നതിന് രണ്ടഭിപ്രായം ഉയര്‍ന്നിട്ടില്ല. മാര്‍ ആലഞ്ചേരി ഊട്ടുനേര്‍ച്ച പുനപരിശോധിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഒരു വലിയ സഭയുടെ വലിയ വിശ്വാസത്തെ തന്നെ പൊളിച്ചെഴുതുകയാണ്. ആചാരങ്ങള്‍ അനാചാരങ്ങളാവുകയും ആര്‍ഭാടങ്ങള്‍ അപകടങ്ങളാകുകയും ചെയ്യുമ്പോള്‍ പുനര്‍ചിന്തകള്‍ എത്ര സ്വാഗതാര്‍ഹമാണ്. പോപ്പ് ഫ്രാന്‍സിസ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം സഭയും മാര്‍പാപ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൗരവമായ നിരവധി ചര്‍ച്ചകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കാലികമായ മാറ്റങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും സഭ തയ്യാറാകണമെന്ന നിലപാടാണ് പാപ്പ ആവര്‍ത്തിച്ചിട്ടുള്ളത്. സ്വവര്‍ഗരതി, ഗര്‍ഭനിരോധനം, എന്നിവയുടെ പേരിലുള്ള നിന്ദകള്‍ ഒഴിവാക്കണമെന്നും സഭയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും മാര്‍പാപ്പ പറയുമ്പോള്‍ മുന്‍കാലത്തെ സമീപനങ്ങളില്‍ നിന്ന് ഏറെ വ്യത്യസമുള്ള തലത്തിലേക്കാണ് സഭയുടെ ചര്‍ച്ചകള്‍ നടക്കുന്നത്. മാര്‍പാപ്പയുടെ ലളിതജീവിതത്തിനുള്ള ആഹ്വാനം പിന്തുടരണമെന്ന് മാര്‍ ആലഞ്ചേരിയും ആവര്‍ത്തിക്കുന്നു. ഇത്തരം കാലികമായ മാറ്റങ്ങള്‍ മതപരവും സാമൂഹികമായുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് മുസ്ലിം മതപണ്ഡിതന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതും ഇത്തരത്തില്‍ സ്വാഗതം ചെയ്യേണ്ട ഒന്നാണ്. മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ബാങ്ക് വിളിക്കും അടിയന്തിര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉപയോഗിക്കുന്നതു നിയന്ത്രിക്കണമെന്നു പറയുന്നത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ്. അതതു മതനേതാക്കള്‍തന്നെ കാലങ്ങളായി പിന്തുടരുന്ന ചില അനാചാരങ്ങള്‍ക്കെതിരെ വിശ്വാസികളുടെ എതിര്‍പ്പ് അവഗണിച്ച് വരെ മുന്നോട്ടുവരുന്നത് മാറ്റങ്ങളുടെ സാധ്യതകളെ ഊട്ടിയുറപ്പിക്കുകയാണ്. കണ്ണൂര്‍ പോലുള്ള ഒരു ടൗണില് അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എ എന്‍ ഷംസീര്‍ ഉന്നയിക്കുന്ന ചോദ്യം എത്രത്തോളം അംഗീകരിക്കുമെന്നത് മറ്റൊരു ചോദ്യമാണ്. നമസ്‌ക്കാര സമയം വിശ്വാസികളെ അറിയിക്കാനാണ് ബാങ്ക് വിളിക്കുന്നത്. അസര്‍ നമസ്‌ക്കാരത്തിനുള്ള ബാങ്ക് ഒഴികെയുള്ള നാല് ബാങ്കുകളും ഒന്നോ രണ്ടോ മിനിറ്റ് വ്യത്യാസത്തിലാണ് ഒരു പ്രദേശത്തുള്ള മുഴുവന്‍ പള്ളികളും വിളിക്കുന്നത്. ഈ കാര്യത്തില്‍ മുസ്ലിം മതപണ്ഡിതര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ഷംസീര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തുറന്ന ചര്‍ച്ചകള്‍ ഒരു സാധ്യതയാണ്. മറ്റു മതവിഭാഗത്തില്‍പ്പെട്ടവര്‍ വിമര്‍ശിക്കുന്നത് അസഹിഷ്ണുതയോടെ നേരിടുന്ന കേരളത്തില്‍ ഇങ്ങനെയുള്ള തുടക്കങ്ങള്‍ക്കു പിന്തുടര്‍ച്ചകളുണ്ടാകണം.

ഊട്ടുനേര്‍ച്ചകളും പൊങ്കാലകളും മതത്തിന്റെയും മതവിശ്വാസികളുടേതുമാണ്. അന്യന്റേതല്ലാത്ത ഇത്തരം ആചാരങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്ന തരത്തിലാവാതിരിക്കുവാനുള്ള സാമാന്യബോധം ഇനിയെങ്കിലും വളരണം. ഉച്ചഭാഷിണികളിലും വെടിമരുന്നിലും ആര്‍ഭാടങ്ങളിലും തിളങ്ങുന്ന ആഘോഷങ്ങളെ മാറ്റിയെഴുതാന്‍ സമുന്നതരായവര്‍ തന്നെ മുന്നോട്ട് വരുന്നത് കാലികമായ തിരുത്തലുകള്‍ക്ക് വഴിയൊഴിക്കുന്നു.

 

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍